ഈസ്റ്ററിനുള്ള കോഴികളിൽ ഏറിയപങ്കും തീറ്റയില്ലാതെ ചത്തു, എന്തു ചെയ്യണമെന്നറിയാതെ കർഷകർ

HIGHLIGHTS
  • കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യത
SHARE

രാജ്യം ലോക്ക് ഡൗണിലായപ്പോൾ ഏറെ ബുദ്ധിമുട്ടിലായത് പക്ഷിമൃഗാദികളെ വളർത്തി ഉപജീവനം നടത്തുന്ന കർഷകരാണ്. പലരും തീറ്റയ്ക്കായി ബുദ്ധിമുട്ടുകയാണ്. പന്നിവളർത്തൽ, കന്നുകാലി വളർത്തൽ, കോഴി വളർത്തൽ എന്നു തുടങ്ങിയ എല്ലാ മേഖലകളും പ്രതിസന്ധിയിലാണ്. പക്കലുള്ള തീറ്റ തീർന്നതും കടകളിൽ സ്റ്റോക്ക് ഇല്ലാത്തതുമാണ് കർഷകർക്ക് തീറ്റ പ്രതിസന്ധി വരുത്തിയത്. തീറ്റയില്ലാത്തതിനാൽ പല കർഷകരുടെയും കോഴികൾ ചത്തു. തീറ്റ തീർന്നപ്പോൾ ലഭ്യമായ അരിയും തവിടുമൊക്കെ നൽകിയെങ്കിലും ആയിരക്കണക്കിന് കോഴിക്കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട കർഷകർ ഒട്ടേറെ.

കൈവശമുണ്ടായിരുന്ന കോഴീത്തീറ്റ തീർന്നതിനാൽ കോഴികൾക്ക് കഞ്ഞിവച്ചു നൽകുകയാണ് തിരുവനന്തപുരം സ്വദേശി രാജീവ് കുമാർ. ഈസ്റ്റർ വിപണി ലക്ഷ്യമിട്ട് ആയിരക്കണക്കിന് കോഴികളാണ് രാജീവ് വിവിധ ഷെഡുകളിലായി വളർത്തിയിരുന്നത്. തീറ്റക്കുറവിൽ വിശന്നു കരയുന്ന കോഴികളുടെ അവസ്ഥയും തങ്ങളുടെ പ്രതിസന്ധികളും കഴിഞ്ഞ ദിവസം രാജീവ് കേരള പൗൾട്രി ഫാർമേഴ്സ് ഗ്രൂപ്പ് എന്ന ഫെയ്‍സ്ബുക്ക് കൂട്ടായ്മയിൽ പങ്കുവച്ചിരുന്നു. വായ്പയെടുത്തു തുടങ്ങിയ സംരഭമായതിനാൽ നഷ്ടംവന്നാൽ ഭീമമായ കടക്കെണിയിലെത്തുമെന്നും ജപ്തിയുടെ വക്കിലാണെന്നും രാജീവ് പറയുന്നു. 

തീറ്റക്ഷാമം പരിഹരിക്കാൻ സർക്കാർ ഭാഗത്തുനിന്ന് നടപടിയുണ്ടാകണമെന്നാണ് കർഷകരുടെ ആവശ്യം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA