sections
MORE

ഇടുക്കി ശ്വാനസേനയിലെ ഫിഡോയ്ക്കും സ്വീറ്റിക്കും ഇനി വിശ്രമകാലം – വിടവാങ്ങൽ ചിത്രങ്ങൾ

HIGHLIGHTS
  • വിരമിച്ചവർ ജില്ലാ പൊലീസിന്റെ ചങ്കുകൾ
  • 9 മാസമാണ് നായ്ക്കളുടെ പരിശീലന കാലാവധി
police-dog-4
സ്വീറ്റിയും ഫിഡോയും
SHARE

ഇടുക്കി ജില്ലാ പൊലീസ് സേനയിലെ സ്വീറ്റിക്കും ഫിഡോയ്ക്കും ഇനി വിശ്രമകാലം. 10 വർഷം പൂർത്തിയാക്കി 2 പേരും തൃശൂർ കെഎപി ആസ്ഥാനത്തേക്ക്. സർവീസിൽനിന്നു വിരമിക്കുന്ന പൊലീസ് നായ്ക്കൾക്കു വിശ്രമിക്കാനും, ശിഷ്ടകാലം സർക്കാർ ചെലവിൽ ചീഫ് ഗെസ്റ്റായി ജീവിക്കാനും ഒരുക്കിയിരിക്കുന്ന കേന്ദ്രമായ വിശ്രാന്തിയിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. സേനയിൽനിന്നു വിരമിച്ച പൊലീസ് നായ്ക്കൾ മുഖ്യമന്ത്രിക്കു സല്യൂട്ട് നൽകിയാണ് സർവീസിൽനിന്നു പടിയിറങ്ങിയത്. തിരുവനന്തപുരത്തായിരുന്നു ചടങ്ങ്. 

ചടങ്ങിൽ സ്വീറ്റിക്കും, ഫിഡോയ്ക്കും ആദരവ് ലഭിച്ചു. ഇടുക്കിയിൽ ജില്ലാ പൊലീസ് മേധാവിക്കു സല്യൂട്ട് നൽകി ഇവർ കഴിഞ്ഞ ദിവസം സർവീസിൽനിന്നു പൂർണമായും വിരമിച്ചു. പുതിയ പൊലീസ് നായ്ക്കളുടെ ട്രയിനിങ് തൃശൂർ പൊലീസ് അക്കാദമിയിൽ ആരംഭിച്ചിട്ടുണ്ട്.

‌ഇവരുടെ നിയമന ഉത്തരവ് ഇറങ്ങിയാലുടൻ ഇടുക്കിയിലെത്തും. 9 മാസമാണ് നായ്ക്കളുടെ പരിശീലന കാലാവധി. ഒരു നായയ്ക്ക് 2 മേൽനോട്ടക്കാരാണ്. ഇടുക്കി ഡോഗ് സ്‌ക്വാഡിൽ ആകെ 7 നായ്ക്കളാണുള്ളത്. എസ്‌പി, ഡിവൈഎസ്‌പി, ഡോഗ് സ്‌ക്വാഡിന്റെ ഇൻചാർജുള്ള ഉദ്യോഗസ്ഥനും പരിശീലകരായ പൊലീസ് ഉദ്യോഗസ്ഥർക്കുമാണ് ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നിയന്ത്രണം. മോഷണം, കൊലപാതകം തുടങ്ങിയ കേസുകളിൽ അന്വേഷണം നടത്തുന്ന ജനി, സ്റ്റെഫി എന്നീ നായ്ക്കൾക്കൊപ്പം സ്‌ഫോടകവസ്തു കേസുകളിൽ ചന്തുവും നർകോട്ടിക്സ്  കേസുകളിൽ ലെയ്ക്ക, ബ്രൂസ് എന്നിവരും ഇടുക്കി ഡോഗ് സ്‌ക്വാഡിൽ പ്രവർത്തിക്കുന്നു.

ശാന്തനായ ഫിഡോ

ഫിഡോ (ലാബ്രഡോർ) വിവിഐപി ഡ്യൂട്ടികളിൽ ഒന്നാമൻ

തൂക്കം 38 കിലോ, ഭക്ഷണം 700 ഗ്രാം പെഡിഗ്രി, അര ലീറ്റർ പാൽ, മുൻപ് മത്സ്യമാംസാദികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതു സർക്കാർ റദ്ദാക്കി പോഷക സമ്പുഷ്ടമായ ഭക്ഷണ ക്രമീകരണവും നടപ്പിലാക്കി. വെറ്ററിനറി ഡോക്ടറുടെ പരിശോധന ഇടവിട്ട ദിവസങ്ങളിലുണ്ട്. സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണ്. സംസ്ഥാനത്ത് പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മറ്റു രാഷ്ട്രത്തലവന്മാർ എന്നിവർ എത്തിയാൽ സുരക്ഷ നൽകാൻ ഫിഡോയുടെ സാന്നിധ്യം സംസ്ഥാന പൊലീസ് സേന ഉറപ്പാക്കിയിരുന്നു. കൂടുതലും എറണാകുളത്ത് ഡ്യൂട്ടി ചെയ്യാനാണ് ഫിഡോയ്ക്ക് താൽപര്യം. ശാന്ത സ്വഭാവക്കാരനാണ്.

സ്വീറ്റി ‘സ്വീറ്റാണ്’

കള്ളൻമാരെ ഓടിച്ചിട്ട് പിടിച്ച ചരിത്രം (ലാബ്രഡോർ)

തൂക്കം 38 കിലോ, ഭക്ഷണം 700 ഗ്രാം പെഡിഗ്രി, അര ലീറ്റർ പാൽ, പോഷകങ്ങൾ അടങ്ങിയ ആഹാരം. ഇതാണ് സ്വീറ്റിയുടെ ഭക്ഷണം. സർവീസിൽ എത്തിയതു മുതൽ ജില്ലാ പൊലീസ് സേനയുടെ അഭിമാനമാണ്. 2010 ൽ ആനവിലാസത്ത് പെൺകുട്ടിയെ കൊന്ന് മരപ്പൊത്തിൽ ഒളിപ്പിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ സഹായകരമായ തുമ്പുണ്ടാക്കിയത് സ്വീറ്റിയാണ്. 2012ൽ ദേവികുളത്ത് മൊബൈൽ മോഷണ കേസ് അന്വേഷിക്കാൻ എത്തി പ്രതികളെ കയ്യോടെ പിടിച്ച് കയ്യടി നേടി. കൂർമ ബുദ്ധിയും പരിശീലകരുടെ മനസ്സറിഞ്ഞുള്ള പെരുമാറ്റവും സ്വീറ്റിയെ പൊലീസ് സേനയിൽ സ്വീറ്റാക്കി.

police-dog-1
സ്വീറ്റിയും ഫിഡോയും പരിശീലകർക്കൊപ്പം

വിരമിച്ചവർ ജില്ലാ പൊലീസിന്റെ ചങ്കുകൾ

10 വയസ്സാണ് പൊലീസ് നായ്ക്കളുടെ വിരമിക്കൽ പ്രായം. നേരത്തെ 8 വർഷമായിരുന്നു. ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കിയ സ്വീറ്റിയും ഫിഡോയും ജില്ലാ പൊലീസ് സേനയുടെ നട്ടെല്ലായിരുന്നു. പ്രമാദമായ മോഷണം, കൊലപാതക കേസുകളിൽ പൊലീസിന് സഹായകമായി തുമ്പുണ്ടാക്കിയത് ഇവരാണ്. കൊലക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ സ്വീറ്റിക്കായി. ഫിഡോ സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച ഡോഗാണ്.

സ്വീറ്റിയും ഫിഡോയും തൃശൂരിലെ പരിശീലന കേന്ദ്രത്തിൽ പരിശീലനം നേടിയവരാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർ സജി ജോൺ, സിവിൽ പൊലീസ് ഓഫിസർ പ്രദീപ്‌കുമാർ എന്നിവരാണ് സ്വീറ്റിയുടെ പരിശീലകർ. ഫിഡോയുടെ പരിശീലകർ സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്. മണിയൻ, സിവിൽ പൊലീസ് ഓഫിസർ ജുബിൻ വി. ജോസ് എന്നിവരാണ്.

police-dogs-1
ഡിങ്കോ

വിരമിച്ചെങ്കിലും ഡിങ്കോ ചന്ദനക്കാടിന്റെ കാവൽക്കാരൻ

മറയൂർ ചന്ദന റിസർവിൽ ഒരു ഇല അനങ്ങിയാൽ ഡിങ്കോ അറിയും. വനംവകുപ്പിന്റെ സർവീസിൽനിന്നു റിട്ടയർ ചെയ്തിട്ടും ചന്ദനക്കാടിന്റെ കാവാലാളായി ഡിങ്കോ മറയൂരുണ്ട്. ചെയ്ത് നൽകിയ സേവനങ്ങൾക്കു പകരം സ്നേഹം വിളമ്പിയാണ് വനം വകുപ്പ് ഡിങ്കോയെ പരിപാലിക്കുന്നത്. ആരോഗ്യ പരിശോധനയ്ക്കു പ്രത്യേക വെറ്ററിനറി ഡോക്ടർ. 35 കിലോയാണ് തൂക്കം. ദിനംപ്രതി 250 മില്ലി ലീറ്റർ പാൽ, 50 ഗ്രാം പച്ചക്കറി, 150 ഗ്രാം ചോറ്, 100 ഗ്രാം ഇറച്ചി എന്നിവയാണ് ഭക്ഷണ ക്രമീകരണം.

ഡിങ്കോയുടെ സർവീസ് കാലാവധി 8 വർഷം ആയിരുന്നു. എന്നാൽ വനം വകുപ്പിൽ എത്തിയിട്ട് 9 വർഷവും 7 മാസവും പിന്നിട്ടു. സർവീസ് കാലഘട്ടത്തിൽ ചന്ദനക്കാട്ടിൽനിന്നു ചന്ദനം കടത്താൻ ശ്രമിച്ച നിരവധി കള്ളക്കടത്തുകാരെ പിടികൂടി. ഡിങ്കോ റിട്ടയർ ചെയ്തതോടെ പെൽവിൻ വനം വകുപ്പിനു സേവനം നൽകാനെത്തി. സമീപകാലത്ത് വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ചന്ദനം കണ്ടെത്തി പെൽവിൻ  ശ്രദ്ധ നേടിയിരുന്നു. കെ. മനു, പി. മണികണ്ഠൻ എന്നിവരാണ് പരിശീലകർ.

police-dog-6
യാത്രയയപ്പ് ചടങ്ങിൽനിന്ന്
police-dog-5
യാത്രയയപ്പ് ചടങ്ങിൽനിന്ന്
police-dog-3
യാത്രയയപ്പ് ചടങ്ങിൽനിന്ന്
police-dog-7
യാത്രയയപ്പ് ചടങ്ങിൽനിന്ന്
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA