ADVERTISEMENT

പ്രാവുകളുടെ ലോകം പരിചിതമല്ലാത്തവർ പ്രാവു വില കേട്ടാൽ ഞെട്ടുമെന്നാണ് ജാസിമിന്റെ പക്ഷം. ‘‘ഇത്ര വില കൊടുത്ത് ഇതൊക്കെ വാങ്ങാനാളുണ്ടോ എന്നത്ഭുതപ്പെടും. വിശ്വസിച്ചാലും ഇല്ലെങ്കിലും സംഗതി നേരു തന്നെ, പൂച്ചയ്ക്കും പട്ടിക്കും മാത്രമല്ല പ്രാവിനും മറ്റ് അലങ്കാരപ്പക്ഷികൾക്കുമെല്ലാം മികച്ച വിപണിയും നിറയെ ആവശ്യക്കാരുമുണ്ട് കേരളത്തിൽ. ഇവിടെ മാത്രമല്ല ഇന്ത്യ മുഴുവനുമുണ്ട് വിപണി. ആവശ്യക്കാർ വാട്സാപ്പും ഫെയ്സ്ബുക്കും വഴി പരസ്പരം ബന്ധപ്പെട്ട് വിപണനം നടത്തുന്നതിനാൽ മുഖ്യധാരാവിപണിയിൽ അതത്ര ശ്രദ്ധിക്കപ്പെടാറില്ലെന്നു മാത്രം’’, ജാസിമിന്റെ വാക്കുകൾ.

കൊല്ലം അയത്തിൽ കൊച്ചു പൂവങ്ങുവിള ജാസിമിന്റെ ശേഖരത്തിലെ, 25 ഇനങ്ങളിലായുള്ള  ആയിരത്തിലധികം പ്രാവുകളെ കാണുമ്പോൾ സംശയിച്ചവർ സമ്മതിക്കും. ‘സംഗതി നേരുതന്നെ’. ടെറസിനു മുകളിലും മുറ്റത്തുമായി ക്രമീകരിച്ചിരിക്കുന്ന കമ്പിവലക്കൂടുകളിൽ കുറുകുന്നത് ആയിരങ്ങളും പതിനായിരങ്ങളും വില വരുന്ന പ്രാവുകൾ.

ഫാൻടെയ്ൽ ഇനത്തിന്റെ തന്നെ അറുപതിലധികം ജോടികൾ. ചാരുതയാർന്ന തൂവൽ വിന്യാസവും സൗമ്യസുന്ദരമായ ചലനങ്ങളുംകൊണ്ട് പ്രാവുസ്നേഹികളുടെ മനം മയക്കുന്ന ഫാൻടെയ്ൽ ബ്രീഡിൽ ഡബിൾ ഷെയ്ഡുകൾ ഉൾപ്പെടെ ഒട്ടേറെ വർണങ്ങൾ. വിശറിപോലെ വിടർന്ന വാൽത്തൂവലുകളും ആകർഷകമായ കൊക്കുമുള്ള ഈയിനത്തിെല ഇന്ത്യൻ ഫാൻടെയ്‌ലുകൾക്കും ബെൽജിയം ട്രെയ്ഡ് മാർക്കിനുമെല്ലാം മോഹവിലയുണ്ടെന്നു ജാസി പറയുന്നു.

pigeon-2
ജാസിമിന്റെ ശേഖരത്തിലുള്ള ചില ഇനങ്ങൾ

കോഫി, ബിസ്കറ്റ്, റെഡ് തുടങ്ങിയ ഒമ്പതിനം തൂവൽച്ചന്തങ്ങളിലുണ്ട് കേരളത്തിലെ പ്രാവുകമ്പക്കാരുടെ ഇഷ്ടയിനമായ മുഖി. മൂർ ഹെഡ് പ്രാവുകളുടെ കുടുംബത്തിൽ പിറന്നവരാണ് മുഖികൾ. വെളുത്ത മുഖവും തൂവൽത്തൊപ്പിയുമുള്ള ഈയിനത്തിന് ആവശ്യക്കാരേറെ. നെഞ്ചിന്റെ ഭാഗത്ത് തലതിരിഞ്ഞിരിക്കുന്ന ചെറു തൂവലുകളും മൂങ്ങയുടെ മുഖഭാവവുമുള്ള ചൈനീസ് ഒൗൾ പീജിയൻ ഇനവും ജാസിമിന്റെ ശേഖരത്തിലെ വിശിഷ്ടാംഗം. ആർക്ക് ഏഞ്ചൽ, പോളിഷ് സാറ്റിൻ തുടങ്ങിയ വിദേശയിനങ്ങളും ചന്ദ്രകല, ഗാൽ തുടങ്ങിയ ഇന്ത്യൻബ്രീഡുകളും ജാസിമിന്റെ പ്രാവുശേഖരത്തിന്റെ മൂല്യം വർധിപ്പിക്കുന്നു.

മാജിക്കുകാരുടെ ഇഷ്ടയിനമായ, ഉള്ളംകയ്യിലൊതുക്കാവുന്ന റിങ് ഡോവ് ഇനമാണ് മറ്റൊരു കൗതുകം. പ്രാവിനത്തിലെ കുഞ്ഞന്മാരെയാണ് ഡോവ് വിഭാഗത്തിൽപ്പെടുത്തുക. ശരീര വലുപ്പം കൂടിയവ പീജിയനും.

പ്രാവും പണവും 

പ്രമുഖ സ്ഥാപനങ്ങളുടെ ട്രാൻസ്പോർട്ടിങ് കോൺട്രാക്റ്റുകൾ മുഖ്യ വരുമാനമാർഗമായി സ്വീകരിച്ചിരിക്കുന്ന ജാസിം പ്രാവു വിപണിയിലേക്കു കടന്നിട്ട് അധിക വർഷങ്ങൾ ആയിട്ടില്ല. നാടൻ പ്രാവുകൾ പക്ഷേ പണ്ടേയുണ്ട് ജാസിമിന്റെ വീട്ടിൽ. മൂന്നു തലമുറയായി തുടരുന്ന വിനോദം. ഈ തലമുറയിൽ ജാസിമിനും സഹോദരൻ സൂരജിനും പ്രാവുകമ്പം കലശലായതോടെ സാദാ പ്രാവുകളിൽനിന്ന് എക്സോട്ടിക് ഇനങ്ങളിലേക്ക്, മുതലിറക്കിത്തന്നെയുള്ള സംരംഭമായി അതു മാറി. പ്രാവുകൾക്കു പിന്നാലെ ഗ്രേ പാരറ്റിലേക്കും ആഫ്രിക്കൻ ലവ് ബേർഡ്സിലേക്കും കോക്കറ്റീൽ ഇനത്തിലേക്കും കൂടി തിരിഞ്ഞിരിക്കുന്നു ജാസിമിപ്പോൾ. 

അലങ്കാരക്കോഴിയിനങ്ങളിലെ സൂപ്പർതാരമായ ബ്രഹ്മയും വർണഭംഗിയുള്ള ഇഗ്വാന ഇനം ഓന്തും മറ്റു കൗതുകങ്ങൾ. പ്രാവുകൂടുകളിൽ ശുദ്ധജലം പകരാൻ സഹായിക്കുന്ന ചെലവു കുറഞ്ഞ ഡ്രിങ്കറും തീറ്റയുമുൾപ്പെടെ സംരംഭകർക്കു വേണ്ടതെല്ലാം ലഭ്യമാക്കുന്ന അനുബന്ധ സംരംഭങ്ങളിലേക്കും വളർന്നിരിക്കുന്നു ഈ ചെറുപ്പക്കാരൻ. ജാസിമിന്റെ കയ്യിൽനിന്ന് മൂന്നോ നാലോ ജോടി പ്രാവുകളെ വാങ്ങി കരുതലോടെ പരിപാലിച്ച് മുട്ട വിരിഞ്ഞെത്തുന്ന കുഞ്ഞുങ്ങളെ തിരികെ വിൽക്കുന്ന ചെറുസംരംഭകരുമുണ്ട് പരിസരങ്ങളിൽ. സ്ത്രീകൾ ഉൾപ്പെടെ എഴുപതോളം പേർക്ക് അതൊരു സഹായമായി മാറുന്നതും പ്രാവു പരിപാലനം കൂടുതൽ ആനന്ദകരമാക്കുന്നുവെന്ന് ജാസിം.

pigeon-1
പ്രാവുകൾക്കായുള്ള വിവിധയിനം ധാന്യങ്ങൾ

പ്രജനനം വിപണനം

വിപണിമൂല്യമുള്ള പ്രാവുകളിടുന്ന മുട്ടയ്ക്ക് അടയിരിക്കാനും കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനും നാടൻ പ്രാവുകളെയാണ് നിയോഗിക്കുക. പ്രജനനത്തിലെ ഇടവേളകൾ കുറയ്ക്കാനാണിത്. അതേസമയം കൂടുതൽ ലാഭത്തിനുവേണ്ടി, പ്രാവുകളുടെ ആരോഗ്യം തകർക്കുന്ന രീതിയിൽ ഇടവേള ഇല്ലാതെ പ്രജനനത്തിലേക്കു തിരിയരുത്. ഒരു ശീലിൽ രണ്ടു മുട്ടകളാണിടുക. ഏതാനും ദിവസത്തെ ഇടവേളയ്ക്കു ശേഷം അടുത്ത ശീൽ. കുഞ്ഞുങ്ങളെ അമ്മപ്രാവുകളിൽനിന്നു വേർതിരിക്കാതിരുന്നാൽ ഇടവേള ദീർഘിക്കും. വർഷം 10–12 മുട്ടകൾ മതിയെന്നു വച്ചാൽ പ്രാവുകൾ ആരോഗ്യത്തോടെയിരിക്കും. 

ഈ രംഗത്ത് ഇപ്പോൾ ഒട്ടേറെ വാട്സാപ്പ്, ഫെയ്സ്ബുക്ക് ഗ്രൂപ്പുകളുണ്ട്. ഇനവും വിലയുമെല്ലാം പങ്കുവച്ച് ആവശ്യക്കാരെ കണ്ടെത്തുക എളുപ്പം. പ്രാവുകളെ വാങ്ങുന്നവരിൽ നല്ലപങ്കും ബ്രീഡർമാർ തന്നെയാണ്. പുതിയ ഇനങ്ങളിലും ശുദ്ധ ബ്രീഡുകളിലുമായിരിക്കും അവരുടെ ശ്രദ്ധ. 

ഫോൺ: 9633280796, 9995059360

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com