ADVERTISEMENT

അലങ്കാരപ്പക്ഷികൾ പലതുണ്ടെങ്കിലും ബഡ്ജീസ് എന്ന ബഡ്ജറി ഗാറുകളെ മാത്രം മതി ഷീബയ്ക്ക്. ഏറിവന്നാൽ കൊക്കറ്റീലുകളെക്കൂടി പോറ്റാം, അതിനപ്പുറം വേണ്ടേ വേണ്ടാ. ഫാഷൻ ഡിസൈനറായ ഷീബ തൃപ്പൂണിത്തുറയിലെ വാടകവീടിന്റെ ഇത്തിരിമുറ്റത്ത് ഈ കുഞ്ഞിത്തത്തകളെ വളർത്താൻ തുടങ്ങിയിട്ടു നാളുകളായി. ആരെയും ആകർഷിക്കുന്ന രൂപഭംഗിയും അടിമുടി കൃസൃതിയും നിറഞ്ഞ പക്ഷികളാണ് ബഡ്ജീസുകൾ. അതേസമയം മറ്റ് അലങ്കാരപ്പക്ഷിയിനങ്ങളെ അപേക്ഷിച്ച് ആർക്കും സ്വന്തമാക്കാവുന്നത്ര കുറഞ്ഞ വില. സാധാരണ വീട്ടമ്മയ്ക്ക് അനായാസം പോറ്റാനും വിൽക്കാനും കഴിയുന്ന അലങ്കാരപ്പക്ഷി ബഡ്ജീസ്പോലെ മറ്റൊന്നില്ലെന്നു ഷീബ.

 

ലാഭം മാത്രം നോക്കി പക്ഷികളെ കൂട്ടമായിട്ടു വളർത്തുന്ന കോളനി ബ്രീഡിങ് സ്വീകരിച്ചാൽ അന്തർപ്രജനനവും തുടർപ്രജനനവും വഴി ബഡ്ജീസിന്റെ അഴകും ആരോഗ്യവും നശിക്കും. അതുകൊണ്ടുതന്നെ ഇണക്കിളികൾക്കു വെവ്വേറെ കൂടൊരുക്കി കരുതലോടെയാണ് ഷീബയുടെ പരിപാലനം. കിളിക്കുഞ്ഞുങ്ങളെ പെറ്റ്സ്ഷോപ്പുകൾക്കു നൽകുമ്പോഴുള്ള മൊത്തവില, ജോടിക്ക് 200 രൂപ. വില അൽപം കൂടുന്ന, മുന്തിയ ഇനമായ കൊക്കറ്റീലുകളുമുണ്ട് ഷീബയുടെ ശേഖരത്തിൽ. 

 

Portulaca-grandiflora-Moss
പോർട്‌ലുക്ക

ഷീബയുടെ രണ്ടാമത്തെ വരുമാന വഴി പോർട്‌ലുക്ക എന്ന പത്തുമണിച്ചെടിയാണ്. വാടകവീടിന്റെ ടെറസിൽ ഇരുനൂറോളം ചട്ടികളിലായി പൂവിട്ടു നിൽക്കുന്നു പത്തുമണിപ്പാടം. നാൽപതിലേറെ വരും നിറ വൈവിധ്യങ്ങൾ. അതിവേഗം വളരുന്ന, വർഷം മുഴുവൻ പൂവിടുന്ന പത്തുമണിച്ചെടി പൂച്ചെടിപ്രേമികളുടെ ഇഷ്ട ഇനം. അഞ്ചിഞ്ച് നീളം വരുന്ന ഒരു തണ്ടിന് 10 രൂപ വിലയിട്ടാണു വിൽപന. കഴിഞ്ഞ മാസത്തെ വീട്ടു വാടക പതിനായിരം രൂപ അടച്ചത് പത്തുമണി മാത്രം വിറ്റെന്നും ഷീബ. ഗ്രൗണ്ട് ഒാർക്കിഡുകളാണ് മൂന്നാമത്തെ വരുമാനവഴി. മറ്റ് ഒാർക്കിഡിനങ്ങളെ പിന്നിലാക്കി പ്രിയം നേടുന്നതു കണ്ടാണ് വാടകവീടിന്റെ മുറ്റം നിറയെ ഗ്രൗണ്ട് ഒാർക്കിഡുകൾ നിറച്ചത്. ഉന്നം പിഴച്ചില്ല. 

 

വിൽക്കാനുള്ള ഇനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും ആരാമം എന്ന സ്വന്തം ഫെയ്സ്ബുക്ക് ഗ്രൂപ്പിലും നാട്ടറിവ് എന്ന് വാട്സാപ്പ് ഗ്രൂപ്പിലും പോസ്റ്റ് ചെയ്യും. ആവശ്യപ്പെടുന്നവർക്കു കൊറിയർ വഴി എത്തിക്കും. ജോലിയില്ല, വരുമാനമില്ല എന്നൊക്കെ പരിതപിക്കുന്ന വീട്ടമ്മമാർക്ക് ഇതൊക്കെ സാധിക്കാവുന്നതേയുള്ളൂ എന്നു ഷീബ.

 

ഒാൺലൈനിൽ ഒരു കൈനോക്കാം

 

സ്ത്രീകളുടെ സാമൂഹിക–സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ 2016 മാർച്ചിൽ ആവിഷ്കരിച്ച പദ്ധതിയാണ് മഹിള ഇ ഹാട്ട് (Mahila E-HAAT) പോർട്ടൽ. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിലാണ് പ്രവർത്തനം. വനിതാ സംരംഭകർക്കു തങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ അവസരം നൽകുന്ന ഒാൺലൈൻ വിപണിയാണിത്. കമ്മീഷനോ വാടകയോ നൽകാതെ വിൽക്കാവുന്ന ഒാൺലൈൻ ചന്ത. ജൈവഭക്ഷ്യോൽപന്നങ്ങൾ മുതൽ തുണിത്തരങ്ങൾ വരെ ഈ പ്ലാറ്റ്ഫോമിലൂടെ വിൽക്കാം. 

 

സ്വന്തം ഉൽപന്നത്തിന്റെ ചിത്രവും ചെറുവിവരണവും വിലയും വിലാസവും പോർട്ടലിൽ നൽകാം. ഉപഭോക്താക്കൾ ഉൽപന്നങ്ങൾ തിരഞ്ഞെടുത്ത് ഒാർഡർ ചെയ്യുന്നു. ഒാർഡർ കിട്ടിയാൽ ഉൽപന്നം ഉപഭോക്താവിന് എത്തിക്കാനുള്ള ചുമതല സംരംഭകയ്ക്കാണ്.വിശദവിവരങ്ങൾക്ക് പോർട്ടൽ സന്ദർശിക്കാം: mahilaehaat-rmk.gov.in

 

അരുമകൾ, പൂച്ചെടികൾ 

മേരി ഷീബ

തൃപ്പൂണിത്തുറ, 

എറണാകുളം

ഫോൺ: 8848792831 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com