ADVERTISEMENT

മുയൽ വളർത്തലിൽ ലാഭം കൊയ്ത് ചേമ്പളം കൊച്ചുപുരക്കൽ ടിറ്റോ സ്കറിയ (32). 2011ൽ ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റതോടെയാണ് കോയമ്പത്തൂരിൽ മെക്കാനിക്കൽ എൻജിനിയറായിരുന്ന ടിറ്റോ മുയൽ കൃഷിയിലേക്ക് തിരിയുന്നത്. ഇപ്പോൾ നൂറിലധികം മുയലുകളും ടർക്കിക്കോഴികൾ, മത്സ്യങ്ങൾ, വ്യത്യസ്ത ഇനം പക്ഷികൾ, പ്രാവുകൾ എന്നിവയും ടിറ്റോയുടെ ഫാമിലുണ്ട്. കുമളി- മൂന്നാർ സംസ്ഥാന പാതയോരത്തു സ്ഥിതി ചെയ്യുന്ന ഫാമിൽ ദിനംപ്രതി വിദേശികളടക്കം ഒട്ടേറെ പേർ സന്ദർശനത്തിനും എത്താറുണ്ട്.

8 വർഷം മുൻപ് ആരംഭിച്ച കൃഷിക്കു പിന്നിലും മറ്റൊരു കഥയുണ്ട്. അപകടത്തിനു ശേഷം വീട്ടിൽ വിശ്രമിക്കുന്ന സമയം. കൂട്ടാറിൽ മുയൽകൃഷിയെക്കുറിച്ച് നബാർഡും, എസ്ബിഐയും സംയുക്തമായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിൽ പങ്കെടുക്കാൻ ടിറ്റോയുമെത്തി. മുയൽ യൂണിറ്റ് തുടങ്ങുന്നതിനു ധനസഹായം നൽകാമെന്ന് പരിശീലന പരിപാടിയിൽ ഉറപ്പ് ലഭിച്ചു. ടിറ്റോ ചെറിയ രീതിയിൽ മുയൽ കൃഷി യൂണിറ്റ് തുടങ്ങി. എന്നാൽ, ധനസഹായം നൽകാൻ ബാങ്കുകൾ തയ്യാറായില്ല. തുടർന്ന് 6 വർഷം മുയൽ കൃഷി നഷ്ടത്തിൽ പ്രവർത്തിച്ചു. എന്നാൽ കഴിഞ്ഞ 2 വർഷമായി കൃഷി ലാഭത്തിലാണ്. 

ന്യൂസിലാൻഡ് വൈറ്റ്, സോവിയറ്റ് ചിഞ്ചില, വൈറ്റ് ജയന്റ് തുടങ്ങിയ ഇനം മുയലുകളാണ് ഫാമിലുള്ളത്.  ഒരോ മുയലിനും പ്രത്യേകം കൂടുകൾ, കൂടുകളിൽ 24 മണിക്കൂറും ശുദ്ധജലം, പോഷക സമൃദ്ധമായ ഭക്ഷണം എന്നിവയാണ് ടിറ്റോയുടെ ഫാമിന്റെ പ്രത്യേകത.  രാവിലെയും വൈകിട്ടും മാത്രമാണ് ഭക്ഷണം. രോഗ പ്രതിരോധത്തിനു വളർച്ചയുടെ ഒരോ ഘട്ടങ്ങളിലും മരുന്ന് നൽകും. 

മുയൽ വാങ്ങി കൃഷി നടത്താൻ എത്തുന്നവർക്ക് ഒരു മണിക്കൂർ പരിശീലനവും ഇതിനു പുറമെ കൃഷിയിൽ  ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു ലഘു ലേഖയും കൈമാറും. കൃഷി കൂടുതൽ വിപുലമാക്കാനാണ് ടിറ്റോയുടെ ഇപ്പോഴത്തെ ശ്രമം.

ഫോൺ: 6238867181

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com