യൂറോപ്പിൽനിന്നു വന്നു; ബുദ്ധിവികാസത്തിനു കുട്ടികൾക്ക്; നാഡികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തും മരുന്നുചെടി
Mail This Article
പഴയകാലത്ത് നമ്മുടെ അടുക്കളഭാഗത്തു പാത്രം കഴുകിയ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് നല്ല പച്ച ഓലകളോടുകൂടി, പച്ചക്കിഴങ്ങ് പുറത്തുകാണുന്ന വിധത്തിൽ വളര്‍ന്നിരുന്ന മരുന്നുചെടിയാണ് വയമ്പ്. ശാസ്ത്രനാമം അക്കോസ് കലാമസ്‌ലിൻ. യൂറോപ്പാണ് ജന്മദേശം. കേരളത്തിൽ ചതുപ്പുനിലത്തും വനമേഖലകളിലും ഇപ്പോൾ കാണപ്പെടുന്നു. വയമ്പ് 3 ഇനമുള്ളതായി പഴമക്കാർ. പണ്ടു വയമ്പ് കൃഷി ചെയ്തിരുന്നു. കുട്ടികൾ പിറന്ന് മൂന്നാം മാസം തേനും ബുദ്ധിവികാസത്തിനുവേണ്ടി. വയമ്പും നൽകിയിരുന്നു, സംസാരിക്കാത്ത കുട്ടികൾക്ക് ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ചും എണ്ണയെടുത്തും നൽകിയിരുന്നു. ഇതിന്റെ രൂക്ഷഗന്ധവും തരിപ്പും ചേർന്ന് നാഡികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുമെന്ന് ആയുർവേദ വൈദ്യന്മാർ. പുരുഷന്മാർക്ക് ശുക്ലവർധനയ്ക്കും വയമ്പ് പ്രയോജനപ്പെടുമത്രേ. അപസ്മാര രോഗികള്‍ക്കു വയമ്പുചികിത്സ നടത്തിയിരുന്നു. പ്രസവിച്ച സ്ത്രീകൾക്കുള്ള വേവുമരുന്നിൽ പ്രധാന ഘടകമാണ് വയമ്പ്. അതിസാരം, ജ്വരം എന്നിവ മൂലമുള്ള വേദനകൾക്കും ശക്തിക്ഷയത്തിനുമുള്ള ആയുർവേദ മരുന്നുകളിലും വയമ്പ് പ്രധാന ചേരുവയാണ്.
കൃഷിരീതി
സ്ഥലം (മണ്ണ്) നല്ലവണ്ണം കിളച്ച് അതിൽ ജൈവവളങ്ങൾ (കോഴിക്കാഷ്ഠം, ചാണകം) ഇട്ട് മണ്ണുമായി യോജിപ്പിച്ച് അതിൽ ചെറിയ കിഴങ്ങു ഭാഗങ്ങൾ നട്ടു കൊടുക്കുന്നു. പൊടിച്ചു വരുന്നതു മുതൽ നല്ല അളവില്‍ വെള്ളം കൊടുക്കണം. കെട്ടിനിര്‍ത്തിയാൽ വളരെ നല്ലത്. രോഗ,കീടബാധ കുറവാണെന്നാലും കിഴങ്ങിൽ പൂപ്പൽ ബാധിക്കാം. കഞ്ഞിവെള്ളത്തിൽ കായപ്പൊടി ചേർത്ത് ഒഴിച്ചാൽ ശമനം ഉണ്ടാകും
ഫോൺ: 9745770221