ADVERTISEMENT

വീട്ടിലേക്കുള്ള മുട്ട വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കാമെന്ന് പറയുന്നതുപോലെ വീട്ടാവശ്യത്തിനുള്ള ഇറച്ചി വീട്ടിൽനിന്നുതന്നെയായാലോ? വലിയ മുതൽമുടക്കില്ലാതെതന്നെ തുടങ്ങാവുന്ന സംരംഭമാണിത്. വീട്ടിലെ അടുക്കളാവശിഷ്ടങ്ങളും മിച്ചഭക്ഷണവുമൊക്കെ നൽകി മുറ്റത്ത് കൊത്തിപ്പെറുക്കി നടക്കുന്ന വിധത്തിൽ കോഴികളെ വളർത്താവുന്നതേയുള്ളൂ. തുച്ഛമായ വിലയ്ക്ക് ഹാച്ചറികളിൽനിന്നു പുറംതള്ളുന്ന പൂവൻകോഴിക്കുഞ്ഞുങ്ങളാണ് ഇതിന്റെ മൂലധനം. ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങളെ പത്തു രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാൻ കഴിയും. കേരള വെറ്ററിനറി യൂണിവേഴ്സിറ്റിയുടെ ഹാച്ചറികളിൽനിന്നും മറ്റു സ്വകാര്യ ഹാച്ചറികളിൽനിന്നും ഇത്തരത്തിൽ പൂവൻകോഴിക്കുഞ്ഞുങ്ങളെ ലഭ്യമാണ്.

നാടൻ, സങ്കര ഇനങ്ങൾ ഇത്തരത്തിൽ വളർത്താം. സങ്കര ഇനങ്ങളിൽ ഗ്രാമശ്രീ പൂൻകോഴികളാണ് മികച്ച വളർച്ച കൈവരിക്കുന്നത്. മുട്ടയ്ക്കും ഇറച്ചിക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ഇനമാണ് ഗ്രാമശ്രീ എന്നതുകൊണ്ടുതന്നെ മൂന്നു മാസത്തിനു മൂകളിൽ പ്രായത്തിൽ അത്യാവശ്യം തൂക്കം ലഭിക്കും.

അതേസമയം, വൈറ്റ് ലെഗോണുകളുടെ പൂവൻ കുഞ്ഞുങ്ങളെ വ്യാപകമായി കേരളത്തിൽ കച്ചവടക്കാർ വിതരണം ചെയ്യുന്നുണ്ട്. ഇത്തരം കുഞ്ഞുങ്ങളെ ഹാച്ചറികളിൽനിന്ന് നേരിട്ടു വാങ്ങി ആവശ്യമായ പരിചരണങ്ങൾ നൽകി വളർത്തിയാൽ ഇറച്ചിക്ക് ഉപയോഗിക്കാം. അധികം തൂക്കം വയ്ക്കില്ല എന്നതാണ് ഇവരുടെ ന്യൂനത. എങ്കിലും മുറ്റത്ത് അഴിച്ചുവിട്ട് വളർത്താൻ ഇക്കൂട്ടർ മിടുക്കരാണ്. തൂവെള്ള നിറമായതിനാൽ കാഴ്ചയ്ക്കു ഭംഗിയുമേറെ.

ഒരു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ ആദ്യ ഘട്ടത്തിൽ ബ്രൂഡ് ചെയ്യണം. ഇതിനായി ബൾബ് ഇട്ടു നൽകാം. തീറ്റയായി കുഞ്ഞുങ്ങൾക്കുള്ള സ്റ്റാർട്ടറും നൽകണം. അത്യാവശ്യം വലുപ്പമായിക്കഴി‍ഞ്ഞാൽ ഇവടെ തൊടികളിൽ അഴിച്ചുവിട്ടു വളർത്താം. മിച്ചഭക്ഷണത്തിനൊപ്പം തൊടികളിൽ കൊത്തിപ്പെറുക്കി അവർ വയർ നിറച്ചുകൊള്ളൂം. നാടൻ കോഴികൾക്ക് വിപണിയിൽ 150 രൂപയിൽ (മൊത്തവ്യാപാരം) കുറയാതെ വിലയുണ്ട്. അതുകൊണ്ടുതന്നെ വീട്ടാവശ്യത്തിനൊപ്പം വിൽക്കുകയുമാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com