ADVERTISEMENT

ഓരോ ഘട്ടത്തിലും കൃത്യമായ പരിചരണം നൽകി ഓരോ വിളയിൽനിന്നും പരമാവധി വിളവ് എന്നതാണ് ഹൈടെക് കൃഷിയുടെ ലക്ഷ്യം. മണ്ണു പരിശോധനയിൽ തുടങ്ങി തടങ്ങൾ തയാറാക്കല്‍, വളപ്രയോഗം, നന, കീട–രോഗനിയന്ത്രണം എന്നിവയിലെല്ലാം കൃത്യത പാലിച്ചാണ് ഹൈടെക് കൃഷി മുന്നോട്ടു പോകുക. അത്യുൽപാദനശേഷിയുള്ള വിത്തുകളും കീട–രോഗവിമുക്തമായ ഹൈബ്രിഡ് തൈകളും മാത്രമാകും ഉപയോഗിക്കുക. കൂടിയ ഉൽപാദനക്ഷമതയും കുറഞ്ഞ വിളദൈർഘ്യവും കുറഞ്ഞ വളവിനിയോഗവും കൂടിയാകുന്നതോടെ ഹൈടെക് കൃഷി വിജയത്തിലെത്തുന്നു. അടുക്കളത്തോട്ടത്തിലെ പച്ചക്കറിക്കൃഷിയും ഹൈടെക് കൃത്യതാരീതിയിലാക്കാം. 

പച്ചക്കറിക്കൃഷിക്കു യോജിച്ച നീർവാർച്ചാസൗകര്യവും സൂര്യപ്രകാശവും ലഭ്യമായ ഏതു സ്ഥലവും കൃത്യതാക്കൃഷിക്ക് ഉപയോഗപ്പെടുത്താം. മണ്ണു നന്നായി കിളച്ച് പൊടിച്ച ശേഷം ഒരു മീറ്റർ വീതിയും അരയടി ഉയരവുമുള്ള തടങ്ങൾ തയാറാക്കുക (മണ്ണുപരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ കുമ്മായം ചേർത്ത് മണ്ണുമായി ഇളക്കിച്ചേർത്തിരിക്കണം). 15 ദിവസത്തിനുശേഷം ഇതിലേക്ക് പൊടിഞ്ഞ ജൈവവളം ചേർക്കാം. നിശ്ചിത അകലത്തിൽ ഇൻലൈൻ ഡ്രിപ്പറുകൾ ഘടിപ്പിച്ച ഡ്രിപ് പൈപ്പുകൾ വിപണിയിൽ ലഭ്യമാണ്. നിശ്ചിത മർദത്തിൽ പ്രവർത്തിക്കുമ്പോൾ 2 ലീറ്റർ വെള്ളം നൽകാൻ കഴിവുള്ള ഇത്തരം ഡ്രിപ്പറുകളാണ് പച്ചക്കറിക്കൃഷിക്കു നല്ലത്.

ഒരു വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം ഉൽപാദിപ്പിക്കുന്ന രീതിയിലായിരിക്കണം കൃഷി ക്രമീകരിക്കേണ്ടത്. മണ്ണിലെ ജലാംശം നഷ്ടപ്പെടാതിരിക്കാനും കള നിയന്ത്രിക്കാനും വളം ഒലിച്ചു പോകുന്നതു തടയാനും മണ്ണിന്റെ താപനില കുറയ്ക്കാനും കീടങ്ങളെ അകറ്റാനും പ്ലാസ്റ്റിക് പുത വിരിക്കാം. 30 മൈക്രോൺ കനമുള്ള പുതകളാണ് പച്ചക്കറിക്കൃഷിക്കു വേണ്ടത്. പച്ചക്കറി നടാൻ തയാറാക്കിയ തടങ്ങൾ മാത്രമേ പുതകൊണ്ട് മൂടേണ്ടതുള്ളൂ. ഒരു മീറ്റർ വീതിയുള്ള തടം 1.2 മീറ്റർ വീതിയുള്ള പുതകൊണ്ട് മൂടുന്നതു വഴി പുത പറന്നു പോകാതെ വശങ്ങളിൽ മണ്ണിട്ട് തടത്തോടു ചേർത്തു നിർത്താൻ സാധിക്കും. പുതയിട്ട് തയാറാക്കിയ ബെഡുകളിൽ ഡ്രിപ്പറുകൾ വരുന്ന ഭാഗങ്ങളിൽ 2 ഇഞ്ച് വ്യാസത്തിൽ ഷീറ്റിൽ ചെടി നടാൻ പാകത്തിൽ തുളകൾ ഉണ്ടാക്കണം. ഓരോ തുളയിലും ഒരു തൈ വീതം നടാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com