പുറത്ത് മേയാൻ വിടുകയോ തൊടിയിൽ അഴിച്ചുകെട്ടുകയോ ചെയ്യാത്ത ആട്, പശു മുതലായവയുടെ കുളമ്പുകളുടെ വളർച്ച കൂടുക സ്വാഭാവികമാണ്. ഒരു പരിധിയിൽക്കവിഞ്ഞ് കുളമ്പുകൾ വളർന്നാൽ അവയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നു മാത്രമല്ല കുളമ്പുകളുടെ ആകൃതിയും നഷ്ടപ്പെട്ടും. ഈ സാഹചര്യത്തിൽ കൃത്യമായ ഇടവേളകളിൽ അവയുടെ കുളമ്പുകൾ ചെത്തിയൊരുക്കണം. ആടിന്റെ കുളമ്പ് ട്രിമ്മിങ് എങ്ങനെയെന്ന് നോക്കാം.
ട്രിമ്മിംഗ് കട്ടർ, മൂർച്ചയുള്ള കത്തി (പേപ്പർ കട്ടർ പോലെ മൂർച്ചയുള്ളത്) തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം.
സഹായിക്കാൻ ഒരാൾകൂടിയുണ്ടെങ്കിൽ മാത്രമേ കുളമ്പ് ട്രിം ചെയ്യാൻ കഴിയൂ. കെട്ടിയിട്ടതുകൊണ്ടു മാത്രം കാര്യമില്ല. ഒരു തവണ ഒരാടിനെ ട്രിമ്മിംഗ് ചെയ്യുന്നതോടെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കും.
ബ്രീഡ് ഡെവലപ്‌മെന്റ് നടത്തുന്നവർ കുളമ്പ് ട്രിം ചെയ്തിരിക്കണം, ചുരുങ്ങിയത് മാസത്തിൽ ഒരു തവണയെങ്കിലും. മനുഷ്യരുടെ നഖം വളരുന്നപോലെതന്നെ മൃഗങ്ങളുടെയും നഖം വളർന്നു അവർക്ക് നടക്കാൻ സാധിക്കാത്ത വിധം വളരാം. ഇത് അവർക്ക് അസൗകര്യം ഉണ്ടാക്കുകയും വളർച്ചയെ ബാധിക്കുകയും ചെയ്യാം.

പാദത്തിന്റെ അടിഭാഗം തഴമ്പ് പിടിച്ചു വലുതാവുക, പാദത്തിന്റെ ഭിത്തി വളരുക, വളർന്നു വിള്ളൽ വരിക, പാദത്തിന്റെ മുൻഭാഗം നീണ്ടു വലുതായി നടത്തത്തിനു വേഗം കുറയുക എന്നതൊക്കെ കുളമ്പിന്റെ വളർച്ചയിലൂടെ ഉണ്ടാകാം.
പാദം ട്രിം ചെയ്യുക എന്നാൽ രണ്ടു ഭാഗങ്ങളാണ് ട്രിം ചെയ്യുന്നത്. ഒന്ന് ഭിത്തിയും രണ്ട് തഴമ്പ് പിടിച്ചു വലുതായ സോൾ ഭാഗവും. അതായത് മനുഷ്യന്റെ ഉപ്പുറ്റിപോലുള്ള തടിച്ച ഭാഗം. ഇത് രണ്ടോ മൂന്നോ മില്ലി വരെ (കൃത്യമായി മാസാമാസം വെട്ടുന്നുവെങ്കിൽ) മുറിച്ചു മാറ്റാം. നഖം മുറിച്ചാൽ മനുഷ്യർക്ക് ഒന്ന് രണ്ടു ദിവസം ഉണ്ടാകുന്ന ബുദ്ധിമുട്ടുപോലെ അവർക്കും ഉണ്ടാകാമെങ്കിലും അടുത്ത ദിവസങ്ങളിൽ അവർക്കത് വളരെ ഉപകാരമായി മാറും. ആറു മാസവും അതിൽ കൂടുതലും ആയെങ്കിൽ ഏകദേശം അഞ്ചു മില്ലിമീറ്ററോളം മുറിക്കാം.
മുറിക്കുന്നതിനു മുമ്പായി തൊട്ടുനോക്കിയാൽത്തന്നെ എത്രമാത്രം കനത്തിൽ മുറിക്കാം എന്നത് തിരിച്ചറിയാം. തഴമ്പ് ഭാഗം മുറിക്കുമ്പോൾ പിങ്ക് നിറം വരുന്നതുവരെ മുറിക്കാൻ നിൽക്കരുത്. തനി വെള്ള ഭാഗം മാത്രം മുറിക്കുക. ആദ്യതവണയാണ് നിങ്ങൾ മുറിക്കാൻ ശ്രമിക്കുന്നതെങ്കിൽ രണ്ടോ മൂന്നോ മില്ലി മാത്രം മുറിച്ചു ഭിത്തിയും കൂർത്ത മുൻഭാഗവും മാത്രം മുറിച്ചു പരിശീലിക്കുക.