sections
MORE

വളർച്ചയ്ക്കും ആരോഗ്യത്തിനും ഇൻബ്രീഡിങ് ഒഴിവാക്കണം

HIGHLIGHTS
  • 45 ദിവസമെങ്കിലും പ്രായമായ കുഞ്ഞുങ്ങളെ വാങ്ങാം
  • നല്ല ഫാമിൽനിന്ന് കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കാം
pig
SHARE

ജോമോനും വറീതും പിന്നെ കുറച്ചു വളർത്തുജീവികളും – 2

"ജോമോനേ... ജോമോനേ..."

പരിചയമുള്ള ശബ്ദം കേട്ട് മുയലുകൾക്കു തീറ്റ കൊടുക്കുകയായിരുന്ന ജോമോൻ ഉമ്മറത്തെത്തി. വറീത് ചേട്ടനാണെന്നു കണ്ടതേ ജോമോന്റെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു.

"എന്നാ ഉണ്ട് വറീതേട്ടാ...?"

"എന്നാ പറയാനാ... അന്ന് നമ്മൾ സംസാരിച്ചതിനുശേഷം എന്തെങ്കിലും തുടങ്ങിയാൽക്കൊള്ളാമെന്നൊരു ആഗ്രഹം. അതുകൊണ്ട് നിന്നെയും നിന്റെ വളർത്തുമൃഗങ്ങളെയും ഒന്നു കാണാമെന്നു കരുതി ഇറങ്ങിയതാ." വറീതു ചേട്ടൻ തന്റെ ആഗമനോദ്ദേശം വെളിപ്പെടുത്തി. 

"അതിനെന്താ കാണാമല്ലോ... കൂടെ പോരേ..." എന്നു പറഞ്ഞ് ജോമോൻ നടന്നു. പിന്നാലെ വറീതും.

വീടിനോട് ചേർന്ന് ചെറുതും വലുതുമായ നിരവധി കൂടുകൾ. പ്രാവുകൾക്കായി സിമന്റ് കട്ടകൊണ്ട് ഒരുക്കിയ വലിയ മുറി. അതിനപ്പുറത്ത് ഒരു നായ സൗമ്യതയോടെ കിടക്കുന്നു. വറീതിനെ കണ്ടപ്പോൾ പരിചയമില്ലാത്ത മുഖം കണ്ടതിന്റെ കലിപ്പ് ആ മുഖത്തുനിന്ന് വായിക്കാം.

"ജോമോനെ ഇതേതാ ഇനം?" നായയെ ചൂണ്ടി വറീത് ചോദിച്ചു.

"അത് ലാബ്രഡോർ ആണ് വറീതേട്ടാ. അല്പം തന്റേടിയാണ്. പരിചയമില്ലാത്തവരെ കണ്ടാൽ വലിയ ബഹളമാണ്." ജോമോൻ പറഞ്ഞു. 

"ലാബ് അത്രയ്ക്ക് പ്രശ്നക്കാരാണോ?"

"എല്ലാവരും അല്ല. പക്ഷേ, വളരെ ചുരുക്കം ചിലർ വലിയ പ്രശ്നം ഉണ്ടാക്കുന്നവരാണ്."

തൊഴുത്തിൽ നാടൻ പശുക്കൾ. അതിനു ചുറ്റുമായി തടിയിൽ തീർത്ത മുയൽക്കൂടുകൾ. ഒരാൾ ഉയരത്തിൽ ആട്ടിൻ കൂട്. അതിനപ്പുറം വല കെട്ടിത്തിരിച്ച സ്ഥലത്ത് കോഴികൾ വിഹരിക്കുന്നു. എല്ലാം കണ്ടപ്പോൾ താനേതോ മായാലോകത്തെത്തിയ ഫീലായിരുന്നു വറീതേട്ടന്. പന്നിയെക്കുറിച്ച് കൂടുതൽ അറിയാനാണ് ജോമോനെ തിരക്കി രാവിലെ വച്ചുപിടിച്ചത്. ഇതിപ്പോൾ എല്ലാത്തിനെക്കുറിച്ചും ചോദിച്ചു മനസിലാക്കണം. വറീത് മനസിലുറച്ചു.

"ജോമോനെ എനിക്ക് പന്നിവളർത്തലിനെക്കുറിച്ച് കൂടുതൽ അറിയണം. കഴിഞ്ഞ ദിവസം പറഞ്ഞതിന്റെ ബാക്കി വിവരങ്ങൾ പറയൂ."

"ഇൻബ്രീഡ് ആയ അഥവാ അന്തർപ്രജനനത്തിലുള്ള കുട്ടികളെ വളർത്താൻ തെരഞ്ഞെടുക്കരുതെന്നല്ലേ അന്നു പറഞ്ഞത്. രക്തബന്ധത്തിൽപ്പെട്ട ആൺ, പെൺ പന്നികൾ ഇണചേരുന്നതിനെയാണ് ഇൻബ്രീഡിങ് എന്നു പറയുന്നത്. പന്നികളിൽ മാത്രമല്ല എല്ലാ പക്ഷിമൃഗാദികളിലും ഇതാണ് പിന്തുടരേണ്ടത്. ഇൻബ്രീഡിങിലൂടെയുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് ആരോഗ്യം, രോഗപ്രതിരോധശേഷി, തീറ്റപരിവർത്തനശേഷി, വളർച്ച തുടങ്ങിയവ കുറവായിരിക്കും. അതുകൊണ്ടുതന്നെ വളർത്തുമ്പോൾ മികച്ചത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. നല്ല ഫാമിൽനിന്ന് കുഞ്ഞുങ്ങളെ തെരഞ്ഞെടുക്കാം."– ജോമോൻ പറഞ്ഞു.

"മറ്റെന്തെങ്കിലും ശ്രദ്ധിക്കണോ?"–വറീത് ചോദിച്ചു.

pig
പന്നിയും കുഞ്ഞുങ്ങളും

"45 ദിവസമെങ്കിലും പ്രായമായ കുഞ്ഞുങ്ങളെ വാങ്ങാം. വിരമരുന്നു നൽകിയില്ലെങ്കിൽ അത് ന‌ൽകണം. കുഞ്ഞുങ്ങൾക്ക് ചെറിയ തോതിൽ മൂന്നു നേരം ഭക്ഷണം നൽകുന്നത് നല്ലതാണ്. വളരുന്നതനുസരിച്ച് നൽകുന്ന സമയത്തിൽ മാറ്റം വരുത്താം. ആൺ പന്നികളാണെങ്കിൽ, ബ്രീഡ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ വരിയുടയ്ക്കുന്നത് നല്ലതാണ്. വളരുമ്പോൾ ആക്രമണ സ്വഭാവം കുറയാൻ അത് സഹായിക്കും. മാത്രമല്ല വരിയുടയ്ക്കാത്ത ആൺപന്നികളുടെ ഇറച്ചി കറി വയ്ക്കുമ്പോൾ ചെറിയ ദുർഗന്ധം ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ വരിയുടയ്ക്കുന്നതാണ് നല്ലത്."–ജോമോൻ പറഞ്ഞു.

"അതിന് എന്താണ് ചെയ്യേണ്ടത്?"

"എല്ലാ മൃഗാശുപത്രികളിലും അതിനുള്ള സംവിധാനങ്ങളുണ്ട്. അത് പ്രയോജനപ്പെടുത്തിയാൽമതി."–ജോമോൻ പറഞ്ഞു. "ആ വറീതേട്ടാ ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞ പന്നികൾ പ്രസവിച്ചു. രണ്ടിനുംകൂടി 16 കുട്ടികളുണ്ട്. വാ കാണിക്കാം. വറീതേട്ടനെയും കൂട്ടി ജോമോൻ പന്നിക്കൂടിരിക്കുന്ന ഭാഗത്തേക്കു നടന്നു. "

രണ്ടു കള്ളികളിലായി തള്ളപ്പന്നികളും കുട്ടികളും കിടക്കുന്നു. കൂട്ടിൽ രണ്ടു വശത്ത് ഭിത്തി തുളച്ച് ജിഐ പൈപ്പ് ഇട്ടിരിക്കുന്നത് കണ്ടപ്പോൾ വറീതേട്ടന് പിന്നെയും സംശയം. അതെന്തിനാണെന്ന്.

പ്രസവസമയത്തോ തുടർന്നുള്ള ദിവസങ്ങളിലോ തള്ളപ്പന്നി കുഞ്ഞുങ്ങളുടെ മേൽ കയറി കിടക്കുന്ന അവസ്ഥ ഒഴിവാക്കാൻ വേണ്ടിയുള്ളതാണ് പൈപ്പെന്ന് ജോമോൻ വിശദീകരിച്ചു. കിടക്കുമ്പോൾ തള്ളപ്പന്നി പൈപ്പിലേക്ക് കിടന്നശേഷം നിരത്തേക്ക് നിരങ്ങി കിടന്നുകൊള്ളും. അപ്പോൾ കുഞ്ഞുങ്ങൾ അടിയിൽപ്പോകുന്ന പ്രശ്നം ഉണ്ടാകുകയുമില്ല.

"ഇനി എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?" വറീത് ചോദിച്ചു.

"ഇപ്പോൾ ഇത്രയൊക്കെയേ പറയാനുള്ളൂ. ഇനി എന്തെങ്കിലും സംശയം തോന്നിയാൽ ചോദിച്ചാൽ മതി."–ജോമോൻ പറഞ്ഞു.

ഇരുവരെ പതുക്കെ മുയലുകളുടെ അടുത്തേക്ക് നടന്നു...

തുടരും

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA