ADVERTISEMENT

ബഷീറിൻറെ “ഭൂമിയുടെ അവകാശികളി”ൽ പറയുന്നതു പോലെ ജീവിക്കുന്ന കുടുംബമാണ് തൃശൂർ വരവൂർ ഈങ്ങത്ത് രശ്മിയുടെതെന്നു തോന്നിപ്പോകും. പശുക്കളും പൂച്ചയും കോഴികളും ലവ്ബേഡ്സും പിന്നെ പറമ്പിലും ടെറസ്സിലും നിറയെ പച്ചക്കറികളും ഫലവൃക്ഷത്തൈകളും. വെറും 30 സെന്റിൽ വീടുൾപ്പെടെയുള്ള സ്ഥലത്താണ് ഇവയെല്ലാമെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏക്കറുകണക്കിന് സ്ഥലമില്ലെങ്കിലും ഉള്ള സ്ഥലം ഏങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് രശ്മി. 

വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികളും മറ്റും കൃഷി ചെയ്തിരുന്ന അമ്മയിൽ നിന്നാണ് കൃഷിയോടുള്ള ഇഷ്ടം ഈ മലയാളം അധ്യാപികയ്ക്ക് പകർന്നു കിട്ടിയത്. 60 കഴിഞ്ഞ അമ്മ ഇപ്പോഴും വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ കൃഷി ചെയ്യാറുണ്ടെന്ന് രശ്മി പറയുന്നു. രാസവളങ്ങൾ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടുളള കൃഷിരീതിയാണ് സ്വീകരിച്ചുപോരുന്നത്. വീട്ടിലെ പശുക്കളുടെ ചാണകം ട്രെക്കോഡെർമ ചേർത്ത് സമ്പുഷ്ടീകരിച്ചു സൂക്ഷിക്കും. ഇതാണ് ചെടികൾക്ക് വളമായി ഉപയോഗിക്കുക. കൂടാതെ പറമ്പിലെ ചപ്പുചവറുകളും വളമായി ഉപയോഗിക്കാറുണ്ട്.  

10 വർഷമായി കൃഷി ചെയ്യാൻ തുടങ്ങിയിട്ട്. 10 ഗ്രോ ബാഗിൽനിന്ന് തുടങ്ങിയ കൃഷി ഇപ്പോൾ 250ൽ കൂടുതൽ  ഗ്രോബാഗുകളിൽ എത്തിനിൽക്കുന്നു. വീട്ടിലെ ആവശ്യത്തിനു തുടങ്ങിയ കൃഷി  ഇപ്പോൾ  രശ്മിക്ക് വരുമാനവും കൂടാതെ അതിനോടെപ്പം പുരസ്ക്കാരങ്ങളും നേടിക്കൊടുക്കുന്നു. സ്ഥലപരിമിതിയെക്കുറിച്ച് ആലോചിക്കാതെ ഉള്ള സ്ഥലത്ത് പരമാവധി കൃഷിയിറക്കി അതിന് വിപണി കണ്ടെത്തിയതാണ് രശ്മിയുടെ വിജയത്തിന് പിന്നിലെ രഹസ്യം. കൂടെ കൂട്ടായി ഭർത്താവ് ഷാജിയും മക്കളായ ആകാശും ആദവും ചേർന്നപ്പോൾ കൃഷി വീട്ടുകാര്യമായി മാറി. 

കൃഷിയും സമൂഹമാധ്യമങ്ങളും
ഒരുപാട് കൃഷി ചെയ്തു എന്നു പറയുന്നതിൽ കാര്യമില്ല, അതിന് വിപണി കണ്ടെത്തണം എന്നതാണ് രശ്മിയുടെ നിലപാട്. ഇതിന് തുണയായത് സമൂഹമാധ്യമങ്ങളാണ്. താൻ ചെയ്യുന്ന ഓരോ കൃഷിരീതിയുടെയും വീഡിയോകൾ രശ്മി ‘രശ്മീസ് ഫാം ടിപ്സ്’ എന്ന തന്റെ യൂട്യുബ് ചാനലിൽ  പോസ്റ്റ് ചെയ്യാറുണ്ട്.  ഈ വീഡിയോകൾ കണ്ട് ഉൽപന്നങ്ങൾ വാങ്ങുന്നവരും സംശയനിവാരണത്തിന് സമീപിക്കുന്നവരുമുണ്ട്. 

resmi-sq

വിപണി എന്ന നിലയിൽ സമൂഹമാധ്യമങ്ങൾ കൃഷിക്കാർക്ക് വളരെ പ്രയോജനപ്രദമാണ് എന്ന അഭിപ്രായമാണ് രശ്മിക്കുള്ളത്. കൃഷിക്കാരിൽ നിന്നും കുറഞ്ഞവിലയ്ക്ക് ഉൽപന്നങ്ങൾ വാങ്ങി ഇരട്ടിവിലയക്ക് വിൽക്കുന്ന കടക്കാരെ അറിയാവുന്നതുകൊണ്ടു തന്നെ, ഇടനിലക്കാരില്ലാതെ വിൽക്കാൻ പറ്റുന്ന മികച്ചയിടമായിട്ടാണ് ഓൺലൈൻ വിപണിയെ കാണുന്നത്. 

കോറോണ സമയത്താണ് സമൂഹമാധ്യമങ്ങളുടെ സാധ്യത ഈ രീതിയൽ ഉപയോഗിക്കാൻ തുടങ്ങിയത്. എന്നാൽ സ്ഥിരതയും പുതുമയും ഈ മേഖലയിൽ അവശ്യമെന്ന് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ രശ്മി പറയുന്നു. കൃഷി പരിശീലന ക്ലാസുകൾ, കൂട്ടായ്മകൾ മുതലായവയിലൂടെ  പുതിയ കാര്യങ്ങൾ പഠിച്ചെടുക്കുന്നതിനാൽ വീഡിയോകളിൽ പുതുമ നിലനിർത്താൻ രശ്മിക്ക് കഴിയുന്നുണ്ട്. 

പ്രിയമാണ് സ്പിറ്റ്സ്
പച്ചക്കറി പോലെതന്നെയാണ് നായ്ക്കളും. സ്പിറ്റ്സ് ഇനത്തിൽപ്പെട്ട രണ്ടു നായ്ക്കളെ വർഷങ്ങളായി വളർത്തുന്നു. ഏഴു വർഷമായി പ്രജനനം നടത്തി നായ്ക്കുട്ടികളെ വിൽക്കാറുണ്ട്. കൃത്യമായ പരിചരണത്തിൽ വളർത്തുന്ന നായ്ക്കളുടെ കുട്ടികളെയാണ് ഇത്തരത്തിൽ വിൽക്കുന്നത്. ഇതിലൂടെയും ചെറിയ വരുമാനം ലഭിക്കുന്നു.

resmi-2
വെച്ചൂർപ്പശുവിനൊപ്പം

പാലിന് വെച്ചൂർ
വീട്ടാവശ്യത്തിനായി രണ്ടു പശുക്കളെ വളർത്തുന്നു. അതിലൊന്ന് വെച്ചൂർ ഇനമാണ്. ദിവസവും രണ്ടു ലീറ്റർ പാൽ മാത്രമാണ് വെച്ചൂർ പശു തരുന്നതെങ്കിലും വളരെ ഗുണമേൻമയുള്ളതാണ് പാൽ. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനു മാത്രമാണ് പാൽ ഉപയോഗിക്കുക. 

കോഴികളും ലവ്ബേഡ്സും
50ൽപ്പരം കോഴികളെ വളർത്തുകയും വിൽക്കുകയും ചെയ്യുന്നു. അലങ്കാര കോഴികളിൽ ഈജിപ്ഷ്യൻ കോഴിയായ ഫയോമി, മുള്ളൻകോഴി, കരിങ്കോഴി എന്നിവയുണ്ട്. കോഴികളെ വിൽക്കുന്നുണ്ടെങ്കിലും അതെല്ലാം അടുത്തുള്ളവർ തന്നെയാണ് വാങ്ങിക്കുന്നത്. പക്ഷികളിലെ ഇത്തിരിക്കുഞ്ഞന്മാരായ ലവ്ബേഡ്സ് ജോഡിയായിട്ടാണ് വിൽപന. 

പച്ചക്കറിത്തോട്ടം
സാധാരണ കാണാറുള്ള പച്ചക്കറികൾക്കു പുറമേ ചില അപൂർവം ഇനങ്ങളും ഈ തോട്ടത്തിലുണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടാം.

8 തരം മുളക് വളർത്തുന്നുണ്ട്. കാന്താരി മുളകിലെ വെള്ള, പച്ച ഇനങ്ങൾ, മുന്തിരിമുളക്, നെയ്മുളക്,  മാലി മുളക്, കോടാലി മുളക് എന്നിവ സ്ഥിര ഇനങ്ങളാണ്. 

ചങ്ങലാംപെരണ്ട: അസ്ഥികളുടെ ഒടിവിനെ കൂട്ടി യോജിപ്പിക്കാൻ കഴിയുന്ന ഔഷധ സസ്യമായ ചങ്ങലാംപെരണ്ടയ്ക്ക് ആവശ്യക്കാരെറെയാണ്. ഒരു ചങ്ങലയിലെ കണ്ണികൾ പോലെയാണ് ഈ സസ്യത്തിൻറെ ഘടന. പടർന്നുകയറുന്ന, കാത്സ്യത്താൽ സമ്പുഷ്ടമായ ഈ സസ്യം അസ്ഥി സംഹാരി എന്ന് സംസ്കൃതത്തിൽ അറിയപ്പെടുന്നു. 

വെസ്റ്റിന്ത്യൻ ചെറി: കുറ്റിച്ചെടിയായി വളരുന്ന ഇനം. ചുവന്ന നിറമുള്ള ചെറിയ പഴത്തിന് ആപ്പിളിന്റെ രൂപമാണ് കാഴ്ചയിൽ. ചെറിയ പുളിരുചിയുള്ള പഴം കഴിക്കാനും അച്ചാറിടാനും നല്ലതാണ്. 

ലെമൺ വൈൻ: അലങ്കാരച്ചെടിയായും ഉപയോഗിക്കുന്ന ലെമൺ വൈനിന്റെ ഫലം അച്ചാറിടാൻ ഉപയോഗിക്കാം. മീൻകറിയുടെ കൂടെയും ചേർക്കാം കൂടാതെ വെറുതെ കഴിക്കാം. 

പൊന്നാങ്കണ്ണിച്ചീര: ചെറിയ തണ്ടിൽ നിന്ന് തന്നെ കുറെ ഉണ്ടാക്കാൻ കഴിയും. തോരൻ വയ്ക്കാൻ  ഉപയോഗിക്കുന്ന ഇത് കണ്ണിന് വളരെ നല്ലതാണ്. ഇത് ആവശ്യമുള്ളവർക്ക് കുറിയർ ചെയ്തു കൊടുക്കാറുണ്ട്. ഫ്ലാറ്റിൽ താമസിക്കുന്നവരാണ് കൂടുതലായും ഇതിന്റെ ആവശ്യക്കാർ.

വള്ളിച്ചീര: മലബാർ സ്പിനാച് എന്നും അറിയപ്പെടുന്ന വള്ളിച്ചീര ഔഷധഗുണമുള്ളതാണ്. ഈ ചീരയുടെ ഇല ബജിയുണ്ടാക്കാനുപയോഗിക്കുന്നു.        

ചേമ്പ്: 3 തരം ചേമ്പുകൾ നട്ടുവളർത്തുന്നു - ചെറുചേമ്പ് ,ചീരചേമ്പ് , നീലചേമ്പ്. ഇതിൽ ചെറുചേമ്പാണ് ആൾക്കാർ കൂടുതലായി ആവശ്യപ്പെടുന്നത്. കിഴങ്ങില്ലാത്ത ചേമ്പാണ് ചീരചേമ്പ് . 

ഷുഗർവള്ളി: പ്രമേഹരോഗത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഷുഗർവള്ളിക്ക് അന്വേഷണങ്ങൾ ധാരാളമാണ്. ആവശ്യക്കാർക്ക് കുറിയർ ചെയ്ത് കൊടുക്കുന്നു.    

resmi-3
മഞ്ഞൾക്കൃഷിയിടത്തിൽ

മൂല്യവർധിത മഞ്ഞൾക്കൃഷി
മൂന്ന് തരം മഞ്ഞൾ കൃഷിയുണ്ട്. ഇതിൽ പ്രധാനം കസ്തൂരി മഞ്ഞളാണ്. 150 കിലോ കസ്തൂരിമഞ്ഞൾ‌വിത്തും 50 കിലോ പൊടിയും ഒരു വർഷം വിൽക്കാൻ കഴിയുന്നുണ്ട്. കൂടാതെ നല്ല മണമുള്ള, രോഗപ്രതിരോധശേഷി കൂടുതലുള്ള പ്രതിഭ ഇനമാണ് മറ്റൊന്ന്. ഈ ഇനം മഞ്ഞളിൽ കുർക്കുമിന്റെ സാന്നിധ്യം കൂടുതലാണ്. മാത്രമല്ല പാചകത്തിനുപയോഗിക്കുമ്പോൾ സാധാരണ മഞ്ഞൾ ഉപയോഗിക്കുന്നതിന്റെ പകുതി ഉപയോഗിച്ചാൽ മതിയാകും. മഞ്ഞൾ ഉണക്കി പൊടിച്ച് പായ്ക്ക് ചെയ്ത് ആവശ്യക്കാർക്ക് വിൽക്കുന്നു. മൂല്യവർധന നടത്തുന്നതിനാൽ  ആവശ്യക്കാരേറെ, മാത്രമല്ല സൂക്ഷിപ്പുകാലവും കൂടുന്നു. ഒപ്പം മികച്ച വരുമാനവും ലഭിക്കുന്നു.  ഇക്കൂട്ടത്തിൽ കരിമഞ്ഞളുമുണ്ട്. കരിമഞ്ഞളിന് വില കൂടുതലാണ്, ഔഷധഗുണമുള്ള ഈ മഞ്ഞൾ മരുന്നിനായി ഉപയോഗിക്കുന്നവരാണ് വാങ്ങിക്കുന്നത്. 

ഫോൺ: 9495552590

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com