sections
MORE

വളർത്തുമൃഗങ്ങള്‍ക്ക് പ്രളയാനന്തര കരുതല്‍

People-and-pet-animal-in--flood-
SHARE

തുടർച്ചയായി രണ്ടാം വർഷവും ഉണ്ടായ പ്രളയത്തിന്റെ അമ്പരപ്പിൽനിന്നു കേരളം പതുക്കെ അതിജീവനത്തിന്റെ പാതയിലാണ്. കഴിഞ്ഞ വർഷത്തെ അത്ര ഇല്ലെങ്കിലും ധാരാളം വളർത്തുമൃഗങ്ങളെ നഷ്ടപ്പെടുകയും, പലരുടെയും തൊഴുത്തുകളും ആട്– കോഴിക്കൂടുകളും തകരുകയും തീറ്റപ്പുൽക്കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. പ്രളയാനന്തരം വെള്ളത്തിന്റെയും തീറ്റയുടെയും ഗണ്യമായ കുറവുമൂലം മൃഗങ്ങൾ പലതരം ചെടികൾ ഭക്ഷിക്കുന്നതു വഴി വിഷബാധ, തീറ്റയിൽകൂടി പൂപ്പൽ വിഷബാധ, നിർജലീകരണം, പകർച്ചവ്യാധികൾ എന്നിവയുണ്ടാകാം. വളർത്തുമൃഗങ്ങൾക്കു ധാരാളം ശുദ്ധജലം നൽകണം. വെള്ളം പൊതുവെ മലിനമായതിനാൽ കുടിവെള്ള സ്രോതസ്സായ കിണറുകൾ ബ്ലീച്ചിങ് പൗഡർ 2.5 ഗ്രാം ഒരു ലീറ്റർ വെള്ളത്തിന് എന്ന നിരക്കിൽ ഉപയോഗിച്ച് ശുദ്ധീകരിക്കുക. കുടിവെള്ളത്തിൽ ഒരു നുള്ളു പൊട്ടാസ്യം പെർമാംഗനേറ്റ് ( 1ഗ്രാം 100 ലീറ്ററില്‍ ) ചേർത്തതിനുശേഷം കുടിക്കാൻ കൊടുക്കാം. 

അടപ്പൻ, കുരലടപ്പൻ, മുടന്തൻ പനി, കുളമ്പു രോഗം, കരിങ്കാൽ, അകിടുവീക്കം, എലിപ്പനി, ആടു വസന്ത, ടെറ്റനസ് തുടങ്ങിയ പകര്‍ച്ചവ്യാധികൾക്കാണ് സാധ്യതയുള്ളത്. 

അടപ്പൻ: എല്ലാ മൃഗങ്ങളെയും ബാധിക്കുന്ന മാരകരോഗം. ഇവയുടെ അണുക്കൾ പ്രളയ സമയത്തു മണ്ണൊലിപ്പിൽ കൂടി ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്ത് എത്തുകയും കുടിവെള്ളം തീറ്റ എന്നിവയിലൂടെ ഉരുവില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അതിതീവ്ര രോഗബാധയിൽ ഒരു ലക്ഷണവും കാണിക്കാതെ പെട്ടെന്നു ചാകുന്നു. ചത്ത് അല്‍പസമയത്തിനുള്ളിൽ വയറു വീർക്കുന്നതും മൂക്ക്, വായ, ഈറ്റം, മലദ്വാരം മുതലായവയിൽകൂടി ഇരുണ്ടു കട്ട പിടിക്കാത്ത രക്തം ഒഴുകിക്കിടക്കുന്നതും കാണാം. പ്രതിരോധ കുത്തിവയ്പ് നടത്തി രോഗബാധ നിയന്ത്രിക്കാം. 

കുരലടപ്പൻ: പശുക്കളുടെ ശ്വാസനാളത്തിൽ സാധാരണയായി കാണുന്ന പാസ്റ്ററില്ല എന്ന ബാക്ടീരിയ ആണ് രോഗമുണ്ടാക്കുന്നത്. മൃഗങ്ങളുടെ രോഗപ്രതിരോധശേഷി കുറയുമ്പോൾ ഈ അണുക്കൾ പെരുകുകയും ശ്വാസകോശത്തെ ബാധിക്കുകയും രോഗലക്ഷണങ്ങൾ കാണുകയും ചെയ്യുന്നു. തീവ്രമായ പനി, മൂക്കൊലിപ്പ്, ശ്വാസം മുട്ടൽ, മൂക്കിൽനിന്നു പഴുപ്പ്, കഴുത്ത്, താട, മുഖം എന്നിവയിൽ നീര്, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നീരുള്ള ഭാഗത്ത് ചൂടും അനുഭവപ്പെടാറുണ്ട്. ഗുരുതരമായി രോഗം ബാധിച്ച മൃഗങ്ങൾ 6 മണിക്കൂറിനുള്ളിൽ ചത്തുപോകും. ഈ രോഗം എരുമകളിൽ ഗുരുതരമായി കാണുന്നു. ആടുകളെയും പന്നികളെയും ഈ രോഗം ബാധിക്കാറുണ്ട്. ആടുകളിൽ തീറ്റ തിന്നാതിരിക്കൽ, ശ്വാസം മുട്ടൽ, വായ തുറന്നു ശ്വസിക്കൽ, ചുമ, പനി, മൂക്കൊലിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. പന്നികളിൽ പനി, ചുമ, ശ്വാസതടസ്സം, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ്‌ എന്നിവ കാണാം. അപൂർവമായി പന്നിക്കുട്ടികളിൽ മസ്തിഷ്കജ്വരവും കാണാറുണ്ട്. രോഗലക്ഷണം കണ്ടയുടനെ ചികിത്സിക്കുകയാണെങ്കിൽ രക്ഷപ്പെടാന്‍ സാധ്യതയേറും. പ്രതിരോധ കുത്തിവയ്പുവഴി രോഗനിയന്ത്രണം സാധിക്കും. 6 മാസത്തിനു മുകളില്‍ പ്രായമുള്ള ഉരുക്കൾക്കു കുത്തിവയ്പെടുക്കാം. എല്ലാക്കൊല്ലവും മഴക്കാലം തുടങ്ങുന്നതിനു മുമ്പ് പ്രതിരോധ കുത്തിവയ്പെടുക്കണം. 

കരിങ്കാൽ: നല്ല ആരോഗ്യമുള്ള കന്നുകുട്ടി, കിടാരി എന്നിവയെയാണ് ഈ അസുഖം പ്രധാനമായും ബാധിക്കുന്നത്. ക്ലോസ്ട്രീഡിയം ചൗവെയ് എന്ന ബാക്ടീരിയ ആണ് രോഗകാരി. കടുത്ത പനി, നടക്കാൻ ബുദ്ധിമുട്ട്, പിൻ കാലുകളിൽ നീര്, നീരുള്ള ഭാഗം അമർത്തി നോക്കിയാൽ ഉള്ളിൽ വായു നിറഞ്ഞിരിക്കല്‍ എന്നിവ ലക്ഷണങ്ങള്‍. പ്രതിരോധ കുത്തിവയ്പിലൂടെ രോഗം നിയന്ത്രിക്കാം. 

അകിടുവീക്കം: മഴക്കെടുതികൾക്കു ശേഷം ഏറ്റവും സാധ്യതയുള്ള രോഗം. പനി, തീറ്റ തിന്നാതിരിക്കൽ, പാലുല്‍പാദനത്തിൽ ഇടിവ് എന്നിവ കാണാം. പ്രകടമായ ലക്ഷണങ്ങൾ ഒന്നുമില്ലാതെയും അകിടുവീക്കം വരാം. ഇതു കാലിഫോണിയ മാസ്റ്റിറ്റിസ് ടെസ്റ്റ് പോലുള്ള ലാബ് പരിശോധന വഴി മാത്രമേ മനസ്സിലാക്കാനാവൂ. ഇത്‌ ആഴ്‌ചയിൽ ഒരു തവണയെങ്കിലും ചെയ്യേണ്ടതാണ്. അകിടുവീക്കം നിയന്ത്രിക്കുന്നതിനു തൊഴുത്ത് സദാ വൃത്തിയായി സൂക്ഷിക്കണം. ചാണകം യഥാസമയം നീക്കണം. കറവയ്ക്ക് മുൻപും ശേഷവും അകിടും മുലക്കാമ്പുകളും പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകണം. കറവയ്ക്കു ശേഷം മുലക്കാമ്പുകൾ പോവിഡോൺ അയഡിൻ ലായനിയിൽ മുക്കേണ്ടതാണ്. കറവക്കാരൻ കറവയ്ക്കു മുമ്പും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകണം. അകിടിൽ പാൽ കെട്ടിക്കിടക്കാനിടയാ കരുത്. ട്രൈ സോഡിയം സിട്രേറ്റ് ഒരു ടേബിൾ സ്പൂൺ വീതം ദിവസവും തീറ്റയോടൊപ്പം നൽകുന്നത് അകിടു വീക്കം കുറയ്ക്കാൻ സഹായിക്കും.

എലിപ്പനി: മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും ബാധിക്കുന്ന രോഗം. ഇതിനുള്ള ഡോക്‌സിസൈക്ലിൻ എന്ന മരുന്ന് വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. എലികളുടെയും രോഗബാധിതരായ മനുഷ്യരുടെയും മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കൾ പ്രധാനമായും തൊലിപ്പുറത്തുള്ള മുറിവുകളിലൂടെ ശരീരത്തിൽ പ്രവേശിച്ചു രോഗമുണ്ടാക്കുന്നു. ഗര്‍ഭമലസൽ, വന്ധ്യത, മറുപിള്ള പോകാതിരിക്കൽ, അകിടുവീക്കം, പാലുല്‍പാദനത്തിൽ ഗണ്യമായ കുറവ്, പാലിൽ നിറവ്യത്യാസം, റോസ് നിറത്തിൽ രക്തം കലർന്ന പാൽ എന്നിവയാണ് പശുക്കളിൽ രോഗലക്ഷണങ്ങൾ. നായ്ക്കളിൽ പനി, പേശിവേദന, നടക്കാൻ ബുദ്ധിമുട്ട്, ഛർദി എന്നിവയും. കരളിനെയും വൃക്കയെയും സാരമായി ബാധിക്കുന്നതുമൂലം മഞ്ഞപ്പിത്തം പോലെയുള്ള രോഗലക്ഷണങ്ങളും കാണാം. രോഗം ബാധിച്ച മൃഗങ്ങളെ കുറച്ചു കാലം മാറ്റിപ്പാർപ്പിക്കേണ്ടതാണ്. ഇവയുടെ മൂത്രമോ മറ്റു സ്രവങ്ങളോ വെള്ളവുമായി കൂടിക്കലരാതെ നോക്കണം. കെട്ടിക്കിടക്കുന്ന വെള്ളം കുടിക്കാൻ കൊടുക്കരുത്. നായ്ക്കൾക്കു രോഗപ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. 

കുളമ്പു രോഗം: പ്രളയബാധിതപ്രദേശത്ത് കുളമ്പുരോഗം കണ്ടാൽ ഉടൻ തൊട്ടടുത്ത മൃഗാശുപത്രിയില്‍ വിവരമറിയിക്കണം. പരിസരപ്രദേശങ്ങളിൽ പ്രതിരോധ കുത്തിവയ്പ് ഉടൻ നൽകുന്നതിനും രോഗവ്യാപനം തടയുന്നതിനുമാണിത്. രോഗം വന്ന മൃഗങ്ങളെ തുറസ്സായ സ്ഥലങ്ങളിൽ അഴിച്ചുവിടാൻ പാടില്ല. തൊഴുത്തും പരിസരവും 4 ശതമാനം അലക്കുകാരം 2 ശതമാനം ഫോർമാലിൻ എന്നിവ ഉപയോഗിച്ച് അണുവിമുക്തമാക്കണം. പ്രതിരോധ കുത്തിവയ്പ് നല്‍കണം. ചെളിവെള്ളത്തിൽ കുറെനേരം കൈകാലുകൾ മുങ്ങി നിൽക്കുന്നതിനാൽ ഉരുവിന്റെ കുളമ്പുകളും അതിനടിയിെല ചർമവും കഴുകി വൃത്തിയാക്കി വേദനയോ പുഴുവോ ഉണ്ടോ എന്ന് നോക്കണം. കൈകാലുകൾ 5 ശതമാനം വീര്യമുള്ള തുരിശുലായനിയിൽ 20 മിനിറ്റ് നേരം മുക്കി വയ്ക്കാം. വേപ്പെണ്ണ പുരട്ടുന്നത് ഈച്ചശല്യം കുറയ്ക്കും. 

മുടന്തൻ പനി: നല്ല ആരോഗ്യവും പ്രത്യുല്‍പാദനശേഷിയുമുള്ള ഉരുക്കളെയാണ് ഈ രോഗം ബാധിക്കുന്നത്. പെട്ടെന്നുള്ള പനി, തീറ്റ തിന്നാതിരിക്കൽ, കണ്ണിൽനിന്നും മൂക്കിൽനിന്നും നീരൊലിപ്പ്‌, അയവെട്ടാതിരിക്കല്‍, നടക്കാൻ ബുദ്ധിമുട്ട്, മുടന്തി നടത്തം, മുട്ടുവേദന, ഒരു കാലിൽനിന്ന് മറ്റേ കാലിലേക്കു മാറുന്ന മുടന്ത്, പാലുൽ പാദനക്കുറവ് എന്നിവയാണ് ലക്ഷണങ്ങൾ. ആരംഭത്തിൽതന്നെ ചികിൽസിക്കുന്നതുമൂലം ഗുരുതരമായ തളർച്ചയുണ്ടാകുന്നതു തടയാം. കീടനിയന്ത്രണം ആണ് ഈ അസുഖം വരാതിരിക്കാനുള്ള മുൻകരുതൽ. തൊഴുത്തിനകത്ത് പുകയ്ക്കുക. വെള്ളം കെട്ടിക്കിടക്കുന്നിടങ്ങളിൽ മണ്ണെണ്ണയോ ഡീസലോ തളിക്കുക.

വിലാസം: അസിസ്റ്റന്റ് പ്രഫസർ, വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കോളജ്, പൂക്കോട്, വയനാട്. ഫോണ്‍: 9496400982 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA