ADVERTISEMENT

എന്തിനോടും അപ്പുവിന് അകാരണമായ ദേഷ്യമാണ്. കളിപ്പാട്ടങ്ങള്‍ വലിച്ചെറിയും, വീട്ടിലെ സാധനസാമഗ്രികള്‍ വാരിവലിച്ചിടും, ഭക്ഷണവും വെള്ളപ്പാത്രങ്ങളും തട്ടിത്തെറിപ്പിക്കും. ഇതൊന്നും ആ പാവം ആറ് വയകാരന്‍റെ കുട്ടിക്കുറുമ്പുകളല്ല, ഹൈപ്പര്‍ ആക്ടീവ് ഓട്ടിസം പിടിപെട്ട കുട്ടികളില്‍ ചിലരെങ്കിലും ഇങ്ങനെയാണ്. എന്തിനോടും അവരുടെ പ്രതികരണങ്ങള്‍ ഒരുവേള രൂക്ഷമായിരിക്കും. ചിലപ്പോള്‍ മൂക്കിന്‍ തുമ്പത്തായിരിക്കും ദേഷ്യവും പിടിവാശിയുമെല്ലാം. ജന്മനാ തന്നെ ബാധിക്കുന്ന ഹൈപ്പര്‍ ആക്ടീവ് ഓട്ടിസം എന്ന ജനിതക-മാനസികവ്യതിയാനത്തിന്‍റെ അനന്തരഫലങ്ങളാണിതെല്ലാം. ഈ സാഹചര്യം തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കാനും അവരുടെ മാനസികാവസ്ഥകള്‍ മനസിലാക്കി ഉള്ളറിഞ്ഞ് ഇടപെടാനും എപ്പോഴും ഒരാള്‍ കൂട്ടിന് വേണ്ടതുണ്ട്. അപ്പുവിനൊപ്പം എപ്പോഴും എന്തിനും താങ്ങും തണലുമായി കൂടെയുള്ളത് അവന്‍റെ അമ്മയാണ്. 

ഓട്ടിസം പോലുള്ള ജനിതക-മാനസിക വ്യതിയാനങ്ങള്‍ പിടിപെട്ടവർക്ക് മാനസിക കരുത്തും പിന്തുണയും പകരാനും അവര്‍ക്ക് ആശ്വാസമായി ഒപ്പം നില്‍ക്കാനും സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും ഓമനമൃഗങ്ങള്‍ക്കാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ വന്നൊരു വാര്‍ത്ത ആയിടെയാണ് ആ അമ്മയുടെ കണ്ണിലുടക്കുന്നത്. സ്നേഹത്തോടെ മകനെയൊന്ന് താലോലിക്കാനോ അവനോട് സന്തോഷത്തോടെ ഇടപെടാനോ പോലും കഴിയാതെ വിഷമിക്കുന്ന തന്‍റെ അവസ്ഥയില്‍ അപ്പുവിന് ഒരാശ്വാസമാകാനും ആനന്ദമേകാനും ഒരു അരുമനായക്ക് പറ്റിയെങ്കില്‍ എന്ന് ആ അമ്മ പ്രത്യാശിച്ചു. പിന്നെ വൈകിയില്ല, ഓട്ടിസം രോഗികള്‍ക്ക് കൈത്താങ്ങാവുന്ന സർവീസ് ഡോഗുകളെ നല്‍കുന്ന ഒരു സ്ഥാപനവുമായി ബന്ധപ്പെട്ടു. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട ഓമനത്തമുള്ള ഒരു നായയെ മകന് കൂട്ടായി വീട്ടിലെത്തിച്ചു. 

അപ്പുവിന്‍റെ പുതിയ ചങ്ങാതിയുടെ പേര് ഇനു എന്നായിരുന്നു. നാളുകള്‍ കടന്നുപോയി. അപ്പുവിന്‍റെ പിടിവാശിക്കും ദേഷ്യത്തിനുമൊന്നും ഒരു കുറവുമുണ്ടായിരുന്നില്ല. ഇനുവിനെ അവന്‍ ഒട്ടും ഗൗനിച്ചതേയില്ലെങ്കിലും അപ്പുവിനൊപ്പം എപ്പോഴും ഇനു ഉണ്ടായിരുന്നു. അവന്‍ കളിക്കുമ്പോള്‍ ഇനു അവനൊപ്പം മുറിയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി, അവന്‍ കഴിക്കുമ്പോള്‍ അപ്പുവിന്‍റെ കുഞ്ഞുമേശക ക്ക് കീഴെ ഇനു തന്‍റെ പാലും ബിസ്ക്കറ്റും ഒപ്പം കഴിച്ചു. അപ്പു കിടക്കുമ്പോള്‍ അവന്‍റെ കട്ടിലിന് കീഴെ കണ്ണിമചിമ്മാതെ ഇനു കാവലിരുന്നു. അവന്‍ ദേഷ്യപ്പെട്ടപ്പോഴും ഒച്ചവച്ചപ്പോഴുമെല്ലാം ഒരു ഭാവഭേദവുമില്ലാതെ ഇനു അവനൊപ്പം ചേര്‍ന്ന് നിന്നു, ഒരു ആത്മമിത്രത്തെപ്പോലെ. രോഗീ പരിചരണത്തില്‍ പ്രത്യേക പരിശീലനം നേടിയ ആ മിണ്ടാപ്രാണിക്ക് ഇതൊന്നും ഒട്ടും പുതുമയല്ലായിരുന്നു. അങ്ങനെ ദിവസങ്ങള്‍ പിന്നിടും തോറും അറിയാതെ അവര്‍ രണ്ടുപേര്‍ക്കുമിടയില്‍ ഒരാത്മബന്ധം തളിരിടുകയായി രുന്നു, ഓട്ടിസത്തെപ്പോലും തോല്‍പ്പിച്ചുകൊണ്ട്.

ഒരിക്കല്‍ അടുക്കളയില്‍ പാചകത്തിരക്കിനിടെ തൊട്ടടുത്ത മുറിയില്‍ മകന്‍റെ ഉച്ചത്തിലുള്ള ചിരികേട്ട് ആ അമ്മ ആകെ അത്ഭുതപ്പെട്ടു. ഓടിയെത്തി മുറിതുറന്നപ്പോഴത്തെ കാഴ്ചകള്‍ കണ്ട് അവള്‍ വിങ്ങലടക്കാന്‍ പാടുപെട്ടു. തന്‍റെ മകന്‍ ഇനുവിനൊപ്പം കളിച്ചും ചിരിച്ചും ഉല്ലസിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നാണ് തന്‍റെ മകനെ ഇത്ര സന്തോഷത്തില്‍ ആ അമ്മ കാണുന്നത്, അവന്‍റെ ചിരിയും ആഹ്ളാദവും കേള്‍ക്കുന്നത്, അനുഭവിക്കുന്നത്. ഒടുവില്‍ - Even animal can- മൃഗങ്ങൾക്ക് പോലും സാധ്യമാവും- എന്ന് ഒറ്റവരിക്കുറിപ്പില്‍ ഓര്‍മപ്പെടുത്തിയാണ് അമീര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് ഇക്കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇനു എന്ന ഈ ഹ്രസ്വചിത്രം പൂര്‍ത്തിയാവുന്നത്. 

സംഭാഷണങ്ങള്‍ ഒന്നുമില്ലെങ്കിലും പശ്ചാത്തല സംഗീതത്തിന്‍റെയും തീവ്രമായ അഭിനയമുഹൂര്‍ത്തങ്ങളുടെയും മികവില്‍ കേള്‍വിയും കാഴ്ചയുമൊരുക്കുന്ന പത്ത് മിനിറ്റ് മാത്രമുള്ള ഈ ചിത്രം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ആരാരും കൂട്ടിനില്ലാതെ ജീവിതവഴിയില്‍ ഒറ്റപ്പെടുന്നവര്‍, മാനസികവെല്ലുവിളികള്‍ നേരിടുന്നവർ, വിഷാദം ബാധിച്ചവര്‍, ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്നവർ, വൃദ്ധര്‍, രോഗികൾ തുടങ്ങിയ അനേകം മനുഷ്യരുടെ ജീവിതത്തില്‍ ആശ്വാസമെത്തിക്കാനും അവര്‍ക്ക് മാനസിക പിന്തുണയേകാനും, അവരുടെ രോഗപീഢകള്‍ക്കും ശാരീരിക വിഷമങ്ങള്‍ക്കും തെല്ല് ശമനമുണ്ടാവാനും പരിശീലനം നേടിയ അരുമ മൃഗങ്ങളെയും പക്ഷികളെയും, മത്സ്യങ്ങളെയും ഉപയോഗപ്പെടുത്തുന്ന അനിമല്‍ അസിസ്റ്റഡ് തെറാപ്പി അഥവാ പെറ്റ് തെറാപ്പി എന്ന ആശയത്തെയും അതിന്‍റെ സാധ്യതകളെയുമാണ് ഈ ഹ്രസ്വചിത്രം കാഴ്ചക്കാര്‍ക്ക് പരിചയപ്പെടുത്തുന്നത്. ഹൈപ്പര്‍ഓട്ടിസം ബാധിച്ച കെയ് എന്ന കുട്ടിയുടെയും അവന്‍റെ അമ്മയുടെയും ടൊര്‍ണാഡോ എന്ന അവരുടെ ലാബ്രഡോര്‍ റിട്രീവര്‍ സർവീസ് ഡോഗിന്‍റെയും ആത്മബന്ധത്തിന്‍റെ യഥാർഥമായ ഒരനുഭവത്തിന്‍റെ കഥയുള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പെറ്റ് തെറാപ്പിയുടെ പെരുമ വിളിച്ചോതുന്ന ഇതുപോലുള്ള ജീവിതഗന്ധിയായ നിരവധി സംഭവകഥകള്‍ നമ്മുടെ ചുറ്റപാടിൽനിന്ന്  കണ്ടെടുക്കാന്‍ സാധിക്കും. 

ഇന്ന് ആതുരചികിത്സാ രംഗത്ത് പ്രചാരമേറുന്ന മേഖലകളിലൊന്നാണ് പെറ്റ് തെറാപ്പി. അരുമ മൃഗങ്ങള്‍ കാവലിനും കളിക്കൂട്ടുകാരനും മാത്രമല്ല, അവര്‍ ആരോഗ്യസേവകരും ഒറ്റപ്പെടുമ്പോള്‍ ഒന്ന് മിണ്ടിയും പറഞ്ഞുമിരിക്കാന്‍ തുണയായെത്തുന്നവരുമാണെന്ന കാഴ്ചപ്പാടും തിരിച്ചറിവുമാണ് പെറ്റ് തെറാപ്പിയുടെ കാതല്‍.

pet-therappy-1

പെറ്റ് തെറാപ്പി - ചരിത്രം 

പെറ്റ് തെറാപ്പിയുടെ പിന്നിട്ട വഴികള്‍ തേടി പോയാല്‍ ചെന്നെത്തുക പുരാതന ഗ്രീസിലായിരിക്കും. രോഗികള്‍, യുദ്ധങ്ങളില്‍ പരിക്കേറ്റ പട്ടാളക്കാര്‍ തുടങ്ങിയവരുടെയെല്ലാം ചികിത്സയ്ക്കും അവരുടെ മാനസികാരോഗ്യം വീണ്ടെടുക്കാനും കുതിരകളെയായിരുന്നു അന്ന് പ്രയോജനപ്പെടുത്തിയിരുന്നത്. രോഗപീഢയും വാര്‍ദ്ധക്യവും കാരണം തളര്‍ന്ന് ശയ്യാവലംബികളായെങ്കിലും ഒരു കാലത്ത് ഗ്രീസിലെ യുദ്ധവീരന്മാരായിരുന്ന പട്ടാളക്കാര്‍ക്ക് തങ്ങളുടെ പഴയപടക്കുതിരകളുടെ സാമീപ്യം പകര്‍ന്ന സാന്ത്വനവും ആശ്വാസവും ചെറുതല്ലായിരുന്നു. 

വിഷാദമടക്കമുള്ള മാനസികരോഗങ്ങള്‍ ബാധിച്ചവരുടെ അമിത ആകാംക്ഷയും ഉത്കണ്ഠയും അകറ്റാന്‍ ഓമനമൃഗങ്ങക്ക് കഴിയുമെന്ന ആശയം 1800കളില്‍ തന്നെ പങ്കുവച്ചത് വിളക്കേന്തിയ വനിതയെന്ന് ചരിത്രം വാഴ്ത്തുന്ന ഫ്ളോറന്‍സ് നൈറ്റിംഗേൽ ആയിരുന്നു. ക്രിമിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ പട്ടാളക്കാരുടെ പരിചരണത്തിനായും മാനസിക പിന്തുണ നല്‍കാനും അരുമ മൃഗങ്ങളുടെ സാന്നിധ്യം ഏറെ പ്രയോജനപ്പെട്ടതായി അവര്‍ പിന്നീട് എഴുതിയിട്ടുണ്ട്. 1940കളില്‍ അമേരിക്കന്‍ റെഡ് ക്രോസ് സൊസൈറ്റി പരിക്കേറ്റ് കിടക്കുന്നവരുടെയും വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ടവരുടെയും സ്വാന്തന പരിചരണത്തിനായി ഫാമുകളിലെ പശു, ആട്, ചെമ്മരിയാട് തുടങ്ങിയ മൃഗങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നു. ലോകപ്രശസ്ത മാനസികരോഗ്യവിദഗ്ദനും മനശാസ്ത്രജ്ഞനായിരുന്ന സിഗ്മണ്ട് ഫ്രോയ്ഡ് രോഗികളെ പരിശോധിച്ചിരുന്നത് ജോ-ഫി എന്ന ചൗ-ചൗ ഇനത്തില്‍പ്പെട്ട തന്‍റെ അരുമനായയെ സമീപം ഇരുത്തിക്കൊണ്ടായിരുന്നു. അരുമമൃഗങ്ങളുടെ സാന്നിധ്യം രോഗികളില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കും പ്രത്യാശയുടെ ഊര്‍ജ്ജം പകരാനും ഉതകുമെന്ന് അദ്ദേഹം അക്കാലങ്ങളില്‍തന്നെ നിരീക്ഷിച്ചിരുന്നു. 

1961ല്‍ ബോറിസ് ലെവിസണ്‍ എന്ന ആസ്ട്രിയന്‍ ശാസ്ത്രജ്ഞനാണ് പെറ്റ്തെറാപ്പിയുടെ സാധ്യതകള്‍ ആദ്യമായി ശാസ്ത്രീയമായി തെളിയിച്ചത്. തന്‍റെ ജിംഗിള്‍സ് എന്ന് പേരായ നായയും മാനസികവെല്ലുവിളികള്‍ നേരിടുന്ന കുട്ടികളും തമ്മിലുള്ള ബന്ധവും ഇടപെടലുകളും അത് അവരിലുണ്ടാക്കുന്ന മാറ്റങ്ങളും നിരീക്ഷിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം . 

കാലമേറെ പിന്നിടുമ്പോള്‍ ഇന്ന് യൂറോപ്പ് അടക്കമുള്ള നാടുകളില്‍ പെറ്റ് തെറാപ്പിയെന്ന ആശയം ഏറെ വേരുറപ്പിച്ചിട്ടുണ്ട്. പെറ്റ്തെറാപ്പി സെന്‍ററുകളും സൊസൈറ്റികളും തെറാപ്പി ഡോഗ്, തെറാപ്പി ക്യാറ്റ്, തെറാപ്പി ബേര്‍ഡ് തുടങ്ങിയ ബ്രാന്‍ഡ് പേരുകളില്‍ ആതുര സേവനത്തിന് സഹായിക്കുന്ന പ്രത്യേകം പരിശീലനം നേടിയ മൃഗങ്ങളും പക്ഷികളുമെല്ലാം ഏറെ ജനപ്രിയമാണ് ആ നാടുകളിൽ. പെറ്റ് തെറാപ്പിയില്‍ വലിയരിതിയില്‍ പുതിയ ഗവേഷങ്ങളും പഠനപരിശീലനവുമെല്ലാം നടക്കുന്നുണ്ട്. 

പെറ്റ്തെറാപ്പിയുടെ പിന്നിലെ ശാസ്ത്രം

എങ്ങനെയാണ് അരുമമൃഗങ്ങളുമായുള്ള സഹവാസം രോഗികളുടെ വേദന അകറ്റാനും, മാനസിക പ്രയാസങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നത്? എന്തുകൊണ്ടാണ് അരുമകളുടെ സാന്നിധ്യം ആളുകളുടെ ആകുലതകളും ആശങ്കകളും അമിത ഉത്കണ്ഠയും മാറ്റി നിര്‍ത്തുന്നത്? എങ്ങനെയാണ് പെറ്റ് തെറാപ്പി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത്? ഓമന മൃഗങ്ങളുമായുള്ള ചങ്ങാത്തം ആരോഗ്യവും ആയുസും ഏറ്റും എന്ന് പറയുന്നതില്‍ സത്യമുണ്ടോ? ഈ രഹസ്യങ്ങള്‍ തേടി നിരവധി ശാസ്ത്രപഠനങ്ങള്‍ നടന്നിട്ടുണ്ട്. എങ്കിലും ഇപ്പോഴും പെറ്റ് തെറാപ്പിയുടെ പൂര്‍ണമായ രഹസ്യം ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പഠനങ്ങള്‍ തുടരുകയാണ്. 

മനുഷ്യനും മൃഗവും തമ്മിലുള്ള വൈകാരിക അടുപ്പത്തിന്‍റെയും മാനസിക പൊരുത്തത്തിന്‍റെയും കാരണങ്ങള്‍ ഇഴകീറി കണ്ടെത്തുകയെന്നത് ശ്രമകരം തന്നെയാണ്. അരുമകളുമായി ഇടപെടുമ്പോള്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍, ആല്‍ഡോസ്റ്റിറോണ്‍ തുടങ്ങിയ സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ ഉത്സര്‍ജനം കുറയുന്നതും രക്തത്തില്‍ ഓക്സിടോസിന്‍, ഡോപമീന്‍, എന്‍ഡോര്‍ഫിന്‍, തുടങ്ങിയ സന്തോഷ ഹോര്‍മോണുകളുടെ അളവ് ഉയരുന്നതുമാണ് പെറ്റതെറാപ്പിയുടെ വിജയസൂത്രം എന്ന് ചില ജീവശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഉന്മേഷത്തിന്‍റെയും ഉല്ലാസത്തിന്‍റെയും ഹോര്‍മോണുകളാണ് എന്‍ഡോര്‍ഫിനും, ഡോപമിനുമെല്ലാം. 

pet-therappy-2

പെറ്റ് തെറാപ്പി ഇന്ന്

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനുമൊക്കെ അരുമകളുമായുള്ള ഇടപെടല്‍ വഴിയൊരുക്കുമെന്നറിഞ്ഞതോടെ വ്യായാമം പോലെ തന്നെ അരുമകളെ താലോലിക്കുന്നവരും ഏറിയിട്ടുണ്ട്. അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍, കീമോതെറാപ്പി, നഴ്സിംഗ് ഹോമുകള്‍, വൃദ്ധസദനങ്ങള്‍, മാനസീകാരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം പെറ്റ് തെറാപ്പി ഇടംപിടിച്ചിട്ടുണ്ട്. ഡിമന്‍ഷ്യയും, സ്ട്രോക്കും, പാര്‍ക്കിന്‍സണ്‍ രോഗവുമെല്ലാം അകറ്റി നിര്‍ത്താനും മാനസിക, ശാരീരിക ആരോഗ്യമുള്ള ആയുസ് ഉറപ്പ് നല്‍കാനും പെറ്റ് തെറാപ്പി ഇന്നൊരു പ്രതിരോധ മാർഗമായി മാറിയിട്ടുണ്ട്. മറ്റുള്ളവരുമായി ഇടപെടാനും സംസാരിക്കാനും വിമുഖതയുള്ള കുട്ടികളില്‍ വിമുഖത മാറ്റാനും സാമൂഹികഇടപെടൽ വളര്‍ത്താനും പെറ്റ് തെറാപ്പിയാണ് ഇന്ന് പല മാനസികാരോഗ്യ വിദഗ്ധരും നിര്‍ദ്ദേശിക്കുന്നത്. കുട്ടികൾ എന്ത് പറഞ്ഞാലും ഒരു മടുപ്പും അലോസരവും കൂടാതെ സാകൂതം കേട്ടിരിക്കുന്ന അരുമകൾ കുട്ടികളുടെ ആത്മവിശ്വാസം ഉയർത്തും എന്നാണ് നിരീക്ഷണം.

യൂറോപ്പിലെയും അമേരിക്കയിലേയും പ്രസിദ്ധമായ ആതുരാലയങ്ങളില്‍ പോലും ഇന്ന് പെറ്റ്തെറാപ്പി നല്‍കാനുള്ള പ്രത്യേക സംവിധാനങ്ങളുണ്ട് ജീവിതത്തില്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ലെങ്കില്‍ പോലും വാർത്തകളിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ ആതുരാലയങ്ങളിലൊന്നാണ് അമേരിക്കയിലെ റോചെസ്റ്ററിലെ മേയോ ക്ലിനിക്ക്. തങ്ങളുടെ ക്ലിനിക്കല്‍ എത്തിച്ചേരുന്ന രോഗികള്‍ക്ക് പെറ്റ്തെറാപ്പി നല്‍കുന്നതിനായി മേയോക്ലിനിക്കില്‍ കെയറിംഗ് കനൈന്‍ പ്രോഗ്രാം എന്നൊരു പദ്ധതി ഇന്നുണ്ട്.  തെറാപ്പി ഡോഗുകൾ എന്നറിയപ്പെടുന്ന പ്രത്യേകം പരിശീലനം നേടിയ ഒരു ഡസനിലധികം നായ്ക്കളെയാണ് രോഗിസ്വാന്ത്വനത്തിനായി ഇവിടെ ഒരുക്കിയിട്ടുള്ളത്. ഡോക്ടര്‍മാരെപ്പോലെ രോഗികള്‍ക്ക് ആശ്വാസവുമായി നായ്ക്കളും തങ്ങളുടെ പരിചാരകര്‍ക്കൊപ്പം വാര്‍ഡുകളില്‍ ഒരു റൗണ്ട് അടിക്കും. സമയാസമയങ്ങളില്‍ രോഗികള്‍ക്കാവശ്യമാണെങ്കില്‍ എക്സ്ട്രാവിസിറ്റുമുണ്ട്. ചെലവ് അൽപമേറുമെന്ന് മാത്രം 

സദാ ആഹ്ളാദഭരിതരായ ബീഗിളുകള്‍, പ്രസരിപ്പ് കൊണ്ടും ഉത്സാഹം കൊണ്ടും ആരുടെയും സൗഹൃദം കവരുന്ന ഡാഷ് ഹണ്ടുകൾ, സ്വിസ് പര്‍വതനിരകളില്‍ നിന്നെത്തി ഇന്ന് ലോകമെങ്ങും പ്രചാരമേറിയ സെയ്ന്റ് ബര്‍ണാഡ്, കുലിനതയും അര്‍പ്പണബോധവും ഏറെയുള്ള ലാബ്രഡോര്‍ റിട്രീവറുകള്‍, ക്ഷമയ്ക്കും സൗഹൃദത്തിനും പരിധികൾ ഏതുമില്ലാത്ത ഗോള്‍ഡന്‍ റിട്രീവറുകള്‍, ജനപ്രിയത ഏറെയുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, യജമാന സ്നേഹവും, വിധേയത്വവും അളവില്‍ കവിഞ്ഞുള്ള ചൗ ചൗ, ബുള്‍ഡോഗ്, ഇത്തിരിക്കുഞ്ഞന്മാരായ ഷിവാമ, പഗ്, പോമറേനിയന്‍ തുടങ്ങിയ നായയിനങ്ങള്‍, കമ്പിളി പുതപ്പ് പുതച്ചപോലുള്ള രോമകവചമുള്ള പേര്‍ഷ്യന്‍ പൂച്ചകള്‍, ബിര്‍മന്‍ പൂച്ചകള്‍, കൊന്യൂര്‍, മക്കാതത്തകള്‍, പാരക്കീറ്റുകള്‍, ലോറിക്കീറ്റുകള്‍, ലോറികള്‍, കൊക്കറ്റീലുകള്‍ തുടങ്ങിയ പക്ഷികള്‍ തുടങ്ങിയവയെല്ലാം പെറ്റ്തെറാപ്പി സേവനത്തിനായി പരിശീലനം നല്‍കി പ്രയോജനപ്പെടുത്തുന്നുണ്ട്.

പെറ്റ് തെറാപ്പി നമ്മുടെ നാട്ടില്‍

പെറ്റ്തെറാപ്പിയുടെ സാധ്യതകള്‍ പടിഞ്ഞാറന്‍ രാജ്യങ്ങളോളം വിപുലമായ രീതിയില്‍ നമ്മള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലെങ്കിലും അതിന്‍റെ സേവനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ബാംഗ്ലൂര്‍ അടക്കമുള്ള മെട്രോസിറ്റികളില്‍ പെറ്റ് തെറാപ്പി കേന്ദ്രങ്ങളും തെറാപ്പി നായകളുമെല്ലാം ഇന്ന് ചുവടുറപ്പിച്ചിട്ടുണ്ട്. പെറ്റ് തെറാപ്പിയെന്ന് പേരിട്ട് വിളിച്ചില്ലെങ്കില്‍ പോലും ഓമനമൃഗങ്ങളുമായും പക്ഷികളുമായും  ഇടപെട്ട് ആത്മാനന്ദം കണ്ടെത്തുന്നവരാണ് നമ്മളില്‍ ഏറെയും. 

ഒരു ബിസ്ക്കറ്റ് കഷ്ണത്തിന്‍റെ രൂപത്തിലാണെങ്കില്‍പോലും ഒരിത്തിരി സ്നേഹം നാം പകര്‍ന്നാല്‍ തന്‍റെ ആയുസ്സൊടുങ്ങുവോളം അളവറ്റ സ്നേഹം തിരിച്ചുനല്‍കി വാലാട്ടി ഒപ്പം നില്‍ക്കുന്ന ഓമനനായ്ക്കള്‍ ആരുടെ ഹൃദയത്തിലാണ് സന്തോഷം നിറക്കാത്തത്? വാലുരുമ്മി എപ്പോഴും ചേർന്ന് നിൽക്കുന്ന അരുമ പൂച്ചകൾ ആർക്കാണ് ആനന്ദം നൽകാത്തത്? വര്‍ണച്ചിറക് വിടര്‍ത്തി തോളിലും, കൈകളിലും വന്നിരുന്ന് കൊക്കുരുമ്മി സ്നേഹം പങ്കിടുന്ന അരുമക്കിളികള്‍ ആരിലാണ് ആനന്ദം പകരാത്തത് ? അവരുടെ കിളിനാദം ആരുടെ കാതിനെയാണ് കുളിരണിയിക്കാത്തത്? ആരെയാണ് ആഹ്ളാദചിത്തരാക്കാത്തത്? ആരിലാണ് നവോന്മേഷം പകരാത്തത്? ഈ ആനന്ദം ആരോഗ്യം കൊണ്ടുവരും എന്നതാണ് പെറ്റ് തെറാപ്പിയുടെ ആകെ സത്ത. ഈ സമ്പൂർണ ലോക്ക് ഡൗൺ കാലത്ത് മറ്റ് തിരക്കുകളൊന്നും ഏറെയില്ലാതെ വീട്ടിൽ ഇരിക്കുമ്പോൾ അരുമകളുമായി ആവോളം സമയം ചിലവഴിച്ച് ആനന്ദവും ആരോഗ്യവും നേടാൻ മറക്കണ്ട.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com