സർക്കാരിന്റെ ഇറച്ചിക്കോഴിപ്പരസ്യം തെറ്റിദ്ധരിപ്പിക്കുന്നത്: ഐവിഎ

HIGHLIGHTS
  • പരസ്യത്തിലെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എത്രയും വേഗം പിൻവലിക്കണം
  • ഹോർമോൺ തീറ്റയിലൂടെയോ കുത്തിവയ്പ്പായോ നൽകുന്നില്ല
kerala-chicken
SHARE

കേരള സംസ്ഥാന സർക്കാർ നടപ്പാക്കിയ കേരള ചിക്കന്റെ പരസ്യ വാചകത്തിനെതിരേ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻറെ (ഐവിഎ) കേരള ഘടകം രംഗത്ത്. "ഇനി കഴിക്കാം തനി മലയാളി കോഴി" എന്ന ടാഗ് ലൈനിൽ സർക്കാർ ഇറക്കിയ പരസ്യത്തിൽ "ഹോർമോൺ ഫീഡ് നൽകാത്ത, വിശ്വസിച്ച് കഴിക്കാനാകുന്ന ബ്രോയിലർ ചിക്കൻ" എന്ന പരാമർശത്തെയാണ് ഐവിഎ ചോദ്യം ചെയ്യുന്നത്. സർക്കാരിനുവേണ്ടി കുടുംബശ്രീയാണ് കേരള ചിക്കൻ പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീയുടെ കേരള ചിക്കനിൽ ഹോർമോൺ ഇല്ല, മറ്റുള്ളവർ വളർത്തുന്ന ചിക്കനിൽ ഹോർമോൺ ഉണ്ട് എന്ന ധ്വനിയാണ് പരസ്യ വാചകത്തിലുള്ളതെന്നും കുടുംബശ്രീ സ്റ്റേറ്റ് മിഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എസ്. ഹരികിഷോറിന് ഐവിഎ അയച്ച കത്തിൽ പറയുന്നു. ബ്രോയിലർ വ്യവസായത്തിൽ ഹോർമോൺ തീറ്റയിലൂടെയോ കുത്തിവയ്പ്പായോ നൽകുന്നില്ല. അതുകൊണ്ടുതന്നെ സർക്കാർ ഏജൻസിയായ കുടുംബശ്രീയുടെ പരസ്യം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്നും കേരളത്തിലെ ബ്രോയിലർ കോഴി കർഷരെ പ്രതിസന്ധിയിലാക്കുന്നതാണെന്നും കത്തിൽ പറയുന്നു.

kerala-chicken-1
കേരള ചിക്കന്റെ പരസ്യം

ആയതിനാൽ, ബന്ധപ്പെട്ട അധികൃതർ പരസ്യത്തിലെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ എത്രയും വേഗം പിൻവലിക്കണം. തുടർന്നുള്ള പരസ്യങ്ങളിലും ഇത്തരത്തിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനു മുമ്പ് വിഷയവുമായി ബന്ധമുള്ളരെ കാണിക്കുന്നത് ഉചിതമാണെന്നും ഐവിഎ ജനറൽ സെക്രട്ടറി ഡോ. എം.കെ. മുഹമ്മദ് അസ്‌ലം കത്തിൽ പറയുന്നു.

kerala-chicken-2
ഐവിഎ–കേരളയുടെ കത്ത്

അതേസമയം, പരസ്യങ്ങളിലൂടെ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡാർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)യുടെ നിയമം അനുസരിച്ച് ഗുരുതരമായ തെറ്റാണ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പുറത്തിറക്കുന്ന കമ്പനികൾക്ക് പത്തു ലക്ഷം രൂപ വരെ പിഴ ചുമത്താൻ 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമത്തിന്റെ 53–ാം സെക്ഷനിൽ അനുശാസിക്കുന്നുണ്ട്. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA