കിലോയ്ക്ക് 2.75 ലക്ഷം രൂപ വിലയുള്ള മാമ്പഴം; തൈക്ക് വില 2500 രൂപ: വ്യത്യസ്തമാണ് ഈ എൻജിനീയറുടെ തോട്ടം
Mail This Article
ബഹുരാഷ്ട കമ്പനിയിലെ എൻജിനീയറായണെങ്കിലും ഒഡിഷ സ്വദേശിയായ സുബ്രത് നാഥ് രാവിലെ 5 മണിക്ക് എഴുന്നേറ്റ് 8 മണിക്ക് ഓഫിസിലേക്കു പുറപ്പെടുന്നതിന് മുൻപ് ചെടികളെ പരിപാലിക്കും. വീട്ടിൽ പച്ചക്കറിത്തോട്ടമുണ്ടായിരുന്നതുകൊണ്ടുതന്നെ ചെറുപ്പത്തിലേ കൂടെ കൂടിയതാണ് ചെടികളോടുള്ള താൽപര്യം. വളരുന്തോറും ആ താൽപര്യമേറി. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ ചെടികളെ നനയ്ക്കാനും മറ്റും സമയം കണ്ടെത്തും; മുൻപ് സ്കൂൾ പഠന കാലത്ത് ചെയ്തതു പോലെ തന്നെ. കൃഷിക്കു വേണ്ടി വീട്ടിലെ ബാൽക്കണിയുൾപ്പെടെ കഴിയുന്നത്ര സ്ഥലവും പ്രയോജനപ്പെടുത്തി ഏകദേശം 4000 ചതുരശ്രയടിയിലാണ് കൃഷി. അപൂർവയിനം ചെടികളും കൂട്ടത്തിലുള്ളതാണ് ഈ എൻജിനീയറുടെ കൃഷിയെ വ്യത്യസ്തമാക്കുന്നത്. ആയിരം ഇതളുള്ള താമര (1000 lotus petals) സഹസ്രദള പത്മം, വിലയേറിയ മാവിനമായ മിയാസാക്കി എന്നിവ സുബ്രതിന്റെ തോട്ടത്തിലെ അപൂർവയിനങ്ങളാണ്.
400 ചെടികളുള്ള തോട്ടത്തിൽ താമര, ആമ്പൽ എന്നിവയുടെ നൂറോളം വ്യത്യസ്തയിനങ്ങളുണ്ട്. 10 തരം ഓർക്കിഡുകൾ, അഡീനിയത്തിന്റെ 20 ഇനങ്ങൾ, മിയാസാക്കിയുൾപ്പെടെ 10 തരം മാവിനങ്ങൾ എന്നിവയുൾപ്പെടുന്നു. അപൂർവയിനം ചെടികളെ വളർത്തുമ്പോൾ അവയ്ക്ക് അനുയോജ്യമായ താപനില, ഈർപ്പം എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. കൂടാതെ വളർത്താനുപയോഗിക്കുന്ന ചെടിച്ചട്ടിയുടെ വലുപ്പത്തെക്കുറിച്ചും അറിവുണ്ടാവണം എന്നാണ് സുബ്രത് പറയുന്നത്.
മിയാസാക്കി മാങ്ങ
ലോകത്തിൽ ഏറ്റവും വില കൂടിയ മാങ്ങയാണിത്. ജപ്പാനിലെ മിയാസാക്കി നഗരമാണ് സ്വദേശം. ആഗോളവിപണിയിൽ ഒരു കിലോയ്ക്ക് 2.7 ലക്ഷം രൂപ ഇതിന് വിലയുണ്ടത്രേ! സ്വാദേറെയുള്ള ഈ മാമ്പഴത്തിൽ 15% പഞ്ചസാരയുണ്ട്. ഈ മാങ്ങയ്ക്ക് മുട്ടയുടെ ആകൃതിയായതിനാൽ ‘എഗ്സ് ഓഫ് സൺ’ എന്നും അറിയപ്പെടുന്നു. സുബ്രതിന്റെ കൈവശമുള്ള ഇതിന്റെ തൈ ഒന്നിന് 2500 രൂപ വിലയുണ്ട്.
ഒഡീഷയിൽ വേനൽക്കാലത്ത് താപനില 46 ഡിഗ്രി വരെയാകാറുണ്ട്. ഈ അവസ്ഥയിൽ അപൂർവയിനം സസ്യങ്ങളെ വളർത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാൽ ആ വെല്ലുവിളിയെ മറികടക്കാൻ ശ്രമിക്കുകയാണ് ഇദ്ദേഹം. ചുടിനെ മറികടക്കാൻ ഒരു ഗ്രീൻഹൌസ് സജ്ജമാക്കിയിട്ടുണ്ട്. തൈകളെ 2-3 മാസം ഇതിനകത്ത് വളർത്തും. അതിനു ശേഷം സാവധാനമാണ് നേരിട്ടുള്ള സൂര്യപ്രകാശം ഏൽപിക്കുക.
സസ്യങ്ങൾക്കാവശ്യമായ പോഷകങ്ങളായ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ ചാണകത്തിലുള്ളതിനാൽ രാസവളങ്ങളുപയോഗിക്കാതെയാണ് കൃഷി. തൈകൾ വിറ്റതിലൂടെ കഴിഞ്ഞ വർഷം ഒരു ലക്ഷം രൂപ നേടി. എന്നാൽ മിയാസാക്കി മാവിൻതൈ വിൽക്കാൻ ഇപ്പോൾ ഉദ്ദേശമില്ല.