നിങ്ങളുടെ നായ കുരയ്ക്കുന്നില്ലേ? വഴിയുണ്ട്

HIGHLIGHTS
  • ആത്മവിശ്വാസക്കുറവാണ് അവയുടെ മൗനത്തിനു കാരണം
  • മത്സരത്തില്‍ വിജയിച്ച നായയെ അഭിനന്ദിക്കാന്‍ മറക്കരുത്
dog-traing
SHARE

അപരിചിതരായവരെ കണ്ടാൽ, അതായത് തന്റെ വീട്ടിലുള്ള ആളല്ല എന്ന് തിരിച്ചറിഞ്ഞാല്‍ കുരയ്ക്കുക എന്നത് നായ്ക്കളുടെ പൊതു സ്വഭാവമാണ്. എന്നാല്‍, ആരെ കണ്ടാലും ഒരേ ഭാവമുള്ള നായ്ക്കളുമുണ്ട്. ചിലരാവട്ടെ കുരയ്ക്കാനേ നേരം കാണൂ. മറ്റുചിലരാണെങ്കിൽ ആരു വന്നാലും തനിക്കൊന്നുമില്ല എന്ന രീതിയില്‍ മിണ്ടാതിരിക്കും. അത് ഉടമയ്ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. അങ്ങനെ കുരയ്ക്കാൻ മടിയുള്ള നായ്ക്കളെ കുരപ്പിക്കാൻ ലളിതമായ ചില പരിശീലനമുറകൾക്കൊണ്ടു കഴിയും.

തന്റെ സാമ്രാജ്യത്തിലേക്ക് ഒരാള്‍ വന്നു എന്ന തോന്നലുണ്ടായാല്‍ മാത്രമേ നായ കുരയ്ക്കൂ. അതാണ് അവർ കുരയ്ക്കുന്നതിന്റെ അടിസ്ഥാന തത്വം. നായയുടെ സ്വഭാവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന രീതി ആയതിനാല്‍ അത് മാറ്റിയെടുക്കാനും ബുദ്ധിമുട്ടാണ്. എന്നാൽ, കുരയ്ക്കാത്തവർ അങ്ങനെയല്ല. ആത്മവിശ്വാസക്കുറവാണ് അവയുടെ മൗനത്തിനു കാരണം. അപ്പോൾ ആത്മവിശ്വാസം നൽകിയാൽ കുരയ്ക്കാത്ത നായ്ക്കളെ കുരപ്പിക്കാന്‍ കഴിയും.

ഇതിനായി രണ്ട് പരിശീലമുറകള്‍ പരിചയപ്പെടാം. 

1. ചാക്ക്, തുണി എന്നിവയോ ബൈറ്റിംഗ് ഉപകരണങ്ങളോ ഉപയോഗിച്ച് നായയെ ആകര്‍ഷിക്കാം. നമ്മുടെ കൈയിലുള്ള വസ്തു വാങ്ങാന്‍ നായ പരമാവധി ശ്രമിക്കും (ആദ്യ ദിവസങ്ങളില്‍ നായ അടുക്കണമെന്നില്ല). ഇത് ഒരു മത്സരമുറയാണ്. ആര്‍ക്ക് കിട്ടും എന്ന രീതിയില്‍ നായയ്ക്കു പ്രോത്സാഹനം നൽകണം. ഒരുപാട് പരിശ്രമത്തിനുശേഷം നമ്മുടെ കൈയിലെ വസ്തു നായ പിടിച്ചുവാങ്ങിയ രീതി വരണം. മത്സരത്തില്‍ വിജയിച്ച നായയെ അഭിനന്ദിക്കാന്‍ മറക്കരുത്. നമ്മെക്കാളും വലിയ ആളായി എന്ന തോന്നല്‍ അവയ്ക്കുണ്ടാകും. ഇത് പതിയെ കുരയ്ക്കാനുള്ള പ്രവണതയുണ്ടാകാന്‍ സഹായിക്കും.

2. കൂട്ടില്‍ കിടക്കുന്ന നായയുടെ അടുത്തേക്ക് നാം പാത്തും പതുങ്ങിയും ചെല്ലുക (അല്പം അകലെ നില്‍ക്കുന്നതാണ് നല്ലത്). നായയെ കണ്ട് നമുക്ക് ഭയം ഉണ്ടായെന്ന് അവയ്ക്കു തോന്നണം. നമ്മെ നായ ശ്രദ്ധിച്ചെങ്കില്‍ പതുക്കെ ഓടി രക്ഷപ്പെടുകയും വേണം. ആദ്യമൊക്കെ കുരച്ചില്ലെങ്കിലും സാവധാനത്തില്‍ അവയുടെ രീതി മാറ്റിയെടുക്കാന്‍ സാധിക്കും. ഈ രീതി പരിശീലിപ്പിക്കുമ്പോള്‍ പിന്നീട് അന്ന് അവയുടെ അടുത്തേക്ക് പോകാത്തതാണ് നല്ലത്. ഇതും ആത്മവിശ്വാസം വര്‍ധിപ്പിക്കും. വീട്ടിലുള്ള എല്ലാവരും മാറി മാറി പരിശീലിപ്പിക്കുന്നത് നല്ലതാണ്.

അവലംബം: സാജൻ സജി സിറിയക് (ഡോഗ് ട്രെയ്‍‌നർ)

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA