sections
MORE

ജയന്റ് ഗൗരാമി: ശ്രദ്ധിച്ചില്ലെങ്കിൽ പോക്കറ്റ് കീറും

HIGHLIGHTS
  • ആൽഗ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളമാണ് ഗൗരാമികൾക്ക് ഏറെ അനുയോജ്യം
  • പരമാവധി അഞ്ച് അടി താഴ്ചയുള്ള ജലാശയത്തിൽ വളർത്താൻ ശ്രമിക്കുക
giant-gourami-1
SHARE

ചെറുതും വലുതുമായ നിരവധി ഇനങ്ങളുള്ള ഗൗരാമി വിഭാഗത്തിലെ ഒരു അംഗമാണ് ജയന്റ് ഗൗരാമി. വലുപ്പംകൊണ്ടും രുചികൊണ്ടും കൈകാര്യം ചെയ്യാനുള്ള സൗകര്യം നിമിത്തവും ഇന്ന് ഏറെ പ്രചാരം നേടിയ വളർത്തുമത്സ്യ ഇനം. കേരളത്തിൽ പ്രധാനമായും ബ്ലാക്ക് ജയന്റ് ഗൗരാമി, പിങ്ക് ജയന്റ് ഗൗരാമി, ആൽബിനോ ജയന്റ് ഗൗരാമി, റെ‍ഡ് ടെയിൽ ജയന്റ് ഗൗരാമി എന്നിങ്ങനെ നാലിനം ജയന്റ് ഗൗരാമികൾ വളർത്തുന്നുണ്ടെങ്കിലും വിപണിയിൽ ഏറെ പ്രചാരമുള്ളത് ബ്ലാക്ക് ജയന്റ് ഗൗരാമിതന്നെ. അക്വേറിയത്തിൽ വളർത്താനും ഭക്ഷണാവശ്യത്തിനുമായി മത്സ്യപ്രേമികൾ ഇവയെ തെരഞ്ഞെടുക്കുന്നു. 

അന്തരീക്ഷത്തിൽനിന്നു നേരിട്ട് ശ്വസിക്കാൻ സഹായിക്കുന്ന പ്രത്യേക ശ്വസനാവയവം ഉള്ളതിനാൽ ഓക്സജൻ ഇല്ലാത്ത ജലാശയങ്ങളിൽപ്പോലും ഇവയ്ക്ക് ജീവിക്കാൻ കഴിയും. കാര്യമായ പരിചരണവും വേണ്ടിവരുന്നില്ല. എന്നാൽ, അസുഖങ്ങൾ പിടിപെട്ടാൽ രക്ഷിച്ചെടുക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽത്തന്നെ കരുതൽ നൽകണം. ജയന്റ് ഗൗരാമികളെ ബാധിക്കുന്ന ചില രോഗങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഫംഗസ് ബാധ

giant-gourami-3
ഫംഗസ് ബാധിച്ച ജയന്റ് ഗൗരാമികൾ

പെട്ടെന്ന് വെള്ളത്തിലുണ്ടാകുന്ന മാറ്റവും സൂര്യപ്രകാശവുമാണ് പ്രധാനമായും ഗൗരാമികളിൽ ഫംഗസ് ബാധയ്ക്കു കാരണം. ആൽഗ നിറഞ്ഞ പച്ച നിറത്തിലുള്ള വെള്ളമാണ് ഗൗരാമികൾക്ക് ഏറെ അനുയോജ്യം. എന്നാൽ, അവയെ തെളിഞ്ഞ ജലാശയത്തിലേക്ക് മാറ്റുമ്പോൾ പെട്ടെന്ന് ശരീരത്തിൽ വെളുത്ത പാട പോലെയുള്ള ആവരണം രൂപപ്പെടുന്നത് കാണാം. ഇങ്ങനെ സംഭവിച്ചാൽ 24 മണിക്കൂറിനുള്ളിൽ അവയുടെ മരണം സംഭവിക്കാം. ശ്വസിക്കാൻ പറ്റാതെ ജലോപരിതലത്തിലൂടെ നടക്കുക, തീറ്റ എടുക്കാതിരിക്കുക, ശരീരത്തിൽ മുറിവുകൾ പ്രത്യക്ഷപ്പെടുക എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

പരിഹാരം: രോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ മത്സ്യങ്ങളെ അധികം പ്രകാശം അടിക്കാത്ത സ്ഥലത്തേക്ക്, ചെറിയ ടാങ്കിലേക്ക് മാറ്റുക. കല്ലുപ്പ് (1000 ലിറ്ററിന് 1 കിലോഗ്രാം), മെത്തിലീൻ ബ്ലൂ ലായനി (വെള്ളത്തിന് ചെറിയ നീല നിറം) എന്നിവ ചേർത്ത് വാതായനം നടത്തുക. ഓരോ ദിവസവും പുതിയ വെള്ളം ഒഴിച്ച് മുകളിൽ പറഞ്ഞത് തുടരണം. ഒരാഴ്ചയോളം ഈ രീതി തുടരണം.

ഇതു കൂടാതെ മറ്റൊരു രീതിയിലും ചികിത്സ നടത്താം. മത്സ്യങ്ങളെ ചെറിയ ടാങ്കിലേക്ക് മാറ്റി ആഴ്സെനിക് ആൽബ് (Arsenic alb - ഹോമിയോ മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമാണ്) ചേർക്കുക. 500 ലിറ്ററിന് 150 മില്ലി ആഴ്സെനിക് ആൽബ് ചേർക്കാം.

ഒരു കാര്യം പ്രത്യേകം ഓർക്കുക, രോഗം കൂടിയ അവസ്ഥയിലാണെങ്കിൽ രക്ഷിച്ചെടുക്കാൻ സാധിച്ചെന്നുവരില്ല.

മുൻകരുതൽ

1. വലിയ ജലാശയത്തിലേക്ക് മത്സ്യങ്ങളെ നിക്ഷേപിക്കുമ്പോൾ ആൽഗ നിറഞ്ഞ് പച്ച നിറത്തിലുള്ള വെള്ളമാ‌യിരിക്കണം. ആൽഗ വളരാൻ പച്ചച്ചാണകം കലക്കിയൊഴിച്ചുകൊടുക്കാം. ചാണകം കലക്കി ഒരാഴ്ചയ്ക്കു ശേഷം മത്സ്യങ്ങളെ നിക്ഷേപിച്ചാൽ മതി.

2. തെളിഞ്ഞ ജലാശയത്തിലേക്ക് നിക്ഷേപിക്കണമെങ്കിൽ ഗ്രീൻ നെറ്റ് (ഗാർഡൻ നെറ്റ്) ഉപയോഗിച്ചു മൂടിയിടണം. ഒരാഴ്ചയ്ക്കു ശേഷം ഗാർഡൻനെറ്റ് മാറ്റണം.

3. അക്വേറിയത്തിൽ പാർപ്പിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ മെത്തിലീൻ ബ്ലൂ ലയനി ഒഴിച്ചശേഷം ഗൗരാമിയെ നിക്ഷേപിക്കാം. ആദ്യ രണ്ട് ആഴ്ചയെങ്കിലും പ്രകാശം ഒഴിവാക്കണം.

2. പോപ് ഐ

ജലാശയത്തിലെ മർദ്ദവ്യതിയാനംകൊണ്ടോ കൈകാര്യം ചെയ്യുമ്പോഴുള്ള അശ്രദ്ധകൊണ്ടോ സംഭവിക്കാവുന്ന അവസ്ഥ. കണ്ണുകൾ പുറത്തേക്കു തള്ളിവരികയും നിലതെറ്റി നീന്തുകയും ചെയ്യുന്നത് കാണാം. അധികം വൈകാതെ ചാകുകയും ചെയ്യും.

മുൻകരുതൽ: പരമാവധി അഞ്ച് അടി താഴ്ചയുള്ള ജലാശയത്തിൽ വളർത്താൻ ശ്രമിക്കുക. ആഴം കൂടുന്തോറും ജലത്തിൽ മർദ്ദവ്യതിയാനമുണ്ടാകും. പിടിക്കാൻ ശ്രമിക്കുമ്പോൾ തുണി ഉപയോഗിച്ച് പൊതിഞ്ഞു പിടിക്കാനും ശ്രദ്ധിക്കണം.

giant-gourami
പോപ് ഐ ബാധിച്ച മത്സ്യം (ഇടത്ത്), ഉദരരോഗം ബാധിച്ച മത്സ്യം (വലത്ത്)

3. ഉദരരോഗം

നീന്താൻ കഴിയാതെവരിക, ബാലൻസ് തെറ്റുക, ഒരു വശത്തേക്ക് ചെരിഞ്ഞു പോകുക, വയർ വീർത്തു വരിക എന്നിവയാണ് ലക്ഷണങ്ങൾ. സാധാരണ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം നൽകി വളർത്തിവരുന്ന മത്സ്യങ്ങളിലാണ് ഈ അവസ്ഥ കണ്ടുവരിക. തുടർച്ചയായിയ പ്രോട്ടീൻ ഫീഡ് അഥവാ പെല്ലറ്റ് ഫീഡുകൾ നൽകി വളർത്തുമ്പോൾ ജയന്റ് ഗൗരാമികളുടെ ദഹനവ്യവസ്ഥയ്ക്കുണ്ടാകുന്ന തകരാറാണ് ഇതിനു കാരണം. നാരുകൾ അടങ്ങിയ ഭക്ഷണം ദഹിപ്പിക്കാനുള്ള ശേഷിയാണ് ഗൗരാമികൾക്കുള്ളത്. അതിനാൽ സസ്യങ്ങൾ നൽകി വളർത്താൻ ശ്രദ്ധിക്കണം. ചേമ്പില, ചേനയില, വാഴയില, പഴത്തൊലി, മൾബറിയില, അസോള, ഡക്ക്‌വീഡ് മുതലായവ ഭക്ഷണമായി നൽകാം.

4. വാലുചീയൽ

ജലാശയത്തിന്റെ മോശം അവസ്ഥമൂലം വരുന്ന അസുഖം. ഓക്സിജൻ ഇല്ല എങ്കിലും ഗൗരാമികൾ വളരും എന്നതിനാൽ വെള്ളം മാറ്റാതെ മത്സ്യങ്ങളെ വഴർത്തുമ്പോഴാണ് ഈ അവസ്ഥ വരിക. ആറു മാസത്തിൽ ഒന്ന് എന്ന രീതിയിൽ കുളം വൃത്തിയാക്കിയാൽ നന്ന്. 

5. പരാദാക്രമണം

രോഗാവസ്ഥയിൽ ഇത് ഉൾപ്പെടുന്നില്ലെങ്കിലും മോശമായ ജലാശയത്തിൽ പരാദങ്ങളുടെ ആക്രണമം ഗൗരാമികൾക്കുണ്ടാകാറുണ്ട്. ആങ്കർ വേമുകളാണ് ഇതിൽ പ്രധാനം. ചെതുമ്പലുകൾക്കിടയിലൂടെ മത്സ്യത്തിന്റെ ശരീരത്തിലേക്ക് വേരുപോലുള്ള ശരീരഭാഗം ഇറക്കി രക്തം ഊറ്റിക്കുടിച്ചു വളരുകയാണ് ചെയ്യുക. ആങ്കർ വേം ഇരുന്ന ഭാഗത്ത് വൃണം രൂപപ്പെടുകയും മത്സ്യം വിളറുകയും ചെയ്യുന്നത് കാണാം.

ആങ്കർ വേമുകളുടെ ആക്രമണം കണ്ടാൽ മത്സ്യങ്ങളെ പിടിച്ച് എന്തെങ്കിലും ഉപകരണം ഉപയോദിച്ച് പരാദങ്ങളെ പിഴുത് മാറ്റണം. 1000 ലിറ്ററിന് ഒരു കിലോ ഉപ്പ് എന്ന തോതിലുള്ള വെള്ളത്തിലേക്ക് മത്സ്യങ്ങളെ മാറ്റണം. ഒപ്പം മെത്തിലിൻ ബ്ലൂ ലായനിയും ചേർക്കാം. 

മത്സ്യങ്ങൾ കിടന്നിരുന്ന ജലാശയം പൂർണമായും വറ്റിച്ച് പൊട്ടാസ്യം പെർമാംഗനേറ്റ് ഉപയോഗിച്ച് അണുനശീകരണവും നടത്തണം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA