‘‘കൗതുകം തോന്നി വാങ്ങിയ അറുപതു മുട്ടക്കാടകളിൽനിന്നാണു തുടക്കം. ചുറ്റുവട്ടത്തുള്ളവരൊക്കെ മുട്ട ചോദിച്ചെത്തിയപ്പോഴാണ് കാടമുട്ടയ്ക്കും ഇറച്ചിക്കാടയ്ക്കും ചെറുതല്ലാത്ത വിപണിയുണ്ടെന്നും മോശമല്ലാത്ത വരുമാനം നേടാമെന്നും മനസ്സിലായത്. അറുപതെണ്ണത്തെ വളർത്തിയ പരിചയത്തിൽ അടുത്ത ബാച്ചിൽ എണ്ണം ആയിരമായി ഉയർത്തി. പിന്നീടതു മൂവായിരത്തിലേക്കും അയ്യായിരത്തിലേക്കും വളർന്നു’’, ഒരു സമയം 7000 കാടകളെ വരെ പരിപാലിക്കാവുന്ന ഫാമിലിരുന്ന് തൃശൂർ പുത്തൻചിറ വെള്ളൂർ കുരിയപ്പുള്ളി വീട്ടിൽ നിഷാഫ് പറയുന്നു. ഇന്റീരിയർ ഡിസൈൻ സംരംഭവുമായി നീങ്ങുന്നതിനിടയിലാണ് നിഷാഫ് കാട വളർത്തലിൽ കൈവയ്ക്കുന്നത്. ഇന്റീരിയർ ഡിസൈൻ രംഗം വിടാൻ മനസ്സുവരാത്തതുകൊണ്ട് പുതിയ സംരംഭത്തിന്റെ ചുമതല ഭാര്യ ഹസ്നയെ ഏൽപിച്ചു.
കാടവളർത്തലിന്റെ ആദായ സാധ്യത ഹസ്നയും ശരിവയ്ക്കുന്നു. ‘നിശ്ചിത വരുമാനം ദിവസവും കയ്യിലെത്തുന്ന സംരംഭം. നീക്കിവയ്ക്കാവുന്ന സമയത്തിനും ലഭ്യമാകുന്ന വിപണിക്കും അനുസൃതമായി മുതൽമുടക്കും കാടകളുടെ എണ്ണവും നിശ്ചയിക്കാമെന്നത് അനുകൂല ഘടകം. സാഹചര്യത്തിന് അനൃസൃതമായി ഒാരോ ബാച്ചിലും കാടകളുടെ എണ്ണം കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം’’, ഹസ്ന വിശദമാക്കുന്നു. കാട വളർത്തുന്ന സാധാരണ കർഷകരിൽ നല്ല പങ്കും മുട്ടക്കച്ചവടത്തിൽ മാത്രം ശ്രദ്ധ വയ്ക്കുമ്പോൾ മുട്ട, മുട്ടക്കാട, ഇറച്ചിക്കാട, കാടക്കുഞ്ഞുങ്ങൾ എന്നിങ്ങനെ നാലു വഴിക്കു വരുമാനം നേടുന്ന രീതിയാണ് ഹസ്നയുടേത്.
മുട്ടയും ഇറച്ചിയും
മുട്ട വിൽപന ലക്ഷ്യമിട്ട് കാട വാങ്ങുന്നവർ 22–24 ദിവസം പ്രായമെത്തിയതിനെയാണു വാങ്ങുക. 40–45 ദിവസം വളർച്ചയെത്തുന്നതോടെ മുട്ട ലഭിച്ചു തുടങ്ങും. 1000 കാടയെ വാങ്ങി രണ്ടു മാസം പിന്നിട്ടാൽ ദിവസം ശരാശരി 850 മുട്ട ലഭിക്കുന്ന സ്ഥിതിയെത്തും. തീറ്റവില വർധിച്ചതോടെ വിപണിയിൽ കാടമുട്ടയ്ക്കും വില ഉയർന്നിട്ടുണ്ട്. മുട്ടയൊന്നിന് 2 രൂപ 30 പൈസ വിൽപന വിലയിട്ടാൽ ദിവസം 1955 രൂപ വരുമാനം. കാടയൊന്നിന് ദിവസം 30 ഗ്രാം തീറ്റ വച്ച് കണക്കാക്കിയാൽ 1000 കാടയ്ക്ക് 30 കിലോ തീറ്റ. ഇപ്പോഴത്തെ വിലനിലവാരം വച്ച് 1000 കാടയ്ക്ക് ദിവസം 1000 രൂപയുടെ തീറ്റ. 1000 കാടകളെ പരിപാലിക്കുമ്പോൾ ദിവസം ഒന്നെങ്കിലും ചത്തുപോകുന്നതു സാധാരണം. വാങ്ങിയ വിലയും തീറ്റച്ചെലവും കൂട്ടി നഷ്ടം 50 രൂപയെന്നു കണക്കിടാം. മുട്ട വിൽപനയ്ക്കെത്തിക്കാനുള്ള ഗതാഗതച്ചെലവ് ദിവസം ശരാശരി 100 രൂപ. എല്ലാം കഴിഞ്ഞ് ദിവസം 800 രൂപ കയ്യിൽ.
മുട്ടയ്ക്കൊപ്പം മുട്ടക്കാടയെയും കാടക്കുഞ്ഞിനെയും ഇറച്ചിക്കാടയെയും വിൽപനയ്ക്കെത്തിക്കുന്നു ഹസ്ന. ഇതിലേക്കായി പുത്തൻചിറയിലെ ഫാമിലുള്ളത് മികച്ച മാതൃശേഖരം. മൂന്നു പെൺകാടയ്ക്ക് ഒരാൺകാട എന്നതാണ് അനുപാതം. 45–50 ദിവസമെത്തുമ്പോൾ കാട മുട്ടയിട്ടു തുടങ്ങുമെങ്കിലും 70 ദിവസം മുതൽ തുടർന്നുള്ള ആറുമാസക്കാലത്തിടുന്ന മുട്ടയാണ് വിരിയിക്കാനെടുക്കുക. ഇവയ്ക്കു വിരിയൽശേഷി കൂടും.
മറ്റൊരു യൂണിറ്റിലെ വിപുലമായ ഇൻകുബേറ്റർ സൗകര്യം പ്രയോജനപ്പെടുത്തിയാണു മുട്ട വിരിയിക്കൽ. ഒരു ദിവസം പ്രായമെത്തിയ കുഞ്ഞുങ്ങൾക്കും 20–25 ദിവസം പ്രായമെത്തിയ മുട്ടക്കാടകൾക്കും നിലവിൽ മികച്ച വിപണിയുണ്ടെന്നു ഹസ്ന. ആൺകാടകളെ 30 ദിവസം പ്രായമെത്തുമ്പോൾ 25–30 രൂപ വിലയിട്ട് ഇറച്ചിക്കു വിൽക്കും. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ ഹസ്നയിൽനിന്നു വാങ്ങുന്നവരെ സംബന്ധിച്ചും ഇതു തന്നെയാണു ലക്ഷ്യം. 20–21 ദിവസമെത്തുമ്പോഴാണ് കാടകളിലെ ആൺ പെൺ വ്യത്യാസം തിരിച്ചറിയാനാവുക. വാങ്ങുന്നവയിൽ 50 ശതമാനത്തോളം ആൺകാടകളുണ്ടാവും. 30 ദിവസം വളർത്തി അവയെ ഇറച്ചിക്കു വിൽക്കുന്നത്, മുട്ടവിൽപനയ്ക്കിടയിൽ അധിക വരുമാനമായി മാറും.
മുമ്പു സൂചിപ്പിച്ചതുപോലെ, ദിവസം ആയിരത്തിലൊരെണ്ണം എന്ന തോതില്‍ ചാവുന്നത് അസാധാരണമല്ല. അതേസമയം കൂടു വൃത്തിയായി സൂക്ഷിക്കുകയും തീറ്റ കേടുവരാതെ ശ്രദ്ധിക്കുകയും ചെയ്താൽ മരണനിരക്ക് ഉയരാതിരിക്കുമെന്നു ഹസ്ന. കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പരിപാലനമികവുകൊണ്ട് 37 ദിവസമെത്തിയപ്പോൾ തന്നെ മുട്ട ലഭിച്ചു തുടങ്ങിയ അനുഭവവുമുണ്ടെന്നു ഹസ്ന.
വാങ്ങുന്ന തീറ്റ എല്ലായ്പോഴും ഗുണമേന്മയുള്ളതാവണമെന്നില്ല. കാടകളുടെ ആരോഗ്യത്തെയും മുട്ടയുൽപാദനത്തെയും അതു ബാധിക്കാം. അതുകൊണ്ടുതന്നെ സ്വന്തമായി കാടത്തീറ്റ നിർമിക്കാനുള്ള ശ്രമവും നടത്തുന്നു ഹസ്നയിപ്പോൾ.
വൈകുന്നേരം നാലു മണിക്ക് ഒരു നേരം മാത്രമാണ് തീറ്റ നൽകൽ. വെള്ളത്തിനായി കൂടുകളിലെല്ലാം നിപ്പിൾ ഡ്രിങ്കർ സംവിധാനം. കോഴിക്കൂടിനെ അപേക്ഷിച്ച് കാടയ്ക്കു കൂടൊരുക്കാൻ ചെലവു കുറവ്. പരിപാലനവും അത്ര ബുദ്ധിമുട്ടില്ല.
ഫോൺ: 8086363666
കാടവളർത്തൽ പ്രധാന വെല്ലുവിളി?
വിലയോ വിപണിയോ അല്ല, തീറ്റച്ചെലവിലെ ഭീമമായ വർധനയാണ് കാടക്കർഷകർ ഇപ്പോൾ നേരിടുന്ന പ്രധാന പ്രശ്നം. കഴിഞ്ഞ ആറു മാസത്തിനിടയിൽ ചാക്കൊന്നിന് അഞ്ഞൂറു രൂപയ്ക്കടുത്താണു തീറ്റവില വർധിച്ചത്. കാടത്തീറ്റയിലെ മുഖ്യ ചേരുവയായ ചോളത്തിനു വില ഉയർന്നതാണ്, കാലിത്തീറ്റയുടെ കാര്യത്തിലെന്നപോലെ കാടത്തീറ്റയ്ക്കും വില ഉയരാൻ കാരണം. അടിക്കടിയുള്ള ഈ വർധനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ വന്നില്ലെങ്കില്‍ സംരംഭകര്‍ക്കു രക്ഷയില്ല.