ADVERTISEMENT

മുയൽ വളർത്തലിലേക്ക് തിരിയുന്ന സാധാരണക്കാർ ചോദിക്കുന്ന സ്ഥിരം ചോദ്യമാണ് മുയലിന് കാബേജ് കൊടുക്കാമോ എന്നത്. ചിലരാവട്ടെ സ്ഥിരം കാബേജ് കൊടുക്കുന്നുമുണ്ട്. മാർക്കറ്റിൽനിന്ന് അനായാസം ലഭ്യമാകുന്ന കാബേജ് വേസ്റ്റ് ഇലകളാണ് പലരും മുയലുകൾക്ക് നൽകുക. സത്യത്തിൽ കാബേജ് ഇലകൾ മുയലുകൾക്ക് നൽകാമോ? ഒറ്റ വാക്കിൽ പറഞ്ഞാൽ ഇല്ല. തീറ്റ എന്ന രീതിയിൽ കാബേജ് മുയലുകൾക്ക് യോജിച്ചതല്ല. പക്ഷേ, ചെറിയ തോതിൽ കൊടുക്കുന്നതുകൊണ്ട് തെറ്റുമില്ല.

ഇനി വിശദമായ കാര്യത്തിലേക്കു വരാം. സമീകൃതാഹാരം ലഭ്യമാകുന്ന മുയലുകൾക്ക് അവയുടെ സസ്യാഹാരത്തിൽ ചെറിയ തോതിൽ കാബേജ് ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. പ്രത്യേകിച്ച് കാബേജിന്റെ കടും പച്ച നിറത്തിലുള്ള ഇലകൾ. നാരുകളടങ്ങിയ പുല്ലായിരിക്കണം മുയലുകൾക്ക് പ്രധാനമായും നൽകേണ്ടത്. അല്ലാത്തപക്ഷം, ദഹനം കാര്യക്ഷമമായിരിക്കില്ല.

പച്ചക്കറികൾ മുയലുകൾക്ക് ആവശ്യമായ വിറ്റാമിനുകൾ ലഭ്യമാക്കുന്നുണ്ടെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ പച്ചക്കറികൾ സ്ഥിരമായി നൽകാൻ കഴിയില്ല. മാത്രമല്ല, മുയുകൾക്ക് അനുയോജ്യമായ പച്ചക്കറിയല്ല കാബേജ്. കൂടാതെ കാബേജ് തുടർച്ചയായി കഴിക്കുന്ന മുയലുകൾക്ക് തൈറോയിഡ് പ്രശ്നങ്ങളും കാണപ്പെടാം. 

മുയലിന് കാബേജ് ഇഷ്ടമാണോ?

മുയലിന് ഇഷ്ടപ്പെട്ട ഭക്ഷണം എന്നൊന്നില്ല. അവയുടെ മുന്നിലെത്തുന്ന എന്തു ഭക്ഷ്യവസ്തുവും അവ കഴിക്കും. കഥകളിലെ മുയലുകൾ കാരറ്റ് കഴിക്കുന്നു എന്ന് കണ്ട് ഇപ്പോഴും കാരറ്റ് വാങ്ങി നൽകി മുയലുകളെ വളർത്തുന്നവർ നമ്മുടെ നാട്ടിലുണ്ട്. 

കാബേജ് കഴിച്ചാൽ പ്രശ്നങ്ങൾ പലത്

ചെറിയ രീതിയിൽ കാബേജ് കഴിച്ചാൽ പ്രശ്നമില്ല എന്ന് നേരത്തെ പറഞ്ഞു. എന്നാൽ, സ്ഥിരമായി വയറു നിറച്ച് കാബേജ് കഴിക്കുന്ന മുയലുകൾക്ക് വയറിളക്കും വയർ കമ്പനവുമെല്ലാം ഉണ്ടാവും. ദഹനക്കേടും വയറിളക്കവും മരണത്തിനു വരെ കാരണമാകുകയും ചെയ്യും. ചെറിയ രീതിയിൽ നൽകുമ്പോൾ ദഹനക്കേടിന്റെയോ വയറിളക്കത്തിന്റെയോ ലക്ഷണങ്ങൾ കാണിച്ചാൽ പിന്നീട് കാബേജ് നൽകാൻ തുനിയരുത്.

മുകളിൽ സൂചിപ്പിച്ചതുപോലെ മുയലുകളിൽ തൈറോയിഡ് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പച്ചക്കറിയാണ് കാബേജ്. അതായത് മുയലുകളുടെ കഴുത്തിൽ മുഴകൾ (ഗോയിറ്റർ) രൂപപ്പെടാം. 

ആരോഗ്യദായകവുമാണ്

കാബേജിൽ അടങ്ങിയിരിക്കുന്ന കാത്സ്യം മുയലുകളുടെ ദന്ത വളർച്ചയെ സഹായിക്കുന്നു. മാത്രമല്ല നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന പൊട്ടാസ്യവും കാബേജിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ കെയുടെ കേന്ദ്രവുമാണ്. കൂടാതെ ചെറിയ അളവിൽ മഗ്നീഷ്യം, നാരുകൾ, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ ഇ എന്നിവയും കാബേജിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com