sections
MORE

നിങ്ങൾ വിഷച്ചെടി തന്നെയാണോ പശുക്കൾക്കു നൽകുന്നത്? ബ്ലൂമിയ മരണം തുടർക്കഥ

HIGHLIGHTS
  • ബ്ലൂമിയ കന്നുകാലികളുടെ ജീവനെടുക്കും
  • ബ്ലൂമിയ ചെടിയിലെ വിഷം ഇന്നും നിഗൂഢം
cow-poison-1
ബ്ലൂമിയ ചെടി
SHARE

"ഡോക്ടറെ, വളരെ പെട്ടന്നൊന്ന് എന്റെ വീട്ടിൽ എത്താൻ പറ്റുമോ ?, എന്റെ പശു തളർന്നു വീണു. വീണിടത്ത് കിടന്ന് ശരീരമാകെ വിറയ്ക്കുന്നുണ്ട്. വായിൽനിന്ന് നുരയും പതയുമൊക്കെ വരുന്നുണ്ട്. വളരെ മോശമായ അവസ്ഥയാണ് . പെട്ടെന്നെത്താമോ? " - കോഴിക്കോട് നന്മണ്ട എന്ന പ്രദേശത്ത് നിന്ന് ക്ഷീരകർഷകരിൽ ഒരാളുടെ ആശങ്കയോടെയുള്ള ഈ ഫോൺ കാൾ ലഭിച്ചത് കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ നേരത്തായിരുന്നു. പെട്ടന്ന് പശു തളർന്ന് വീണ് അവശനിലയിലായതിന്റെ കാരണങ്ങൾ പലതാവാം. ഭക്ഷ്യവിഷബാധ മുതൽ കൊടുവേനലായതിനാൽ സൂര്യാഘാതം വരെയുള്ള സാധ്യതകളുണ്ട്. സമയം ഒട്ടും കളയാതെ വളരെ വേഗത്തിൽ അദ്ദേഹത്തിന്റെ ഭവനത്തിലെത്തി. 

പശുവിന് പെടുന്നനെ സംഭവിച്ച ഈ അപകടത്തിന്റെ കാരണം തേടി അധികമൊന്നും അന്വേഷിക്കേണ്ടതായി വന്നില്ല. തൊഴുത്തിലൊന്ന് കണ്ണോടിച്ചപ്പോൾ തന്നെ അപകടകാരണം വ്യക്തമായിരുന്നു. അത് മറ്റൊന്നുമായിരുന്നില്ല, ബ്ലൂമിയ ചെടികൾ തന്നെ. തൊട്ടു തലേ ദിവസം രാത്രിയും തുടർന്ന് രാവിലെയും അദ്ദേഹം പശുവിന് തീറ്റയായി പ്രധാനമായും നൽകിയത് ഈ ചെടിയായിരുന്നത്രേ. തൊഴുത്തിൽ അതിന്റെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. മാത്രമല്ല വീണ്ടും നൽകുന്നതിനായി മാറ്റിവച്ച ബ്ലൂമിയയുടെ ഒരു കെട്ടും സമീപത്ത് തന്നെയുണ്ട്. തീറ്റപ്പുല്ല് കിട്ടാൻ ഒരു വഴിയും ഇല്ലാത്തതിനാലാണ് പശുവിന് ബ്ലുമിയ അരിഞ്ഞു നൽകേണ്ടി വന്നതെന്നായിരുന്നു ആ കർഷകന്റെ നിസഹയതയോടെയുള്ള മറുപടി. എന്നാൽ, പൂത്ത് നിൽക്കുന്ന ബ്ലൂമിയ കന്നുകാലികൾക്ക് മാരകമായ വിഷച്ചെടിയാണെന്ന് തിരിച്ചറിയാൻ ആ ക്ഷീര കർഷകന് സാധിച്ചില്ല. 

ഇത് ഇക്കഴിഞ്ഞ ദിവസം നടന്ന സംഭവമാണങ്കിൽ കഴിഞ്ഞ ജനുവരി മാസം മുതൽ അനേകം കന്നുകാലികളാണ് സംസ്ഥാനത്ത് ബ്ലൂമിയ ചെടിയിൽനിന്നുള്ള വിഷബാധയേറ്റ് മരണപ്പെട്ടത്. ബ്ലൂമിയ ചെടിയിലെ ജീവനെടുക്കാൻ പോന്ന വിഷത്തെ കുറിച്ച് കർഷകർക്ക് പല തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും അശ്രദ്ധ കാരണം കന്നുകാലി മരണങ്ങൾ ആവർത്തിക്കുന്നു.

ബ്ലൂമിയ കന്നുകാലികളുടെ ജീവനെടുക്കും

പൂത്ത് നിൽക്കുന്ന ബ്ലൂമിയ ചെടികൾ അധിക അളവിൽ കഴിക്കുന്നത് വഴിയാണ് പശുക്കളിലും ആടുകളിലും വിഷബാധയേൽക്കുന്നത്. തീറ്റയെടുക്കാതിരിക്കല്‍, ഉദരസ്തംഭനം, പശുക്കളുടെ ശരീരതാപനില സാധാരണനിലയില്‍ നിന്നും വളരെയധികം താഴല്‍, നിര്‍ജലീകരണം, നില്‍ക്കാനും നടക്കാനുമുള്ള പ്രയാസം, വായില്‍ നിന്നും നുരയും പതയുമൊലിക്കല്‍, മൂക്കില്‍നിന്നും ഗുദദ്വാരത്തില്‍നിന്നും രക്തസ്രാവം, ശരീരവിറയല്‍, മറിഞ്ഞുവീണ് കൈകാലുകള്‍ നിലത്തിട്ടടിക്കല്‍ ഇവയെല്ലാമാണ് ബ്ലൂമിയ സസ്യ വിഷബാധയുടെ പ്രധാനലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനു ശേഷം ചുരുങ്ങിയ സമയത്തിനുള്ളില്‍ മരണം സംഭവിക്കാൻ സാധ്യതയേറെയാണ്. തീവ്രവിഷബാധയിൽ ലക്ഷണങ്ങള്‍ പ്രകടമാവുന്നതിന് മുൻപ് തന്നെ പശുക്കൾ മരണപ്പെടാനും സാധ്യതയുണ്ട്. 

blumia
ബ്ലൂമിയ ചെടി കഴിച്ച് പശു ചത്ത നിലയിൽ

ബ്ലൂമിയ ചെടികള്‍ ധാരളമായി പൂക്കുന്ന ഡിസംബര്‍- ജൂണ്‍ കാലയളവിലാണ് സംസ്ഥാനത്ത് ബ്ലൂമിയ വിഷബാധ വ്യാപകമായി കണ്ടു വരുന്നത്. പൊതുവെ പച്ചപ്പുല്ലിനും പച്ചിലകള്‍ക്കും ക്ഷാമമുണ്ടാവുന്ന ഈ കാലത്ത് പാതയോരങ്ങളില്‍ സമൃദ്ധമായി പൂത്ത് നില്‍ക്കുന്ന ബ്ലൂമിയ ചെടികള്‍ പശുക്കള്‍ ആഹാരമാക്കാനും സ്വന്തമായി തീറ്റ പുൽ കൃഷിയൊന്നുമില്ലാത്ത സാധാരണകര്‍ഷകര്‍ പശുക്കള്‍ക്ക് അവ വെട്ടി നല്‍കാനും സാധ്യതയേറെയാണ്. ഇത് വിഷ ബാധയേൽക്കാനുള്ള സാധ്യതയും ഉയർത്തും.

ബ്ലൂമിയ ചെടിയിലെ വിഷം ഇന്നും നിഗൂഢം

ബ്ലൂമിയ ചെടികള്‍ വിഷബാധയ്ക്ക് കാരണമാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും വിഷബാധയ്ക്ക് ഇടയാക്കുന്ന രാസഘടകമേതാണെന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താന്‍ ഇന്നും ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ബ്ലൂമിയ ചെടിയില്‍ ആല്‍ക്കലോയിഡുകള്‍, ഗ്ലൈക്കോസൈഡുകള്‍, ഫ്ളാവനോയിഡുകള്‍, സാപോണിന്‍, സ്റ്റിറോയിഡുകള്‍, ഡൈടെര്‍പ്പനോയ്ഡുകള്‍, ട്രൈടെര്‍പ്പനോയ്ഡുകള്‍, ടാനിന്‍ തുടങ്ങിയ രാസഘടകങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്. സസ്യത്തില്‍ ഉയര്‍ന്ന അളവില്‍ കാണപ്പെടുന്ന രാസഘടകമായ ആല്‍ക്കലോയിഡുകളാണ് വിഷബാധയേല്‍ക്കുന്നതിന് ഇടയാക്കുന്നത് എന്ന് ചില ശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കൃത്യമായി ഏത് ആല്‍ക്കലോയിഡാണെന്നുള്ളതും ഇതിന്‍റെ മറുമരുന്ന് എന്താണെന്നതും അജ്ഞാതമായി തുടരുന്നു. ബ്ലൂമിയയിലെ സസ്യവിഷം കൃത്യമായി ഏതന്നറിയാത്തത് കൊണ്ട് തന്നെ വിഷത്തിനെതിരായ പ്രതിവിധിയും അജ്ഞാതമാണ്. 

ബ്ലൂമിയ തൊഴുത്തിന്റെ പടിക്ക് പുറത്ത് നിർത്താം

ബ്ലൂമിയ ചെടിയിലെ അജ്ഞാതമായ വിഷവസ്തുവിനെ കൃത്യമായി കണ്ടെത്തുന്നതിനായുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ ഇനി വേണ്ടതുണ്ട്. ബ്ലൂമിയ കുടുംബത്തിലെ എല്ലാ ഇനം ചെടികളും അപകടകാരികളാണോ, ചെടികള്‍ പൂവിടുമ്പോള്‍ മാത്രമാണോ അപകടസാധ്യതയുള്ളത് തുടങ്ങിയ കാര്യങ്ങളിലും ശാസ്ത്രാന്വേഷണങ്ങള്‍ ആവശ്യമാണ്. 

ബ്ലൂമിയ ചെടിയിലെ വിഷമേതാണെന്നും അതിനെ നിര്‍വീര്യമാക്കാനുള്ള കൃത്യമായ പ്രതിമരുന്ന് ഏതാണെന്നുമെല്ലാമുള്ള വിവരങ്ങള്‍ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ് സമീപഭാവിയില്‍ കര്‍ഷകരിലെത്തുമെന്ന് പ്രതീക്ഷിക്കാം. അതുവരേക്കും ബ്ലൂമിയ ചെടികളെ തൊഴുത്തിന്‍റെ പടിക്ക് പുറത്ത് നിര്‍ത്താനും കന്നുകാലികൾ കഴിക്കാതെ കരുതാനും കര്‍ഷകന്‍ അതീവ ജാഗ്രത പുലര്‍ത്തണം. 

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA