ADVERTISEMENT

അകാലത്തില്‍ വിടപറഞ്ഞ തങ്ങളുടെ  കുടുംബത്തിന്‍റെ ആത്മമിത്രമായിരുന്ന പൂച്ചയുടെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍  "മോളൂട്ടി, വി ബാഡ്‌ലി മിസ് യു" എന്ന് സ്നേഹക്കുറിപ്പെഴുതി പത്രത്തില്‍ നല്‍കിയ കുടുംബം നേരിട്ട ട്രോളുകളും പരിഹാസങ്ങളും ചില്ലറയല്ല. ചിലര്‍ക്ക്  "ചുഞ്ചുനായര്‍" എന്ന പേരിനോടായിരുന്നു അരിശമെങ്കില്‍  മറ്റു ചിലര്‍ ട്രോളിയത് കാശുമുടക്കി പത്രത്തില്‍ പൂച്ചയുടെ സ്മരണാഞ്ജലി പ്രസിദ്ധപ്പെടുത്തിയതിനെയായിരുന്നു. ചുഞ്ചുനായര്‍ തങ്ങള്‍ക്ക് ഒരു മകളെ പോലെയായിരുന്നെന്നും പ്രാണനായ പൂച്ചയുടെ വിരഹം താങ്ങാനാവാതെയാണ് തങ്ങള്‍ പരസ്യം നല്‍കിയതെന്നും  നവി മുംബൈയില്‍ താമസമാക്കിയ മലയാളി കുടുംബം പിന്നീട് മാധ്യമപ്രവര്‍ത്തകരോട് വിശദമാക്കിയെങ്കിലും ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും "ചുഞ്ചു നായര്‍ പൂച്ച ട്രോളുകള്‍" നവമാധ്യമങ്ങളില്‍ കാണാം. 

കഴിഞ്ഞ എട്ടു വര്‍ഷമായി തന്‍റെ കുടുംബത്തിന്‍റെ കൂട്ടുകാരനായും കാവലായും ഒപ്പമുണ്ടായിരുന്ന ബെന്‍ എന്ന നായയുടെ ആകസ്മികമായ വിയോഗം ഈയിടെ ഏറെ വേദനയോടെ പങ്കുവച്ചത് നടന്‍ ജയറാമാണ്. ഗ്രേറ്റ് ഡേന്‍ ഹാര്‍ലിക്വിന്‍ കോട്ട്  ഇനത്തില്‍പ്പെട്ട നായയായിരുന്നു ജയറാമിന്‍റെ പ്രിയപ്പെട്ട ബെന്‍. ശരീരവലുപ്പത്തിന്‍റെ കാര്യത്തില്‍ നായലോകത്തെ തന്നെ ഒന്നാമന്മാരാണ് ഗ്രേറ്റ്ഡേന്‍ ഹാര്‍ലിക്വിന്‍ നായ്ക്കള്‍. 'ജെന്‍റില്‍ ജയന്‍റ് ഓഫ് ഡോഗ് വേള്‍ഡ്' എന്നാണ് ഈ ഇനത്തിന്‍റെ വിശേഷണം. തന്‍റെ വലുപ്പത്തോളം തന്നെ പോന്ന വലിയ ഒരു മനസുമുള്ളവരാണ് ഗ്രേറ്റ് ഡേന്‍ ഹാര്‍ലിക്വിന്‍ നായ്ക്കള്‍. തന്‍റെ യജമാനനോടും അദ്ദേഹത്തിന്‍റെ കുടുംബത്തോടുമുള്ള ഇണക്കത്തിന്‍റെയും സ്നേഹസാമീപ്യത്തിന്‍റെയും കാര്യത്തില്‍ പേര് കേട്ടവരാണിവര്‍. ബെന്നിനൊപ്പമുള്ള സ്നേഹമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ജയറാം തന്‍റെ നൊമ്പരത്തെ  ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

jayaram
ജയറാമും പാർവതിയും ബെന്നിനൊപ്പം

തങ്ങളുടെ അരുമകളെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നവരെ  സംബന്ധിച്ചിടത്തോളം അവയുടെ അകാലത്തിലുള്ളതും അപ്രതീക്ഷിതവുമായ നഷ്ടമുണ്ടാക്കുന്ന ആഘാതം ചെറുതൊന്നുമായിരിക്കില്ല. ഒരു പക്ഷേ, ജീവിതത്തില്‍നിന്നും അവയുടെ വിടവാങ്ങലുണ്ടാക്കുന്ന വിടവ് നികത്താന്‍ കാലങ്ങളെടുക്കും. അവയുമായുല്ലസിച്ച സമയങ്ങള്‍, സന്ദര്‍ഭങ്ങള്‍ എല്ലാം ഓര്‍മ്മകളെ വേട്ടയാടും. 

അരുമകളുടെ മരണത്തില്‍ മനംനൊന്ത് മാനസികമായി തകര്‍ന്നുപോയവരുടെ കണ്ണു നനയിപ്പിക്കുന്ന കഥകള്‍ ചിലതെങ്കിലും കേട്ടവരാണ് നമ്മളില്‍ പലരും, സ്വജീവിതത്തില്‍ അനുഭവിച്ചവരും ഏറെ. അകാലത്തില്‍ വിടചൊല്ലിയ  അരുമകളെയോര്‍ത്ത്  മനം തകര്‍ന്നുപോയവരില്‍ ജനലക്ഷങ്ങളെ പതിറ്റാണ്ടുകള്‍ ധീരമായി നയിച്ച, രാജ്യഭരണം നിയന്ത്രിച്ച വലിയ നേതാക്കന്മാര്‍ പോലുമുണ്ട്. 

jayalalitha
ജയലളിതയും ജൂലിയും

ജയലളിതയും ജൂലിയും - ജീവിതസഖ്യത്തിന്‍റെ കഥ

വര്‍ഷം 1998, ഒരു സെപ്റ്റംബര്‍ മാസം, ഡല്‍ഹിയില്‍ തന്‍റെ അണ്ണാ ഡിഎംകെ പാര്‍ട്ടി ദേശീയതലത്തില്‍ പിന്തുണയ്ക്കുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ സുപ്രധാനമായ  മീറ്റിങ്ങുകളിലൊന്നില്‍ പങ്കെടുക്കുകയായിരുന്നു പുരട്ച്ചി തലൈവി ജെ. ജയലളിത. മീറ്റിങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടി ജയലളിത ഡല്‍ഹിയിലെത്തുന്നത് തന്നെ അപൂര്‍വ്വം. ചര്‍ച്ച നടന്നുകൊണ്ടിരിക്കെ പൊടുന്നനെ യോഗസ്ഥലത്തുനിന്നും ഒന്നും മിണ്ടാതെ മ്ലാനതയാര്‍ന്ന  മുഖവുമായി തലൈവി ജയലളിത ഇറങ്ങിപ്പോയപ്പോള്‍ അണ്ണാ ഡിഎംകെ പാര്‍ട്ടി, എന്‍ഡിഎ സഖ്യമുപേക്ഷിച്ചെന്ന് കരുതിയവരില്‍ മുതിര്‍ന്ന രാഷ്ട്രീയ നിരീക്ഷകര്‍ പോലുമുണ്ടായിരുന്നു. എന്നാല്‍, അതൊന്നുമല്ലായിരുന്നു കാരണം, താന്‍ പ്രാണനു തുല്യം സ്നേഹിച്ചു വളര്‍ത്തിയിരുന്ന സ്പിറ്റ്സ് ഇനത്തില്‍പ്പെട്ട ജൂലിയെന്ന നായയുടെ അകാലത്തിലുള്ള മരണവാര്‍ത്ത അറിഞ്ഞ് ദുഃഖം താങ്ങാനാവാതെയാണ് അന്ന് ജയലളിത യോഗസ്ഥലം വിട്ടിറങ്ങിയതെന്ന സത്യം പിന്നീടാണ് ഏവരും അറിഞ്ഞത്.

നായ്ക്കളെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന ജയലളിത ജൂലിയുടെ മരണത്തോടെ നായവളര്‍ത്തലിന് വിരാമമിട്ടു. അമ്മയുടെ വിഷമം കണ്ട് പുതിയ ഒരു നായയെ കണ്ടെത്തി വളര്‍ത്താമെന്ന് ആരാധകരും അനുയായികളും  തലൈവിയെ ഉപദേശിച്ചെങ്കിലും അവരത് നിരസിച്ചു. 'ഇതുപോലെ ഇനിയൊരു വിരഹം കൂടി താങ്ങാന്‍  തനിക്ക് കരുത്തില്ലെന്നാണ്' പതിറ്റാണ്ടുകളോളം തമിഴ്‌നാട് രാഷ്ട്രീയത്തെയും  ഒരുവേള ഡല്‍ഹി രാഷ്ട്രീയത്തെയും തന്‍റെ ഉള്ളംകയ്യില്‍ നിയന്ത്രിച്ച് ശക്തികേന്ദ്രമായി വാണ കരുത്തരില്‍ കരുത്തയായിരുന്ന പുരട്ച്ചി തലൈവി അതിന് മറുപടി പറഞ്ഞത്. ഇദയക്കനിക്ക്  അത്രയ്ക്കുണ്ടായിരുന്നു വിരഹവേദന. "ഞാന്‍ എവിടെപോയാലും  അവള്‍ എനിക്കൊപ്പം ഉണ്ടാവുമായിരുന്നു, എഴുതാനിരുന്നാല്‍ എന്‍റെ കാല്‍ ചുവട്ടില്‍ അവളുണ്ടാവും" പിന്നീട് ജൂലിയുടെ സ്നേഹമുള്ള ഓര്‍മ്മകള്‍ ജയലളിത കുറിച്ചതിങ്ങനെയാണ്. 

karunanithi
കരുണാനിധിയും ബ്ലാക്കിയും (ഇടത്ത്), ഖന്നയ്ക്കാപ്പം (വലത്ത്)

ബ്ലാക്കി യാത്രയായി, കലൈഞ്ജര്‍ മാംസാഹാരമുപേക്ഷിച്ചത് രണ്ട് കൊല്ലം 

തമിഴ്‌നാട് രാഷ്ട്രീയത്തിന്‍റെ ഗതിവിഗതികളെ പതീറ്റാണ്ടുകള്‍ നിയന്ത്രിച്ച കലൈഞ്ജര്‍ മുത്തുവേല്‍ കരുണാനിധിക്ക് പ്രിയപ്പെട്ട നായ്ക്കള്‍ മൂന്നായിരുന്നു. ലാസാ ആപ്സോ ഇനത്തില്‍പ്പെട്ട ഖന്നയും സിങ്കം എന്നു വിളിച്ച പഗ്ഗും. എന്നാല്‍, ഇവര്‍ രണ്ടു പേരേക്കാള്‍ കലൈഞ്ജര്‍ക്ക് പ്രിയമിത്തിരി കൂടുതല്‍  ഡാഷ്ഹണ്ട് ഇനത്തില്‍പ്പെട്ട ബ്ലാക്കിയോടായിരുന്നു. തന്‍റെ തിരക്കുപിടിച്ച രാഷ്ട്രീയ ജീവിതത്തിനിടയിലും തന്‍റെ സന്തതസഹചാരിയായ ബ്ലാക്കിയെ ഓമനിക്കാന്‍ കലൈഞ്ജര്‍ മറക്കാറില്ലായിരുന്നു. മാംസാഹാര പ്രിയനായ, പ്രത്യേകിച്ച് കടല്‍മത്സ്യവിഭവങ്ങളോട് ഏറെ പ്രിയം വച്ചിരുന്ന കരുണാനിധി തന്‍റെ ആഹാരത്തില്‍നിന്ന് എപ്പോഴും ഒരു പങ്ക് ബ്ലാക്കിക്കായി മാറ്റിവയ്ക്കും. 

ഒടുവില്‍ അകാലത്തില്‍ ബ്ലാക്കി വിടപറഞ്ഞപ്പോഴത് തെല്ലൊന്നുമല്ല കലൈഞ്ജറെ ഉലച്ചത്. ബ്ലാക്കിയുടെ  മരണത്തോടെ കരുണാനിധി താനും അവളും ഏറെ ഇഷ്ടപ്പെട്ടിരുന്ന മാംസാഹാരവും, മത്സ്യവിഭവങ്ങളും ഉപേക്ഷിച്ചു. രണ്ടുകൊല്ലമാണ് ബ്ലാക്കിയോടുള്ള ഓര്‍മ്മസൂചകമായി കരുണാനിധി മാംസാഹാരത്തെ മാറ്റിനിര്‍ത്തിയത്. രണ്ട് കൊല്ലം പിന്നിട്ടപ്പോള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം അദ്ദേഹം പിന്നീടുള്ള തന്‍റെ ജീവിതത്തില്‍ മാംസാഹാരം പൂര്‍ണ്ണമായും വര്‍ജ്ജിച്ചു. ചെന്നൈയിലെ ഒലിവര്‍ റോഡിലുള്ള വസതിയിലാണ് കരുണനിധി ബ്ലാക്കിക്ക് അന്ത്യവിശ്രമമൊരുക്കിയത്. ഓര്‍മ്മക്കായി ഒരു ഒലീവ് മരവും അതിനരികില്‍ അദ്ദേഹം നട്ടുവളര്‍ത്തിയിരുന്നു.

ഒരിക്കല്‍ കലൈഞ്ജര്‍ നല്‍കിയ ഭക്ഷണം കഴിക്കുന്നതിനിടെ ബ്ലാക്കിക്ക് നല്‍കിയ മാംസക്കഷ്ണത്തില്‍ കാല്‍ വഴുതി ചവിട്ടി വീണ് ഭാര്യ രാജാത്തി അമ്മാളിന്‍റെ കാലൊടിഞ്ഞ അനുഭവം മകള്‍ കനിമൊഴി പങ്കുവച്ചിട്ടുണ്ട്. ബ്ലാക്കിയോടുള്ള കലൈഞ്ജറുടെ പ്രിയം ഒരു വേള രാജാത്തിയമ്മാളിനെപ്പോലും  മുഷിപ്പിച്ചിരുന്നുവെന്നാണ് കനിമൊഴി സരസമായി കൂട്ടിച്ചേര്‍ത്തത്. ബ്ലാക്കിയെപ്പോലെ തന്നെ ഖന്നയെന്ന ലാസ ആപ്‌സോ നായയോടുള്ള കരുണാനിധിയുടെ വാത്സല്യവും പ്രസിദ്ധമാണ്. 

വിരഹം താങ്ങാനാവില്ല നായ്ക്കള്‍ക്കും

ഹച്ചിക്കോ എന്ന നായയുടെ കഥ കേട്ടിട്ടില്ലേ?  ജപ്പാനിലെ ടോക്കിയോ ഇംപീരിയല്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്ന ഹിഡസ്ബുറോ യുനോ വളര്‍ത്തിയിരുന്ന അകിതാ ഇനത്തില്‍പ്പെട്ട നായയായിരുന്നു ഹച്ചിക്കോ. ഒരു വയസ് പ്രായമുള്ളപ്പോഴാണ് ഹച്ചിക്കോയെ യുനോ സ്വന്തമാക്കുന്നത്. താമസ്ഥലമായ ഷിബുയായില്‍നിന്ന് ടോക്കിയോയിലെ തന്‍റെ ജോലിസ്ഥലത്തേക്ക് ട്രെയിനില്‍ എന്നും രാവിലെ യാത്ര തിരിക്കുന്ന യുനോയെ റെയില്‍വേസ്റ്റേഷന്‍ വരെ ഹച്ചിക്കോയും അനുഗമിക്കുമായിരുന്നു. തിരികെ വൈകീട്ട് അദ്ദേഹം ട്രെയിനില്‍  വന്നിറങ്ങുമ്പോള്‍ തന്‍റെ യജമാനനെയും കാത്ത് ഹച്ചിക്കോയും റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടാകും.  കാലങ്ങളോളം അവരുടെ സ്നേഹബന്ധം നീണ്ടു. 

1925 മേയ് 14, അന്നും പതിവുപോലെ ഹച്ചിക്കോയെ വാത്സല്യപൂര്‍വ്വം തലോടി ടോക്കിയോ യൂണിവേഴ്സിറ്റിയിലേക്ക് രാവിലെ  യാത്ര തിരിച്ച പ്രൊഫസ്സര്‍ പിന്നീട് മടങ്ങി വന്നില്ല.  വിദ്യാർഥികള്‍ക്ക് ക്ലാസ്  എടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണായിരുന്നു അദ്ദേഹത്തിന്‍റെ മരണം.  സെറിബ്രല്‍ ഹെമറേജായിരുന്നു മരണകാരണം. എന്നാല്‍, തന്‍റെ പ്രിയപ്പെട്ട യജമാനനന്‍ മരണമടഞ്ഞ വാര്‍ത്തയറിയാതെ അന്നും വൈകീട്ട് ഹച്ചിക്കോ ഷിബൂയ റെയില്‍വേ സ്റ്റേഷനിലെത്തി, പക്ഷേ, യുനോയെ കണ്ടില്ല. എങ്കിലും നിരാശനാവാതെ നിത്യവും  വൈകുന്നേരം താന്‍ യാത്രയയച്ച തന്‍റെ യജമാനനെ  തേടി ഹച്ചിക്കോ റെയില്‍വേ സ്റ്റേഷനിലെത്തിക്കൊണ്ടിരുന്നു.

വൈകീട്ട്  ടോക്കിയോവില്‍ നിന്നുള്ള ട്രെയിന്‍ ഷിബുയാ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന സമയം നിത്യവും ആരെയോ പ്രതീക്ഷിച്ച് അവിടെയിരിക്കുന്ന നായയെ പിന്നീടാണ് ആളുകള്‍ ശ്രദ്ധിക്കുന്നത്. മുമ്പൊരുനാള്‍ രാവിലെ താന്‍ യാത്രയയച്ച യജമാനനെ തേടിയാണ് ഹച്ചിക്കോയുടെ കാത്തിരിപ്പെന്ന് ആളുകള്‍ തിരിച്ചറിഞ്ഞതോടെ  അവന്‍ അവര്‍ക്കെല്ലാം  പ്രിയപ്പെട്ടവനായി. ഹച്ചിക്കോയോട്  യുനോയുടെ വിയോഗം  പങ്കുവെക്കാന്‍  അവര്‍ക്കാര്‍ക്കും കഴിഞ്ഞില്ലെങ്കിലും തീറ്റയും മധുരവും  വാത്സല്യമെല്ലാം യാത്രക്കാര്‍ അവനായി ആവോളം പങ്കുവെച്ചു.

hachiko
ഹച്ചിക്കോ

1935 മാര്‍ച്ച് മാസത്തില്‍, തന്‍റെ  പതിനൊന്നാം വയസ്സില്‍ മരണപ്പെടുന്നതുവരെ നീണ്ട ഒന്‍പത് വര്‍ഷവും ഒന്‍പത് മാസവും പതിനഞ്ച് ദിവസവും ഹച്ചിക്കോ തന്‍റെ ജയമാനനെ തേടി ഒരു ദിവസം പോലും മുടക്കമില്ലാതെ ഷിബുയാ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഫൈലേറിയ രോഗബാധ യേറ്റായിരുന്നു ഹച്ചിക്കോയുടെ മരണം.

ഇന്നും ജപ്പാന്‍കാര്‍ക്ക് ഹച്ചിക്കോ ഒരു പ്രതീകമാണ്, ആത്മാർഥതയുടെയും കൂറിന്‍റെയും സ്നേഹത്തിന്‍റെുമെല്ലാം. അവര്‍  തങ്ങളുടെ കുട്ടികള്‍ക്ക് ഹച്ചിക്കോയുടെ  കഥ പറഞ്ഞു കൊടുക്കുന്നു, സ്നേഹമൂല്യങ്ങളെ പഠിപ്പിയ്ക്കുന്നു.  ഷിബുയ റെയില്‍വേ സ്റ്റേഷനിലും, ടോക്കിയോ യൂണിവേഴ്സിറ്റിയിലുമടക്കം പലയിടങ്ങളില്‍ സ്നേഹബന്ധത്തിന്‍റെ വറ്റാത്ത ഉറവയുടെ പ്രതീകമായി ഹച്ചിക്കോയുടെ വെങ്കല പ്രതിമകള്‍ അവര്‍ പണിതീര്‍ത്തിട്ടുണ്ട്. ഹച്ചിക്കോയെക്കുറിച്ച് പുസ്തകങ്ങളും സിനിമകളും ഡോക്യുമെന്‍ററികളുമെല്ലാം ഏറെ.  

ഇങ്ങനെ സംഭവകഥകള്‍  അനേകമുണ്ട്, അറിയപ്പെടാത്ത കഥകള്‍ അതിലുമേറെ. പൊന്നുപോലെ  കരുതിയ അരുമകളെ  വിട്ടുപിരിയേണ്ടിവന്ന വേദനയില്‍, അവയുടെ സ്നേഹമുള്ള ഓര്‍മകളില്‍ ഉള്ളില്‍ നീറുന്നവര്‍ നമുക്കിടയിലും ഏറെയുണ്ടാവും. തങ്ങളുടെ സന്തത സഹചാരിയായി ഊണിലും ഉറക്കത്തിലും  ഒപ്പം നിന്ന, സ്നേഹിക്കാന്‍ മാത്രമറിയുന്ന, പ്രിയപ്പെട്ട യജമാനന് വേണ്ടി  ജീവന്‍പോലും ത്യജിക്കാന്‍ അശേഷം മടിയില്ലാത്ത അരുമകളുടെ നഷ്ടം ആരെയാണ് ദുഃഖഭരിതമാക്കാത്തത്?

നിങ്ങൾക്കുമുണ്ടോ ഓർമകൾ? പങ്കുവയ്ക്കാം കർഷകശ്രീയിലൂടെ

അതിരറ്റു സ്നേഹിച്ച ഓമന മൃഗങ്ങളെക്കുറിച്ചുള്ള ഓർമകൾ നിങ്ങൾക്കും പങ്കുവയ്ക്കാം. ഈ ലേഖനത്തിൽ കമന്റായോ കർഷകശ്രീ ഫേസ്‌ബുക്ക് പേജിൽ സന്ദേശമായോ ibinjoseph@mm.co.in എന്ന മെയിൽ വിലാസത്തിലോ നിങ്ങളുടെ കുറിപ്പുകൾ അയയ്ക്കാം. നിങ്ങളുടെ അരുമയുടെ ചിത്രവും പങ്കുവയ്ക്കാൻ മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com