sections
MORE

മക്കാവുകളുടെ മനോഹര തീരം

HIGHLIGHTS
  • മഴക്കാടിന്റെ മക്കളായ മക്കാവുകൾ അമ്പത്–അറുപതു വർഷംവരെ ആയുസ്സുള്ള പക്ഷിയാണ്
  • ഇഷ്ടപ്രകാരം ചലിപ്പിക്കാവുന്ന തൂവൽക്കൂട്ടങ്ങളാണ് കൊക്കാറ്റുകളെ ആകർഷകമാക്കുന്ന ഘടകം
pets
SHARE

മക്കാവുകളുടെ ശബ്ദം ചെവി തുളയ്ക്കും, ശരവണനതു പക്ഷേ പുല്ലാങ്കുഴൽ നാദംപോലെ പ്രിയം. ശരവണനു മാത്രമല്ല, അരുമപ്പക്ഷികളെ പോറ്റുന്നവരുടെയെല്ലാം അഭിമാനമാണ് ആമസോൺ മഴക്കാടുകളിൽനിന്നുള്ള ഈ അതിഥി. കോയമ്പത്തൂരിനടുത്ത് കൃഷ്ണപുരം പുതൂറിലെ ഒന്നരയേക്കർ വരുന്ന ശരവണ ഏവിയറിയിലുള്ളത് ലക്ഷങ്ങൾ മൂല്യമുള്ള അറുപതിലേറെ മക്കാവു തത്തകൾ

തെക്കേ അമേരിക്കയിലെ മഴക്കാടിന്റെ മക്കളായ മക്കാവുകൾ അമ്പത്–അറുപതു വർഷംവരെ ആയുസ്സുള്ള പക്ഷിയാണ്. മുതിർന്ന പക്ഷിക്ക് ശരാശരി മൂന്നടി വലുപ്പം. പതിനഞ്ചിലേറെ വ്യത്യസ്ത നിറങ്ങളിൽ ആരുടെയും മനസ്സിളക്കും മക്കാവിനങ്ങളുടെ സൗന്ദര്യം. അവയിൽ ഗ്രീൻ വിങ്ഡ് മക്കാവ്, സ്കാർലറ്റ് മക്കാവ്, മിലിട്ടറി മക്കാവ്, ബ്ലൂ ആൻഡ് ഗോൾഡ് മക്കാവ്, ബഫ് വിങ്ഡ് മക്കാവ്, വെർഡി മക്കാവ് തുടങ്ങി അഴകളവുകള്‍ക്കുപേരുകേട്ട പലരുമുണ്ട് ശരവണന്റെ ശേഖരത്തിൽ. 

pets5
ഫ്രിൽബാക്ക്

മക്കാവിന്റെ മെനു ചെലവേറിയതെന്നു ശരവണൻ. മുതിർന്ന പക്ഷിയൊന്നിനെ പോറ്റാൻ ദിവസം 100 രൂപയ്ക്കടുത്തു മുടക്കണം. ബ്രസീൽ നട്ട്, വാൽനട്ട്, ഹേസൽ നട്ട്, ബദാം തുടങ്ങിയ വിശിഷ്ട വിഭവങ്ങളാണു മക്കാവുകൾക്കു പ്രിയം. നന്നായി ഇണങ്ങുന്ന, നല്ല ബുദ്ധിശക്തിയുള്ള മക്കാവുകൾക്ക് മറ്റു തത്തയിനങ്ങളെപ്പോലെതന്നെ സംഭാഷണവിരുതുമുണ്ട്. പെറ്റ്സ് വിപണിയിൽ വൻ ഡിമാൻഡുണ്ട് മക്കാവുകൾക്ക്. മൂന്നു മാസം പ്രായമെത്തുന്നതോടെ അരുമപ്പക്ഷികളെ തേടിയെത്തുന്നവർക്കു വിൽക്കുമെങ്കിലും കച്ചവടത്തേക്കാൾ പുതിയ ഇനങ്ങൾക്കു വേണ്ടിയുള്ള കൈമാറ്റത്തിനും അപൂർവയിനങ്ങളുടെ ശേഖരം വർധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന ആനന്ദത്തിനുമാണ് പെറ്റ് സംരംഭത്തിൽ താൻ മുൻതൂക്കം നൽകുന്നതെന്നു ശരവണൻ. 

pets1

വിദേശയിനം പക്ഷികളുടെ ബ്രീഡിങ് നമ്മുടെ സാഹചര്യങ്ങളിൽ വിജയിക്കുക എളുപ്പമല്ല. ഒാരോ അലങ്കാരപ്പക്ഷിയിനത്തിന്റെയും പുതു തലമുറയെ ലക്ഷണങ്ങളിലും തൂവൽശോഭയിലും മാർക്കിങ്ങുകളിലുമുള്ള കൃത്യത ചോരാതെ പുനഃസൃഷ്ടിക്കുക ചെറിയ വെല്ലുവിളിയല്ല. ഗ്രീൻ വിങ്ഡ് പോലുള്ള മക്കാവുകളുടെ കാര്യത്തിൽ വിശേഷിച്ചും. അതിവിപുലമായ അനുഭവസമ്പത്തും അറിവുമുള്ള ബ്രീഡർക്കു മാത്രം വഴങ്ങുന്ന കലയാണത്. കെമിക്കൽ എൻജിനീയറിങ് പഠിച്ചു നേടിയ ജോലി ഉപേക്ഷിച്ച് പെറ്റ്സ് സംരംഭത്തിനു തുനിഞ്ഞ ശരവണൻ സ്വന്തമാക്കിയതും ഇതേ കലാവൈദഗ്ധ്യം തന്നെ. യൂറോപ്പിലും തെക്കേ അമേരിക്കയിലുമെല്ലാം സഞ്ചരിച്ച് പക്ഷികളെ അവയുടെ ആവാസ വ്യവസ്ഥകളിൽ വച്ചുതന്നെ പരിചയപ്പെട്ടും പരിശീ ലനം നേടിയുമാണ് ഇക്കാര്യത്തിൽ മികവു നേടിയതെന്നു ശരവണൻ. ആർക്കാരി പോ ലുള്ള അപൂർവയിനം പാരറ്റുകളുടെ ബ്രീ ഡിങ്ങിലേക്കു ശരവണൻ കടക്കുന്നതും ഈ അനുഭവസമ്പത്തിന്റെ ബലത്തിൽത്തന്നെ. വർഷം 10–12 മുട്ടകളാണ് മക്കാവിൽനിന്നു ലഭിക്കുക. മുട്ട വിരിയിക്കാനുള്ള ഇൻ കുബേറ്ററും നിശ്ചിതകാലം കുഞ്ഞുങ്ങളെ പരിപാലിക്കാനുള്ള ഇന്റൻസീവ് കെയർ യൂണിറ്റും ഉൾപ്പെടെ പക്ഷിക്കുഞ്ഞുങ്ങൾക്കായി ഹൈടെക് നഴ്സറിയാണ് ശരവണ ഏവിയറിയിൽ ഒരുക്കിയിരിക്കുന്നത്. മക്കാവുകളിൽ ചിലതു വിരിയുമ്പോൾ കഴുത്തിനു ബലക്കുറവുണ്ടാവും. ചെറിയ ടിന്നിൽ അടപ്പിനു തുളയിട്ട് കഴുത്ത് അതിലൂടെ ഉയർന്നു നിൽക്കുന്ന രീതിയിൽ നിർത്തി ദിവസങ്ങൾകൊണ്ട് അതിനെ സാധാരണ സ്ഥിതിയിലാക്കും. മക്കാവു പക്ഷി ക്കുഞ്ഞുങ്ങളുൾപ്പെടെ വിലപിടിച്ച തത്തയിന ങ്ങൾക്കെല്ലാം അങ്ങേയറ്റം കരുതലോടെയുള്ള പരിചര ണമാണ് നഴ്സറിയിൽ ഒരുക്കിയിരി ക്കുന്നത്. 

DSCN3391
മക്കാവു കുഞ്ഞുങ്ങൾ തീവ്രപരിചരണ യൂണിറ്റിനുള്ളിൽ

കൊക്കാറ്റുവും ട്രമ്പറ്ററും 

ശരവണ ഏവിയറിയിലെ മറ്റൊരു വിഐപിയാണ് കൊക്കാറ്റു ഇനങ്ങൾ. ജന്മദേശം ഓസ്ട്രേലിയ. അത്യാവശ്യം അഭ്യാസങ്ങളൊക്കെ വഴങ്ങുന്ന കൊക്കാറ്റുകൾ ചെറു വണ്ടികൾ വലിച്ച് സർക്കസ് തമ്പുകളിലെ താരങ്ങളാവാറുണ്ട്. തലയിലെ, സ്വന്തം ഇഷ്ടപ്രകാരം ചലിപ്പിക്കാവുന്ന തൂവൽ ക്കൂട്ടങ്ങളാണ്(crest) കൊക്കാറ്റുകളെ ആകർഷകമാക്കുന്ന ഘടകം. ഒച്ചയിടുന്ന കാര്യ ത്തിൽ മക്കാവിന്റെ അനിയനാണ് കൊക്കാറ്റുവെന്നു ശരവണൻ. ശ്രദ്ധ കുറഞ്ഞാല്‍ ഉച്ചത്തിൽ കൂവി ബഹളംവയ്ക്കും. വിപണിയിൽ ഏറെ പ്രിയമുണ്ട് കൊക്കാറ്റുവിനും.

എക്ളിറ്റസ് തത്തകളാണ് മറ്റൊരു കൗതുകം. ഈയിനത്തിൽ ആണിനെയും പെണ്ണിനെയും തിരിച്ചറിയുക വളരെ എളുപ്പം. ആണിന് പ്രധാനമായും പച്ചനിറം, പെ ണ്ണിനു ചുവപ്പുനിറം. ഇന്തൊനീഷ്യ, ഓസ് ട്രേലിയ എന്നിവിടങ്ങളിൽനിന്നെത്തിയ ലോറീസ്, ലോറീകീറ്റ്, ആമസോൺ ഗ്രീൻ പാരറ്റ്, ആഫ്രിക്കൻ ഗ്രേ പാരറ്റ് എന്നിങ്ങനെ പതിനായിരങ്ങൾ വിലയുള്ള തത്തയിനങ്ങൾ വേറെയുമുണ്ട്.

pets8
പൗട്ടർ

തത്തകൾ കഴിഞ്ഞാൽ ശരവണനു പ്രിയം അലങ്കാരപ്രാവുകളാണ്. കയ്യെത്തിപ്പിടിക്കാൻ കഴിയാത്ത വിലനിലവാരവുമാ യി മക്കാവുകളും കൊക്കാറ്റുവുമെല്ലാം വാഴുന്ന പെറ്റ്സ് സാമ്രാജ്യത്തിൽ സാധാരണ ക്കാരായ അലങ്കാരപ്പക്ഷിസ്നേഹികൾ അരുമകളാക്കുന്നത് പ്രാവുകളെയാണ്. ജാക്കോബിനും പൗട്ടറും സിറാസും പോലുള്ള ഇനങ്ങളാണ് നമ്മുടെ നാട്ടിൽ കൂടുതൽ പ്രചാരം ലഭിച്ചവയെങ്കിൽ ഉയർന്ന വിലയുള്ള ബൊക്കാറ ട്രമ്പറ്റർപോലുള്ള പെർ ഫോമിങ് പീജിയനുകളും ചാരുതയുള്ള തൂവൽ വിന്യാസംകൊണ്ട് സുന്ദരമായ ഫാൻടെയിലുകളും ചുരുളൻ തൂവലുകളുള്ള ഫ്രിൽ ബാക്ക് ഇനങ്ങളും 10–15 ഗ്രാം ഭാരം വഹിച്ചു പറക്കാൻ പ്രാപ്തിയുള്ള സന്ദേശ വാഹക(wattle pigeons)രുമെല്ലാം ശരവണന്റെ പ്രാവുശേഖരത്തിന്റെ പ്രൗഢി കൂട്ടുന്നു. അതിവിശാലമായ കൂടുകളും അ വയോടു ചേർന്ന് ഒാരോയിനം പക്ഷികൾ ക്കുമിണങ്ങിയ ബ്രീഡിങ് ബോക്സും ക്രമീകരിച്ച ഈ ഒന്നരയേക്കർ പക്ഷിസങ്കേത ത്തിൽ, കൂടുകൾക്കിടയിലുള്ള സ്ഥലം മുഴുവൻ ചെറുമരങ്ങളും സസ്യങ്ങളും വളർത്തിയിരിക്കുന്നതിനാൽ കാടിന്റെ പ്രതീതി. കൂടിനുള്ളിലാണെങ്കിലും കാടിനുള്ളിലാണെന്നു പക്ഷികൾക്കു തോന്നട്ടെ എന്നു ശരവണൻ.

ബ്രീഡിങ് കാലം കഴിഞ്ഞാൽ പക്ഷികളെ വിശാലമായ രണ്ട് ഫ്ലൈയിങ് ഏവി യറികളിലായി നാലു മാസത്തോളം തുറന്നു വിടുന്ന പതിവുമുണ്ട് ശരവണന്. മക്കാവുകൾക്കും കൊക്കാറ്റുകൾക്കുമെല്ലാം വ്യത്യസ്തമായ കാലങ്ങളിലാണ് ബ്രീ ഡിങ് എന്നതിനാൽ എല്ലാവർക്കും ലഭിക്കും പറന്നുല്ലസിക്കാൻ കുറെ നാളുകൾ. വ്യത്യസ്ത ഭൂപ്രദേശങ്ങളിൽനിന്നും കാലാവസ്ഥകളിൽനിന്നും വരുന്ന അരുമപ്പക്ഷികളുടെ ആരോഗ്യവും സന്തോഷവും പെറ്റ് സംരംഭത്തിൽ പ്രധാനം. ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തുന്നതുകൊണ്ടുതന്നെയാണ് അപൂർവയിനങ്ങളുടെ ബ്രീ ഡിങ് സാധ്യമാകുന്നതെന്നും ശരവണൻ.

 ഫോൺ: 98422 39308 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA