ADVERTISEMENT

കോവിഡ്–19ന്റെ ബുദ്ധിമുട്ടുകൾ മറികടന്ന് കര്‍ഷകരുടെ ജീവിതമാര്‍ഗം നഷ്ടപ്പെടാതെ സംരക്ഷിക്കുന്ന ഒട്ടേറെ ഡോക്ടർമാർ നമുക്കിടയിലുണ്ട്. ടെലിഫോൺ വഴിയാണ് കഴിവതും ചികിത്സാവിധികൾ നൽകുക. എങ്കിലും, അടിയന്തിര സാഹചര്യങ്ങളിൽ നേരിട്ട് കർഷകരുടെ അടുത്ത് എത്താതിരിക്കാനും വയ്യ. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് കോവിഡ്–19 ഹോട്ട് സ്പോട്ട് ആണ്. പോത്തൻകോട് ബ്ലോക്കിൽ രാത്രികാല വെറ്ററിനറി ഡോക്ടറായ എ.ജി. അമൽഗീതിനുണ്ടായ അനുഭവം വായിക്കാം.

"ലോക്ക് ഡൗൺ" കാരണം പരമാവധി ചികില്‍സ മൊബൈൽ വഴി ആയി. എങ്കിലും ചില സാഹചര്യങ്ങള്‍ ഉണ്ടാകും... "ഡോക്ടർ, സഹായിച്ചില്ലെങ്കില്‍ രക്ഷപ്പെടില്ല എങ്ങനെയെങ്കിലും വരണം" എന്ന നിസ്സഹായതയുടെ, അതിനൊപ്പം പ്രതീക്ഷയുടെ ശബ്ദം... അങ്ങനെ ഇന്നലെ നടന്ന ഒരു സംഭവം ഇവിടെ വിവരിക്കുന്നു.

കൊറോണ വൈറസ് കൂടുതൽ ഭീതി പരത്തിയ തിരുവനന്തപുരത്തെ പോത്തന്‍കോട് ബ്ലോക്കിലെ നൈറ്റ് വെറ്ററിനേറിയൻ ആയതുകൊണ്ട് പേടി വളരെ കുറവായിരുന്നു! പക്ഷേ, ഡോക്ടർ ആകുന്നതിനു മുന്നേ കർഷകന്‍ ആയിരുന്നതുകൊണ്ട്‌ പോയില്ലെങ്കില്‍ മനസാക്ഷിക്കുത്ത് കൂടുതലാകും. മാത്രമല്ല, കൊറോണയെ വകവയ്ക്കാതെ മൃഗസംരക്ഷണത്തിൽ ഏര്‍പ്പെടുന്ന, വെറ്ററിനറി പുലികളെ കണ്ട ആവേശവും... "ഞാൻ ദാ എത്തി ചേട്ടാ" എന്നു പറഞ്ഞു.

അര്‍ദ്ധരാത്രി... റോഡ് നിറയെ ലോക്ക് ഡൗണ്‍ ആഘോഷിക്കുന്ന പട്ടികള്‍...

സ്ഥലത്ത്‌ എത്തിയപ്പോ നമ്മടെ നായിക മണിക്കൂറുകള്‍ ആയിട്ട് കന്നിക്കുടം പൊട്ടി ഒറ്റ നില്‍പ്പാണ്. ഏഴാം പ്രസവമാണ്, ക്ഷീണവും കാത്സ്യക്കുറവിന്റെ ലക്ഷണങ്ങളും. കുറച്ച് മോശം അവസ്ഥയാണ്. ഉള്ളില്‍ എന്താ നടക്കുന്നതെന്ന് നോക്കി. അകത്ത് കൈകാലുകൾക്ക് ഇടയില്‍ തലയും തിരിച്ചുവച്ച് ഒരു കാലും മുകളിലേക്കു വച്ച് മൈക്കിൾ ജാക്സന്റെ അവതാരമാണെന്നു തോന്നുന്നു, അൽപം കൂടി വൈകിയെങ്കിൽ കുഞ്ഞിനെ രക്ഷിക്കാൻ പറ്റില്ല എന്നു തോന്നി. സമയത്ത്‌ എത്തിയില്ലെങ്കില്‍ എന്താകുമായിരുന്നു എന്ന് ഓര്‍ക്കാന്‍ വയ്യ. സഹായത്തിന് ആകെയുള്ളത് ആ പാവം മനുഷ്യനും. 

കുഞ്ഞിന്റെ കിടപ്പ് നേരെ ആക്കിയാൽ എങ്ങനെയെങ്കിലും പുറത്തെടുക്കാം. ഉള്ള ആരോഗ്യം മുഴുവന്‍ പ്രയോഗിച്ചു. തളര്‍ന്നു തുടങ്ങിയെങ്കിലും ഒരു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവില്‍ ഒരുവിധം അമ്മയേയും കുഞ്ഞിനെയും വേര്‍പെടുത്തി. ശ്വാസംമുട്ടിത്തുടങ്ങിയ കുഞ്ഞിന്‌ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെങ്കിലും അവർ രണ്ടുപേരും ഹാപ്പി. അതുകണ്ടു ഞങ്ങളും ഹാപ്പി. അവസാനം നായികയുടെ ഒപ്പം ഒരു ഫോട്ടോയും എടുത്തു.

രാത്രികാല അടിയന്തിര മൃഗചികിത്സയ്ക്ക് കേരളത്തിലെ പല ബ്ലോക്കുകളിലുമായി നൂറു കണക്കിന്‌ ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്, പ്രസവം സംബന്ധമായ ബുദ്ധിമുട്ട് തുടങ്ങി ഒട്ടേറെ കാരണങ്ങൾകൊണ്ട്‌ വീണുപോകുന്ന, മണിക്കൂറുകള്‍ക്കുഉള്ളില്‍ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന അവസ്ഥ കൈകാര്യം ചെയ്യുന്നവർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com