ADVERTISEMENT

പാലുൽപാദിപ്പിക്കുന്ന കന്നുകാലി ഇനങ്ങൾ ലോകത്താകെ എണ്ണൂറിലധികമുണ്ട്. എന്നാൽ, എല്ലാ ഇനങ്ങളും മികച്ച പാലുൽപാദനമുള്ളവരല്ല. ചിലയിനങ്ങൾ ഇറച്ചിക്കായി മാത്രം വളർത്തുമ്പോൾ മറ്റു ചിലതിനെ പാലിനുവേണ്ടി മാത്രം വളർത്തുന്നു. രണ്ടിനുംകൂടി വളർത്തുന്ന ഇനങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ പാലുൽപാദനമുള്ള പത്തിനം പശുക്കളെ പരിചയപ്പെടാം.

1. ഹോൾസ്റ്റീൻ ഫ്രീഷ്യൻ (എച്ച്എഫ്)

ലോകത്തിൽ ഏറ്റവുമധികം പാലുൽപാദനമുള്ള ഇനം. കറുപ്പും വെളുപ്പും നിറമുള്ള ഈ ഇനം നെതർലൻഡ്‌സ്, ജർമനി, ഓസ്ട്രിയ, ഡെന്മാർക്ക് എന്നിവിടങ്ങളിൽ ഉരുത്തിരിഞ്ഞുവന്നതാണ്. 365 ദിവസം 32,740 കിലോഗ്രാം പാലാണ് ഇവയുടെ ഉൽപാദനശേഷി. 

2. നോർവീജിയൻ റെഡ്

എൻആർഎഫ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു. 1935ൽ നോർവേയിൽ വികസിപ്പിച്ചെടുത്തു. 1970 മുതൽ കൂടുതൽ വളർത്തിവരുന്ന ഇനം. പ്രതിവർഷം 10,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി.

3. കോസ്‌ട്രോമ

25 വർഷത്തോളം ആയുസുള്ള റഷ്യൻ ഇനം. ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോടെ റഷ്യയുടെ ഉത്തര വോൾഗ റീജിയണിലെ കോസ്‌ട്രോമ ഒബ്ലാസ്റ്റിൽ വികസിപ്പിച്ചു. പ്രാദേശിക കന്നുകാലികളെ ബ്രൗൺസ്വിസ്, ആൽഗോ, ഐർഷയർ ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്തായിരുന്നു കോസ്‌ട്രോമയെ വികസിപ്പിച്ചത്. പ്രതിവർഷം 10,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി. പാലുൽപാദന–സംസ്കരണ വിഭാഗത്തിൽ ഏറെ ഉപയോഗപ്രദമായ ഇനവുമാണ്. 

cows
ഏറ്റവുമധികം പാലുൽപാദനമുള്ള ഇനങ്ങൾ

4. ബ്രൗൺ സ്വിസ്

പ്രശസ്ത അമേരിക്കൻ കന്നുകാലിയിനം. ചീസ് ഉൽപാദനത്തിനായി ഇവയുടെ പാലാണ് കൂടുതൽ ഉപയോഗിക്കുക. പ്രതിവർഷം 9,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി.

5. സ്വീഡിഷ് റെഡ്

പേരുപോലെതന്നെ സ്വീഡിഷ് ഇനം. സ്വീഡിഷ് റെഡ് ആൻഡ് വൈറ്റ് എന്നും പേരുണ്ട്. 1920ൽ സ്വീഡിഷ് റെഡ് പൈഡ്, സ്വീഡിഷ് ഐർഷയർ ഇനങ്ങളിൽനിന്ന് വികസിപ്പിച്ചു. ആയുർദൈർഘ്യത്തിൽ പേരുകേട്ട ഇനം. ‌പ്രതിവർഷം 8,000 കിലോഗ്രാം പാലാണ് ഉൽപാദനശേഷി.

6. ഐർഷയർ

സ്കോട്ട്‌ലൻഡ് ഇനം. ശരീരത്തിൽ ചുവപ്പ്–വെള്ള നിറങ്ങൾ. ഉൽപാദനശേഷി പ്രതിവർഷം 7,831 കിലോഗ്രാം.

7. ആംഗ്ലിയൻ

ജർമൻ സ്വദേശി. പാലിൽ ഉയർന്ന തോതിലുള്ള കൊഴുപ്പാണ് മുഖ്യ മേന്മ. ഉൽപാദനശേഷി പ്രതിവർഷം 7,570 കിലോഗ്രാം. 

8. ഗ്വേൺസി

ചാനൽ ദ്വീപസമൂഹത്തിലെ ഗ്വേൺസി ദ്വീപിൽനിന്നുള്ള ഇനം. ഇവയുടെ പാലിന് രുചി, കൊഴുപ്പ്, പ്രോട്ടീൻ എന്നിവ കൂടുതലാണ്. പാലിന് ചെറിയ മഞ്ഞനിറവുമുണ്ട്. ബീറ്റാ കരോട്ടിൻ കൂടുതലുള്ളതാണ് പാലിന്റെ ഈ നിറംമാറ്റത്തിനു കാരണം. ഏറ്റവും കൂടുതൽ എ2 പാൽ ഉൽപാദിപ്പിക്കുന്ന ഇനം എന്ന വിശേഷണവുമുണ്ട്. 7,363 കിലോഗ്രാമാണ് പ്രതിവർഷ ഉൽപാദനശേഷി.

9. മിൽക്കിങ് ഷോർട്ട്ഹോൺ

ഇംഗ്ലണ്ടിലെ ഷോർട്ട്ഹോണിൽ ഉരുത്തിരിഞ്ഞുവന്നത്. 7,000 കിലോഗ്രാം പാലാണ് പ്രതിവർഷ ഉൽപാദനം. 

10. ലോ ലാൻഡ് റെഡ് പൈഡ്

സ്വദേശം ഫ്രാൻസ്. ഫ്രാൻസിലെ പ്രാദേശിക ബ്രീഡ് ആയ ആർമോരിക്കനും ഡച്ച് മ്യൂസ് റിൻ സെൽ, ഡ്യൂഷെ റോട്ട്ബണ്ട് ഇനങ്ങളുമായി ക്രോസ് ബ്രീഡ് ചെയ്താണ് ലോ ലാൻഡ് റെഡ് പൈഡിനെ വികസിപ്പിച്ചത്. പ്രതിവർഷം 6,900 കിലോഗ്രാം പാലാണ് ഉൽപാദനശേഷി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com