ADVERTISEMENT

കനറാ ബാങ്കിലെ ജോലി ഉപേക്ഷിച്ച് കർഷകനായി മാറിയതിൽ പിന്നീടെപ്പോഴെങ്കിലും ഇച്ഛാഭംഗം തോന്നിയിട്ടുണ്ടോ എന്നു പുരുഷോത്തമ കമ്മത്തിനോടു ചോദിച്ചാൽ ‘തീരെയില്ല’ എന്ന് ഉടനടി അദ്ദേഹം മറുപടി പറയും. 40 വർഷം മുൻപാണ് പുരുഷോത്തമ കമ്മത്ത് ജോലി ഉപേക്ഷിക്കുന്നത്. 5 വർഷം മുൻപ് ബാങ്ക് ജോലി ഉപേക്ഷിച്ച് മകൻ ആനന്ദും അച്ഛന്റെ അതേ വഴിയിലെത്തി. ഇന്ന് ഈ അച്ഛനും മകനും കൂടി മെട്രോ നഗരമായ കൊച്ചിയുടെ മധ്യത്തിൽ, വൈറ്റില തമ്മനത്തെ ഒന്നരയേക്കറിൽ സംരക്ഷിക്കുന്നത് രണ്ടായിരത്തിലേറെ ഇനങ്ങൾ വളരുന്ന ഔഷസസ്യവനം. 

ജൈവവൈവിധ്യങ്ങളുടെ അപൂർവ വനം തന്നെയാണ് ഇവരുടെ ആലുങ്കൽ ഫാം. ബഹുനില ഫ്ലാറ്റുകൾ നിറയുന്ന വൈറ്റിലയിൽ കോൺക്രീറ്റ് കാടിനു നടുക്കാണ് വനഭംഗിയുള്ള ഈ ഒന്നരയേക്കർ പുരയിടം. ഏതു റിയൽ എസ്റ്റേറ്റുകാരനും മനസ്സിൽ പറയും, ‘ഇവർക്കിതിന്റെ വല്ല കാര്യവുമുണ്ടോ’. 

എന്നാൽ, ലാഭക്കണക്കുകൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത മൂല്യം ഈ പച്ചത്തുരുത്തിനു കാണുന്നുണ്ട് ഈ കുടുംബം. ഔഷധഗുണങ്ങൾ മാത്രമല്ല, ഇവിടെയുള്ള ചെടികൾ പങ്കുവയ്ക്കുന്നത്. ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും പാരമ്പര്യവിജ്ഞാനത്തിന്റെയും കലവറകൂടിയാണ് ഇവിടം. ഓരോ ചെടിയെയും ചുറ്റി നടന്ന് ആ വൈജ്ഞാനിക ലോകത്തേക്കു നമ്മെ കൂട്ടിക്കൊണ്ടു പോകാൻ ഈ അച്ഛനും മകനും സന്നദ്ധരുമാണ്. 

ലങ്കയിൽത്തുടങ്ങാം

കൃഷിയിടത്തിലേക്കുള്ള ഗേറ്റ് തുറക്കുമ്പോൾത്തന്നെ കാണാം ത്രേതായുഗത്തിൽനിന്നുള്ള അതിഥിയെ. ലങ്കയിലെ അശോകവനിയിൽ സീതയിരുന്നത് ശിംശിപാ മരത്തിന്റെ തണലിലെന്ന് രാമായണം. തണലിൽ വളരാനും തണൽ നൽകാനും ഇഷ്ടപ്പെടുന്ന വൃക്ഷമാണ് ശിംശിപ. ഇലച്ചാർത്തുകൾക്കിടയിലൂടെ ഇളങ്കാറ്റ് അരിച്ചിറങ്ങും. സീതയ്ക്കായി രാവണൻ കണ്ടെത്തിയ ശിംശിപ വെറും തണൽവൃക്ഷം മാത്രമല്ല, ഔഷധവൃക്ഷം കൂടിയാണ്. ശിംശിപയുടെ തൊലി പ്രമേഹചികിത്സയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്. ശിംശിപയുടെ പൂക്കളും അതിമനോഹരം. വർഷങ്ങൾ ഏറെ മുൻപ് ശിംശിപയുടെ തൈ പുരുഷോത്തമ കമ്മത്തിനു ലഭിച്ചതും ശ്രീലങ്കയിൽനിന്നുതന്നെ. തൈ ചോദിച്ചെത്തുന്നവരുടെ എണ്ണം കൂടിയതോടെ എയർ ലെയറിങ്ങിലൂടെ വളർത്തിയ തൈകൾ നൽകുന്നുമുണ്ട്. പുത്രഞ്ജീവ മരമാണു മറ്റൊന്ന്. പുത്രകാമേഷ്ടി യാഗവുമായി ബന്ധപ്പെട്ട് പ്രയോജനപ്പെടുത്തിയിരുന്ന ഔഷധവൃക്ഷമാണത്. മരവുരിയാണ് മറ്റൊരു പുരാണമരം. മരവുരിയുടെ തോൽ വസ്ത്രമായി പ്രയോജനപ്പെടുത്തുന്ന സന്യാസിമാരെക്കുറിച്ചു കേട്ടിട്ടുണ്ടല്ലോ. ധരിക്കുന്ന ആളുടെ ശരീരതാപനില ഏതു കാലാവസ്ഥയിലും സന്തുലിതമായി നിലനിർത്താൻ മരവുരിക്കു കഴിയുമെന്നാണ് കേട്ടിട്ടുള്ളതെന്ന് ആനന്ദ്. 

anand
ഞരമ്പോടലിന്റെ ഇലയുമായി ആനന്ദ്

പുരാണപ്രശസ്തമായ കമണ്ഡലുമരവും ഇവിടെയുണ്ട്. കമണ്ഡലുവിന്റെ കായ്കൾ സന്യാസിമാർ പാത്രമായി പ്രയോജനപ്പെടുത്തിയിരുന്നല്ലോ. ചന്ദ്രമുഖി ഉൾപ്പെടെ വ്യത്യസ്തമായ രുദ്രാക്ഷമരങ്ങളും കമ്മത്തിന്റെ കൃഷിയിടത്തിൽ കായ്ച്ചു നിൽക്കുന്നു. പുരാണപ്രശസ്തികൊണ്ടു മാത്രമല്ല ഈ മരങ്ങൾ സംരക്ഷിക്കുന്നതെന്ന് ആനന്ദ്. ഇവയെല്ലാം തന്നെ അപൂർവമായ ഔഷധഗുണങ്ങൾ ഉള്ളവയാണ്. ശാസ്ത്രവിദ്യാർഥികൾക്കും ഗവേഷകർക്കുമെല്ലാം ഇതു പ്രയോജനപ്പെടുത്താനാകും. പാരമ്പര്യവൈദ്യത്തിൽ മാത്രമല്ല, അധുനിക വൈദ്യത്തിലും ഇവയ്ക്കല്ലാം പ്രസക്തിയുണ്ട്. ഒരു പക്ഷേ നാളെ ശാസ്ത്രലോകത്തിന് നിർണായകമായ ഒട്ടേറെ ഔഷധങ്ങൾ ഇവയിൽനിന്നു വേർ തിരിക്കാനാകും.

ഞരമ്പോടൽ

കയ്യിലിട്ട് എത്ര തിരുമ്മിയാലും ഇലഞരമ്പുകൾ പൊട്ടാതെ നിൽക്കുന്ന ഇലകളാണ് ഞരമ്പോടലിന്റേത്. ഇലഭാഗം മാത്രം പൊടിഞ്ഞുപോയി ഇലഞരമ്പുകൾ അവശേഷിക്കും. ഞരമ്പു സംബന്ധമായ അസുഖങ്ങളുടെ ശമനത്തിനുള്ളതാണ് ഞരമ്പോടൽ. തലയുയർത്തി നിൽക്കുന്ന വേങ്ങമരത്തിനും ചിലതു പറയാനുണ്ട്. വേങ്ങത്തടികൊണ്ട് ഗ്ലാസ് ഉണ്ടാക്കി അതിൽ വെള്ളം കുടിച്ചിരുന്നു ആളുകൾ. പ്രമേഹത്തിനു ശമനം ലഭിക്കാൻ ഇതുപകരിക്കും എന്നു നാട്ടുവൈദ്യം. കരിങ്ങോട്ടയാണ് മറ്റൊരു കൗതുകമരം. പണ്ട് മരംകൊണ്ടുള്ള മെതിയടി നിർമിക്കാനാണ് കരിങ്ങോട്ട  ഉപയോഗിച്ചിരുന്നത്. കനം കുറഞ്ഞതും ഈടുനിൽക്കുന്നതും ഔഷധഗുണമുള്ളതുമായ തടിയാണ് കരിങ്ങോട്ടയുടേത്. ഇങ്ങനെ ഒരു പകൽ ചുറ്റി നടന്നാലും പറഞ്ഞാൽ തീരാത്ത കഥകളും കൗതുകങ്ങളും ഒളിപ്പിച്ചു പിടിക്കുന്നുണ്ട് ഈ കൃഷിയിടം. 

നക്ഷത്രവൃക്ഷങ്ങൾ, നാൽപാമരം, നാഗവള്ളി, നാഗലിംഗമരം, വള്ളിമുള, അശോകം, നീലക്കടമ്പ്, തീപ്പാല, ടാറ്റൂമരം, ചന്ദനം, ക്വയിന, പൂപ്പരത്തി എന്നു തുടങ്ങി മാധവിക്കുട്ടിയുടെ പ്രിയപ്പെട്ട നീർമാതളമുൾപ്പെടെ ഇനിയും ഒട്ടേറെ.  നാടനും വിദേശിയുമുൾപ്പെടെ വിവിധ പഴവർഗവിളകളുമുണ്ട് ഈ കൃഷിയിടത്തിൽ. സമ്പൂർണ ജൈവ കൃഷിയിടമാണിത്. വെച്ചൂർ, കാസർകോട് പശുക്കളുടെ ചാണകമാണ് മുഖ്യ ജൈവവളം. കൃഷിയിടത്തിലെ ചൂട്ടും കൊതുമ്പും ഉൾപ്പെടെ ജൈവാവശിഷ്ടങ്ങളത്രയും ചെറു നുറുങ്ങുകളായി നുറുക്കിപ്പൊടിക്കാൻ ഫാം വെയ്സ്റ്റ് പള്‍വറൈസര്‍ മെഷീനുണ്ട്. ഈ പൊടി കൃഷിയിടത്തിൽ വിതറിയാൽ കുറഞ്ഞ കാലം കൊണ്ട് മണ്ണിൽ അലിഞ്ഞു ചേരും, മണ്ണിന്റെ ജൈവഗുണം വർധിക്കുകയും ചെയ്യും. 

വൃക്ഷവിളകളും ഏകവർഷികളും ഉൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം സസ്യവൈവിധ്യങ്ങൾ ഈ പുരയിടത്തിലുണ്ടെന്നാണ് പുരുഷോത്തമ കമ്മത്തിന്റെ കണക്ക്. മണ്ണും വായുവും വെള്ളവു മെല്ലാം മലിനമാകുന്ന മഹാനഗരത്തിനുള്ള മരുന്നായി ഇനിയും തുടരട്ടെ ഈ കൃഷിയിടം. 

ഫോൺ: 9745007941

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com