ADVERTISEMENT

"ഹോർമോൺ കുത്തി വച്ച കോഴി കഴിക്കല്ലേ" എന്ന വാട്‌സാപ് സന്ദേശങ്ങൾ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിനാൽത്തന്നെ അതേക്കുറിച്ചുള്ള സംശയങ്ങളും ഒട്ടും കുറവല്ല.  പലയിടങ്ങളിലും പ്രസ്തുത വിഷയത്തിൽ ചർച്ചകൾ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും തുടർച്ചയായ ബോധവൽകരണം ഈ വിഷയത്തിൽ ആവശ്യമാണെന്ന് കരുതുന്നു. 

അഞ്ചു മുതൽ ആറാഴ്ച കൊണ്ട് ബ്രോയ്‌ലർ കോഴികൾ രണ്ട് കിലോഗ്രാം വളർച്ചയെത്തുന്നത് അതിന്റെ ജനിതക ഗുണം മൂലവും,  മെച്ചപ്പെട്ട സാന്ത്രീകൃത തീറ്റ,  അനുയോജ്യമായ വളർത്തൽ രീതികൾ, വാക്‌സിനേഷൻ,  ജൈവ സുരക്ഷ, രോഗ നിയന്ത്രണം എന്നീ കാര്യങ്ങൾ അവലംബിക്കുന്നതിനാലുമാണ്. പുതിയയിനം പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും പശുവിന്റെ പാലിനുമൊക്കെ കാലാകാലങ്ങളിൽ വന്നിട്ടുള്ള ഉൽപാദന വർധന ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ?  അപ്പോൾ പിന്നെ എന്തിന് പാവം കോഴികളെ മാത്രം സംശയിക്കണം?

ഇനി ഹോർമോണിനെക്കുറിച്ചു ചർച്ച ചെയ്യാം. ഒന്നാമതായി ഹോർമോൺ സംയുക്തങ്ങൾ  കോഴികളുടെ തീറ്റയിൽ പണ്ടേ നിയമം മൂലം നിരോധിച്ചിട്ടുള്ളതാണ്.  അതിനാൽ തന്നെ പ്രമുഖ തീറ്റ ഉൽപാദകരൊന്നുംതന്നെ അവ തീറ്റയിൽ ചേർക്കുന്നതിനെക്കുറിച്ച്  ചിന്തിക്കുക പോലുമില്ല! 

വളർച്ചയ്ക്കാവശ്യമായ "ഗ്രോത്" ഹോർമോൺ ഒരു പ്രോട്ടീൻ ഹോർമോൺ ആണ്. തീറ്റയിലോ വെള്ളത്തിലോ ചേർത്ത് ഇവ നൽകുകയാണെങ്കിൽ ഏതൊരു പ്രോട്ടീനുംപോലെ ഇവ അതിവേഗം ദഹനപ്രക്രിയയിലൂടെ വിഘടിച്ചു പോവും. അതിനാൽ ഇവ കോഴികളുടെ തൂക്കം വർധിപ്പിക്കാനുപയോഗിക്കും എന്നു പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം ഹോർമോണുകൾ ഒരു ചെറിയ അളവിലെങ്കിലും വളർച്ചയ്ക്ക് സഹായിച്ചാൽ തന്നെ അത് നിരന്തരം ഇഞ്ച‌ക്ഷ‌ൻ മുഖേന നൽകേണ്ടതായിട്ടുണ്ട്. ഇതേ കാരണത്താലാണ് ഡയബറ്റിക് രോഗികൾ ഇപ്പോഴും ഇൻസുലിൻ കുത്തിവയ്പ്പായിത്തന്നെ എടുക്കുന്നത്. എന്നാൽ, പതിനായിരക്കണക്കിനും ലക്ഷകണക്കിനും കോഴികളെ ഒരുമിച്ച് വളർത്തുന്ന ഫാമുകളിൽ ഇത്‌ മുതലാവുകയോ പ്രയോഗികമാവുകയോ ഇല്ല!

ഇനി ചിലരുടെ സംശയം അത്‌ലറ്റുകളും മറ്റും ഉപയോഗിക്കുന്ന സ്റ്റിറോയിഡുകൾ ആണോ കോഴികളിൽ തൂക്കം കൂട്ടാൻ  ഉപയോഗിക്കുന്നതെന്നാണ്! ചില വിഭാഗം സ്റ്റിറോയിഡുകൾ മസിൽ വളർച്ചയെ സഹായിക്കുമെന്നത് വാസ്തവമാണ്.  എന്നാൽ, അത്തരത്തിലുള്ള മസിൽ വളർച്ചയ്ക്ക് സ്റ്റിറോയിഡ് കുത്തിവയ്‌പ്പിനൊപ്പം തന്നെ തുടർച്ചയായ കായികാധ്വാനവും ആവശ്യമാണ്. എന്നാൽ, കേവലം ഒരു ചതുരശ്ര അടി സ്ഥലം മാത്രം കൊടുത്ത് പറക്കാനോ ഒന്നോടി നടക്കാനോ പോലും സാഹചര്യമില്ലാത്ത ബ്രോയ്‌ലർ കോഴികളിൽ ഇതൊന്നും തന്നെ പ്രായോഗികമല്ല എന്നോർക്കണം. പോരാത്തതിന് സ്റ്റിറോയിഡ് ഹോർമോണുകൾ വളരെ ചെലവേറിയതാണെന്ന വസ്തുത ഒരു തവണയെങ്കിലും ഹോർമോൺ ചികിത്സയ്ക്കു വിധേയരായവർക്കൊക്കെ   അറിവുള്ളതായിരിക്കും. വ്യാവസായികാടിസ്ഥാനത്തിലുള്ള ബ്രോയ്‌ലർ കോഴി വളർത്തൽ പലപ്പോഴും ലാഭ നഷ്ടങ്ങൾ ഇടകലർന്ന സംരംഭമായതിനാൽ വില കൂടിയ ഹോർമോൺ സംയുക്തങ്ങൾ ഇവയുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നില്ലന്നുള്ളത് ഈ മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്നവർക്കൊക്കെ ബോധ്യമുള്ളതാണ്.

ഇനിയും സംശയം ബാക്കി നിൽക്കുന്നവരോട് ഒന്നേ പറയാനുള്ളു.  നിങ്ങൾ പോയി പത്തു ബ്രോയ്‌ലർ കോഴിക്കുഞ്ഞുങ്ങളെ വാങ്ങി,  പ്രീ സ്റ്റാർട്ടർ,  സ്റ്റാർട്ടർ,  ഫിനിഷർ എന്നീ തീറ്റകൾ മുറപ്രകാരം നൽകി അവയെ വളർത്തി നോക്കുക.  നിങ്ങളുടെ കോഴികൾക്ക് ആറാഴ്ച കൊണ്ട് ലഭിക്കാൻ പോകുന്ന തൂക്കം തന്നെയാണ് നിങ്ങളുടെ സംശയങ്ങൾക്കുള്ള ഏറ്റവും നല്ല മറുപടി!!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com