ADVERTISEMENT

ചേറ്റുപാടത്ത് തന്‍റെ പോത്തുകളുടെ പിന്നാലെ സര്‍വ്വം മറന്ന് കുതിച്ച് ഉസൈന്‍ ബോള്‍ട്ടിന്‍റെ ട്രാക്ക് റെക്കോർഡിനെ കടത്തിവെട്ടിയ ശ്രീനിവാസ ഗൗഡയുടെ പ്രകടനമാണ് കമ്പളപോത്തോട്ടത്തെ വാര്‍ത്തകളില്‍ നിറച്ചത്. ശ്രീനിവാസയെ തേടി കേന്ദ്രകായിക മന്ത്രാലയത്തിന്‍റേതടക്കം അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഏറെയെത്തി.  കായികക്ഷമത തെളിയിക്കാനായി ഡല്‍ഹി സ്പോര്‍ട്സ് അതോറിറ്റിയിലേക്കുള്ള ക്ഷണവുമെത്തി. ഇപ്പോള്‍ നിഷാന്ത് ഷെട്ടിയെന്ന മറ്റൊരു ചെറുപ്പക്കാരന്‍ വെറും 9.51 സെക്കന്‍റ് കൊണ്ട് നൂറുമീറ്റര്‍ ദൂരം പിന്നിട്ട് ശ്രീനിവാസയുടെ റെക്കോര്‍ഡിനെ മറികടന്നെന്നാണ്  വാര്‍ത്തകള്‍. 

കമ്പളയുടെ ചേറ്റുപാടത്ത് ഓരോ ദിവസവും പുതിയ റെക്കോഡുകള്‍ പിറക്കുമ്പോള്‍ ആ ക്രെഡിറ്റിന്‍റെ അവകാശികള്‍ കമ്പളയോട്ടക്കാര്‍ മാത്രമല്ല, അവര്‍ക്കു മുന്നില്‍ അവരേക്കാള്‍ വേഗത്തില്‍ കുതിച്ച പോത്തുകള്‍ക്കും കൂടിയുള്ളതാണ്. കമ്പളപ്പാടത്ത് കരുത്തോടെ കുതിക്കുന്ന ഈ ഉശിരന്‍ പോത്തുകളെക്കുറിച്ച് ഒരു കൗതുകത്തിനെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏതിനത്തില്‍പ്പെട്ട പോത്തുകളാണ് കമ്പളപ്പൂട്ടിനിറങ്ങുതെന്നറിയാമോ? കമ്പളകാര്‍ഷികോത്സവത്തിന്‍റെ സ്വന്തം പോത്തുകളായ ദക്ഷിണ കാനറ/സൗത്ത് കാനറ ഇനം പോത്തുകളാണവര്‍. ഉഡുപ്പി, ദക്ഷിണ കന്നട തുടങ്ങിയ തീരമേഖലകളില്‍ ഉരുത്തിരിഞ്ഞ മെയ്യഴകും ശരീരക്ഷമതയും  കായികകരുത്തുമെല്ലാം ഒത്തുചേര്‍ന്ന തുളുനാടിന്‍റെ തനത് ഇനങ്ങളാണ് സൗത്ത് കാനറ പോത്തുകള്‍.  

bufalo
മത്സരത്തിൽനിന്ന്

കമ്പള ഉത്സവവും സൗത്ത് കാനറ പോത്തുകളും

കമ്പള ഉത്സവത്തിന്‍റെ ചരിത്രം ആരംഭിക്കുന്നത് തന്നെ ‌ആയിരം വര്‍ഷം മുന്‍പാണ്. പിറവിക്കു പിന്നിലെ ചരിത്രങ്ങളും ഏറെ. ആനയെയും കുതിരയെയുമെല്ലാം പോലെ  ദക്ഷിണ കര്‍ണാടകയില്‍ ഏറെയുള്ള  കരുത്തന്‍ പോത്തുകളെ യുദ്ധാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമോ എന്ന ഹൊയ്സാല രാജാക്കന്മാരുടെ  ആലോചനയില്‍ നിന്നാണത്രേ കമ്പളയുടെ  തുടക്കം. തങ്ങളുടെ യുദ്ധമുന്നണിയില്‍ ചേര്‍ക്കാന്‍ പോത്തിന്‍പറ്റത്തിലെ കരുത്തന്മാരെ കണ്ടെത്തുന്നതിനായി പോത്തുകളെയെല്ലാം അണിനിരത്തിയുള്ള പോത്തോട്ടമായിരുന്നു അന്നു നടത്തിയത്. ആദ്യ കാലത്ത്  രാജാക്കന്മാരാണ് കമ്പളപ്പോരിന്  നേതൃത്വം നല്‍കിയതെങ്കില്‍ പിന്നീട് ഭൂപ്രഭുക്കളും തുടര്‍ന്ന് സാധാരണക്കാരായ കര്‍ഷകരുമെല്ലാം കമ്പള പോത്തോട്ടത്തെ ഏറ്റെടുത്ത് ഉത്സവമാക്കി. കൃഷിയില്‍ നല്ല വിളവ് ലഭിക്കാന്‍ ശിവന്‍റെ പ്രതിരൂപമായ കാദ്രിയിലെ മജ്ജുനാഥ ഭാഗവാനെ പ്രീതിപ്പെടുത്താന്‍ വേണ്ടി കര്‍ഷകര്‍ തുടക്കമിട്ടതാണ് കമ്പളയെന്ന വാദവുമുണ്ട്. 

ആരംഭചരിത്രമെന്തായാലും ആയിരം വര്‍ഷം പിന്നിടുമ്പോഴും കമ്പളയുത്സവത്തിന്‍റെ പകിട്ടിന് ഒരു മങ്ങലുമേറ്റിട്ടില്ല. ആദ്യ കാലത്ത് ആചാരമായാണ് കമ്പള നടന്നതെങ്കില്‍ ഇന്ന് വീറും വാശിയുമേറിയ കായികമത്സരങ്ങളാണ് ഓരോ കമ്പളപോത്തോട്ടവും. നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് കമ്പളയുത്സവത്തിന്‍റെ കാലം. 140-145 മീറ്റര്‍ വരെ നീളവും 10 മീറ്റര്‍ വീതിയുമുള്ള ചളി നിറഞ്ഞ പാടമാണ് കമ്പളയുടെ ട്രാക്ക്. തുളുനാട്ടില്‍ ഒരു സീസണില്‍ അന്‍പതിലധികം കമ്പളപോത്തോട്ടങ്ങള്‍ നടക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കമ്പളകളോരോന്നും സംഘടിപ്പിക്കാന്‍ കമ്പള സമിതികളുമുണ്ട്. നിലവില്‍ 20ല്‍പ്പരം കമ്പള സമിതികള്‍ തുളുനാട്ടിലുണ്ട്. രണ്ട് ജോടി പോത്തുകളാണ് ഒരു സമയം കമ്പളപ്പാടത്ത് മത്സരത്തിനിറങ്ങുക. കെട്ടിയ ചാട്ടയുമായി പോത്തുകളുടെ പിന്നാലെ പോത്തോട്ടക്കാര്‍ (കമ്പള ജാക്കി) ഉശിരോടെ കുതിക്കും. ലക്ഷങ്ങള്‍ സമ്മാനതുകയുള്ള മത്സരങ്ങളാണ് ഇന്ന്  കമ്പളകളോരോന്നും.

bufalo-5
മത്സര ട്രാക്ക്

കമ്പള മത്സരത്തിനായി ഉപയോഗിക്കുന്ന ദക്ഷിണ കാനറ പോത്തുകളെ പരിപാലിക്കുന്നതും രാജകീയമായി തന്നെ. കമ്പള ലക്ഷ്യമാക്കി  ചെറുപ്രായത്തില്‍  തന്നെ നല്ല പോത്തിന്‍ കിടാക്കളെ  കണ്ടെത്തി മികച്ച പരിചരണം നല്‍കി വളര്‍ത്തുകയും പരിശീലനം നല്‍കുകയും ചെയ്യും. പോത്തുകള്‍ക്ക് പ്രത്യേക ആഹാരക്രമവും പരിപാലന രീതിയുമെല്ലാമുണ്ട്. ഇതിനായി പ്രത്യേക സ്ഥാപനങ്ങള്‍ പോലും ദക്ഷിണ കന്നടയിലുണ്ട്. മുറ, സുര്‍ത്തി, മെഹ്സാന തുടങ്ങിയ ഉത്തരേന്ത്യന്‍ പോത്തിനങ്ങളുടെ ബീജം സൗത്ത് കാനറ എരുമകളില്‍ കൃത്രിമ ബീജധാനം നടത്തി ഉണ്ടാക്കുന്ന ജനിതകഗുണം ഉയര്‍ന്ന അപ്ഗ്രേഡഡ് സൗത്ത് കാനറ പോത്തുകളെയും ഇപ്പോള്‍  കമ്പളമത്സരങ്ങളില്‍ കാണാം. പോത്തുകള്‍ക്ക് മാത്രമല്ല, മികച്ച പോത്തോട്ടക്കാരനും കമ്പളക്കാലത്ത് താരപരിവേഷമാണ്.

ദക്ഷിണ കാനറ പോത്തുകള്‍ - കമ്പളപ്പാടത്തെ കരുത്ത് 

ഉഡുപ്പി, ഷിമോഗ, ദക്ഷിണ കന്നഡ മേഖലകളിലെ കര്‍ഷകരാണ് ദക്ഷിണ കാനറ പോത്തുകളെയും എരുമകളേയും പ്രധാനമായും പരിപാലിക്കുന്നത്.  കമ്പളയുത്സവത്തിന് കേളികേട്ടതും ഈ നാടുകള്‍ തന്നെ. നീണ്ട മുഖവും വിസ്തൃതമായ  നെറ്റിത്തടവും നീണ്ട കഴുത്തും നല്ല കട്ടികൂടിയ താടയും പരന്ന് ചെറുപിരിവുകളോടെ പിന്നോട്ട് വളര്‍ന്ന നീളന്‍ കൊമ്പുകളും നിലത്തറ്റം മുട്ടുമാറ് തോന്നിക്കുന്ന വാലുകളുമെല്ലാം സൗത്ത് കാനറയിനത്തിന്‍റെ ശാരീരികസ്വഭാവങ്ങളാണ്. 2-3 വര്‍ഷം പ്രായമെത്തുമ്പോഴാണ്  സൗത്ത് കാനറ എരുമകളുടെ ആദ്യപ്രസവം. ഓരോ പ്രസവങ്ങള്‍ക്കിടയിലെയും ഇടവേള ഒന്നര മുതല്‍ മൂന്ന് വര്‍ഷം വരെ നീളും. പരമാവധി 5 മുതല്‍ 7 വരെ ലിറ്ററാണ് പ്രതിദിന പാലുൽപാദനം.

bufalo-4

കുറഞ്ഞ പാലുൽപാദനം മാത്രമുള്ള സൗത്ത് കാനറ എരുമകളെ വളര്‍ത്തി  വലുതാക്കുന്നതിനേക്കാള്‍ കമ്പളയ്ക്കായി പോത്തുകളെ പൊന്നുപോലെ പരിപാലിക്കാനാണ് കര്‍ഷകര്‍ക്ക് ഇഷ്ടം. അവര്‍ക്ക് വരുമാനം നേടിക്കൊടുക്കുന്നതും അതുതന്നെ. ഇക്കാരണത്താല്‍ ദക്ഷിണ കർണാടകത്തില്‍ തനത് സൗത്ത് കാനറയിനത്തില്‍പ്പെട്ട എരുമകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് കണക്ക്. മാത്രമല്ല, സൗത്ത് കാനറ എരുമകളില്‍ സുര്‍ത്തി, മുറാ തുടങ്ങിയ ഇനങ്ങളുടെ ബീജം ഉപയോഗിച്ചുള്ള കൃത്രിമ ബീജാദാനം വ്യാപകമായതും തനത് സൗത്ത് കാനറ പോത്തുകള്‍ക്ക് ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. 

കമ്പളയ്ക്ക് വിലക്ക്, മറികടക്കാന്‍ നിയമനിര്‍മാണം

ജല്ലിക്കെട്ട് നിരോധനത്തെ തുടര്‍ന്ന് ഇടക്കാലത്ത് കമ്പള മത്സരത്തിനും വിലക്ക് വന്നിരുന്നു. എന്നാല്‍, കര്‍ഷകരുടെയും കമ്പളസ്നേഹികളുടെയും പ്രതിഷേധത്തെയും വികാരത്തെയും മറികടക്കാന്‍ ഈ വിലക്കുകള്‍ക്കൊന്നും കഴിഞ്ഞില്ല എന്നതാണ് യാഥാർഥ്യം.  കമ്പളയ്ക്കായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക നിയമനിര്‍മാണം നടത്തി.  കൃഷിയിടങ്ങളില്‍ നിലമുഴാന്‍ ട്രാക്ടറുകളും  കൃത്രിമബീജാധാനത്തിലുള്ള സൗകര്യങ്ങളുമെല്ലാം വ്യാപകമായ ഈ കാലത്തും തനതിനം സൗത്ത് കാനറ പോത്തുകള്‍ വംശനാശമാകാതെ സംരക്ഷിക്കപ്പെടുന്നത് കമ്പളയുത്സവങ്ങള്‍ കാരണമാണെന്നായിരുന്നു പ്രത്യേക കമ്പളനിയമത്തിലെ ഒരു നിരീക്ഷണം.

സൗത്ത് കാനറ പോത്തുകള്‍ക്ക് ബ്രീഡ് പദവി

പേരും പെരുമയും ഏറെയുള്ള പോത്തിനങ്ങളാണെങ്കിലും സൗത്ത് കാനറ എരുമകളും പോത്തുകളും ഇതുവരെ ഒരു പ്രത്യേക ജനുസായി ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ല. ദേശീയ മൃഗജനിതകശാസ്ത്ര ഗവേഷണ സ്ഥാപനമായ കര്‍ണാലിലെ നാഷണല്‍ ബ്യൂറോ ഓഫ് അനിമല്‍ ജനറ്റിക്സ് പുറത്തിറക്കുന്ന പട്ടികയില്‍ ഇടംപിടിച്ചാല്‍ മാത്രമേ പ്രത്യേക ജനുസായി ദേശീയതലത്തില്‍  അംഗീകരിക്കപ്പെടുകയുള്ളൂ. 

bufalo-1
മത്സരത്തിൽനിന്ന്

ദക്ഷിണ കന്നഡ/സൗത്ത് കാനറ എരുമകളുടേയും, പോത്തുകളുടെയും സമ്പൂര്‍ണ്ണ ജനിതക-ശാരീരിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍  നാഷണല്‍ അനിമല്‍ ജനറ്റിക്സ് ബ്യൂറോയില്‍ സംസ്ഥാന ഭരണകൂടം സമര്‍പ്പിച്ചത് ഈയിടെയാണ്. തങ്ങളുടെ നാടിന്‍റെ സ്വകാര്യഅഹങ്കാരവും അഭിമാനവുമായ തനത് സൗത്ത് കാനറ  പോത്തുകള്‍ക്ക് ബ്രീഡ് പദവി ലഭിക്കാമെന്ന് തന്നെയാണ്  നാടിന്‍റെയും നാട്ടുകാരുടെയും സര്‍ക്കാരിന്‍റെയും പ്രതീക്ഷ. ബ്രീഡ് പദവി ലഭിക്കുന്നതോടെ ദക്ഷിണ കാനറ പോത്തുകളെ സംരക്ഷിക്കുന്നതിനായുള്ള ഫണ്ടുകളും കൂടുതല്‍ ഗവേഷണ സഹായങ്ങളുമെല്ലാം ലഭ്യമാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com