ADVERTISEMENT

കോവിഡ് കാലത്ത് വളർത്തുമൃഗങ്ങൾ അസാധാരണ രോഗലക്ഷണങ്ങൾ കാണിക്കുന്നതും കൂട്ടത്തോടെ ചാവുന്നതുമൊക്കെ മനുഷ്യരിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ഏതാണ്ട് ഇരുപതോളം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന പൂച്ചകൾ വയനാട് ജില്ലയിൽ ചത്തതായി കണ്ടെത്തിയിരുന്നു. എന്നാൽ, ഇവയുടെ മരണകാരണം ഫെലൈൻ പാൻ ലൂക്കോപീനിയ എന്ന പാർവോ വൈറസ് രോഗബാധ മൂലമാണെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചതോടെ ആശങ്കകൾക്ക് വിരാമമായി. ഫെലൈൻ ഇൻഫെക്ഷ്യസ് എന്ററൈറ്റിസ് എന്നും അറിയപ്പെടുന്ന ഈ രോഗം പൂച്ചകളിൽ മാരകമാണെങ്കിലും മനുഷ്യരിലേക്ക് പകരുന്നതല്ല. മൃഗസംരക്ഷണ വകുപ്പിന്റെ തിരുവനന്തപുരം പാലോടുള്ള ദ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് എന്ന സ്ഥാപനമാണ് രോഗനിർണയം നടത്തിയത്. മാനന്തവാടിയിലും മേപ്പാടിയിലും പൂച്ചകൾ ചത്തതായി കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിച്ച വകുപ്പിന്റെ മൃഗരോഗനിയന്ത്രണ യൂണിറ്റിന്റെ അന്വേഷണ വിഭാഗമാണ് ആവശ്യമായ സാമ്പിളുകൾ ചത്ത പൂച്ചകളിൽനിന്ന് ശേഖരിച്ച് അയച്ചത്. കൃത്യമായ രോഗപ്രതിരോധ കുത്തിവയ്‌പ്പുകൾ വഴി പൂച്ചകളിൽ രോഗബാധ തടയാം.

പൂച്ചപ്പേടി എന്തുകൊണ്ട്?

ബെൽജിയം, ഹോങ്കോങ്   എന്നിവിടങ്ങളിലെ പൂച്ചകൾക്ക് കോവിഡ് ബാധയെന്ന വിവരവും കേരളത്തിൽ പല ഭാഗത്തും പൂച്ചകൾ ചത്തെന്ന വാർത്തയുമൊക്കെ ശ്രദ്ധ പിടിച്ചുപറ്റിയ സമയത്താണ് ന്യൂയോർക്ക് മൃഗശാലയിലെ ഒരു കടുവ ചത്തുപോകുന്നത്. പൂച്ച കുടുംബത്തിലെ അംഗമായ കടുവകൾ കൂടി ചത്തതോടെ പൂച്ച കൊറോണക്കാലത്തൊരു നോട്ടപ്പുള്ളിയായിരുന്നു. പക്ഷേ, ഈ സംഭവങ്ങളിലെല്ലാം പൂച്ചയ്ക്ക് രോഗം കൊടുത്തത് അവയുടെ കോവിഡ് ബാധയുള്ള ഉടമകളായിരുന്നു. മൃഗശാലയിൽ കടുവയെ പരിചരിച്ചിരുന്നയാൾക്കും കോവിഡ് രോഗമുണ്ടായിരുന്നു. ഇന്നു വരെയുള്ള നിരീക്ഷണങ്ങളും നിഗമനങ്ങളും അനുസരിച്ച് വളർത്തു മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതായി കണ്ടെത്തിയിട്ടില്ല. അത്തരം സാധ്യതകളും ശാസ്ത്രലോകം പ്രതീക്ഷിക്കുന്നില്ല. വളർത്തുമൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധയും ശുചിത്വവും പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അത് നാം കൊറോണ പ്രതിരോധവുമായി ബന്ധപ്പെടുത്തി ചെയ്തു വരുന്നതാണല്ലോ? ഒപ്പം വളർത്തു മൃഗങ്ങളിൽ അസാധാരണ ലക്ഷണങ്ങൾ കാണുകയോ, അവ പെട്ടെന്നു ചത്തു പോകുകയോ ചെയ്താൽ വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കുന്നതും പ്രധാനമാണ്.

പൂച്ചയും കോവിഡും

2020 ഏപ്രിൽ 8ന് പ്രസിദ്ധീകരിച്ച സയൻസ് ജേണലിലാണ് ചൈനയിലെ മൂന്ന് ഗവേഷണ സ്ഥാപനങ്ങളിലെ പരീക്ഷണശാലകളിൽ നടത്തിയ  പരീക്ഷണത്തിന്റെ ആദ്യ ഫലങ്ങൾ പ്രസിദ്ധപ്പെടുത്തിയത്. വളർത്തു മൃഗങ്ങളെ നോവൽ കൊറോണ വൈറസ് (സാർസ് കൊറോണ വൈറസ് -2) എങ്ങനെ ബാധിക്കുന്നു എന്ന് ലബോറട്ടറി പരിതസ്ഥിതിയിൽ നടത്തിയ പഠനമായിരുന്നു അത്. പ്രാഥമികഫലങ്ങൾ നൽകിയ സൂചനകൾ പ്രകാരം പന്നി, കോഴി, താറാവ്, നായ തുടങ്ങിയവയിൽ വളരെ ദുർബലമായ വളർച്ചയാണ് വൈറസിനു ണ്ടായത്. എന്നാൽ കീരികളും പൂച്ചകളും രോഗാണുബാധ അനുവദിച്ചു എന്നായിരുന്നു നിരീക്ഷണം. ചൈനയിലെ അക്കാഡമി ഓഫ് അഗ്രിക്കൾച്ചറൽ സയൻസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ വൈറൽ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ, നാഷണൽ ഹൈ കണ്ടെയ്ൻമെന്റ് ലാബറട്ടറി ഫോർ അനിമൽ ഡിസീസസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ എന്നീ മൂന്നു ഗവേഷണ സ്ഥാപനങ്ങളുടെ പരീക്ഷണശാലകളിലാണ്  പഠനം നടന്നത്. 

നോവൽ കൊറോണ വൈറസിനെ മറ്റു മൃഗജാതികളിലേക്ക് പകർത്താൻ കഴിയുമോയെന്നും, മൃഗങ്ങൾ വൈറസിന്റെ സംഭരണിയായി പ്രവർത്തിക്കാമോയെന്നും മനുഷ്യന്റെ അടുപ്പക്കാരായ മൃഗങ്ങളിൽ അവ എങ്ങനെ പെരുമാറുന്നുവെന്നും പഠിക്കുകയായിരുന്നു ലക്ഷ്യം. വൈറസ് ആദ്യമായി ഉത്ഭവിച്ചതെന്നു കരുതുന്ന ചൈനയിലെ, വുഹാനിലെ സമുദ്രോത്പന്ന വിപണിയിലെ ചുറ്റുപാടിൽ നിന്നുള്ള സാമ്പിളും, രോഗിയായ മനുഷ്യനിൽ നിന്നുള്ള വൈറസ് സാമ്പിളുമാണ് പഠനത്തിനുപയോഗിച്ചത്. മൃഗങ്ങളുടെ നാസാരന്ധ്രങ്ങൾ വഴി വൈറസിനെ കടത്തിവിട്ടു നടത്തിയ പഠനങ്ങൾ പ്രകാരം പൂച്ചകളിലും, കീരികളിലും മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ച് വൈറസ് വളർച്ചയുണ്ടായി. പൂച്ചക്കുട്ടികളിലാണ് വൈറസ് വളർച്ച കൂടുതലായി കണ്ടെത്തിയത്. ഒപ്പം പൂച്ചകൾക്കിടയിൽ വൈറസുകൾ വായുവിലൂടെ പകരുമെന്നും മനസിലായി. എന്നാൽ നായ, പന്നി, താറാവ്, കോഴി ഇവയിലൊന്നും കാര്യമായ അണുബാധയുണ്ടായില്ല. 

2003-ലെ സാർസ് രോഗബാധയുടെ സമയത്തു നടന്ന പരീക്ഷണങ്ങളിലും പന്നി, കോഴി ഇവ രോഗബാധയിൽ പങ്കൊന്നും കാണിച്ചിരുന്നില്ല. എന്തൊക്കെയായാലും ഇന്നുവരെ മുഗങ്ങളിൽ കോവിഡ് ബാധയുണ്ടായി അത് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ലാത്തതിനാൽ വളർത്തുമൃഗങ്ങളെ ബന്ധപ്പെടുത്തി കോവിഡ് ഭയപ്പെടുന്നതിൽ അർഥമില്ല. എങ്കിലും മൃഗങ്ങളെ, അവയുടെ ഉൽപന്നങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധയും ശുചിത്വവും പാലിക്കുന്നത് എപ്പോഴും വേണ്ട നല്ല ശീലമാണ്.

പൂച്ചകളിലെ പാർവോ രോഗത്തേക്കുറിച്ച്

പൂച്ചകളെ വീട്ടിൽ അരുമയായി പരിപാലിക്കുന്നവർ അവയെ ബാധിക്കുന്ന പാർവോ രോഗത്തെക്കുറിച്ചറിയണം. ഫൈലൈൻ ഇൻഫക്ഷ്യസ് എന്ററ്റൈറ്റിസ് അഥവാ ഫെലൈന്‍ പാന്‍ലൂക്കോപീനിയ (Feline Panleukopenia) പൂച്ചകളെ  ബാധിക്കുന്ന മാരകമായ ഒരു വൈറല്‍ പകര്‍ച്ചവ്യാധിയാണ്. ദഹനവ്യൂഹം, രോഗപ്രതിരോധ സംവിധാനം, നാഡീവ്യൂഹം എന്നിവയെ ബാധിക്കുന്നു. ശക്തിയായ പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ഈ രോഗത്തിന്റെ അണുക്കള്‍ ശരീരത്തിനുള്ളിലെ  ഏതവയവത്തെയും ബാധിക്കാം. വായിലും തൊണ്ടയിലും ഉണ്ടാകുന്ന വ്രണങ്ങള്‍മൂലം പൂച്ചയ്ക്ക്  ആഹാരവും വെള്ളവും കഴിക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. രോഗം ബാധിച്ച പൂച്ചകളുടെ ഗര്‍ഭം അലസാന്‍ സാധ്യതയുണ്ട്. ജീവനോടെ  കുഞ്ഞുങ്ങളെ  പ്രസവിച്ചാല്‍ അവയ്ക്ക് ഞരമ്പു സംബന്ധമായ തകരാറുകള്‍  ഉണ്ടാകാം. പെട്ടെന്നു പകരുന്ന രോഗമാണിത്. രോഗിയായ പൂച്ച പോകുന്നിടത്തെല്ലാം രോഗാണു വിസർജിക്കപ്പെടുന്നു. രോഗലക്ഷണങ്ങൾക്ക് അനുസരിച്ചാണ് ചികിത്സ. തുടക്കത്തിൽ തന്നെ ചികിത്സ നൽകണം. രോഗം വരാതിരിക്കാന്‍ പ്രതിരോധകുത്തിവയ്പ് ലഭ്യമാണ്. 

പൂച്ചയ്ക്ക് പ്രതിരോധ കുത്തിവയ്പ്

പൂച്ചയ്ക്കെന്ത് പ്രതിരോധ കുത്തിവയ്‌പ്പെന്ന് ചോദിക്കുന്ന കാലം കഴിഞ്ഞു. പൂച്ചകളെ വളർത്തുന്നെങ്കിൽ പൂച്ച രോഗങ്ങൾക്കും പേവിഷത്തിനും എതിരെ വാക്സിനെടുക്കണം.

  • 8-10 ആഴ്ച  പ്രായത്തിൽ പാന്‍ ലൂക്കോപീനിയ, കാല്‍സി വൈറസ്, റൈനോട്രക്കൈറ്റിസ് മള്‍ട്ടി കമ്പോണനന്റ് വാക്‌സിൻ (MCV) ആദ്യ ഡോസ് നൽകുക.
  • 12-14 ആഴ്ച  പ്രായത്തിൽ പാന്‍ ലൂക്കോപീനിയ, കാല്‍സി വൈറസ്, റൈനോട്രക്കൈറ്റിസ് മള്‍ട്ടി കമ്പോണനന്റ് വാക്‌സിൻ (MCV) രണ്ടാം ഡോസും  നൽകണം.
  • ഓരോ വര്‍ഷവും ബൂസ്റ്റര്‍ വാക്‌സിനേഷന്‍ വെറ്ററിനറി ഡോക്ടറുടെ ഉപദേശപ്രകാരം നൽകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com