ADVERTISEMENT

2019ലെ കണക്കുകളനുസരിച്ച് ഇന്ത്യയിലെ കന്നുകാലികളുടെ എണ്ണം 19.25 കോടിയായി ഉയർന്നിട്ടുണ്ട്. 2012ലെ കണക്കെടുപ്പിനെ അപേക്ഷിച്ച് എണ്ണത്തിൽ 0.8 ശതമാനം വർധന. രാജ്യത്തെ ആകെ വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ 36 ശതമാനമാണ് കന്നുകാലികൾ. പശുക്കളുടെ എണ്ണത്തിൽ 18 ശതമാനം വർധന രേഖപ്പെടുത്തിയപ്പോൾ കാളകളുടെ എണ്ണത്തിൽ 30.2 ശതമാനം ഇടിവുമുണ്ടായി.

പാലുൽപാദനത്തിൽ മുൻനിരയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്താകെയുള്ള പാലുൽപാദനത്തിന്റെ 20 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. സാധാരണക്കാരുടെ ഭവനങ്ങളിലെ പ്രധാന വരുമാനമാർഗവും പാൽവിൽപനയാണ്. 

ഇനി ബ്രസീലിലേക്ക് കടക്കാം. ബ്രസീലിന്റെ  വാർഷിക പാലുൽപാദന വളർച്ച ഏഴു ശതമാനമാണ്. ലോകത്തിലെ പാലുൽപാദക രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ബ്രസീൽ. അതിന് ഊർജം പകർന്നത് ഇന്ത്യയിൽനിന്നുള്ള ഗിർ ഇനം പശുക്കളും.

gir-2
ഗുജറാത്തിലെ ഭാവ്‌നഗർ മഹാരാജാവായിരുന്ന കൃഷ്‌ണ കുമാർസിൻജീ ഭാവ്സിൻജീയും ബ്രസീലിയൻ വ്യവസായി സെൽസോ ഗ്രാസ്യ സിഡും ഗിർ ഇനത്തിൽപ്പെട്ട കാളയ്‌ക്കൊപ്പം

ഗുജറാത്തിലെ ഭാവ്‌നഗർ മഹാരാജാവായിരുന്ന കൃഷ്ണ കുമാർസിൻജീ ഭാവ്സിൻജീയിൽനിന്ന് ബ്രസീലിയൻ വ്യവസായി സെൽസോ ഗ്രാസ്യ സിഡ് ഒരു ജോടി ഗിർ കന്നുകാലികളെ വാങ്ങിയതാണ് ബ്രസീലിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. ചുവന്ന ശരീരവും താഴേക്കു വളഞ്ഞ കൊമ്പുകളുമാണ് ഗിർ ഇനത്തിന്റെ രൂപത്തിലുള്ള പ്രത്യേകത. കാളയ്ക്ക് കൃഷ്ണ എന്ന പേരാണ് സെൽസോ ഗ്രാസ്യ നൽകിയത്.

1960ൽ ബ്രസീലിലെത്തിയ കൃഷ്ണയിൽനിന്ന് ജനികത വിപ്ലവത്തിന് തുടക്കം കുറിച്ചു. ഡച്ച് ഇനമായ ഹോൾസ്റ്റീനുമായി ക്രോസ് ചെയ്ത് ഗിർലാൻഡോ എന്ന ഇനവും ഉരുത്തിരിച്ചെടുത്തു. ഇത് പിന്നീട് രാജ്യവ്യാപകമായി പ്രചാരമുള്ള ഇനമായി മാറി. ഇന്ന് ബ്രസീലിൽ 40 ലക്ഷം ഗിർ പശുക്കളുണ്ട്. നന്നായി പരിചരണം ലഭിക്കുന്ന ഗിർ പശുക്കൾ പ്രതിദിനം 30–40 ലീറ്റർ പാലുൽപാദിപ്പിക്കും. ഇത് ചിലപ്പോൾ 60–70 ലീറ്റർ വരെയാകുകയും ചെയ്യും. ബ്രസീലിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്നതും ഗിർ പശുക്കളാണ്.

ആന്ധ്രാപ്രദേശിൽനിന്നുള്ള ഓങ്കോളും ബ്രസീലിൽ ഏറെ പ്രചാരം നേടിയ ഇനമാണ്. ബ്രസീലിൽ നെല്ലൂർ എന്നാണ് ഈ ഇനത്തിന് പേര്.

ഗിർ കാളയുടെ ബീജം ഇന്ത്യയിലെ തനത് ഇനങ്ങളിൽ ഉപയോഗിക്കാനായി ഇന്ത്യയും ബ്രസീലും കരാർ ഒപ്പിട്ടിരുന്നു. ശീതീകരിച്ച ബീജം കൃത്രിമ ബീജാധാനത്തിനായാണ് ഇവിടെ എത്തിക്കുക. ഇതുവഴി ഇന്ത്യൻ ഇനങ്ങളുടെ പാലുൽപാദനം മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, ഇന്ത്യയുടെ തനത് ഗിർ പശുക്കളുടെ ശുദ്ധത ഇല്ലതാകുമെന്ന കാരണം ചൂണ്ടിക്കാട്ടി എതിർപ്പുകൾ ഉയർന്നിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com