sections
MORE

പൂച്ചകളെ വളർത്തുന്നുണ്ടോ? എങ്കിൽ രോഗപ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിരിക്കണം

HIGHLIGHTS
  • എട്ട് ആഴ്ച പ്രായമാകുമ്പോള്‍ പൂച്ചക്കുട്ടികള്‍ക്ക് ആദ്യ പ്രതിരോധ കുത്തിവയ്പ്
  • ഉരുണ്ട വിരകളും, നാടവിരകളുമാണ് പൂച്ചകളെ പ്രധാമായും ബാധിക്കുന്നത്
cat-1
SHARE

പൂച്ചകളെ ബാധിക്കുന്ന അഞ്ചു വൈറസ് രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പുകളാണ് നിലവില്‍ നല്‍കാറുള്ളത്.  ഫെലൈന്‍ പാന്‍ ലുക്കോപീനിയ, ഫെലൈന്‍ ഇന്‍ഫക്ഷ്യസ്, റൈനോട്രക്കൈറ്റിസ്, ഫെലൈന്‍ കാല്‍സി വൈറസ് ബാധ, പേവിഷബാധ എന്നിവയാണിവ. കൂടാതെ കൃത്യസമയത്ത്  കൃത്യമായ അളവില്‍ ശരിയായ മരുന്ന് അഥവാ മരുന്നുകള്‍ ഉപയോഗിച്ചുള്ള വിരയിളക്കലും ഏറെ പ്രധാനമാണ്.  

ഫെലൈന്‍ പാന്‍ലുക്കോപീനിയ (Feline Panleukopenia) പൂച്ചകളെ  ബാധിക്കുന്ന  മാരകമായ  വൈറസ്  രോഗമാണ്. പകര്‍ച്ചവ്യാധിയായ  ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവയാണ്. വായ, തൊണ്ട എന്നിവിടങ്ങളില്‍  വ്രണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതുമൂലം  ആഹാരവും ജലപാനവും മുടങ്ങുന്നു. ഗര്‍ഭമലസല്‍ ജനിക്കുന്ന കുഞ്ഞുങ്ങളിലെ  പ്രശ്‌നങ്ങള്‍ എന്നിവയുമുണ്ടാകും.  ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് രോഗമാണ് ഫെലൈന്‍ റൈനോ ട്രക്കിയേറ്റിസ് (Felin RhinoTrachiatis). പനി, തുമ്മല്‍, കണ്ണുകളില്‍ പഴുപ്പ്, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍. വായില്‍നിന്നും ഉമിനീരൊലിക്കാം. ന്യൂമോണിയയായി മാറി മരണം സംഭവിക്കാം.  ഫലപ്രദമായ ചികിത്സയില്ല.  കാല്‍സി വൈറസ് ബാധ (Calci virus infection) ലക്ഷണങ്ങളും  റൈനോട്രക്കിയേറ്റിസിന് സമമാണ്. മൂക്കിലും, വായിലും കുമിളകള്‍ പ്രത്യക്ഷപ്പെട്ട് പൊട്ടി വ്രണങ്ങളാകുന്നു. 

പേ ബാധിച്ച നായയുടെ കടിയിലൂടെയാണ് പൂച്ചകള്‍ക്ക് പേവിഷബാധ മിക്കവാറും ഉണ്ടാകുക. ചികിത്സയില്ലാത്ത രോഗത്തിന് മരണം സുനിശ്ചിതം.  ആക്രമണ സ്വഭാവമുള്ള ക്രൂദ്ധ രൂപത്തിലോ തളര്‍ച്ച ലക്ഷണമായ  മൂക രൂപത്തിലോ വിഷബാധ കാണപ്പെടാം. ആദ്യ രൂപത്തില്‍ ആക്രമണ സ്വഭാവം കാണിക്കാത്ത പൂച്ച  അലഞ്ഞു തിരിയുകയും അനുസരണയില്ലായ്മ കാണിക്കുകയും ചെയ്യും.  കരയുന്നതിന്റെ  ശബ്ദത്തിലും  വ്യതിയാനങ്ങള്‍ കാണപ്പെടുന്നു.  മൂക രൂപത്തില്‍ നാവും കീഴ്ത്താടിയും  തളര്‍ന്ന് ഉമിനീര്‍ ഒഴുകുന്നു.  3-4 ദിവസത്തിനുള്ളില്‍ തന്നെ രണ്ടു രൂപത്തിലും  മരണമെത്തുന്നു.  പൂച്ചയുടെ സവിശേഷ സ്വഭാവമായ കൈ ഉപയോഗിച്ചുള്ള മുഖം മിനുക്കല്‍ കാരണം നഖങ്ങള്‍ക്കിടയിലും മറ്റും ഉമിനീരിന്റെ  സാന്നിധ്യമുണ്ടാകുന്നത് ഏറെ  അപകടകരമാണ്.  പേയുള്ള പൂച്ചയുടെ കടി, മാന്തല്‍ എന്നിവയിലൂടെ മനുഷ്യരിലേക്ക് രോഗം പകരാം. പൂച്ച വീടിനുള്ളില്‍ സ്ഥിരമായി കഴിയുന്ന   കുടുംബാംഗങ്ങളുമായി നിരന്തരം സമ്പര്‍ക്കം  പുലര്‍ത്തുന്ന മൃഗമായതിനാല്‍ ഏറെ ശ്രദ്ധ വേണം.  

cat-2

എട്ട് ആഴ്ച പ്രായമാകുമ്പോള്‍ പൂച്ചക്കുട്ടികള്‍ക്ക് ആദ്യ പ്രതിരോധ കുത്തിവയ്പ് നല്‍കണം. ഫെലൈന്‍ കാല്‍സി വൈറസ്, റൈനോട്രാക്കിയേറ്റിസ്, പാന്‍ലുക്കോപീനിയ എന്നീ മൂന്നു രോഗങ്ങള്‍ക്കെതിരെയുള്ള  ഒരു പ്രതിരോധ കുത്തിവയ്പ് ആണ് നല്‍കേണ്ടത്. പന്ത്രണ്ട് ആഴ്ച പ്രായത്തില്‍ (ഒരു മാസത്തിനുശേഷം) ബൂസ്റ്റര്‍ ഡോസ് നല്‍കണം. പിന്നീട് വര്‍ഷംതോറും കുത്തിവയ്പ് ആവര്‍ത്തിക്കണം. പേവിഷബാധ പ്രതിരോധ കുത്തിവയ്പ്കൂടി ചേര്‍ത്ത് നാലു രോഗങ്ങള്‍ക്കെതിരെയുള്ള ഒരൊറ്റ പ്രതിരോധ കുത്തിവെയ്പും വിപണയിലുണ്ട്.  എട്ടാമത്തെ ആഴ്ചയില്‍ നല്‍കുന്ന പ്രതിരോധ കുത്തിവയ്പില്‍ പേ വിഷബാധയ്ക്കുള്ള വാക്‌സിന്‍ അടങ്ങിയിട്ടില്ലെങ്കില്‍ പത്ത് ആഴ്ച പ്രായത്തില്‍ നായ്ക്കള്‍ക്കുള്ള  പേ വിഷബാധയുടെ പ്രതിരോധ കുത്തിവയ്പ് വാക്‌സിന്‍  പൂച്ചകള്‍ക്ക് നല്‍കുകയും ഒരു മാസത്തിന് ശേഷം  ബൂസ്റ്റര്‍ ഡോസും നല്‍കണം. പിന്നീട് വര്‍ഷത്തിലൊരിക്കല്‍ ആവര്‍ത്തന കുത്തിവയ്പും നല്‍കണം. പൂച്ചകൾക്കു പ്രത്യേകമായി പേ വിഷബാധ വാക്‌സിന്‍  വിപണിയില്‍ ലഭ്യമല്ലാത്തതിനാല്‍ നായ്ക്കള്‍ക്കുള്ള റാബിസ് വാക്‌സിനാണ്  ഉപയോഗിക്കുന്നത്. ഗര്‍ഭിണിയായ പൂച്ചകളില്‍ ഫെലൈന്‍ ലൂക്കോപീനിയ 'ലൈവ് വാക്‌സിന്‍' (Live Vaccine) ആയതിനാല്‍ പകരം കനൈന്‍ പാര്‍വോ വൈറസ് വാക്‌സിനാണ് ഉപയോഗിക്കേണ്ടത്. 

ഉരുണ്ട വിരകളും, നാടവിരകളുമാണ് പൂച്ചകളെ പ്രധാമായും ബാധിക്കുന്നത്. വിരമരുന്ന് നല്‍കേണ്ട സമയം, അളവ്, മരുന്ന് എന്നിവ 2 ആഴ്ച, 4 ആഴ്ച പ്രായത്തില്‍  പൈറാന്റല്‍ പാമേയേറ്റ് ഇനത്തില്‍പ്പെട്ട വിരമരുന്നുപയോഗിച്ചും പിന്നീട് 6,8 ആഴ്ചകളില്‍ പൈറാന്റല്‍, പ്രാസിക്വാന്റല്‍, ഫെന്‍ ബെന്‍ഡസോള്‍ എന്നീ മരുന്നുകള്‍ ഉപയോഗിച്ച് ആറുമാസം പ്രായംവരെ  മാസത്തിലൊന്ന് വിരമരുന്ന് നല്‍കണം. വിരമരുന്നുകളുടെ കൃത്യതയില്ലാത്ത അനവസരത്തിലുള്ള  അനുചിതമായ മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ ഗുണത്തേക്കാളേറെ ദോഷകരമാണ്.  വിരകള്‍ വിരമരുന്നുകള്‍ക്കെതിരെ  പ്രതിരോധം നേടിയെടുത്ത് പിന്നീട് വിരമരുന്നുകള്‍ ഫലപ്രദമാകാത്ത  അവസ്ഥയുണ്ടാകും.  അതിനാല്‍ വിരമരുന്നുപയോഗം വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമായിരിക്കണം.

സാംക്രമിക, പരാദ രോഗങ്ങള്‍ക്കു പുറമേ പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗങ്ങള്‍ തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ പൂച്ചകള്‍ക്ക് വരാം. ആരോഗ്യ കാര്യങ്ങളില്‍ ഫാമിലി വെറ്ററിനറിഡോക്ടറുമായി ചേര്‍ന്നുള്ള തീരുമാനങ്ങള്‍ എടുക്കണം. പേവിഷബാധ, ടോക്‌സോപ്ലാസ്‌മോസിസ്  തുടങ്ങിയ രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുള്ളവയാണ്. വീടിനകത്തു കഴിയുന്ന മൃഗങ്ങളായതിനാല്‍ ജന്തുജന്യരോഗങ്ങള്‍ക്കെതിരെ അതീവശ്രദ്ധ വേണം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA