ADVERTISEMENT

അവശ്യ സേവനങ്ങളുടെ പട്ടികയിൽ മൃഗസംരക്ഷണത്തേക്കൂടി ഉൾപ്പെടുത്തിയത് കർഷകർക്ക് വലിയ ആശ്വാസമായിട്ടുണ്ട്. എങ്കിലും, ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ വെറ്ററിനറി ഡോക്ടർമാർ പല ബുദ്ധിമുട്ടുകളും തരണം ചെയ്താണ് കർഷകരുടെ അടുത്തേക്ക് ഓടിയെത്തിയത്. അത്തരത്തിലൊരു അനുഭവ കഥ കർഷകശ്രീ പ്രസിദ്ധീകരിച്ചത് പ്രിയ വായനയക്കാർ വായിച്ചിരുന്നു എന്ന് കരുതുന്നു. സമാന രീതിയിലുള്ള  ഒരു അനുഭവ കഥകൂടി പങ്കുവയ്ക്കുകയാണ്. എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിലുണ്ടായ സംഭവം പങ്കുവച്ചത് ഡോ. ലീന പോൾ ആണ്. രണ്ടു കഥയിലും സന്ദർഭം അറിഞ്ഞ് ഡോക്ടർമാരെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നന്ദി. ഡോ. ലീന പോൾ പങ്കുവച്ച കുറിപ്പ് വായിക്കാം...

ലോക്ക് ഡൗൺ ആദ്യ ദിവസം രാവിലെ 9 മണി വരെ ഉറങ്ങിത്തീർക്കണമെന്നാശിച്ച് മോഹിച്ചുറങ്ങുന്ന മുളന്തുരുത്തി സീനിയർ വെറ്ററിനറി സർജൻ ഡോ. രഞ്ചു ആന്റണിയുടെ ഫോൺ രാവിലെ ആറു മണിക്ക് തന്നെ അലറിത്തുടങ്ങി. ഒന്നടിച്ചു നിന്നു, രക്ഷപെട്ടു എന്നു വിചാരിക്കുന്നതിനും മുന്നെ തന്നെ വീണ്ടും ബെല്ലടി. ഫോൺ എടുത്തപ്പോ ഇന്ദിരാമ്മയാണ്, ചളിക്കവട്ടത്തു നിന്ന്.

"ഡോക്ടറേ, കന്നിക്കിടാവിന്റെ പ്രസവമാണ്, പശൂന് നല്ല വേദനയുണ്ട് സാറേ, ഇത്രടം വരെ പെട്ടന്ന് വരണേ"

''അയ്യോ ഇന്ദിരാമ്മേ ലോക്ക് ഡൗൺ അല്ലേ" എന്നറിയാതെ ചോദിച്ചു പോയി.

"രാത്രീല്‌ തുടങ്ങിയതാ സാറേ, പശൂന് വേദന സഹിക്കാൻ വയ്യ. എങ്ങനേലും രണ്ടിനേം രണ്ടാക്കിത്തരണേ സാറേ " സംസാരം കരിച്ചിലിനു വഴിമാറി. 2002ൽ വെണ്ണലയിൽ ജോലി ചെയ്തപ്പോൾ മുതലുള്ള ബന്ധമാണ്, ആ കുടുംബവുമായി .

ഇന്ദിരാമ്മ ഒന്ന് സമാധാനിക്കൂ, എന്തേലുമൊരു വഴിയുണ്ടാക്കാം എന്ന് പറഞ്ഞു ഫോൺ വെച്ചപ്പഴും എങ്ങനെ അവിടെ വരെ ച്ചെല്ലും എന്ന് വലിയ ധാരണയൊന്നും ഡോക്ടർക്കില്ലായിരുന്നു.

പശുവിന്റെ പ്രസവത്തേക്കാളേറേ വിഷമിപ്പിച്ചത് ലോക്ക് ഡൗൺ എങ്ങനെ മറികടക്കും എന്നതായിരുന്നു. ‌ടിവി വച്ച് നോക്കിയപ്പോൾ റോഡിൽ മുഴുവൻ പോലീസ് . ഐഡി കാർഡ് എടുത്തു. ആദ്യ പ്രസവമാണ്, കൈയ്യും കാലുമൊന്നും പുറത്തുമില്ല, ഒറ്റയ്ക്ക് പോകുന്നത് അത്ര പന്തിയാവില്ല, അനുഭവം ഗുരു. എറണാകുളം ജില്ലയിലെ മികച്ച വെറ്ററിനറി സിസേറിയൻ വിദഗ്‌ധൻ, വാഴക്കുളം ബ്ലോക്കിലെ രാത്രി കാലഎമർജൻസി വെറ്ററിനറി സർജൻ ഡോ. അനുരാജിനെ ഉറക്കത്തിൽനിന്നു പൊക്കി. മുളന്തുരുത്തി രാത്രികാല എമർജൻസി വെറ്ററിനറി സർജൻ ഡോ. സെബാസ്റ്റ്യനെയും രാവിലെ എണീപ്പിച്ചു. മൂന്ന് ഡോക്ടർമാരും മൂന്ന് സ്ഥലത്തുനിന്നും അവരവരുടെ സ്വന്തം വണ്ടിയിൽ ഇന്ദിരാമ്മയുടെ വീട്ടിലേക്ക്.

doctors
ഡോ. രഞ്ചു ആന്റണി, ഡോ. അനുരാജ്, ഡോ. സെബാസ്റ്റ്യൻ

വഴിയിൽ തടഞ്ഞ പോലീസ് കാരോട് "പശു... പ്രസവം... " എന്ന രണ്ട് വാക്കേ പറയണ്ടി വന്നുള്ളൂ, രഞ്ചു ഡോക്ടർക്ക്. വെക്കം വിട്ടോ സാറേ എന്നായി പോലീസുകാർ.

താൽക്കാലിക ജോലി ആയതിനാൽ ഒരു ഐഡി കാർഡ് പോലും കാണിക്കാനില്ലാതെയാണ് ഡോ. അനുരാജും ഡോ. സെബാസ്റ്റ്യനും ഇറങ്ങിത്തിരിച്ചത്. പല പോലീസുകാരും രാത്രികാല അത്യാഹിത സർവീസ് ആദ്യം കേൾക്കുകയായിരുന്നെങ്കിലും, പശു... പ്രസവം... അവർക്ക് പെട്ടന്ന് മനസിലായി. പോലീസ് വകുപ്പിന്റെ പ്രവർത്തനം ശ്ലാഖനീയം തന്നെ, അവരുടെ പണി നന്നായി ചെയ്യുന്നുണ്ട്. ഡിപ്പാർട്ട്മെന്റ് ഐഡി കാർഡ് ഒരെണ്ണം തരപ്പെടുത്തണമെന്ന ഉപേദശവും യുവ ഡോക്ടർമാർക്ക് കൊടുക്കാൻ മറന്നില്ല, പോലീസ് ചേട്ടന്മാർ.

മൂവരും ഇന്ദിരാമ്മയുടെ വീട്ടിലെത്തിയപ്പോൾ സീൻ കോൺട്രയാണ്... പശുവിന്റെ വേദന, ഇന്ദിരാമ്മയുടെ കരച്ചിൽ.

ലോക്ക് ഡൗൺ ആയോണ്ട് സീനിൽ സ്ഥിരം കാണാറുള്ള ജനക്കൂട്ടത്തിന് മാത്രം കുറവുണ്ട്. എന്നാലുമുണ്ട് സഹായത്തിനൊക്കെ മൂന്നു നാല് പേർ.

അയൽവക്കത്തൊരാവശ്യം വന്നാൽ മലയാളിക്ക് അത് കഴിഞ്ഞേയുള്ളൂ കൊറോണ.

വിശദമായ പരിശോധനയിൽ ഒരു കാര്യം തീരുമാനമായി, ടോർഷൻ ആണ്. ടോർഷൻ എന്നാൽ ഗർഭപാത്രത്തിനുണ്ടാകുന്ന പിരിച്ചിലാണ്. കുഞ്ഞിന് പുറത്തേക്ക് കടക്കാനുള്ള വഴി അടഞ്ഞുപോകും.

ഡോ. അനുരാജിനെയും ഡോ. സെബാസ്റ്റ്യനെയും കൂടെ കൂട്ടാൻ തോന്നിച്ചതിന്ന് തമ്പുരാന് നന്ദി.

ഇങ്ങനത്തെ കേസുകളിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്, അതുകൊണ്ട് തന്നെ ടീം വർക്കാണ് എപ്പോഴും ഗുണം ചെയ്യുന്നത്.

പശുവിനെ കിടത്തൽ, പലവട്ടം തിരിക്കൽ കഴിഞ്ഞതോടെ പിരിച്ചിലിൽനിന്നു രക്ഷ നേടിയ യൂട്രസ് തുറന്നു. കുഞ്ഞിന് വലിയ അനക്കമൊന്നുമില്ല... ഒരു വിധത്തിൽ രണ്ടു കൈയ്യിലും കയറിട്ടു, കണ്ണിൽ ഹുക്കിട്ട് വലിയോ വലി... രണ്ടാമത്തെ വലിയിൽ കയറു പൊട്ടി ഡോ. സെബാസ്റ്റ്യൻ താഴേക്ക്. പിന്നെ വലിക്കാൻ കൂടിയത് ഇന്ദിരാമ്മയുടെ മക്കൾ തന്നെ. 2002ൽ നിക്കറിട്ട് നടന്ന ചെക്കന്മാരാണ് 18 വർഷത്തിനിപ്പുറം കിടാവിനെ വലിച്ചെടുക്കാൻ കൂടുന്നത്.

cow-1
പശുവിനെ പരിശോധിക്കുന്നു

എങ്ങിനെയൊക്കെയോ കിടാവിനെ പുറത്തേക്കെടുത്തു, ജീവനില്ലാത്ത കിടാവ് ആയോണ്ട് ഫോട്ടോ എടുത്തിട്ടില്ല. പിന്നെ ബാക്കിയുള്ള മരുന്നുകളൊക്കെ നൽകി കഴിഞ്ഞപ്പഴേക്കും സമയം 11.30. രാവിലെ 8 മണിക്ക് തുടങ്ങിയ അങ്കമാണ്. വിദഗ്ധമായ മൃഗചികിത്സകൾ ഇതുപോലെയാണ്. 3-4 മണിക്കൂറിൽ തീർന്നത് ഭാഗ്യം.

ഒരു പ്രസവ കേസ് മനുഷ്യന്റേതാണേലും മൃഗങ്ങളുടേതാണേലും എമർജൻസിയാണ്. ഒരു സർക്കാർ ഓർഡറിന്റെയും പിൻബലമില്ലാതെ ഇറങ്ങിത്തിരിച്ച ഈ ടീം ഒരു വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.

ഞാനീ ടീമിൽ ഉണ്ടായിരുന്നില്ലെങ്കിലും, എറണാകുളം വെറ്റ്സ് ഫാമിലി വാട്‌സാപ് ഗ്രൂപ്പിൽ ഫോട്ടോകൾ കണ്ടപ്പോൾ കഥകൾ ചോദിച്ചറിഞ്ഞു. ഡോ. രഞ്ചു ആന്റണി എന്ന സീനിയർ ഡോക്ടർക്ക് ഇതൊക്കെ നിസാരം. എന്നാൽ, ഒരു തിരിച്ചറിയൽ രേഖ പോലുമില്ലാതെ ഡോക്ടറോടൊപ്പം നിന്ന ഞങ്ങടെ കുടുംബത്തിലെ ഇളം തലമുറയുടെ ആവേശമുണ്ടല്ലോ, അതൊന്നു മാത്രം മതി ഏതു കൊറോണയേയും തോൽപ്പിക്കാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com