തീറ്റക്ഷാമം അതിജീവിക്കാൻ പശുക്കൾക്കു നൽകാം സംപുഷ്ടീകരിച്ച വൈക്കോൽ

HIGHLIGHTS
 • പുതിയ തീറ്റകൾ കുറേശേ നൽകി ശീലിപ്പിക്കണം
 • സംപുഷ്ടീകരിക്കുന്നത് യൂറിയ ഉപയോഗിച്ച്
enriched-straw
SHARE

കൊറോണക്കാലത്ത് കാലിത്തീറ്റ സാമഗ്രികളുടെ ലഭ്യത കുറയാൻ സാധ്യതയുണ്ട്. എന്നാൽ കൊയ്ത്ത് കഴിഞ്ഞ സമയമായതിനാൽ കന്നുകാലികൾക്ക് പരുഷാഹാരമായി നൽകാവുന്ന വൈക്കോൽ  കേരളത്തിൽ എല്ലായിടത്തുമിപ്പോൾ ലഭ്യമാണ്‌. വൈക്കോൽ പോഷകസമൃദ്ധമായ തീറ്റയല്ല. പച്ചപ്പുല്ലിന്റെയും കാലിത്തീറ്റയുടെയുമൊക്കെ ലഭ്യത കുറയുമ്പോൾ പശുവിന്റെയും എരുമയുടെയും വയർ നിറയ്ക്കാനും വിശപ്പ് മാറ്റാനും ദിവസേന 5 -7 കിലോ വരെ നൽകാമെന്ന് മാത്രം. 

പശുവിന് നാലറയുള്ള വയറാണുള്ളത്. അതിൽ ആദ്യത്തേ മൂന്നറകളിലെ ദ്രവമാധ്യമത്തിൽ പാർക്കുന്ന സൂക്ഷ്മാണുക്കളാണ് പശുക്കൾ കഴിക്കുന്ന തീറ്റയെ ദഹിപ്പിക്കാൻ തുടക്കമിടുന്നത്. സൂക്ഷ്മാണു ദഹനം കഴിഞ്ഞ് പിന്നീട് നാലാമത്തേ അറയിലെത്തുന്ന  ഈ തീറ്റയിന്മേലാണ് മറ്റ് ഒറ്റയറ വയറുള്ള സസ്തനികളിലെന്ന പോൽ രാസാഗ്നി ദഹനമുണ്ടാകുന്നത്. ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് എന്നിവയാണ് പശുവിന്റെ വയറ്റിലെ ആദ്യ മൂന്നറകളിലുള്ള ദ്രാവകത്തിൽ ധാരാളമായി കണ്ട് വരുന്ന സൂക്ഷ്മാണുക്കൾ. 

വൈക്കോലിൽ പോഷക പ്രാധാന്യമുള്ളതായി ആകെ നാരുകൾ മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഈ നാരുകൾ നാലറകളിലായി ദഹിച്ച് കഴിഞ്ഞാൽ  അയവിറക്കുന്ന മൃഗങ്ങൾക്ക് ശരീരപ്രവർത്തനങ്ങൾക്ക് വേണ്ടുന്ന ഊർജം എറെക്കുറേ ലഭ്യമാവും. വൈക്കോലിൽ എന്നാൽ ദഹ്യ മാംസ്യം അഥവാ  പ്രോട്ടീൻ എന്ന പോഷകം  അൽപം പോലും അടങ്ങിയിട്ടില്ല. ആയതിനാൽ വൈക്കോലിനെ ആശ്രയിച്ച് ക്ഷീരകർഷകർക്ക് ഉരുക്കളെ വളർത്താൻ  സാധിക്കില്ല. മാംസ്യം തീർത്തും ഇല്ലാത്തതിനാൽ വൈക്കോൽ മാത്രമായി നൽകപ്പെടുന്ന ഉരുക്കൾ ക്രമാതീതമായി മെലിയുമെന്നു മാത്രമല്ല അവയുടെ പാലുൽപാദനത്തേയും പ്രത്യുൽപാദനക്ഷമതയെയും അത് സാരമായി തന്നെ ബാധിക്കും. 

വൈക്കോലിൽ അടങ്ങിയിട്ടുള്ള നാരുകളാണ് പശുവിന് ഊർജ സ്രോതസായി സൂക്ഷ്മാണു ദഹനത്തിൽ പരിവർത്തിക്കപെടുന്നതെന്ന് പറഞ്ഞല്ലോ. നന്നേ  മൂത്ത് ഉണങ്ങിയ വൈക്കോലിലെ നാരുകൾ പക്ഷേ സൂക്ഷ്മാണുക്കൾക്ക് ദഹിപ്പിക്കാൻ സാധിക്കാത്തതായ ലിഗ്നിൻ കണങ്ങളിൽ പിണഞ്ഞ് പോവുന്നതിനാൽ അവ പൂർണമായി ദഹനത്തിന് ലഭ്യമാവാതെ വരുന്നതായി കാണപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ വൈക്കോലിലെ പോഷകങ്ങൾ കൂട്ടുകയെന്നതിൽ  മാംസ്യത്തിന്റെ കുറവ് പരിഹരിക്കുകയെന്നതും, അതിലടങ്ങിയിട്ടുള്ള നാരിനെ ലിഗ്നിനിൽനിന്നും മോചിപ്പിച്ച് കൂടുതൽ ഊർജം ലഭിക്കത്തക്കവണ്ണം തയാറാക്കുകയെന്നതുമാണ് ചെയ്യാനുള്ളത്. 

യൂറിയ വൈക്കോൽ സംപുഷ്ടീകരണ മാർഗങ്ങളുടെ സ്വീകാര്യത നമ്മുടെ നാട്ടിലെ കർഷകർക്കിടയിൽ ഇന്നും തീർത്തും കുറവാണ്. കർഷകർക്കുള്ള സംശയങ്ങളും ഭീതിയും മാറ്റിയെടുത്താൽ കൊറോണ പോലുള്ള കാലിത്തീറ്റ ക്ഷാമം ഉണ്ടായേക്കാവുന്ന കാലങ്ങളെ ഫലപ്രദമായി  നേരിടുന്നതിനവർക്ക് ഈ രീതികൾ ഉപകരിച്ചേക്കാം.

യൂറിയ സം‌പുഷ്ടീകരിച്ച വൈക്കോൽ പശുക്കൾക്ക്  നൽകുന്ന സാഹചര്യത്തിൽ നിശ്ചയമായും ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളാണ് താഴെ പറയുന്നത്. യൂറിയ സംപുഷ്ടീകരിച്ച  വൈക്കോൽ മിശ്രിതം നൽകുമ്പോൾ കാലി തീറ്റയിൽ അതിനൊപ്പം വയറിന്റെ ആദ്യ മൂന്ന് അറകളിലെ ദ്രാവകത്തിൽ എളുപ്പത്തിൽ അലിയുന്നതും അതിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കൾക്ക് ഊർജസ്രോതസായി പെട്ടന്ന് ലഭിക്കാവുന്നതുമായ സിമ്പിൾ ഷുഗർസ്/ അന്നജം നൽകാനായി പ്രത്യേകമായി ശ്രദ്ധിക്കണം. ശീലിപ്പിച്ചെടുത്താൽ ധാന്യപ്പൊടികൾ, നുറുങ്ങിയ ധാന്യങ്ങൾ, കഞ്ഞി, തവിട് എന്നിവയും മൊളാസസ്, ശർക്കരലായനി എന്നിവയുമൊക്കെ ഇതിനായി ഉപയോഗിക്കാം. തീറ്റയിലൂടെ അന്നജം ലഭ്യമായാൽ മാത്രമേ യൂറിയ പോലെയുള്ള മാംസ്യ ഇതര നൈട്രജനുകളെ മാംസ്യ നിർമാണത്തിനാവശ്യമായ അമിനോ അമ്ലങ്ങളായി പരിവർത്തിപ്പിക്കാൻ വേണ്ടുന്ന ഊർജ്ജം സൂക്ഷമാണുക്കൾക്ക് ലഭിക്കൂ. യൂറിയയിൽനിന്ന് ഇങ്ങനെ ലഭ്യമാകുന്ന അമിനോ അമ്ലങ്ങളെ ഉപയോഗിച്ച് സൂക്ഷ്മാണുക്കൾ അവയുടെ വളർച്ചയ്ക്കും വർധനയ്ക്കും വേണ്ടുന്ന മാംസ്യത്തിന്റെ സംസ്ലേഷണം നടത്തുകയും വയറിന്റെ നാലാമത്തെ അറയിൽ സൂക്ഷമാണു മാംസ്യമായിട്ടത് രാസാഗ്നി ദഹനത്തിന് വിധേയമായി പശുക്കൾക്ക് മാംസ്യ സ്രോതസായി രൂപാന്തരപ്പെടുന്നു. തീറ്റയിലൂടെ ലഭിക്കേണ്ടിയിരുന്ന മാംസ്യയാവശ്യങ്ങൾ ഒരു പരിധിവരെ ഇങ്ങനെ സൂക്ഷമാണു മാംസ്യത്താൽ  നിറവേറ്റപെടാമെന്നതിനാൽ കാലിതീറ്റയുടെ വിലനിർണയത്തിൽ പ്രധാന പങ്കു വഹിക്കുന്ന  മാംസ്യ സ്രോതസുകളായ വിവിധ തരം പയറുകൾ, പിണ്ണാക്കുകൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നതിനും തന്മൂലം തീറ്റയ്ക്കുള്ള ചെലവ് ചുരുക്കുന്നതിനും സാധിക്കും. 

ജനന സമയത്ത് കന്നുകുട്ടികൾക്ക് മറ്റു സസ്തനികളേപ്പോലെ തന്നെ ഒരറയുള്ള വയർ മാത്രമാണുള്ളത്. ശരാശരി മൂന്നു മാസം പ്രായമെങ്കിലുമാകുമ്പോഴാണ് നാലറയുള്ള വയറിലേക്കുള്ള രൂപാന്തരമുണ്ടാകുന്നതും, രാസാഗ്നി ദഹനത്തിൽനിന്ന് സൂക്ഷ്മാണു ദഹനത്തിലേക്കുള്ള  പരിവർത്തനമുണ്ടാകുന്നതും. അതുകൊണ്ടുതന്നെ മൂന്ന് മാസത്തിൽ താഴെ പ്രായമുള്ളതും അയവിറക്കൽ തുടങ്ങാത്തതുമായ കന്നുകുട്ടികളിലും, ഒറ്റയറ വയറുള്ള രാസാഗ്നി ദഹനത്തെ മാത്രം ആശ്രയിക്കുന്ന മറ്റ് വളർത്തു മൃഗങ്ങളിലും യൂറിയ സംപുഷ്ടീകരണം നടത്തിയ തീറ്റകൾ വിഷബാധയുണ്ടാക്കും. 

പ്രധാനമായും സൂക്ഷ്മാണു ദഹനത്തേ ആശ്രയിക്കുന്ന പശുക്കളുടെയും മറ്റ് അയവിറക്കുന്ന മൃഗങ്ങളുടെയും ആഹാരശീലത്തിൽ പെട്ടെന്ന് ഒരു മാറ്റം കൊണ്ടുവരുന്നത് വളരെ അപകടകരമാണ്. സൂക്ഷ്മാണുക്കൾ ഒരു പ്രത്യേക തീറ്റശീലവുമായി പൊരുത്തപെട്ടതിനു ശേഷം വ്യത്യസ്ഥമായ ഒരു തീറ്റ ശീലത്തിലേക്ക് മാറാൻ സമയം കുറച്ചെടുക്കും. പുതുതായി നൽകാൻ ഉദ്ദേശിക്കുന്ന തീറ്റ കുറഞ്ഞയളവിൽ മാത്രം ആദ്യമേ നൽകി പരിചയപ്പെടുത്തി, പിന്നീട് അളവ് കൂട്ടി ഒന്നുരണ്ടാഴ്ച കൊണ്ട് മാത്രമേ പൂർണമായും പുതിയ തീറ്റശീലത്തിലേക്കു മാറ്റാവൂ. യൂറിയ ചേർത്ത വൈക്കോൽ തുടക്കത്തിൽ 300-500 ഗ്രാം മാത്രം നൽകി ക്രമേണ രണ്ടാഴ്ചയോളം നീളുന്ന കാലയളവുകൊണ്ട് ഒരു ദിവസം 5-7 കിലോ വരെ കഴിക്കാൻ പശുക്കളെ പ്രാപ്തരാക്കാം.

വൈക്കോലിനെ യൂറിയയുമായി സംപുഷ്ടീകരിച്ച് 3-4 ആഴ്ച നന്നായി കാറ്റ് കയറാതെ സൂക്ഷിച്ചാൽ യൂറിയ ലിഗ്നിൻ കണങ്ങളിൽനിന്നു വൈക്കോലിലടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം നാരുകളെയും മോചിപ്പിച്ചെടുക്കും. അതിനാൽ വൈക്കോലിനെ യൂറിയയുമായി സംപുഷ്ടീകരിച്ച് 3-4 ആഴ്ച സൂക്ഷിക്കുന്നത് ദഹനത്തിൽ കൂടുതൽ ഊർജലഭ്യത ഉറപ്പാക്കാം.

നൂറു കിലോ കാലിത്തീറ്റയിൽ നാലു ശതമാനം വരെ യൂറിയ അപകടമില്ലാതെ ചേർക്കാൻ സാധിക്കുമെന്ന് പല വികസന എജൻസികളുടെയും ഗവേഷണ ഫലങ്ങൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും രണ്ടു ശതമാനം മാത്രം യൂറിയ ചേർക്കപെടുന്ന രീതികളാണ് നമ്മുടെ കർഷകർക്കിടയിൽ തീർത്തും വിഷബാധയില്ലാതെ പ്രയോഗത്തിൽ വരുത്താൻ ഉത്തമം. 

രണ്ടു ശതമാനം യൂറിയ ചേർത്ത് വൈക്കോൽ സംപുഷ്ടീകരിച്ച മൂന്ന് തീറ്റ ചേരുവകൾ ചുവടെ ചേർക്കുന്നു. ഇതിൽ ആദ്യത്തേ രണ്ടിലും യൂറിയയെ വൈക്കോലുമായി ചേർത്ത് 3-4 ആഴ്ച സൂക്ഷിച്ച ശേഷം തീറ്റയായി നൽകുന്നവയാണ്. നാരിന്റെ ദഹന ലഭ്യത കൂട്ടുമെന്നതാണ് ഈ രീതികളുടെ മെച്ചം. എന്നാൽ, മൂന്നാമത്തേ ചേരുവയിൽ രാവിലെ വൈക്കോലുമായി യൂറിയയെ ചേർത്ത ശേഷം വൈകുന്നേരം തന്നെ ഉരുക്കൾക്ക് കൊടുക്കുന്ന രീതിയാണ് ആവലംബിച്ചിരിക്കുന്നത്.  ഈ ചേരുവയിൽ യൂറിയ സൂക്ഷ്മാണുക്കൾക്ക് മാംസ്യസംസ്ലേഷണത്തിന്  നൈട്രജൻ നൽകാൻ ഉപയോഗിക്കുന്ന മാംസ്യേതര സ്രോതസായി മാത്രമാണ് ഉപയോഗിക്കപെട്ടിട്ടുള്ളത്.

urea-straw
വൈക്കോൽ സംപുഷ്ടീകരണത്തിന്റെ വിവിധ ഘട്ടങ്ങൾ

ഒന്നാം ചേരുവ (നൂറ് കിലോ വൈക്കോലിന്റെ യൂറിയ സംപുഷ്ടീകരണം)

 • രണ്ടു കിലോ യൂറിയ പത്തു ലീറ്റർ വെള്ളത്തിൽ പൂർണമായി കലക്കിയെടുക്കുക (ശരിയായി കലങ്ങാത്ത സാഹചര്യത്തിൽ യൂറിയ വൈക്കോലിൽ എവിടെയെങ്കിലും അധികമായി വീഴുകയും, ആ ഭാഗം തീറ്റയിൽ ലഭിക്കുന്ന പശുവിന് വിഷബാ‌ധയുണ്ടാകാനും സാധ്യതയുണ്ട്).
 • സമചതുരമുള്ള പ്ലാസ്റ്റിക്/സിൽപോളിൻ പായകളിൽ പത്തു കിലോ വൈക്കോൽ ചതുരാകൃതിയിൽ ആദ്യ ലെയറായി വിരിച്ച്, നേരത്തേ പൂർണമായും കലക്കിവച്ച യൂറിയ ലായിനിയിൽനിന്ന് ഒരു ലീറ്റർ മാത്രം ഉപയോഗിച്ച് വിരിച്ചിട്ട വൈക്കോലിൽ നന്നായി സ്പ്രേ ചെയ്യുകയും കൈകൾ ഉപയോഗിച്ച് നന്നായി തിരുമ്മി ചേർക്കുകയും ചെയ്യണം. 
 • യൂറിയ ലായിനി ഉപയോഗിക്കുമ്പോൾ കർഷകർ ഗ്ലൗസ്, മാസ്ക്, ഷൂസ്, കണ്ണടകൾ എന്നീ സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണം. 
 • ആദ്യ ലെയറിന്റെ മേൽ പത്തു കിലോ വീതമുള്ള ഒൻപത് ലെയറുകളായി ബാക്കി 90 കിലോയും മുകളിലേക്ക് അടുക്കുകയും, ഓരോ ലേയറിലും മേൽ പറഞ്ഞ പോലെ തന്നെ ഒരു ലീറ്റർ വീതം യൂറിയ ലായനി നന്നായി ചേർത്ത് കൊടുക്കുകയും വേണം.
 • പത്ത് ലെയറുകളിലും യൂറിയ ലായനി ചേർത്തശേഷം വിരിച്ച പായയും മറ്റ് ഷീറ്റുകളും ഉപയോഗിച്ച് നൂറ് കിലോ വൈക്കോലിനെ എല്ലാ വശങ്ങളിലും നന്നായി പൊതിഞ്ഞെടുത്ത് മൂന്ന് മുതൽ നാല് ആഴ്ച വരെ കാറ്റ് കയറാത്ത രീതിയിൽ തുറക്കാതെ സൂക്ഷിക്കണം. 
 • ഇങ്ങനെ യൂറിയയാൽ സംപുഷ്ടീകരിച്ച വൈക്കോൽ മുന്നൂറ് ഗ്രാം മുതൽ അര കിലോ വരെ നൽകിത്തുടങ്ങി ക്രമേണെ രണ്ടാഴ്ച കൊണ്ട് ആഞ്ചു മുതൽ എഴ് കിലോ അളവിൽ വരെ പശുക്കൾക്ക് നൽകാം.
 • ഊർജ സ്രോതസായി സംപുഷ്ടീകരിച്ച വൈക്കോലിനൊപ്പം ചോളപ്പൊടി, പൊടിയരി എന്നീ ധാന്യങ്ങൾ നൽകുകയും അരിത്തവിട് ഇട്ട കഞ്ഞിവെള്ളത്തിൽ അൽപം സോഡാപൊടിയും, യീസ്റ്റും, ധാതുലവണമിശ്രിതവുമൊക്കെ ചേർത്തും  നൽകേണ്ടതാണ്.

രണ്ടാം ചേരുവ (മൊളാസസ് ചേർത്തത്)

 • ഒന്നാമത്തേ ചേരുവയിൽ പറഞ്ഞ രണ്ടു കിലോ യൂറിയ ചേർത്ത് തളിക്കുന്ന ലായിനി തയാറാക്കുമ്പോൾ അതിലേക്ക് പത്തു കിലോ മൊളാസസും അര കിലോ വീതം ഉപ്പും, ധാതുലവണ മിശ്രിതവും കൂടി ചേർക്കണം. 
 • സിമ്പിൾ ഷുഗറിന്റെ സ്രോതസായി വൈക്കോലിൽ യൂറിയയ്ക്കൊപ്പം ചേർക്കുന്ന മൊളാസസ് കർഷകർക്ക്  എക്സൈസ് നിയമങ്ങൾ ശക്തമായതിനാൽ അപ്രാപ്യമായിരിക്കാം. അതിനാൽ പത്തു കിലോ  മൊളാസസിനു പകരം നാലു കിലോ ശർക്കര പൊടിച്ച് അര കിലോ വീതം ഉപ്പും ധാതുലവണ മിശ്രിതവും രണ്ട് കിലോ യൂറിക്കൊപ്പം പത്ത് - പതിനഞ്ച് ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി ലായിനി തയാറാക്കി നൂറ് കിലോ വൈക്കോലുമായി ചേർക്കാവുന്നതാണ്. 
 • മേൽ ചേരുവകൾക്കൊപ്പം പത്ത് ലെയറുകളായി വിരിച്ച  വൈക്കോലിൽ നാലു കിലോ വരെ പൊടിയരിയോ ചോളപ്പൊടിയോ വിതറുന്നതും സംപുഷ്ടീകരിച്ച വൈക്കോലിന്റെ പോഷകഗുണനിലവാരം വർധിപ്പിക്കും.
 • തീറ്റയൊടൊപ്പം നൂറ് ഗ്രാം സോഡാ പൊടി, അൻപത് ഗ്രാം ഈസ്റ്റ് എന്നിവയും ചേർത്ത്  നൽകാം.

മൂന്നാം ചേരുവ (കാലതാമസമില്ല)

ആറു മാസത്തിനു മുകളിൽ പ്രായമുള്ള കിടാവുകൾ, പോത്തു കുട്ടികൾ, കിടാരികൾ എന്നിവയ്ക്ക് കാലതാമസമില്ലാതെ തയാറാക്കി നൽകാവുന്നതാണ് മൂന്നാമത്തേ ചേരുവ. 

 • ഇരുന്നൂറ് ഗ്രാം യൂറിയയും നൂറ് ഗ്രാം ധാതുലവണ മിശ്രിതവും മൂന്നു ലീറ്റർ വെള്ളത്തിൽ പൂർണമായി കലക്കി പത്തു കിലോ വൈക്കോലുമായി നന്നായി ചേർത്തടുക്കുന്നു. 
 • ഇങ്ങനെ ചേർത്തുവച്ച മിശ്രിതം എട്ടു മുതൽ പന്ത്രണ്ട് മണിക്കൂർ കഴിഞ്ഞാൽ ഉരുക്കൾക്ക് നൽകാം. 
 • ഊർജ സ്രോതസായി അതോടൊപ്പം ചോളപൊടി, പൊടിയരി എന്നിവയോ കഞ്ഞിവെള്ളത്തിൽ അരിത്തവിടും അൽപം സോഡാപ്പൊടിയും, യീസ്റ്റും, ധാതുലവണമിശ്രിതവുമൊക്കെ ചേർത്തും  നൽകാം.
MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA