ADVERTISEMENT

രണ്ടര പതിറ്റാണ്ടിനു മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ഇടതുകയ്യുടെ സ്വാധീനം 80  ശതമാനവും നഷ്ടപ്പെട്ട ഒരു വീട്ടമ്മ വിധിയെ ചെറുത്തു തോല്‍പ്പിച്ചത് പശുക്കളെ വളര്‍ത്തിയാണെന്ന് കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊരു കൗതുകമുണ്ടാവുമെന്നത് തീര്‍ച്ച. തൃശൂര്‍ ജില്ലയിലെ പെരുമ്പിലാവിനടുത്ത തിപ്പിലശേരി ഗ്രാമത്തിലെ മൈഥിലിയെന്ന വീട്ടമ്മയുടെ ഡയറി ഫാമിലെത്തിയാല്‍ ഈ കൗതുകം അദരവിനു വഴിമാറും. ഒരു കയ്യുടെ കരുത്ത് വിധി കവര്‍ന്നെങ്കിലും മനസുറപ്പിന്‍റെ കരുത്തില്‍ മുന്നോട്ട് നടന്ന് ക്ഷീരമേഖലയില്‍ വിജയം നേടിയ മൈഥിലിയുടെ അതിജീവനാനുഭവം ധവളശോഭയാര്‍ന്ന  ഒരധ്യായമാണ്. 

മനക്കരുത്തുണ്ടെങ്കില്‍ കൈക്കരുത്തെന്തിന്?

തൃശൂര്‍ ജില്ലയിലെ അന്തിക്കാടെന്ന കാര്‍ഷികഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന മൈഥിലിയെ  സംബന്ധിച്ചിടത്തോളം കൃഷിയും പശുവളര്‍ത്തലുമൊക്കെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. കോള്‍പാടങ്ങളില്‍ പകലന്തിയോളം പണിചെയ്തും പശുക്കളെ വളര്‍ത്തിയുമുള്ള വരുമാനം കൊണ്ട് കുടുംബം നോക്കിയ അച്ഛനായിരുന്നു കൃഷിയില്‍ മൈഥിലിക്ക് പ്രചോദനം. വിവാഹം കഴിഞ്ഞ് പെരുമ്പിലാവിലെ ഭര്‍തൃവീട്ടിലെത്തിയപ്പോഴും കൃഷിയും പശുവളര്‍ത്തലുമുപേക്ഷിക്കാന്‍ മൈഥിലിക്കായില്ല. ഒടുവില്‍ അച്ഛനോട് തന്‍റെ സങ്കടം പറഞ്ഞപ്പോള്‍ ഒരു പശുവിനെയും  കിടാവിനെയും മൈഥിലിക്ക് സമ്മാനമായി അദ്ദേഹം മകളുടെ വീട്ടിലെത്തിച്ചു. അങ്ങനെയാണ് മൈഥിലി തന്‍റെ ക്ഷീരസംരംഭത്തിന് തുടക്കമിടുന്നത്. മൈഥിലിയുടെ ക്ഷീരസംരംഭത്തിന്  പിന്തുണയുമായി  ഭര്‍ത്താവ് മാധവനും ഒപ്പം നിന്നതോടെ ക്രമേണ പശുക്കളുടെ എണ്ണവും പാലുല്‍പാദനവുമെല്ലാം വർധിച്ചു. 

ആയിടെയാണ്, കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിയഞ്ച് വര്‍ഷം മുമ്പാണ് വിധി വാഹനാപകടത്തിന്‍റെ രൂപത്തില്‍ മൈഥിലിയെ തേടിയെത്തുന്നത്. അപകടത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ശരീരത്തിനേറ്റ പരിക്കുകള്‍ ഏറെയായിരുന്നു. ആറോളം ശസ്ത്രക്രിയകളുള്‍പ്പെടെ നീണ്ടകാലത്തെ  ചികിത്സയ്ക്കും ആശുപത്രിവാസത്തിനുമൊടുവില്‍  സുഖം പ്രാപിച്ചെങ്കിലും  ഇടതുകയ്യുടെ സ്വാധീനശേഷി 80 ശതമാനവും നഷ്ടമായി  എന്നായിരുന്നു വിദഗ്‌ധ ഡോക്ടര്‍മാരുടെ വിധിയെഴുത്ത്. 

പശുവിന്‍റെ കറവ നടത്താനോ അവയെ അഴിച്ചുകെട്ടാനോ പോലും കഴിയാത്ത വിധം ഇടതുകയ്യുടെ ശേഷി നഷ്ടമായതിനാല്‍ ഇനി പശുവളര്‍ത്തല്‍  ഉപേക്ഷിക്കുന്നതാവും ഉചിതമെന്ന് പലരും മൈഥിലിയെ  ഉപദേശിച്ചെങ്കിലും പശുവളര്‍ത്തലില്‍നിന്നും പിന്മാറാന്‍ മൈഥിലി ഒരുക്കമല്ലായിരുന്നു. വിധിവൈപര്യത്തിന് മുന്നില്‍ പതറിപോവാതെ തന്‍റെ ക്ഷീരസ്വപ്നങ്ങളുമായി അവര്‍ മുന്നോട്ട് തന്നെ നടന്നു. എന്തിനും ഏതിനും കൂട്ടായ് മൈഥിലിയുടെ  ഭര്‍ത്താവ് മാധവനും ഒപ്പം നിന്നു. ഇരുകൈകളും ഉപയോഗിച്ച് താന്‍ മുമ്പ് ചെയ്തിരുന്ന തീറ്റ നല്‍കല്‍, പശുക്കളെ  കുളിപ്പിക്കല്‍, കറവ, തൊഴുത്ത് വൃത്തിയാക്കല്‍ തുടങ്ങിയ പശുപരിപാലനത്തിലെ ഓരോ കാര്യങ്ങളും ക്രമേണ ഒരു കൈകൊണ്ട് ചെയ്തു തീര്‍ക്കാന്‍ മൈഥിലി പരിശീലിച്ചു. ഒടുവില്‍ പശുപരിപാലനം മൈഥിലിയുടെ ഒരു കയ്യില്‍ ഒതുങ്ങുമെന്നായി, അതോടെ ആത്മവിശ്വാസവുമായി. 

ഉൽപാദനമികവേറിയ പതിനഞ്ചോളം പശുക്കളും അവയുടെ കിടാക്കളും ഇന്ന് മൈഥിലിയുടെ ഡയറി ഫാമിലുണ്ട്. ഫാമില്‍ നിന്നുമുള്ള പ്രതിദിന പാലുൽപാദനം നൂറ്റിയമ്പത്  ലിറ്ററിനടുത്താണ്. അതിരാവിലെയും ഉച്ചയ്ക്കുമായി ഈ പശുക്കളുടെയെല്ലാം കുളിപ്പിയ്ക്കുന്നതും കറവ നടത്തുന്നതും തീറ്റ നല്‍കുന്നതുമെല്ലാം വലതുകയ്യുടെ മാത്രം കരുത്തില്‍ മൈഥിലി ഒറ്റയ്ക്കാണ്. കറവയന്ത്രങ്ങളുടെ സഹായമൊന്നും  പശുവിനെ കറക്കാന്‍ മൈഥിലിക്ക് വേണ്ടേ വേണ്ട. 

cow-2
മൈഥിലി പശുക്കൾക്ക് വൈക്കോൽ നൽകുന്നു

പത്തു പശുക്കളെ വളര്‍ത്തുന്നവര്‍ പോലും ഫാം ജോലിയ്ക്കായി രണ്ട് തൊഴിലാളികളെ തേടിയലയുന്ന ഈ കാലത്ത് തന്‍റെ ഫാമിലെ ജോലികളെല്ലാം ഒരു കയ്യുടെ ബലത്തില്‍  ഒറ്റയ്ക്ക് ചെയ്ത്  തീര്‍ത്ത്  വിജയകരമായി ഡയറിഫാം നടത്തുന്ന  മൈഥിലിയെന്ന ക്ഷീരകര്‍ഷക  സമാനതകളില്ലാത്ത ഒരതിജീവനക്ഷീരമാതൃകയാണെന്നതില്‍ സംശയമില്ല. മനക്കരുത്തുണ്ടെങ്കില്‍ കൈക്കരുത്തെന്തിനാണെന്ന പാഠം തന്‍റെ ജീവിതത്തിലൂടെ തെളിയിച്ച ഈ ക്ഷീരകര്‍ഷകയെ തേടിയെത്തിയ ആദരവുകളും അംഗീകാരങ്ങളും ഒട്ടേറെ. 

മൈഥിലിയുടെ ക്ഷീരസംരംഭത്തിന് മികവുകളേറെ

പ്രസിഡന്‍റാണ് കൂട്ടത്തിലെ കാര്യക്കാരി, പ്രായത്തില്‍ മൂത്തവളും അവള്‍ തന്നെ. 'അമ്മിണീ' എന്ന് മൈഥിലിയൊന്ന് നീട്ടിവിളിച്ചാല്‍ അമ്മിണി മാത്രമല്ല, വല്യമ്മിണിയും ചെറിയമ്മിണിയുമെല്ലാം തലവെട്ടിച്ച് നോക്കും. കൂട്ടത്തിലെ മിടുമിടുക്കി കല്ല്യാണിയാണ്. എച്ചൂട്ടിയും സിന്ധുവും മായയുമെല്ലാം മികവില്‍ തൊട്ടുപിന്നില്‍ തന്നെയുണ്ട്. ആരാണി പ്രസിഡന്‍റും മറ്റ് മിടുക്കികളുമെന്നല്ലേ..?.  ഇവരെല്ലാവരും മൈഥിലിയുടെ  തൊഴുത്തിലെ കറവപ്പശുക്കളാണ്. പാലുല്‍പ്പാദനമികവും പ്രായവും ഒക്കെ നോക്കി ഓരോ പശുക്കള്‍ക്കും ഓരോ ഓമനപ്പേരുകള്‍ മൈഥിലി നല്‍കിയിട്ടുണ്ട്.  ഒരിത്തിരി ഗൗരവത്തില്‍ മൈഥിലി ഒന്ന് പേര് വിളിക്കേണ്ട താമസമേയുള്ളൂ, പശുക്കള്‍ ഓരോന്നും കുറുമ്പുകള്‍ ഒക്കെ നിര്‍ത്തി അച്ചടക്കമുള്ളവരായി പാല്‍ ചുരത്താന്‍ തയാറാവും. അത്രയ്ക്കുണ്ട് മൈഥിലിയും പശുക്കളും തമ്മിലുള്ള മനസടുപ്പം. ഈ ഇണക്കത്തിന്  പിന്നില്‍ ഒരു രഹസ്യം കൂടിയുണ്ട്. പുറത്ത് നിന്നും വാങ്ങി മൈഥിലി തന്‍റെ തൊഴുത്തിലെത്തിച്ച പശുക്കളല്ല ഇവയൊന്നും. എല്ലാവരും മൈഥിലിയുടെ ഡയറി ഫാമില്‍ തന്നെ ജനിച്ച് വളര്‍ന്ന് വലുതായ കാമധേനുക്കളാണ്. കിടാവായ നാള്‍ മുതല്‍ പൊന്നുപോലെ പരിചരിച്ച് മൈഥിലി വളര്‍ത്തി വലുതാക്കിയ  പശുക്കളായതിനാല്‍  പിന്നെ ഇണക്കമില്ലാതിരിക്കുമോ..

സ്വന്തം തൊഴുത്തില്‍ നിന്ന് തന്നെ നല്ല കിടാക്കളെ കണ്ടെത്തി വളര്‍ത്തിവലുതാക്കി കറവപ്പശുക്കളാക്കിയാല്‍ നേട്ടങ്ങള്‍ ഏറെയാണെന്നാണ് മൈഥിലിയുടെ അനുഭവം. പുതിയ പശുക്കളെ വാങ്ങുന്ന ഭാരിച്ച ചെലവ് ഒഴിവാക്കാം എന്നതുതന്നെയാണ് പ്രധാനനേട്ടം. തമിഴ്നാട്ടില്‍നിന്നും മറ്റും പശുക്കളെ വാങ്ങുമ്പോള്‍ കൂടെ തൊഴുത്തുകയറി വരുന്ന അനാപ്ലാസ്മ, തൈലേറിയ പോലുള്ള രക്താണുരോഗങ്ങളും ഇന്നേറെയാണ്. എന്നാല്‍, സ്വന്തം കിടാരികള്‍ തന്നെയെങ്കില്‍ ഇത്തരം ആശങ്കകള്‍ ഒന്നും തന്നെ വേണ്ടേ വേണ്ട എന്നതാണ് മൈഥിലിയുടെ അഭിപ്രായം. മാത്രവുമല്ല നമ്മുടെ പരിസരങ്ങളുമായി ജനിച്ചനാള്‍ തൊട്ട് ഇണങ്ങി വളര്‍ന്ന പശുക്കളായതിനാല്‍ രോഗപ്രതിരോധശേഷിയില്‍ ഒരു പടി മുന്നില്‍ തന്നെയായിരിക്കും.  സങ്കരയിനം ഹോള്‍സ്റ്റീന്‍ പശുക്കളും, ജഴ്‌സി പശുക്കളും മൈഥിലിയുടെ ഫാമിലുണ്ട്. പാലുൽപാദനം കുറച്ച് കുറഞ്ഞാലും പാലിലെ കൊഴുപ്പളവും  രോഗപ്രതിരോധശേഷിയും കൂടുതലുള്ള സങ്കരയിനം ജഴ്‌സി പശുക്കളോടാണ്  മൈഥിലിക്ക് ഏറെ പ്രിയം. പാലുൽപാദനത്തിന്‍റെ ഏറിയ പങ്കും മില്‍മയിലേക്കാണ് നല്‍കുക. ഏറ്റവും കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകനുള്ള സഹകരണസംഘത്തിന്‍റെ  പുരസ്ക്കാരം വര്‍ഷങ്ങളായി തേടിയെത്തുന്നത് മൈഥിലിയെ തന്നെയാണ്. 

cow-1
മൈഥിലിയുടെ പശുക്കൾ

മനസുറപ്പിന്‍റെ കാരുത്തില്‍ പശുക്കള്‍ക്ക് പിഴവില്ലാത്ത പരിചരണം 

പുലര്‍ച്ചെ മൂന്നിനു തുടങ്ങും മൈഥിലിയുടെ ഒരു ക്ഷീരദിനം. പശുക്കളെയെല്ലാം തൊട്ടുണര്‍ത്തി തേച്ചുകുളിപ്പിച്ചൊരുക്കുന്നതോടെ കറവയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങും.  കറവ കഴിഞ്ഞാലുടന്‍ വൈക്കോലും ഒപ്പം കാലിത്തീറ്റയും അളവറിഞ്ഞു നല്‍കി പശുക്കള്‍ക്ക് പ്രഭാത തീറ്റയൊരുക്കും. കാത്സ്യം കൂടുതലുള്ള ധാതുലവണമിശ്രിതവും കരള്‍ ഉത്തേജനമിശ്രിതവും യീസ്റ്റ് അടങ്ങിയ മിത്രാണുമിശ്രിതവും തരാതരം പോലെ കൂടെ ചേര്‍ത്താണ്  കാലിത്തീറ്റയൊരുക്കുക.  ഓരോ ഒരു ലിറ്റര്‍ പാലിനും നാനൂറ് ഗ്രാമെന്ന കണക്കില്‍ കാലിത്തീറ്റ നല്‍കേണ്ടത് നിര്‍ബന്ധമാണ്. ഉൽപാദനശേഷിയുയര്‍ന്ന പശുക്കള്‍ തിരിമുറിയാതെ പാല്‍ ചുരത്തണമെങ്കില്‍ മാംസ്യത്തിന്‍റെ  അളവുയര്‍ന്ന  പ്രീമിയം കാലിത്തീറ്റകള്‍ തന്നെ പശുക്കള്‍ക്ക് നല്‍കണമെന്നാണ് മൈഥിലിയുടെ പക്ഷം. പകല്‍ പച്ചപ്പുല്ലും, വൈക്കോലും തന്നെയാണ് പ്രധാന തീറ്റ. മതിവരുവോളം കുടിക്കാന്‍ ശുദ്ധജലം എപ്പോഴും തൊഴുത്തില്‍ ഉറപ്പുവരുത്തും. 

വര്‍ഷം മുഴുവന്‍ തന്‍റെ പശുക്കള്‍ക്ക് തീറ്റ ലഭ്യത ഉറപ്പാക്കാന്‍ കൊയ്ത്തു കാലങ്ങളില്‍ വൈക്കോല്‍ വാങ്ങി സംഭരിക്കുന്നതാണ്  മൈഥിലിയുടെ രീതി. തീറ്റപ്പുല്ലിന്‍റെ ലഭ്യത കുറയുന്ന സമയത്ത് വൈക്കോലാണ്  പ്രധാന തീറ്റ, ഒപ്പം മീനെണ്ണയും നല്‍കും. ശുഷ്കാഹാരത്തിന്‍റെ കാര്യത്തില്‍  ഒരു കിലോ വൈക്കോല്‍ അഞ്ച് കിലോ പച്ചപ്പുല്ലിന് തുല്യമാണെന്ന പ്രായോഗിക  പാഠമാണ് ഇതിനടിസ്ഥാനം. ശാസ്ത്രീയ പരിചരണമുറകള്‍ തന്‍റെ പശുക്കള്‍ക്ക് ഉറപ്പ് വരുത്തുന്നതില്‍ ഒരു വിട്ടുവീഴ്ചയും മൈഥിലിക്കില്ല. ഗര്‍ഭിണികളായ പശുക്കള്‍ ചെനയുടെ ഏഴാം മാസത്തിലെത്തിയാല്‍ പിന്നീട് കറവ നിര്‍ത്തി രണ്ട് മാസം   വറ്റുകാലം ഉറപ്പുവരുത്തും. പ്രീമിയം തീറ്റ നല്‍കുന്നതിന്‍റെ അളവ് കുറച്ച് കൊണ്ട് വറ്റുകാലത്തിനായുള്ള ഒരുക്കങ്ങള്‍  ആറര മാസം പിന്നിടുമ്പോള്‍ തന്നെയാരംഭിക്കും. വറ്റുകാലമാരംഭിക്കുന്നതിനൊപ്പം  വറ്റുകാല ചികിത്സയും ഉറപ്പാക്കും. പ്രസവമടുക്കാറായ പശുക്കളെ പ്രസവം പ്രതീക്ഷിക്കുന്നതിന്‍റെ രണ്ടാഴ്ചകള്‍ക്ക് മുന്‍പ് പ്രത്യേകം ഒരുക്കിയ കാവിംഗ് ഷെഡുകളിലേക്ക് മാറ്റും. തീറ്റയും കുടിവെള്ളവും  മാത്രമല്ല നല്ല വൈക്കോല്‍  വിരിപ്പും പ്രസവ മുറികളില്‍ ഒരുക്കിയിരിക്കും.  പ്രസവാനന്തരം മൂന്ന് മാസമെത്തുമ്പോള്‍ തന്നെ പശുക്കള്‍ക്ക് കൃത്രിമ ബീജാധാനം നടത്തും. 

ഇന്നത്തെ കിടാക്കള്‍ നാളെയുടെ കാമധേനുക്കളാണ് എന്നതാണ്  മൈഥിലിയുടെ വിജയക്ഷീര മന്ത്രം. ഫാമിലുണ്ടാവുന്ന കിടാക്കളില്‍  മികച്ചവയെ കണ്ടെത്തി പ്രത്യേകം പരിചരണം നല്‍കി വളര്‍ത്തും. മൂരിക്കുട്ടന്മാരെ മൂന്ന് മാസമെത്തുമ്പോള്‍ വിൽപന നടത്തും. കന്നുകുട്ടികളെയെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുന്ന പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പശുക്കളെയെല്ലാം ഗോസമൃദ്ധി, ക്ഷീര സാന്ത്വനം  തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഇന്‍ഷുര്‍ ചെയ്ത് സാമ്പത്തിക സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. 

കടമ്പകള്‍ കടന്ന ക്ഷീരശോഭ

ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്നെത്തിയ ദുരന്തത്തിന്‍ മുന്നില്‍ തളര്‍ന്നു പോവാതെ മുന്നോട്ട് നടക്കാന്‍ തനിക്ക് തുണയായതും, സന്തോഷവും സാമ്പത്തിക സുരക്ഷിതത്വവുമുള്ള ഒരു ജീവിതം തിരികെ നല്‍കിയതും പശു വളര്‍ത്തലാണെന്ന് പറയുമ്പോള്‍ മൈഥിലിയുടെ മുഖത്ത് സംതൃപ്തിയേറെ. പശുവളര്‍ത്തലിലും, പാലുൽപാദനത്തിലും മാത്രം ഒതുങ്ങുന്നതല്ല ക്ഷീരമേഖലയിലെ മൈഥിലിയുടെ ഇടപെടലുകള്‍. ഇന്ന് മില്‍മ ക്ഷീരകര്‍ഷകര്‍ക്കായി നടത്തുന്ന വിവിധ ക്ഷീര പരിശീലന പരിപാടികളിലെ  സ്ഥിരം ഫാക്കല്‍റ്റി കൂടിയാണ് മൈഥിലി.  പശുക്കള്‍ മാത്രമല്ല താറാവുകളെയും, ആടുകളെയും, മുയലുകളെയും, നാടന്‍ കോഴികളെയുമെല്ലാം  പശുക്കള്‍ക്ക് കൂട്ടായി ഡെയറിഫാമിന്‍റെ  ചുറ്റുവട്ടത്തില്‍ മൈഥിലി വളര്‍ത്തുന്നുണ്ട്. ഒപ്പം ജൈവവാഴകൃഷിയുമുണ്ട്. 

അപകടം ഒരു കരത്തിന്‍റെ ആരോഗ്യം കവര്‍ന്നെടുത്ത തനിക്ക് പോലും മറുകരത്തിന്‍റെയും മനസുറപ്പിന്‍റെയും കരുത്തില്‍ ഒരു ചെറിയ ക്ഷീരസംരംഭമൊരുക്കി ജീവിതം തിരിച്ചുപിടിക്കാന്‍ സാധ്യമായിട്ടുണ്ടെങ്കില്‍ ആത്മാർഥതയോടെ അറിഞ്ഞദ്ധ്വാനിക്കാന്‍ മനസുള്ള ആര്‍ക്കും  ക്ഷീരമേഖലയില്‍ വിജയം സുനിശ്ചിതമാണെന്ന് മൈഥിലി പറയുന്നു. തീറ്റപ്പുല്‍കൃഷി വിപുലപ്പെടുത്തല്‍, തൊഴുത്ത് പുതുക്കി പണിത് പശുക്കളുടെ എണ്ണമുയര്‍ത്തല്‍ തുടങ്ങിയ പല പദ്ധതികളും ഇനിയും മൈഥിലിയുടെ മനസിലുണ്ട്. പരിമിതികളെ ഊർജമാക്കി, ക്ഷീരമേഖലയില്‍ കയ്യൊപ്പ് ചാര്‍ത്തി മൈഥിലിയുടെ ക്ഷീരയാത്ര തുടരുകയാണ്. 

കൂടുതൽ വിവരങ്ങൾക്ക്

മൈഥിലി ഡയറി ഫാം, മുരായില്‍ വീട്, തിപ്പിലശേരി (പോസ്റ്റ്), പെരുമ്പിലാവ്, തൃശ്ശൂര്‍‌.

ഫോണ്‍- 8111824553

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com