sections
MORE

25 വർഷം, പ്രവീണിന്റെ തലവര മാറ്റിയത് നായ്പ്രേമം

HIGHLIGHTS
  • പ്രവീണിന്റെ കെന്നലിലുള്ളത് ബീഗിൾ, പഗ്ഗ് നായ്ക്ക‍ൾ
DOG-1
ബീഗിൾ ഇനം നായയ്‌ക്കൊപ്പം പ്രവീൺ
SHARE

‘‘പഠനം കഴിഞ്ഞ് ജോലികൾ പലതു ചെയ്തു. ഒന്നുമങ്ങോട്ടു സെറ്റാവുന്നില്ല. ശമ്പളം മാത്രം പോരല്ലോ, മനസ്സിനിണങ്ങിയതു കൂടിയാവണ്ടേ. ഒടുവിൽ, ചെറുപ്പം മുതൽ കൂടെയുള്ള അരുമനായ്ക്കൾതന്നെ ആശ്രയം എന്നു നിശ്ചയിച്ചു. 25 വർഷമായി ഈ സംരംഭത്തിലെത്തിയിട്ട്. ഇനിയങ്ങോട്ടും ഇവർക്കൊപ്പം തന്നെ’’, പ്രിയപ്പെട്ട പഗ്ഗ് പട്ടിക്കുട്ടികളെ ചേർത്തുപിടിച്ചു പറയുമ്പോൾ കണ്ണോളി പ്രവീണിന്റെ കണ്ണുകളിൽ നിറയെ വാൽസല്യം.

‘‘നായ്പ്രേമം നല്ലൊരു വരുമാനമാർഗമായി ഒന്നു രണ്ടു വർഷം പിന്നിട്ടപ്പോഴാണ് നായ്ക്കളുടെ വംശമഹിമ(പെഡിഗ്രി)യെക്കുറിച്ചൊക്കെ ചിന്തിച്ചത്. പെഡിഗ്രിയുള്ള നായ്ക്കളെ വാങ്ങി വളർത്തുന്നവർ അക്കാലത്ത് അപൂർവം. നല്ല നായ്ക്കുട്ടികളെ വാങ്ങുക, അൽപം അധികവിലയിട്ടു വിൽക്കുക, അതായിരുന്നു അന്നത്തെ രീതി. അന്നൊക്കെ ഡോഗ് ഷോകളും വിരളം. അങ്ങനെയിരിക്കെ ഒരു ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അന്നു മനസ്സിലായി നമ്മൾ കാണുന്നതൊന്നുമല്ല അരുമനായ്ക്കളുടെ ലോകമെന്ന്’’, പ്രവീൺ തുടരുന്നു.

വാൽസല്യം വരുമാനം

DOG
ബീഗിൾ: സ്നേഹമുള്ള കുഞ്ഞന്മാർ

കണ്ണടച്ചുള്ള വാങ്ങലും വിൽക്കലും മതിയാക്കി നല്ല നായ് ബ്രീഡുകളെ സ്വന്തമാക്കി വംശശുദ്ധിയിൽ ശ്രദ്ധ വച്ചുള്ള ബ്രീഡിങ് തുടങ്ങിയതോടെ സംരംഭം വളർന്നു. ലാബ്രഡോർ, ഡോബർമാൻ, ജർമൻ ഷെപ്പേഡ്, ഡാഷ്ഹണ്ട്, റോട്ട്‌വെയ്‌ലർ, ബുൾ മാസ്ചിഫ് എന്നിങ്ങനെ ജനപ്രിയ ബ്രീഡുകളെയെല്ലാം പരിപാലിച്ച പ്രവീൺ പിൽക്കാലത്ത് മറ്റിനങ്ങളെയെല്ലാം ഒഴിവാക്കി രണ്ടു പ്രമുഖ ബ്രീഡുകളിൽ ശ്രദ്ധ ഉറപ്പിച്ചു; ബീഗിളും പഗ്ഗും. ഇന്നു പ്രവീണിന്റെ കെന്നലിലുള്ള ബീഗിൾ, പഗ്ഗ് നായ്ക്ക ളിൽ പലരും പ്രമുഖ ഡോഗ് ഷോകളിലെ ചാംപ്യന്മാരും ജേതാക്കളുമാണ്. രണ്ടിനങ്ങളിലെയും ഏറ്റവും മികച്ച പെഡിഗ്രി സ്റ്റഡ് ഡോഗുകൾ സ്വന്തമായുള്ളതിനാൽ ബ്രീഡിങ്ങിലൂടെ വരുമാനവും കൈനിറയെ. ‘എല്ലാ നായ്ക്കളും നല്ലവർ തന്നെ. എല്ലാവരോടും ഇഷ്ടവുമുണ്ട്. എന്നാൽ തൃശൂർ നഗരത്തോടു ചേർന്ന് 11 സെന്റു മാത്രം വിസ്തൃതിയുള്ള പുരയിടത്തിൽ കെന്നൽ നടത്തുമ്പോൾ പരിമിതികളേറെ. ടോയ് ബ്രീഡുകളുടെ ഗണത്തിൽപ്പെടുന്ന ചെറിയ നായ്ക്കളിലേക്കു മാറിയതിന്റെ മുഖ്യ കാരണം സ്ഥലപരിമിതി തന്നെയെന്നു പ്രവീൺ. 

എന്നാൽ ആ പരിമിതിക്കകത്ത് നല്ലൊരു സാധ്യതകൂടി കണ്ടു ഈ സംരംഭകൻ. നഗരങ്ങളിൽ താമസിക്കുന്ന എല്ലാവരുടെയും പ്രശ്നമാണല്ലോ സ്ഥലപരിമിതി. ഫ്ലാറ്റുകളിലും വാടക വീടുകളിലുമൊക്കെയായി അഞ്ചും പത്തും സെന്റിലൊക്കെ പാർക്കുന്നവരാ‌ണു നല്ല പങ്കും. അവരിലെ നായ്പ്രേമികൾക്കു താൽപര്യം ഇത്തിരി ഇടംമാത്രം വേണ്ട നായിനങ്ങളെയാണ്.

DOG-2
പ്രവീണും സുഹൃത്ത് ജിന്റോയും പഗ് ഇനം നായ്ക്കൾക്കൊപ്പം

മറ്റൊന്ന് ടോയ് ബ്രീഡുകളോടു കുട്ടികൾക്കുള്ള മമതയാണ്. കുഞ്ഞുങ്ങൾക്കു കൂട്ടായി അരുമനായ്ക്കളെ വാങ്ങുന്നവരുടെ എണ്ണം സമീപവർഷങ്ങളിൽ വർധിച്ചിട്ടുണ്ടെന്നു പ്രവീൺ. കാവൽനായ്ക്കളുടെയോ വേട്ടനായ്ക്കളുടെയോ ഗണത്തിൽപ്പെടുന്നവയെയല്ല, കംപാനിയൻ നായ്ക്കളെ (കൂട്ടുകൂടുന്നവയും കൂടെ കളിക്കുന്നവയും)യാണ് മാതാപിതാക്കൾ കുഞ്ഞുങ്ങൾക്കു വേണ്ടി തിരഞ്ഞെടുക്കുന്നത്. 

കെന്നലിലെ മുന്തിയ ഇനം സ്റ്റഡ് ഡോഗുകളുമായി ഇണചേർക്കാന്‍ നായ്ക്കളുമായി എത്തുന്നവരോടു പ്രവീൺ വാങ്ങുന്ന പ്രതിഫലം പണമല്ല. ഈ നായ്ക്കൾക്കു ജനിക്കുന്ന കുഞ്ഞുങ്ങളിൽ തനിക്കിഷ്ടപ്പെട്ട ഒന്നിനെയാണ്. ഇത് ഈ രംഗത്തെ അംഗീകൃത രീതിയുമാണ്. വിദേശത്തുനിന്നും മറ്റു ബ്രീഡർമാരിൽനിന്നുമെല്ലാം പതിനായിരങ്ങളും ലക്ഷത്തിനു മുകളിലും മോഹവില നൽകി മികച്ച ചാംപ്യൻ ഡോഗുകളെ വാങ്ങി ബ്രീഡിങ്ങിനുപയോഗിക്കാൻ കഴിയുന്നതും അതുകൊ‌ണ്ടുതന്നെ.

‘‘നല്ല നായ്ക്കളെ സ്വന്തമാക്കുന്നതും അവയെ പരിശീലിപ്പിച്ചു ഡോഗ് ഷോകളിൽ ചാംപ്യനാക്കുന്നതുമെല്ലാം ഇന്നു ഹരമുള്ളൊരു മൽസരം കൂടിയാണ്. ഒരു ബ്രീഡറുടെ അഭിമാനം ഇത്തരം നായ്ക്കൾ കൈവശമുണ്ടെന്നതു തന്നെ. അതിനായി ലക്ഷങ്ങൾ ചെലവിടുന്ന നായ്പ്രേമികൾ കൂടുതലും മുമ്പ് ഡൽഹിയിലും പഞ്ചാബിലുമൊക്കെയായിരുന്നു. ഇന്നധികവും കേരളത്തിൽ’’, പ്രവീൺ പറയുന്നു. വിറ്റ നായ്ക്കളിൽ ചിലതിനെ കൂടുതൽ വില നൽകി വീണ്ടെടുത്ത അനുഭവവും പറയാനുണ്ട് പ്രവീണിന്. വിറ്റു കഴിഞ്ഞപ്പോൾ കഠിനമായ മനസ്താപം. പിന്നെ മടിച്ചില്ല, വാങ്ങിയ വ്യക്തി ആവശ്യപ്പെട്ട വില നൽകി തിരിച്ചെടുത്തു. മാസങ്ങളോ വർഷങ്ങളോ ഒപ്പമുള്ള നായ്ക്കളെ പിരിയേണ്ടിവരുമ്പോഴാണ് ഈ മനോവേദന. എന്നാല്‍ ഇതൊരു ബ്രീഡിങ് സംരംഭം കൂടി ആയതുകൊണ്ട് ഇൻബ്രീഡിങ് (അന്തഃപ്രജനനം) ഉണ്ടാകാതിരിക്കാൻ നായ്ക്കളെ ഇടയ്ക്കിടെ മാറ്റേണ്ടിവരും. അവയെ വാങ്ങുന്നതും നായ്പ്രേമികൾ തന്നെ എന്നതാണ് ആശ്വാസം’’, പ്രവീണിന്റെ വാക്കുകൾ. 

ഫോൺ: 9961360990

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA