ADVERTISEMENT

വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജീവിവർഗമാണ് തേനീച്ചകൾ. പ്യൂപ്പ ഘട്ടത്തിൽനിന്ന് പറവയായി പുറത്തിറങ്ങുന്നതു മുതൽ തേനീച്ചയുടെ ജോലികൾ തുടങ്ങുകയായി. കൂട് വൃത്തിയാക്കുന്നതു മുതൽ ആരംഭിക്കുന്ന ജീവിതം പിന്നീട് തേൻ സംരംഭകരായും കോളനിയുടെ കാവൽക്കാരായും മാറുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും വ്യത്യസ്ത ജോലികളാണ് തേനീച്ചകൾക്കുള്ളത്. എപിസ് വര്‍ഗത്തില്‍പ്പെട്ട നാലിനം തേനീച്ചകളാണ് കേരളത്തിൽ കണ്ടുവരുന്നത്. ഇവയിൽ രണ്ടിനങ്ങളെ മാത്രമാണ് വാണിജ്യാടിസ്ഥാനത്തിൽ വളർത്താൻ കഴിയൂ. ഓരോ ഇനത്തിനും പ്രത്യേകതകൾ ഏറെയുണ്ട്.

1. എപിസ് ഡോര്‍സേറ്റ (Apis Dorsata, Indian rock bee)

തേനീച്ച വര്‍ഗത്തിലെ ഏറ്റവും വലുപ്പമേറിയ ഇനം. വന്‍ മരങ്ങളുടെ ഉയരങ്ങളിലും പാറയിടുക്കുകളിലും ഒരു അട മാത്രം ഉപയോഗിച്ച് തേൻ ശേഖരണം നടത്തുന്നു. തുറസായ സ്ഥലങ്ങളില്‍ വസിക്കാനിഷ്ടപ്പെടുന്ന ഇക്കൂട്ടർ കാലാവസ്ഥ അനുസരിച്ച് വാസസ്ഥലം തെരഞ്ഞെടുക്കുന്നതിനാല്‍ സ്ഥിരസങ്കേതമില്ല. അതുകൊണ്ടുതന്നെ ഇവയെ പെട്ടികളില്‍ വളര്‍ത്താന്‍ കഴിയില്ല. വര്‍ഷം 40 മുതല്‍ 150 കിലോ വരെ തേനുൽപാദിപ്പക്കാറുണ്ട്. പെരുന്തേനീച്ച എന്ന പേരിൽ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ഇവരുടെ ആക്രമണത്തിൽ മരണം വരെ സംഭവിക്കാം.

bee-1
പെരുന്തേനീച്ച കോളനി (ഇടത്ത്), കോൽത്തേനീച്ച കോളനി (വലത്ത്)

2. എപിസ് ഫ്‌ളോറിയ (Apis Florea, Indian little bees)

ചെറിയ ഇനമായ ഇവ കോല്‍തേനീച്ച എന്ന് അറിയപ്പെടുന്നു. ഒരു തേനട മാത്രമുള്ള ഇക്കൂട്ടര്‍ വളരെ ചെറിയ സംഘമായിട്ടാണ് താമസം. മരങ്ങളുടെ ചെറു ശിഖരങ്ങളിലാണ് വാസസ്ഥലമൊരുക്കുക. പെരുന്തേനീച്ചകളെപ്പോലെ സ്ഥിരമായി വസിക്കാന്‍ ഇഷ്ടപ്പെടാത്തതിനാല്‍ പെട്ടികളില്‍ വളര്‍ത്താന്‍ കഴിയില്ല. പരമാവധി അര കിലോഗ്രാമാണ് ഒരു വര്‍ഷം ലഭിക്കുക.

3. എപിസ് സെറാന ഇന്‍ഡിക്ക (Apis Cerana Indica)

മുട്ടകളും ലാര്‍വകളും തേനും ഉള്‍പ്പെട്ട ഒന്നിലധികം തേനടകള്‍ ഞൊടിയൻ എന്നു വിളിക്കുന്ന ഇക്കൂട്ടര്‍ക്കുണ്ട്. സ്ഥിരസ്ഥലത്ത് വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇനമായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താം. ശരാശരി 50 കിലോഗ്രാം തേന്‍ ഒരു വര്‍ഷം ഒരു പെട്ടിയില്‍നിന്നു ലഭിക്കും.

bee-2
ഞൊടിയൻ (ഇടത്ത്), ഇറ്റാലിയൻ (വലത്ത്)

4. എപിസ് മെല്ലിഫെറ (Apis Mellifera, Italian Bees)

വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത ഇനമാണിത്. തേനടകള്‍ ഒന്നില്‍ക്കൂടുതലുണ്ട്. സ്ഥിരസ്ഥലത്ത് വസിക്കാന്‍ ഇഷ്ടപ്പെടുന്ന ഇനമായതിനാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്താം. ശരാശരി 40 കിലോഗ്രാം തേന്‍ ഒരു വര്‍ഷം ഒരു പെട്ടിയില്‍നിന്നു ലഭിക്കും.

bee-5
ചെറുതേനീച്ച

ഈ നാല് ഇനങ്ങളില്‍പ്പെട്ട തേനീച്ചകളെക്കൂടാതെ ഔഷധഗുണമുള്ള തേന്‍ ഉൽപാദിപ്പിക്കുന്ന തേനീച്ചകളാണ് ട്രൈഗോണ ഇറിഡിപെന്നിസ് (Trigona iridipennis) അഥവാ ചെറുതേനീച്ച. എപിസ് വിഭാഗത്തില്‍പ്പെട്ട ഈച്ചകള്‍ക്ക് ആക്രമിക്കാന്‍ ചെറിയ വിഷാംശമുള്ള കൊമ്പ് ഉള്ളപ്പോള്‍ ഇവയ്ക്ക് അതില്ല. മെല്ലിപോണ ഇറിഡിപെന്നിസ് എന്നാണ് പഴയ നാമം. അതിനാല്‍ ഇവയെ വളര്‍ത്തുന്നതിനെ മെല്ലിപോണി കള്‍ച്ചര്‍ എന്നു പറയുന്നു.

എപിസ്, ട്രൈഗോണ വിഭാഗത്തില്‍പ്പെട്ട തേനീച്ചകള്‍ സാമൂഹ്യജീവിതം ഇഷ്ടപ്പെടുന്നവരാണ്. ജോലികള്‍ വിഭജിച്ചു ചെയ്യുന്നു, പതിനായിരക്കണക്കിന് ഈച്ചകളുള്ള  കോളനി ജീവിതം എന്നിവയാണ് പ്രത്യേകതകൾ

തേനീച്ചക്കൂട് (Hive)

ഒരു റാണിയും പതിനായിരക്കണക്കിനു വേലക്കാരി ഈച്ചകളും ചുരുക്കം മടിയന്‍ ഈച്ചകളും ഉള്‍പ്പെട്ടതാണ് ഒരു തേനീച്ചക്കോളനി. സാധാരണഗതിയില്‍ ഒരു റാണി ഈച്ച ഉള്ളതാണ് ആരോഗ്യമുള്ള തേനീച്ച കോളനിയുടെ ലക്ഷണം. കോളനിയിലുള്ള എല്ലാ ഈച്ചകളും റാണിയുടെ മക്കളാണ്. കാലാവസ്ഥയും ഭക്ഷണവും അനുകൂലമാണെങ്കില്‍ റാണി ഈച്ച ഒരു ദിവസം ഏകദേശം 800-1500 മുട്ടകള്‍ ഇടുമെന്നു പറയപ്പെടുന്നു.

കോളനികളിലെ ഈച്ചകളുടെ പ്രത്യേകതകള്‍

bee-3
മടിയൻ, റാണി, വേലക്കാരി

1. റാണി (Queen)

നീളമുള്ള ഉദരഭാഗം. രണ്ടു ജോടി ചിറകുകള്‍. ആയുസ് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ.

2. ജോലിക്കാര്‍

പ്രജനനം നടത്താന്‍ കഴിയാത്ത പെണ്ണീച്ചകൾ. റാണിയെ അപേക്ഷിച്ച് വലുപ്പം കുറവ്. വിശ്രമമില്ലാതെ സദാസമയവും ജോലികളിലായിരിക്കും. ജോലിയുടെ സ്വഭാവവുമായി ആയുസ് ബന്ധപ്പെട്ടിരിക്കുന്നു.

3. മടിയന്മാര്‍ (Drones)

ആണ്‍ ഈച്ചകളാണിവര്‍. ജോലിക്കാരി ഈച്ചകളേക്കാള്‍ വലുപ്പം കൂടുതല്‍. വീതിയേറിയതും തിളങ്ങുന്നതുമായ ഉദരഭാഗം. റാണിയുമായി ഇണ ചേരുക എന്നതാണ് ജോലി. മഴക്കാലങ്ങളില്‍ പ്രകൃതിയില്‍നിന്നുള്ള ഭക്ഷണം കുറവായതിനാല്‍ മടിയന്‍ ഈച്ചകളുടെ എണ്ണം കോളനികളില്‍ കുറവായിരിക്കും. ഒരു ജോലിയും ചെയ്യാതെ തേന്‍ കുടിച്ചു കഴിയുന്നതുകൊണ്ടാണ് ഈ നിയന്ത്രണം.

രണ്ടു തരത്തിലുള്ള മുട്ടകളാണ് റാണി ഇടുക. ബീജസങ്കലനം നടന്നതും ബീജസങ്കലനം നടക്കാത്തതും. ഇതില്‍ ബീജസങ്കലനം നടക്കാത്ത മുട്ടകളില്‍നിന്നാണ് മടിയനീച്ചകള്‍ (ആണ്‍ ഈച്ചകള്‍) ഉണ്ടാകുന്നത്. എന്നാല്‍ ബീജസങ്കലനം നടന്ന മുട്ടകള്‍ വിരിഞ്ഞിറങ്ങുന്നത് മുഴുവനും പെണ്‍ ഈച്ചകളായിരിക്കും. ഇവരാണ് കോളനിയെ പ്രവര്‍ത്തനസജ്ജമാക്കുന്നത് ആവശ്യം വരുമ്പോള്‍ റാണിയെ വളര്‍ത്തിയെടുക്കുന്നതും ഈ മുട്ടയില്‍നിന്നുതന്നെ.

റോയല്‍ ജെല്ലി

bee-4
റോയൽ ജെല്ലി

ചെറുപ്പക്കാരായ തേനീച്ചകളുടെ തലച്ചോറിനോടു ചേര്‍ന്ന ഭാഗവും മാന്റിബുല ഗ്ലാന്‍ഡും ചേര്‍ന്ന് ഉൽപാദിപ്പിക്കുന്ന പ്രത്യേക ദ്രവമാണ് റോയല്‍ ജെല്ലി. തേന്‍, പൂമ്പോടി, റോയല്‍ ജെല്ലി എന്നിവയാണ് ലാര്‍വ ഘട്ടത്തിലുള്ള കുഞ്ഞുങ്ങള്‍ക്കു നൽകുന്നത്. റോയല്‍ ജെല്ലി കൂടുതല്‍ നൽകിയാല്‍ ആ ലാര്‍വ റാണിയായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com