sections
MORE

പരാദങ്ങളിൽനിന്ന് കന്നുകാലികളെ രക്ഷിക്കാൻ ഇതാ ആറു മാർഗങ്ങൾ

HIGHLIGHTS
  • രാസവും, ജൈവികവുമായ വിവിധ മാര്‍ഗങ്ങള്‍ പ്രയോഗിക്കാം
  • വൈകിട്ടും രാത്രികാലങ്ങളിലും തൊഴുത്തിനുള്ളില്‍ പുകയ്ക്കുക
cow
SHARE

പട്ടുണ്ണികള്‍, വട്ടന്‍ തുടങ്ങിയ രോഗാണുവാഹകരായ കീടങ്ങള്‍ പെറ്റുപെരുകുന്നതിന് അനുയോജ്യമായ കാലാവസ്ഥകൂടിയാണ് വേനല്‍. അനുകൂല കാലാവസ്ഥയില്‍ സക്രിയമാവുന്ന ഈ ബാഹ്യപരാദങ്ങള്‍ പശുക്കളില്‍ വിവിധ രോഗങ്ങള്‍ പടര്‍ത്തുന്നു. പരാദകീടങ്ങള്‍ പരത്തുന്ന തൈലേറിയോസിസ്, ബബീസിയോസിസ്, അനാപ്ലാസ്മോസിസ് തുടങ്ങിയ രക്താണുരോഗങ്ങള്‍ കേരളത്തില്‍ വേനല്‍ക്കാലത്ത് സാധാരണയാണ്. 

രക്തകോശങ്ങളെ ആക്രമിക്കുന്ന രോഗാണുക്കള്‍ പ്രസ്തുത കോശങ്ങളുടെ നാശത്തിനുതന്നെ കാരണമാകുന്നു. ശക്തമായ പനി, വിളര്‍ച്ച, മഞ്ഞപ്പിത്തം, വയറിളക്കം, ശ്വാസമെടുക്കാനുള്ള പ്രയാസം, മൂത്രത്തിന്‍റെ നിറം രക്തവർണമാകല്‍  തുടങ്ങിയ ലക്ഷണങ്ങള്‍ രക്താണുരോഗങ്ങളില്‍ കാണാം. കന്നിക്കിടാക്കള്‍ മുതല്‍ വലിയ പശുക്കളെ വരെ രോഗം  ബാധിക്കാം. ഏതെങ്കിലും ലക്ഷണങ്ങള്‍ ശ്രദ്ധയിൽപ്പെട്ടാല്‍ ഉടന്‍ ഡോക്ടറുടെ സഹായം തേടണം. രക്തം പരിശോധിച്ച് രോഗം കൃത്യമായി കണ്ടെത്താനുള്ള സൗകര്യങ്ങള്‍ മൃഗാശുപത്രികളില്‍ ലഭ്യമാണ്. 

പരാദങ്ങളെ പമ്പകടത്താന്‍

ബാഹ്യപരാദങ്ങളുടെ നിയന്ത്രണത്തിനായി രാസവും, ജൈവികവുമായ വിവിധ മാര്‍ഗങ്ങള്‍ പ്രയോഗിക്കാം. പശുക്കളുടെ ശരീരത്തിന് പുറത്ത് പ്രയോഗിക്കാവുന്നതും ഉള്ളില്‍ ഗുളികരൂപത്തില്‍ നല്‍കാവുന്നതും തൊലിക്കിടയില്‍ കുത്തിവയ്ക്കാവുന്നതുമായ ബാഹ്യപരാദ നിയന്ത്രണ മരുന്നുകള്‍ വിപണിയില്‍ ലഭ്യമാണ്. ഓര്‍ഗനോഫോസ്ഫറസ്, സിന്തറ്റിക് പൈറന്തോയിഡ്, അമിട്രാസ്, ഐവര്‍മെക്ടിന്‍ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട രാസസംയുക്തങ്ങള്‍ അടങ്ങിയതാണ് ഈ ബാഹ്യപരാദനാശിനികളില്‍ ഭൂരിഭാഗവും. 

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രസ്തുത മരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ ഉപയോഗിക്കുന്നതില്‍ ക്ഷീരകര്‍ഷകര്‍ ഒരു ഉപേക്ഷയും കാണിക്കരുത്. വേപ്പെണ്ണ കര്‍പ്പൂരത്തില്‍ ചാലിച്ച് മേനിയില്‍ തടവുക, കുന്തിരിക്കം, തുമ്പ, കാട്ടപ്പ, ശീമകൊന്ന തുടങ്ങിയവയുടെ ഇലയും തണ്ടും വൈകിട്ടും രാത്രികാലങ്ങളിലും തൊഴുത്തിനുള്ളില്‍ പുകയ്ക്കുക തുടങ്ങിയ ഹരിത മാര്‍ഗങ്ങളും ജൈവപ്രിയരായ കര്‍ഷകര്‍ക്ക് ബാഹ്യപരാദനിയന്ത്രണത്തിനായി പ്രയോജനപ്പെടുത്താം. തൊഴുത്തില്‍ സന്ധ്യാസമയങ്ങളിലും രാത്രിയും വേപ്പില പുകയ്ക്കുന്നത് ഈച്ചകളെയും പ്രാണികളെയും നിയന്ത്രിക്കാന്‍ ഉത്തമമാണ്. 

ബാഹ്യപരാദങ്ങള്‍ക്കെതിരെ രാസമരുന്നുകള്‍ പ്രയോഗിക്കുമ്പോള്‍

  1. കീടനിയന്ത്രണ ലേപനങ്ങള്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അതേ അളവിലും ഗാഢതയിലും ചേര്‍ത്ത് പ്രയോഗിക്കേണ്ടത് പ്രധാനമാണ്. 
  2. കുളിപ്പിച്ച ശേഷം മാത്രം മരുന്നുപയോഗം: ഉച്ചകഴിഞ്ഞുള്ള കറവയ്ക്ക് ശേഷം പശുവിനെ വൃത്തിയായി കുളിപ്പിച്ച ശേഷം കീടനിയന്ത്രണ ലേപനങ്ങള്‍ ശരീരത്തില്‍ തളിക്കുന്നതാണ് ഉചിതം. കറവയ്ക്ക് മുന്‍പായി അകിടും പിന്‍ഭാഗവും മാത്രം വൃത്തിയായി കഴുകിയാല്‍ മതിയാകും. പിറ്റേ ദിവസം രാവിലെ വരെ ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും ശരീരവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടേണ്ടത് മരുന്നിന്‍റെ ഫലപ്രാപ്തിക്ക് അത്യാവശ്യമാണ്. മാത്രവുമല്ല രാവിലെ മരുന്നുപയോഗിച്ചാല്‍ അത് കറവവേളകളില്‍ പാലിന്‍റെ ഗുണനിലവാരത്തെ ബാധിക്കാനുമിടയുണ്ട്. 
  3. ലേപനങ്ങള്‍ പ്രയോഗിച്ചാല്‍ പിന്നീടല്‍പ്പം തണല്‍: കീടനിയന്ത്രണലേപനങ്ങള്‍ മേനിയില്‍ തളിച്ച ശേഷം ചുരുങ്ങിയത് അരമണിക്കൂറെങ്കിലും പശുവിനെ തണലില്‍ നിർത്തണം. ഉടന്‍ വെയില്‍ കൊള്ളുന്ന പക്ഷം തൊലിപ്പുറത്തെ മരുന്ന് നിര്‍വീര്യമാകാന്‍ സാധ്യതയുണ്ട്.
  4. പശുക്കളുടെ ശരീരത്തില്‍ പ്രയോഗിച്ചതിന്‍റെ രണ്ട് ഇരട്ടി ഗാഢതയില്‍ മരുന്ന് വെള്ളത്തില്‍ ലയിപ്പിച്ച് തൊഴുത്തിലും പരിസരത്തും തളിക്കണം. ഉദാഹരണമായി സൈപ്പര്‍മെത്രിന്‍ എന്ന മരുന്ന് ഒന്നര മില്ലിലീറ്റര്‍ വീതം ഒരു ലിറ്റര്‍ ജലത്തില്‍ ചേര്‍ത്താണ് പശുവിന്‍റെ പുറത്ത് ഉപയോഗിക്കുന്നതെങ്കില്‍ 3-5 മി.ലി. മരുന്ന് ഒരു ലീറ്റര്‍ ജലത്തില്‍ ചേര്‍ത്ത് വേണം തൊഴുത്തില്‍ പ്രയോഗിക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ തറയിലെയും ഭിത്തിയിലെയുമെല്ലാം ചെറു സുഷിരങ്ങളിലും വിള്ളലുകളിലും മരുന്നെത്താന്‍ ശ്രദ്ധിക്കണം. കാരണം പട്ടുണ്ണികളുടെ മുട്ടകളും അവ വിരിഞ്ഞിറങ്ങുന്ന ലാര്‍വകളും ഒളിച്ചിരിക്കുന്നത് ഇത്തരം സുഷിരങ്ങളിലാണ്. യാതൊരു തീറ്റയും കൂടാതെ 2 മുതല്‍ 7 മാസം വരെ ഇവിടെ സുഖസുഷുപ്തിയില്‍ കഴിയാന്‍, അനുകൂലാവസ്ഥയില്‍ പട്ടുണ്ണികളുടെ ലാര്‍വകള്‍ക്ക് സാധിക്കും. പിന്നീട് പുറത്തിറങ്ങി രക്തമൂറ്റുകയും ചെയ്യും.  സുഷിരങ്ങളും വിള്ളലുകളും സിമന്‍റ് ചേര്‍ത്തടയ്ക്കാനും ശ്രദ്ധിക്കണം. ഒപ്പം ബാഹ്യപരാദങ്ങള്‍ക്കെതിരായ മരുന്നുകള്‍ ചേര്‍ത്ത തൊഴുത്തിന്‍റെ ഭിത്തികളില്‍ വെള്ള പൂശുകയും ചെയ്യാം. 
  5. ആഴ്ചയില്‍ ഒരു തവണ വീതം തുടര്‍ച്ചയായി 6-7 ആഴ്ച വരെ ഇതേ രീതിയില്‍ മരുന്നുപയോഗം തുടരണം. ഇത് സമ്പൂര്‍ണ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. ഒരേയിനം മരുന്ന് തന്നെ തുടര്‍ച്ചയായി ഉപയോഗിക്കുന്നത്, കീടങ്ങള്‍ പ്രസ്തുത മരുന്നിനെതിരെ അതിജീവന ശേഷിയാർജിക്കാന്‍ വഴിയൊരുക്കും. ഡോക്ടറുമായി ബന്ധപ്പെട്ട് ഇടയ്ക്ക് പഴയ മരുന്ന് മാറ്റി പുതിയയിനം മരുന്ന് പ്രയോഗിക്കാന്‍ ശ്രദ്ധിക്കണം. 
  6. തൊഴുത്തിന്‍റെ 2 - 21/2 മീറ്റര്‍ ചുറ്റളവില്‍ വളര്‍ന്നിരിക്കുന്ന പുല്ലും പാഴ്ച്ചെടികളുമെല്ലാം നശിപ്പിച്ച് കളയണം. ഒപ്പം മതിയായ ജലവാര്‍ച്ച ഉറപ്പുവരുത്തി മെറ്റല്‍ വിരിക്കുകയും ചെയ്യാം. രക്തമൂറ്റിയ ശേഷം പശുക്കളുടെ ശരീരം വിട്ടിറങ്ങുന്ന പട്ടുണ്ണികള്‍ക്ക് മുട്ടയിട്ട് പെരുകുന്നതിനും ലാര്‍വകള്‍ വളര്‍ച്ച പ്രാപിക്കുന്നതിനും ഇത്തരം പാഴ്ച്ചെടികളും മറ്റും അനുകൂല സാഹചര്യം ഒരുക്കും. ഒറ്റത്തവണ 3000ലധികം മുട്ടകളാണ് ഒരു പട്ടുണ്ണി മാത്രം പുറന്തള്ളുക. ഇത്രയും മുട്ടകള്‍ വിരിഞ്ഞ് രക്തമൂറ്റിക്കുടിക്കുകയും രോഗം പരത്തുകയും ചെയ്യുന്ന ലാര്‍വകള്‍ പുറത്തിറങ്ങിയാലുണ്ടാവുന്ന അപകടം ഊഹിക്കാമല്ലോ. 
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA