ADVERTISEMENT

സംസ്ഥാനത്തെ പലയിടങ്ങളില്‍ നിന്നായി പശുക്കളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട തുടരെയുള്ള നാലു വാര്‍ത്തകള്‍ പുറത്തുവന്നത് ഈയിടെയാണ്. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് നെല്ലിക്കുന്നിലെ മുജീബ് എന്ന ക്ഷീരകര്‍ഷകന്‍റെ ഡെയറി ഫാമിലെ പതിനൊന്ന് പശുക്കള്‍ കൂട്ടമായി മരണമടഞ്ഞ സങ്കടകരമായ വാര്‍ത്തയായിരുന്നു ആദ്യമെത്തിയത്. രാവിലെ കറവയ്ക്കായി ഫാമിലെത്തിയ കര്‍ഷകന്‍റെ കണ്‍മുന്നിലാണ് പശുക്കള്‍ പിടഞ്ഞുവീണത്. ഉടന്‍ തന്നെ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. ഒറ്റ ദിവസം കൊണ്ട്  മുജീബിന് നഷ്ടമായത് നാല് വര്‍ഷത്തോളം അധ്വാനിച്ചുണ്ടാക്കിയ തന്‍റെ ക്ഷീരസമ്പാദ്യവും ഉപജീവനോപാധിയുമായിരുന്നു. നഷ്ടപ്പെട്ടതെല്ലാം 65000 രൂപയോളം വിലയുള്ള അത്യുല്‍പ്പാദനശേഷിയുള്ള സങ്കരയിനം പശുക്കളായിരുന്നു. പ്രീമിയം പുതുക്കാത്ത കാരണത്താല്‍ പശുക്കളുടെ ഇന്‍ഷുറന്‍സ് കാലാവധി മുമ്പേ അവസാനിച്ചതും കര്‍ഷകന് ഇരട്ടി പ്രഹരമായി. 

രണ്ടാമത്തെ സംഭവം റിപ്പോര്‍ട്ട് ചെയ്തത് പാലക്കാട് മണ്ണാര്‍ക്കാടിനടുത്ത വെള്ളപ്പാടം എന്ന ഗ്രാമത്തില്‍ നിന്നായിരുന്നു. ഇവിടെ മേയുന്നതിനിടെയാണ്  അഞ്ച് പശുക്കള്‍ ചത്തുവീണത്. മൂന്നാമത്തെ സങ്കടകരമായ വാര്‍ത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ആഴ്ച കണ്ണൂര്‍ പാനൂരില്‍നിന്നായിരുന്നു. പാനൂര്‍ കുന്നോത്ത്പറമ്പിലെ അബൂബക്കര്‍ എന്ന ക്ഷീരകര്‍ഷകന്‍റെ  മൂന്ന് പശുക്കളും കിടാരിയുമാണ് അകാലത്തില്‍ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം കോഴിക്കോട് വടകരക്കടുത്ത കീഴലില്‍ നിന്നാണ് ഏറ്റവും ഒടുവിലത്തെ അപകടവാര്‍ത്തയെത്തിയത്. ഗര്‍ഭിണികളായ രണ്ട് പശുക്കളാണ് തീറ്റകഴിച്ച് അല്‍പ്പസമയത്തിനുള്ളില്‍ പിടഞ്ഞ് വീണ് മരണപ്പെട്ടത്. പരസ്പരം കിലോമീറ്ററുകള്‍ അകലേയുള്ള നാലിടങ്ങളിലാണ് ഈ പശുക്കൂട്ടമരണങ്ങള്‍ നടന്നതെങ്കിലും ഈ സംഭവങ്ങള്‍ തമ്മില്‍ സമാനതകള്‍ ഏറെയാണ്. ഈ സമാനതകളാണ് മരണത്തിന്‍റെ കാരണത്തിലേക്കുള്ള സൂചന നല്‍കുന്നത്. 

പശുമരണങ്ങള്‍, കണ്ടത് ഈ ലക്ഷണങ്ങള്‍

ഈ പശുക്കളെല്ലാം തന്നെ മരണത്തിന് മുന്‍പുള്ള  4-12 മണിക്കൂര്‍ സമയത്തിനിടെ ഒരു പ്രത്യേകയിനം കാട്ടുചെടി ധാരാളമായി ആഹാരമാക്കിയിരുന്നു. ഡിസംബര്‍ - ജൂണ്‍ കാലയളവില്‍ പൂത്തുലയുന്ന ചെറിയ കാട്ടുപൂച്ചെടിയായ ബ്ലൂമിയ  ആയിരുന്നു ഈ സസ്യം. ഈ സസ്യം കഴിച്ചതിന് ശേഷമാണ് പശുക്കള്‍ അസ്വസ്ഥതകളും, രോഗലക്ഷണങ്ങളും  പ്രകടിപ്പിച്ചത് എന്നാണ് കര്‍ഷകരുടെ പക്ഷം. തീറ്റയെടുക്കാതിരിക്കല്‍, ഉദരസ്തംഭനം, പശുക്കളുടെ ശരീരതാപനില സാധാരണനിലയില്‍നിന്നും വളരെയധികം താഴല്‍, നിർജലീകരണം, നില്‍ക്കാനും നടക്കാനുമുള്ള പ്രയാസം, വായില്‍നിന്നു നുരയും പതയുമൊലിക്കല്‍, മൂക്കില്‍നിന്നും ഗുദദ്വാരത്തില്‍ നിന്നും രക്തസ്രാവം, ശരീരവിറയല്‍, മറിഞ്ഞുവീണ് കൈകാലുകള്‍ നിലത്തിട്ടടിക്കല്‍  ഇവയെല്ലാമായിരുന്നു ബ്ലൂമിയ വിഷബാധയെന്ന് സംശയിച്ച കേസുകളില്‍ പശുക്കളും ആടുകളും പ്രകടിപ്പിച്ച പ്രധാനലക്ഷണങ്ങള്‍. 

ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണവും സംഭവിച്ചു. ഈ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുന്‍പ് തന്നെയും അടിയന്തിരചികിത്സക്കിടയിലും മരണപ്പെട്ട പശുക്കളുമുണ്ട്. പശുക്കളുടെ കൂട്ടമരണം നടന്ന പരിസരങ്ങളില്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പൂക്കളോട് കൂടിയ ബ്ലൂമിയച്ചെടികള്‍ കണ്ടെത്തിയിരുന്നു. പശുക്കളുടെ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍  ആമാശയത്തില്‍ ഈ സസ്യത്തിന്‍റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു.  ഉദരസ്തംഭനം, കരള്‍, ഹൃദയം, അന്നനാളം, ആമാശയ-കുടല്‍ ഭിത്തികള്‍ തുടങ്ങിയ ശരീര അവയവങ്ങളിലെല്ലാം രക്തസ്രാവം എന്നിവയെല്ലാമായിരുന്നു ബ്ലൂമിയ വിഷബാധയേറ്റ് മരണപ്പെട്ടതെന്ന് കരുതുന്ന പശുക്കളുടെ  പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തിയ പ്രധാനലക്ഷണങ്ങള്‍. ബ്ലൂമിയ ചെടികള്‍ പൂക്കുന്ന ഡിസംബര്‍- ജൂണ്‍ കാലയളവില്‍ സംസ്ഥാനത്ത് ഇത്തരം അനേകം കേസുകള്‍ കണ്ടുവരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

cow-poison-1
ബ്ലൂമിയ ചെടി

ബ്ലൂമിയച്ചെടി വില്ലനോ?

കടുംപച്ച നിറത്തിലുള്ള മിനുസമുള്ള ഇലകളും മാംസളമായ തണ്ടുകളും വെളുപ്പ്, മഞ്ഞ നിറങ്ങളിലുള്ള ചെറിയ പുഷ്പങ്ങളുമായി മരത്തണലിലും പാതയോരങ്ങളിലും വഴിവക്കിലുമെല്ലാം പൂത്തുനില്‍ക്കുന്ന ബ്ലൂമിയച്ചെടികള്‍ സ്ഥിര കാഴ്ചയാണിപ്പോള്‍. ആസ്റ്ററേസിയ സസ്യകുടുംബത്തില്‍പ്പെട്ട കുറ്റിച്ചെടികളില്‍ ഒന്നാണ് ബ്ലൂമിയ. ബ്ലൂമിയ ലെവിസ്, വൈറന്‍സ്, ലസീറ, ബര്‍ബാറ്റ, ക്ലാര്‍ക്കി തുടങ്ങിയ നിരവധി ഉപഇനങ്ങള്‍  ഈ  സസ്യകുടുംബത്തില്‍ ഉണ്ട്. ബ്ലൂമിയ സസ്യകുടുംബത്തില്‍പ്പെട്ട പതിനാറോളം  ഇനം ചെടികള്‍ കേരളത്തില്‍ കാണപ്പെടുന്നുണ്ട്. ഇതില്‍ ബ്ലൂമിയ വൈറന്‍സ്, ലെവിസ്, ലസീറ, ആക്സിലാരിസ്, ബലന്‍ജെറിയാന,  ഓക്സിയോഡോണ്ട തുടങ്ങിയ ഇനങ്ങളാണ് കേരളത്തില്‍ വ്യാപകമായി കാണപ്പെടുന്നത്. കുക്കുറച്ചെടി, രാക്കില എന്നൊക്കെ പ്രാദേശിക പേരുകളില്‍ അറിയപ്പെടുന്ന സസ്യമാണ് ബ്ലൂമിയ ലസീറ ചെടികള്‍.

കാസര്‍ഗോഡ്, ഇടുക്കി, വയനാട്, മലപ്പുറം, പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെല്ലാം ബ്ലൂമിയയുടെ വർധിച്ച സാന്നിധ്യം കേരള വനഗവേഷണ സ്ഥാപനം റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്.  ഒരു മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ വളരാന്‍ ബ്ലൂമിയച്ചെടികള്‍ക്ക് ‌ശേഷിയുണ്ട്. 

വൈറസുകള്‍ക്കും, ബാക്ടീരിയകള്‍ക്കും എതിരായ പ്രതിരോധശക്തി, പനി-വേദന ശമിപ്പിക്കാനുള്ള  കഴിവ് തുടങ്ങിയ നിരവധി ഔഷധഗുണങ്ങള്‍ ഉണ്ടെന്ന് കരുതപ്പെടുന്ന സസ്യം കൂടിയാണ് ബ്ലൂമിയ. സ്തനാര്‍ബുദത്തെയും രക്താര്‍ബുദത്തെയും വരെ പ്രതിരോധിക്കാന്‍ ബ്ലൂമിയ സസ്യസത്തിനാവുമെന്ന് നിരീക്ഷിക്കുന്ന ശാസ്ത്രപാഠങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, അമിത അളവില്‍ ആഹാരമാക്കിയാല്‍ ബ്ലൂമിയ ചെടികള്‍ സസ്തനികളില്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന്  വ്യക്തമാക്കുന്ന  ശാസ്ത്രപഠനങ്ങളും ഉണ്ട്. 

മേഞ്ഞ് നടന്ന് ആഹാരം കണ്ടെത്തുന്ന  പശു, ആട്, എരുമ, പോത്ത് തുടങ്ങിയ ഇരട്ടകുളമ്പുള്ള ജീവികളിലെല്ലാം ബ്ലൂമിയ സസ്യങ്ങള്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന് ബംഗ്ലാദേശ് കാര്‍ഷിക സർവകലാശാലയില്‍നിന്ന് 2015-ല്‍ പുറത്തിറങ്ങിയ പഠനം വ്യക്തമാക്കുന്നു. ബ്ലൂമിയ വിഷബാധ സംശയിച്ച  എഴുന്നൂറ്റിഅന്‍പതോളം പശുക്കളില്‍  നടത്തിയ പഠനത്തിനൊടുവിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ബംഗ്ലാദേശില്‍ വ്യാപകമായി കാണപ്പെടുന്ന ബ്ലൂമിയ ലസീറ എന്ന സസ്യത്തെയാണ് പഠനവിധേയമാക്കിയത്.  ബ്ലൂമിയ ചെടികള്‍ പൂക്കാന്‍ ആരംഭിക്കുന്ന സെപ്റ്റംബര്‍ മുതലുള്ള ശരത്കാലത്താണ്  വിഷബാധയ്ക്ക് സാധ്യതയേറെയെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു. 

പൊതുവെ പച്ചപ്പുല്ലിനും പച്ചിലകള്‍ക്കും ക്ഷാമമുണ്ടാവുന്ന കാലയളവില്‍ സമൃദ്ധമായി പാതയോരങ്ങളില്‍ പച്ചവിരിച്ച് പൂത്ത് നില്‍ക്കുന്ന ബ്ലൂമിയച്ചെടികള്‍ പശുക്കള്‍ ആഹാരമാക്കാനും കര്‍ഷകര്‍ പശുക്കള്‍ക്ക് വെട്ടി നല്‍കാനും സാധ്യതയേറെയാണെന്നും അത് അപകടസാധ്യത കൂടുമെന്നും പഠനത്തില്‍ പറയുന്നു. ആറു മാസം മുതല്‍ രണ്ട് വയസുവരെ പ്രായമുള്ള മേഞ്ഞുനടക്കുന്ന കന്നുകാലികളിലാണ് വിഷബാധയ്ക്ക് സാധ്യതയേറെയെന്നും പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. കോശനാശം സംഭവിച്ച് ശരീരത്തിലെ വിവിധ അവയവങ്ങളുടെ സ്വാഭാവികപ്രവര്‍ത്തനം നിലച്ചുപോകുന്ന  അവസ്ഥയാണ് (Multi organ Failure) ബ്ലൂമിയ വിഷബാധയെന്ന്  സംശയിക്കുന്ന സംഭവങ്ങളില്‍ കാണുന്നതെന്ന് വിദഗ്​ധ നിരീക്ഷണങ്ങള്‍ ഉണ്ട്. 

2016ല്‍  മലപ്പുറം ജില്ലയില്‍ ഒട്ടേറെ ആടുകള്‍ ബ്ലൂമിയ ചെടികള്‍ കഴിച്ച് മരണപ്പെട്ടതിനെ തുടര്‍ന്ന്  മണ്ണുത്തി വെറ്ററിനറി കോളജില്‍ ഈ വിഷയത്തില്‍ പഠനം നടത്തിയിരുന്നു. മലബാര്‍ മേഖലയില്‍ വ്യാപകമായി കാണപ്പെടുന്ന ബ്ലൂമിയ വൈറന്‍സ് സസ്യങ്ങളായിരുന്നു പഠനത്തിന് ഉപയോഗിച്ചത്.  ബ്ലൂമിയ ചെടിയുടെ മുഴുവന്‍ സസ്യഭാഗങ്ങളും ശേഖരിച്ച് പരിശോധിച്ചു. ബ്ലൂമിയ ചെടികള്‍ അമിത അളവില്‍ ആഹാരമാക്കിയാല്‍ കരള്‍, ശ്വാസകോശ വിഷബാധയ്ക്ക് വിഷബാധയ്ക്ക് കാരണമാവാമെന്ന്  ഈ പഠനത്തില്‍  നിരീക്ഷിച്ചിരുന്നു. 

ബ്ലൂമിയ ചെടിയിലെ ആ വിഷം ഇന്നും നിഗൂഢം

ബ്ലൂമിയ ചെടികള്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിഷബാധയ്ക്ക് ഇടയാക്കുന്ന രാസഘടകമേതാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ഇന്നും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ബ്ലൂമിയ ചെടിയില്‍ ആല്‍ക്കലോയിഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ഫ്ലാവനോയിഡുകള്‍, സാപോണിന്‍, സ്റ്റിറോയിഡുകള്‍, ഡൈടെര്‍പ്പനോയ്ഡുകള്‍, ട്രൈടെര്‍പ്പനോയ്ഡുകള്‍, ടാനിന്‍ തുടങ്ങിയ രാസഘടകങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്.  സസ്യത്തില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന രാസഘടകമായ  ആല്‍ക്കലോയിഡുകളാണ് വിഷബാധയേല്‍ക്കുന്നതിന്  ഇടയാക്കുന്നത് എന്ന് ചില ശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൃത്യമായി ഏത് ആല്‍ക്കലോയിഡാണെന്നുള്ളതും ഇതിന്‍റെ മറുമരുന്ന്  എന്താണെന്നതും  അജ്ഞാതമായി തുടരുന്നു. 

വിഷബാധയ്ക്ക്  ചികിത്സയുണ്ടോ ?

ബ്ലൂമിയയിലെ സസ്യവിഷം കൃത്യമായി ഏതന്നറിയാത്തത് കൊണ്ട് തന്നെ വിഷത്തിനെതിരായ പ്രതിവിധിയും അജ്ഞാതമാണ്. ബ്ലൂമിയ  സസ്യം ആഹാരമാക്കിയെന്ന് കണ്ടെത്തിയാല്‍ ഉടന്‍ വിരേചനക്ഷമത കൂട്ടാന്‍ സഹായിക്കുന്ന മഗ്നീഷ്യം ഹൈഡ്രോക്സൈഡ്, മഗ്നീഷ്യം സള്‍ഫേറ്റ് തുടങ്ങിയ മിശ്രിതങ്ങളും നിർജലീകരണം തടയാനും രക്തത്തിലെ വിഷാംശത്തെ നിര്‍വീര്യമാക്കാനും ലവണ ലായിനികളും. ജീവകം ബി അടങ്ങിയ കുത്തിവയ്പ്പുകളും  നല്‍കാവുന്നതാണ്. 

ജാഗ്രതയാണ് ഏറ്റവും നല്ല പ്രതിരോധം

ബ്ലൂമിയ ചെടിയിലെ അജ്ഞാതമായ വിഷവസ്തുവിനെ കൃത്യമായി  കണ്ടെത്തുന്നതിനായുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ ഇനി വേണ്ടതുണ്ട്. ബ്ലൂമിയ കുടുംബത്തിലെ  എല്ലാ ഇനം ചെടികളും അപകടകാരികളാണോ, ചെടികള്‍ പൂവിടുമ്പോള്‍ മാത്രമാണോ അപകടസാധ്യതയുള്ളത് തുടങ്ങിയ കാര്യങ്ങളിലും ശാസ്ത്രാന്വേഷണങ്ങള്‍ ആവശ്യമാണ്. 

ബ്ലൂമിയ ചെടിയിലെ വിഷമേതാണെന്നും അതിനെ നിര്‍വീര്യമാക്കാനുള്ള  കൃത്യമായ  പ്രതിമരുന്ന് ഏതാണെന്നുമെല്ലാമുള്ള വിവരങ്ങള്‍ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ് സമീപഭാവിയില്‍ കര്‍ഷകരിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതുവരേക്കും ബ്ലൂമിയ ചെടികളെ തൊഴുത്തിന്‍റെ  പടിക്ക് പുറത്ത് നിര്‍ത്താനും കന്നുകാലികളുടെ കണ്ണില്‍പ്പെടാതെ കരുതാനും കര്‍ഷകന്‍  അതീവ ജാഗ്രത പുലര്‍ത്തണം. തീര്‍ച്ച, ജാഗ്രതയും കരുതലും തന്നെയാണ് ഏറ്റവും നല്ല പ്രതിരോധമെന്ന വസ്തുത നാം മറന്നുപോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com