ADVERTISEMENT

ലോകത്ത് എന്തെങ്കിലും പകർച്ചവ്യാധി റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഏറ്റവുമധികം പഴി കേൾക്കുന്നത് ഇറച്ചിക്കോഴിയാണ്. കോറൊണ വൈറസ് വ്യാപിച്ച പ്രാരംഭഘട്ടത്തിൽ തന്നെ രാജ്യത്തെ ഇറച്ചിക്കോഴി വ്യാപാരം താറുമാറായിരുന്നു. ചിക്കനിലൂടെ കൊറോണ വൈറസ് പടരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാർത്തകളായിരുന്നു  മുഖ്യ കാരണം. 

വില വൻതോതിൽ ഇടിഞ്ഞതിനാൽ ആറായിരത്തോളം വരുന്ന ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നസീർ മക്കന്ദർ എന്ന കർണാടകയിലെ ഒരു  കർഷകന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുമുണ്ട്. ഇറച്ചിക്കോഴി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന ആന്ധ്രയുടെ കാര്യവും വ്യത്യസ്തമല്ല. മിക്കവാറും ഫാമുകൾ കൂട്ടത്തോടെ പൂട്ടിപ്പോകുന്ന കാഴ്ചകളായിരുന്നു എങ്ങും.

കേരളത്തിലും സ്ഥിതി മറിച്ചായിരുന്നില്ലെങ്കിലും ആശ്വസിക്കാനുള്ള വകയുണ്ടായിരുന്നു. കേരളത്തിൽ തുടക്കത്തിൽ  കൊറോണ ബാധ വലിയ‌ വെല്ലുവിളി ആയിരുന്നില്ല. എന്നാൽ, ക്രിസ്ത്യൻ വിഭാഗക്കാരുടെ നോമ്പും കനത്ത ചൂടും കാരണം കോഴിയിറച്ചിയുടെ വിൽപന കുറഞ്ഞുകുറഞ്ഞ് ഒരു കിലോ കോഴിയുടെ ചില്ലറ വില 130 രൂപയിൽനിന്ന്  80നു താഴെ വരെ എത്തിനിൽക്കുകയായിരുന്നു. അപ്പോഴാണ് തൊട്ടടുത്ത സംസ്ഥാനങ്ങളിൽ കൊറോണ മൂലം കെട്ടിക്കിടന്നിരുന്ന ചിക്കൻ  കേരളത്തിലേക്കു കടത്തിവിടാൻ തുടങ്ങിയത്.  ഇതോടെ വിൽപന തകൃതിയായി എന്നു മാത്രമല്ല വിപണിയിലെ മത്സരം കൂടുകയും വില വീണ്ടും ഇടിയുകയും ചെയ്തു. ഇത് കേരളത്തിലെ ആഭ്യന്തര ബ്രോയ്‌ലർ ഉൽപാദകരുടെ നട്ടെല്ലൊടിച്ചു എന്നുതന്നെ പറയണം. 

കാര്യങ്ങൾ ഈ നിലയ്ക്ക് എത്തിയപ്പോഴാണ് കൂനിന്മേൽ കുരു എന്നപോലെ സംസ്ഥാനത്ത് പക്ഷിപ്പനിയും സ്ഥിരീകരിക്കപ്പെട്ടത്. നിലവിൽ പക്ഷിപ്പനി ഇറച്ചിക്കോഴികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, 50 രൂപയിലും താഴ്ന്ന ചില്ലറ വിൽപന കിലോഗ്രാമിന്  19 രൂപ വരെയായി പുതിയ റെക്കോർഡുകൾ കൈവരിച്ചു. 

ചിക്കൻ കഴിക്കുന്നതിലോടെ കൊറോണ,  പക്ഷിപ്പനി എന്നിവ പകരില്ലെന്നുള്ള ശാസ്ത്രജ്ഞരുടെ വാദങ്ങളും,  ശാസ്ത്ര സംഘടനകളുടെ  പ്രസ്താവനകളും കൈമാറി എത്തുന്നതിന്റെ പതിന്മടങ് വേഗത്തിലാണ് അഭ്യൂഹങ്ങളും അർദ്ധ സത്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ബ്രോയ്‌ലർ കോഴി ഇറച്ചിയുടെ വില 130ൽനിന്ന് 19ലേക്ക് കൂപ്പുകുത്തി. ബ്രോയ്‌ലർ വിലയുടെ കാര്യത്തിൽ സ്ഥിരതയില്ലാത്ത ഉൽപന്നമായി മാറിയിരിക്കുന്ന സ്ഥിതിയാണുള്ളത്. വിപണിയിലെ ഏറ്റകുറച്ചിലുകൾ മുൻകൂട്ടി കണ്ട് അതാത് സമയം പ്രതികരിക്കുന്നവനു മാത്രമാണ് നിലവിൽ കൈ പൊള്ളാതെ ആഭ്യന്തര ഉൽപാദനം സാധ്യമാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com