sections
MORE

കോഴികൾ നഷ്ടപ്പെടാതിരിക്കാൻ വേണം വേനൽക്കാല സംരക്ഷണം

HIGHLIGHTS
 • കിതപ്പിലൂടെ കോഴികളുടെ ശരീരത്തിലെ ജലാംശം വൻതോതിൽ നഷ്ടപ്പെടുന്നു
 • ചൂടുകാലങ്ങളിൽ തീറ്റ ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കരുത്
chicken
SHARE

വേനൽക്കാലത്ത് കോഴികൾ അസാധാരണമായ കിതപ്പ്, അനങ്ങാതെ നിൽക്കുക, ചുമരിനടുത്തോ തണുത്ത പ്രതലത്തിലോ പതുങ്ങിയിരിക്കുക, കൂടുതൽ വെള്ളം കുടിക്കുക, ചിറകുകൾ വിടർത്തി വയ്ക്കുക, തളർച്ച എന്നീ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ സംശയിക്കേണ്ട, അത് ഉഷ്ണ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. ഉയർന്ന അന്തരീക്ഷ ഊഷ്മാവും ആർദ്രതയും വേനൽമഴയുടെ അഭാവവും കോഴികളുടെ രോഗപ്രതിരോധശേഷിയും, ഉൽപ്പാദനക്ഷമതയും കുറയ്ക്കുന്നു. അതിനാൽ കോഴികളുടെ ആരോഗ്യത്തിനും  ഉൽപാദന- പ്രത്യുൽപാദന ക്ഷമതയ്ക്കും അനുയോജ്യമായ ശരീര താപനില നിലനിർത്തുന്നതിന് കൃത്യമായ വേനൽക്കാല പരിചരണം അനിവാര്യമാണ്.

ഉഷ്ണസമ്മർദ്ദം കോഴികളിൽ

സാധാരണയായി കോഴികളുടെ ശരീരോഷ്മാവ് 40-41‌ ഡിഗ്രി സെൽഷ്യസ് ആണ്. അതുകൊണ്ടു തന്നെ അന്തരീക്ഷ താപനിലയിലുള്ള ചെറിയൊരു വ്യതിയാനം പോലും അവയെ പ്രതികൂലമായി ബാധിക്കും. അന്തരീക്ഷ ഊഷ്മാവ്   21-24 °C ആയിരിക്കുമ്പോഴാണ്  കോഴികളുടെ‌ വളർച്ചാ നിരക്കും,  തീറ്റ പരിവർത്തനശേഷിയും വർധിക്കുന്നത്. കൂടാതെ, കോഴികളുടെ ശരീരത്തിൽ താപസന്തുലനത്തിന് സഹായിക്കുന്ന വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ, അന്തരീക്ഷത്തിലെ താപനില 32°Cൽ കൂടുതൽ ഉയരുന്നത് അവയ്ക്ക് അസഹനീയമാണ്. തൽഫലമായി തീറ്റയെടുക്കുന്നതിലും ഉൽപാദനത്തിലും ഗണ്യമായ കുറവുണ്ടാവുകയും ചെയ്യുന്നു. അന്തരീക്ഷ ഊഷ്മാവ് 38°Cൽ കൂടിയാൽ അമിതമായ ചൂട് പ്രതിരോധിക്കാനുള്ള കഴിവില്ലാത്തതിനാൽ മരണനിരക്ക് വർധിക്കുന്നു.  വേനൽക്കാലത്ത് മുട്ടകൾ വേഗത്തിൽ കേടാകുന്നതിനാൽ  മുട്ടയുടെ വില കുത്തനെ താഴാനും സാധ്യതയുണ്ട്. 

ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

chicken-water

കുടിവെള്ളം

 • കിതപ്പിലൂടെ കോഴികളുടെ ശരീരത്തിലെ ജലാംശം വൻതോതിൽ നഷ്ടപ്പെടുന്നതുകൊണ്ട്  അത്യുഷ്ണത്തിൽ നിർജലീകരണം സംഭവിക്കാതിരിക്കാൻ കോഴിക്കൂടുകളിൽ  കുടിവെള്ളം കൂടുതൽ ലഭ്യമാക്കണം. 
 • ചൂടുകാലത്ത്, കോഴികൾ സാധാരണ കുടിക്കുന്നതിന്റെ രണ്ടിരട്ടി വെള്ളം കുടിക്കുന്നു. അതുകൊണ്ടു തന്നെ കൂടുകളിൽ വെള്ളപ്പാത്രത്തിനുള്ള വിസ് തീർണം കൂടുതലായിരിക്കണം. ശുദ്ധവും വൃത്തിയുള്ളതും തണുത്തതുമായ വെള്ളം മുഴുവൻ സമയവും കൂടുകളിൽ ഉണ്ടായിരിക്കണം. 
 • സൂര്യപ്രകാശമേൽക്കാത്ത സ്ഥലത്തായിരിക്കണം വെള്ളപൈപ്പുകൾ സ്ഥാപിക്കേണ്ടത്.
 • വെള്ളം ചൂടാകുന്ന പക്ഷം ദിവസത്തിൽ രണ്ടോ അതിൽ കൂടുതൽ തവണയോ കുടിവെള്ളം മാറ്റുകയോ വെള്ളത്തിൽ ചെറിയ ഐസ് കഷണങ്ങൾ ഇടുകയോ ചെയ്യേണ്ടതാണ്. തണുത്ത കുടിവെള്ളം നൽകുന്നത് കൂടുതൽ തീറ്റയും വെള്ളവും എടുക്കാൻ പ്രേരിപ്പിക്കുന്നു. 
 • വയറിളക്കം പോലുള്ള രോഗങ്ങള്‍ വേനൽക്കാലത്ത് കൂടുതലായി കണ്ടുവരുന്നതുകൊണ്ട് കോഴികളുടെ കുടിവെള്ളത്തില്‍ ബ്ലീച്ചിങ് പൗഡറോ, മാർക്കറ്റില്‍ ലഭ്യമായ അണുനാശിനികളോ ചേർക്കേണ്ടതാണ്.
 • സൂര്യാതപമേറ്റ് ചൂടാകാതിരിക്കാൻ കുടിക്കാനുള്ള വെള്ളം സംഭരിച്ചുവയ്ക്കുന്ന ടാങ്കുകള്‍ നനഞ്ഞ ചാക്കുകൾകൊണ്ട് മൂടിയിടുന്നതും ചൂടു കൂടുതലുള്ള ഉച്ചനേരങ്ങളില്‍ കോഴിക്കൂടിന്റെ  മേൽക്കൂര നനച്ചുകൊടുക്കുന്നതും നന്ന്.
 • മേൽക്കൂരയിൽ ദിവസേന മൂന്നോ നാലോ തവണ വെള്ളം തളിക്കുന്നത്  കോഴിക്കൂട്ടിലെ താപനില 5-10°F വരെ കുറയ്ക്കാൻ സഹായിക്കും.
 • മൺപാത്രങ്ങളിൽ വെള്ളം വച്ചു കൊടുക്കുന്നത് നല്ലതാണ്. കുടിവെള്ളത്തിൽ ഇലക്ട്രോളൈറ്റ്സ്, ഗ്ലൂക്കോസ്, പ്രൊബയോട്ടിക്സ് എന്നിവ ചേർക്കുന്നതും പ്രയോജനപ്രദമാണ്.
chicken-feed

തീറ്റക്രമം

 • വേനലിന്റെ ആധിക്യത്തിൽ കോഴികൾ തീറ്റയെടുക്കൽ കുറയ്ക്കുന്നത് സാധാരണമാണ്. അവയുടെ തീറ്റയിൽ ഊർജത്തിന്റെ അളവ് 10% കുറയ്ക്കുകയും, മാംസ്യത്തിന്റെ അളവ് 2% കൂട്ടുകയും ചെയ്താൽ തീറ്റയെടുക്കുന്നത് വർധിക്കും. കൂടാതെ  ജീവകം എ, ബി 2, ഡി 3 തുടങ്ങിയവും ധാതുക്കൾ, അമിനോ അമ്ലം, രക്‌താതിസാരം തടയുന്നതിനുള്ള മരുന്ന് എന്നിവയുടെ അളവ് തീറ്റയിൽ വർധിപ്പിക്കുന്നതും തീറ്റയെടുക്കുന്നത് പ്രോത്സാഹിപ്പിക്കും. ആന്റി ഓക്സിഡന്റ്സ് ആയ ജീവകം ഇ (250 മില്ലി ഗ്രാം / കിലോഗ്രാം തീറ്റ ), ജീവകം സി (400 മില്ലി ഗ്രാം /കിലോഗ്രാം തീറ്റ ) എന്നിവ നൽകുന്നത് കോഴികളിൽ മരണനിരക്ക് കുറയ്ക്കുന്നതിനും തീറ്റയെടുക്കൽ വർധിപ്പിക്കുന്നതിനും സഹായിക്കും.  തീറ്റയിൽ 0.5 % അപ്പക്കാരം 0.5 % അമോണിയം ക്ലോറൈഡ് എന്നിവ ചേർക്കുന്നതും ഗുണകരമാണ്.
 • ഭക്ഷണക്രമീകരണം വഴി ഒരു പരിധിവരെ ദഹനസമയത്തെ ശരീര ഊഷ്മാവ് വർധിക്കുന്നതു തടയാൻ കഴിയും. ചൂടുകാലങ്ങളിൽ തീറ്റ ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കരുത്. കനത്ത ചൂടിൽ നനഞ്ഞ പൊടിത്തീറ്റ നൽകുന്നതാണ് ഉത്തമം. അതിരാവിലെയും വൈകുന്നേരവും തീറ്റകൊടുക്കുന്നത് വഴി കോഴികളിലെ മരണനിരക്ക് കുറയ്ക്കാൻ സാധിക്കും. 
 • മുട്ടക്കോഴികൾക്ക് ഉച്ചയ്ക്കുശേഷം കാത്സ്യം നൽകുന്നതാണ് നല്ലത്.  നനഞ്ഞ പൊടിതീറ്റയുടെയോ പെല്ലെറ്റ് തീറ്റയുടെയോ കൂടെ കൊഴുപ്പോ ശർക്കരപ്പാവോ ചേർക്കുന്നത് തീറ്റ എടുക്കുന്നത് വർധിപ്പിക്കും.
 • ചൂടുകാലങ്ങളിൽ ഇറച്ചിക്കോഴികളിൽ കരളിൽനിന്ന് രക്‌തം വാർന്നുപോകുന്ന രോഗം കൂടുതലായി കാണുന്നു. രാവിലെ കഴിച്ച തീറ്റ ദഹിക്കുന്നത് ഉച്ചയ്ക്കു ശേഷമായിരിക്കും. ഈ സമയത്ത് ശരീരോഷ്മാവ് വർധിക്കുന്നു.  ചൂടുമൂലമുണ്ടാകുന്ന മരണം കൂടുതലും ഉച്ചസമയത്തായിരിക്കും. ഉഷ്ണം കൂടുമ്പോൾ കോഴികൾ കൂടുതലായി തൂവൽ പൊഴിക്കാറുണ്ട്. ശരീരത്തിൽ  ഉൽപാദിപ്പിക്കപ്പെടുന്ന അമിതചൂട് പുറം തള്ളുന്നതിനുവേണ്ടിയാണിത്. 

കൂടു നിർമാണം

 • ഉഷ്ണമേഖലാ പ്രദേശങ്ങളിൽ സൂര്യപ്രകാശം നേരിട്ടു കോഴിക്കൂട്ടിൽ പതിയാതിരിക്കാൻ കിഴക്ക്–‌പടിഞ്ഞാറ് ദിശയിൽ വേണം കൂട് പണിയാൻ. കൂടാതെ കിഴക്കുഭാഗത്തുനിന്ന് തെക്ക് വശത്തേക്കും പടിഞ്ഞാറു ഭാഗത്തുനിന്നു വടക്കു വശത്തേക്കും ചെറിയ ഒരു ചരിവ് ഉണ്ടായിരിക്കണം.
 • ഓല,  വൈക്കോൽ തുടങ്ങിയ അനുയോജ്യമായ മേൽക്കൂര ഉപയോഗിക്കുന്നതിലൂടെ കോഴിക്കൂടിനകത്ത്, പുറത്തുള്ള താപനിലയേക്കാൾ അഞ്ചു മുതൽ 10 ഡിഗ്രി വരെ ചൂട് കുറയ്ക്കാൻ സാധിക്കും. ഉഷ്ണകാലത്ത് 6 ഇഞ്ച് കനത്തിൽ ഓലമേഞ്ഞ മേൽക്കൂരയിൽ നിർമിച്ച കൂട് മറ്റേതു മേൽക്കൂര നിർമാണ സാമഗ്രിയേക്കാളും കൂടുതൽ ആശ്വാസം നൽകുന്നു. വലിയ ഫാമുകളിൽ കൂടുതൽ കാലം നിലനിൽക്കുന്നതും,ചൂട് പ്രതിരോധിക്കാൻ കഴിവുള്ളതുമായ അലുമിനിയത്തിന്റെ മേൽക്കൂരയാണ് കൂടുതൽ ഉപയോഗിച്ചു കാണുന്നത്.  
 • കോഴിക്കൂടിനകത്ത് കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നതിനായി മേൽക്കൂര തറയിൽനിന്ന് അത്യാവശ്യം ഉയരത്തിലായിരിക്കണം. തറയും മേൽകൂരയും തമ്മിലുള്ള ഉയരം പൗൾട്രി ഷെഡിന്റെ നടുവിൽ നാലു മീറ്ററും വശങ്ങളിൽ 3.5 മീറ്ററും ആയിരിക്കണം. മേൽക്കൂരയുടെ ചായ്‌വ് മൂന്ന് മുതല്‍ അഞ്ച് അടിവരെ നീട്ടിക്കൊടുക്കുന്നത് കൂടിനുള്ളില്‍ ഏൽക്കുന്ന വെയിലിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
 • മേൽക്കൂരയിലെ ചൂടിന്റെ ആഗിരണം കുറയ്ക്കാന്‍ മേക്കൂക്കൂര വെള്ള പൂശുകയോ, ചാക്ക്, വൈക്കോല്‍, ഓല എന്നിവ വിരിക്കുകയോ ചെയ്യാം. വലിയ ഫാമുകളില്‍ ചൂടുവായു പുറത്തേക്ക് വലിച്ചു കളയുന്നതിനായി മേൽക്കൂരയില്‍ ‘ടർബോ’ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതും വശങ്ങളില്‍ വായു പുറത്തേക്ക് കളയാന്‍ ഫാനുകള്‍ ഘടിപ്പിക്കുന്നതും ഏറെ പ്രയോജനപ്രദമാണ്.
 • അന്തരീക്ഷ ഊഷ്മാവ് ഉയരുന്ന പകൽ സമയത്ത് കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന ‘ഫോഗറുകള്‍’ ഉപയോഗിച്ച് കൂടിനകത്ത് ഒന്നോ രണ്ടോ മിനിറ്റ് വെള്ളം സ്‌പ്രേചെയ്യുന്നത് നല്ലതാണ്. അന്തരീക്ഷത്തിലെ ഈർപ്പം (ആർദ്രത) കൂടിയ നേരങ്ങളില്‍ അതായത് മഴക്കാറുള്ള ദിവസങ്ങളിലും, ചൂട് കുറവുള്ള രാവിലെയും വൈകിട്ടും ഇങ്ങനെ സ്‌പ്രേ ചെയ്യേണ്ടതില്ല എന്നു എടുത്തു പറയേണ്ടല്ലോ?
 • ഉഷ്ണകാലത്ത് ചൂട് കൂടുകയാണെങ്കിൽ ഓലമേയുകയോ മേൽക്കൂരയുടെ പുറത്തെ പ്രതലത്തിൽ വെള്ള പെയിന്റോ അലൂമിനിയം പെയിന്റോ പൂശുകയോ ചെയ്യണം. ഇത് സൂര്യരശ്മികളെ പ്രതിരോധിപ്പിക്കാൻ സഹായിക്കും. കൂടാതെ അകത്തെ പ്രതലത്തിൽ കറുത്ത പെയിന്റ് അല്ലെങ്കിൽ ടാർ പൂശുന്നത് ചൂട് വലിച്ചെടുക്കാൻ സഹായകമാകും. നല്ല വായു സഞ്ചാരം കിട്ടാൻ കോഴിക്കൂടിന്റെ വശങ്ങളിലുള്ള നെറ്റുകൾ തുടർച്ചയായി വൃത്തിയാക്കണം. കൂടിന്റെ വശങ്ങളിൽ നനഞ്ഞ ചാക്കുകൾ തൂക്കിയിടുന്നത് നല്ലതാണ്.
 • ഉഷ്ണകാലത്ത് കോഴികൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കുന്നതിനായി തറ വിസ്തീർണം 10% വർധിപ്പിക്കണം. കനമുള്ളതും നനഞ്ഞതുമായ ലിറ്റർ കൂടുതൽ ചൂട് ഉത്പാദിപ്പിക്കും. അതുകൊണ്ട് ലിറ്ററിന്റെ കനം ആറു സെന്റീമീറ്ററിൽ അധികമാകാൻ പാടില്ല. നനഞ്ഞ ലിറ്റർ ഉടനെ നീക്കം ചെയ്യുകയും വേണം. അറക്കപ്പൊടി, മരച്ചീന്ത് തുടങ്ങിയ ലിറ്ററുകളിൽ വളരുന്ന കോഴികളെക്കാളും കമ്പിക്കൂടുകളിലും സ്ളാറ്റ് തറയിലും വളർത്തുന്ന കോഴികൾക്കാണ് താപസമ്മർദ്ദം കൂടുതൽ ബാധിക്കുന്നത്. കൂടുതൽ ചൂടുള്ള ദിവസങ്ങളിൽ മുട്ടക്കോഴികളുടെ കൂട്ടിൽനിന്ന് അഞ്ചോ ആറോ തവണ മുട്ടകൾ ശേഖരിക്കണം. 

വായുസഞ്ചാരം

പൗൾട്രി ഹൗസിന്റെ വീതി ഏഴു മീറ്ററിൽ കൂടിയാൽ  കൂട്ടിലേക്ക് ആവശ്യത്തിന് വായു പ്രവേശിക്കികയില്ല. കഠിനമായ ചൂടുകാറ്റ് തടയുന്നതിനു വേണ്ടി പൗൾട്രി ഹൗസിനു ചുറ്റും പെട്ടെന്നു വളരുന്ന തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാം. ‌കൂടാതെ  പാഷൻ ഫ്രൂട്ട്, പടവലം തുടങ്ങിയ പടർന്നു കയറുന്ന ചെടികളും, ചെറു പുൽത്തകിടികളും വച്ചു പിടിപ്പിക്കുന്നതു വഴി ചൂട്  നിയന്ത്രിക്കാൻ സാധിക്കും.

നമ്മുടെ കോഴിവ്യവസായത്തെ മന്ദഗതിയിലാക്കുകയും കർഷകരെ വമ്പിച്ച സാമ്പത്തിക നഷ്ടത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന  വേനൽക്കാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മേൽപ്പറഞ്ഞ പരിപാലനരീതികൾ വളരെയധികം ഉപകാരപ്രദമാണ്.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA