വേനലിനെ അതിജീവിക്കാൻ ആടുകൾക്കു വേണം പ്രത്യേക പരിചരണം

HIGHLIGHTS
 • ജനിതകഗുണമുള്ള ആടുകളെ വളർത്തണം
 • പച്ചപ്പുല്ലും ഇലകളും ധാരാളം നൽകണം
goat
SHARE

ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമെല്ലാം പാരിസ്ഥിതിക സന്തുലനാവസ്ഥയെ ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാമെല്ലാം. ഋതുഭേദങ്ങൾ കൃത്യനിഷ്ഠ പുലർത്തിയിരുന്ന കേരളത്തിൽപ്പോലും ഇന്ന് അത്യുഷ്ണവും ക്രമം തെറ്റിയ മഴയുമെല്ലാം മനുഷ്യരുടെയും മൃഗങ്ങളുടെയും സ്വസ്ഥജീവിതത്തെ തടസപ്പെടുത്തുകയാണ്. പ്രത്യേകിച്ച്, വേനൽക്കാലത്ത് അന്തരീക്ഷ താപനില വർധിക്കുന്നതോടൊപ്പം ആർദ്രതയും ഉയരുന്നതോടെ പക്ഷിമൃഗാദികൾക്ക്  ശാരീരികസമ്മർദ്ദ സാധ്യത കൂടുതലാണ്. കൊടുംചൂടിൽ ഉൽപാദനം ഗണ്യമായി കുറയുക മാത്രമല്ല ആരോഗ്യവും പ്രത്യുൽപാദനക്ഷമതയും കുറയുന്നു. ചിലപ്പോൾ ജീവൻ തന്നെ അപകടത്തിൽ ആവുകയും ചെയ്യുന്നു.

ചൂടുകാലത്ത് ആടുകൾ കൂടുതൽ സമയവും ഒരു വശം ചരിഞ്ഞു കിടക്കാറുണ്ട്.  ശരീരഭാഗങ്ങൾ പരമാവധി പ്രദർശിപ്പിക്കുന്നതിലൂടെ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന താപം പുറത്തു കളയാൻ സാധിക്കുകയും അതിലൂടെ ശരീരോഷ്മാവ് ക്രമീകരിക്കാൻ സാധിക്കുമെന്നുള്ളതുകൊണ്ടാണ് അവ ഇപ്രകാരം ചെയ്യുന്നത്.

‌പശുക്കളെ മാറ്റിനിർത്തിയാൽ താപസമ്മർദ്ദം എറ്റവും കൂടുതൽ ബാധിക്കുന്നത് ആടുകളെയാണ്. തൂങ്ങിയ ചെവികൾ, അയഞ്ഞ ചർമ്മം എന്നിവയ്ക്ക് ഉഷ്ണത്തെ പ്രതിരോധിക്കാനുള്ള കഴിവ് കൂടുതലാണ്. എന്നാൽ, ശരീരത്തിൽ കൊഴുപ്പ് കൂടിയവയ്ക്കും മുട്ടനാടുകൾക്കും കൊമ്പില്ലാത്തവയ്ക്കും ഇരുണ്ട നിറമുള്ളവയ്ക്കും ഉഷ്ണകാലക്ലേശങ്ങൾ കൂടുതലാണ്. പ്രായമേറിയവയ്ക്കും കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും വിരബാധ, മറ്റ് രോഗങ്ങൾ തുടങ്ങിയ കാരണങ്ങളാൽ പ്രതിരോധശേഷി കുറഞ്ഞവയ്ക്കും കടുത്ത ചൂട് താങ്ങാൻ പ്രയാസമാണ്.

താപസമ്മർദ്ദം മൂലം ആടുകളിൽ കാണപ്പെടുന്ന ലക്ഷണങ്ങൾ

ചൂടുകാലത്ത് ആടുകൾ ഉന്മേഷരഹിതമായി കാണപ്പെട്ടാൽ ശ്രദ്ധിക്കണം. ചിലപ്പോൾ താപസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. ഏതെങ്കിലും തരത്തിൽ ഉഷ്ണം ബാധിച്ചാൽ, തീറ്റയെടുക്കുന്നത് കുറയ്ക്കുക എന്നതാണ് സ്വാഭാവികമായും ആടുകളുടെ ആദ്യപ്രതികരണം. ശരീരത്തിനു വെള്ളം അത്യാവശ്യമാണെന്നിരിക്കിലും വെള്ളം കുടിക്കാനും അവ മടുപ്പു കാണിക്കുന്നു.         

അസ്വസ്ഥത, തുടർച്ചയായുള്ള കിതപ്പ്, ഉയർന്ന ശ്വാസോച്ഛാസ നിരക്ക്, ക്ഷീണം,  വായിൽനിന്ന് ഉമിനീരൊലിക്കുക, വിശപ്പ് കുറയുക, ശരീരവേദനയും നീർവീഴ്ചയും ഉണ്ടാകുക, നിൽക്കാൻ സാധിക്കാത്ത അവസ്ഥ, വേച്ചുപോവുക, ഉയർന്ന ശരീരതാപനില  (105°F) എന്നിവയാണ് മറ്റു ലക്ഷണങ്ങൾ. ശരീരോഷ്മാവ് 107°F കടന്നാൽ മരണം സുനിച്ഛിതം.

ചികിത്സ

‌താപസമ്മർദ്ദമുള്ളതായി സംശയിച്ചാൽ, ആടിനെ തണുത്തതും വായു സഞ്ചാരവുമുള്ള സ്ഥലത്തേക്ക് ഉടനടി മാറ്റുകയും, ശരീരതാപം കുറയ്ക്കാനുള്ള നടപടികളെടുക്കുകയും വേണം.  ഉടനെ ഫാൻ വച്ചു കൊടുക്കാം. ദേഹത്ത് തണുത്ത വെള്ളം തളിക്കുകയും നനഞ്ഞ തുണികൊണ്ട്  കാലുകളും വയർ ഭാഗങ്ങളും തുടയ്ക്കുകയും ചെയ്യാം. ശരീരഭാഗങ്ങളിൽ ഐസ് കട്ട  വച്ചു കൊടുക്കാം. എന്നാൽ, പൊടുന്നനെയുള്ള കഠിനമായ തണുപ്പ് നൽകരുതെന്നു മാത്രം. ‌വെള്ളം കുടിക്കുന്നെങ്കിൽ തണുത്ത വെള്ളം നൽകാം. അല്ലാത്തപക്ഷം സാവധാനം കുടിക്കാൻ പ്രോത്സാഹിപ്പിക്കാം. 

‌‌പത്തു പതിനഞ്ചു മിനിറ്റിനുള്ളിൽ ശരീരതാപനില  104°F ആയി കുറഞ്ഞാൽ ഭയപ്പെടേണ്ടതില്ല. ലക്ഷണങ്ങൾ  കുറയുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. കുറയുന്നില്ലെങ്കിൽ ‌വിദഗ്ധ സഹായം തേടണം. ലക്ഷണത്തിനനുസരിച്ചുള്ള ചികിത്സയാണ് വേണ്ടത്. നിർജലീകരണം തടയാൻ സിരകളിലൂടെ മരുന്നും ദ്രാവകങ്ങളും നൽകാം. ഇലക്ട്രോലൈറ്റ് ലായനികൾ നൽകുന്നത് ഉചിതമാണ്.

താപസമർദ്ദം ഒഴിവാക്കാനുള്ള മാർഗങ്ങൾ

താപ സമ്മർദ്ദം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് ഉത്തമം. താഴെ പറയുന്ന മാർഗങ്ങൾ താപസമർദ്ദം തടയാൻ പ്രയോജനപ്രദമാണ്.

 • ചൂടിനെ ചെറുക്കാൻ ശേഷിയുള്ള ജനിതകഗുണമുള്ള ആടുകളെ വളർത്താൻ തിരഞ്ഞെടുക്കുന്നത് നന്ന്.
 • പൊതുവെ ആടുകൾക്ക് ദിവസേന 4 മുതൽ 8 ലീറ്റർ വരെ ജലം കുടിക്കാൻ ആവശ്യമാണ്. അതുകൊണ്ടു തന്നെ ശുദ്ധമായ കുടിവെള്ളം ആവശ്യത്തിനു ലഭ്യമാക്കണം. ഒരേസമയം എല്ലാ ആടുകൾക്കും കുടിക്കാനുള്ള സൗകര്യമുണ്ടായിരിക്കണം. 
 • കൂടിനു പുറത്ത് കെട്ടുകയാണെങ്കിൽ ജലം പാത്രങ്ങളിൽ വച്ചു കൊടുക്കണം. കൂടാതെ മേച്ചിൽ സ്ഥലത്ത് വെള്ളത്തൊട്ടികൾ സ്ഥാപിക്കുന്നതും, വെള്ളം സ്പ്രേ ചെയ്യുന്ന ‌സ്പ്രിംഗ്ളറുകൾ വയ്ക്കുന്നതും നല്ലത്.
 • അസഹനീയമാം വിധം ചൂടുള്ള ദിവസങ്ങളിൽ തണുത്ത വെള്ളം കുടിവെള്ള പാത്രങ്ങളിൽ നിറയ്ക്കുകയോ, കുടിവെള്ളത്തിൽ ഐസ് കട്ടയിട്ടു കൊടുക്കുകയോ ചെയ്യാം. പക്ഷേ അമിതമായ തണുപ്പ് ഒഴിവാക്കണം.
 • പാത്രത്തിലെ വെള്ളത്തിൽ  ഐസിട്ട് അതിനു ചുറ്റും ഒരു തുണി ചുറ്റി വച്ചാൽ ഐസ് ഉരുകുമ്പോൾ തുണിക്കഷണം തണുക്കുകയും വെള്ളത്തിന്റെ തണുപ്പ് നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
 • ഗുണമേന്മയുള്ള തീറ്റയും, കൂടെ പച്ചപ്പുല്ലും ഇലകളും ധാരാളം നൽകണം. ടിഎംആർ തീറ്റ (സമ്പൂർണ സമീകൃത കാലിത്തീറ്റ ) നൽകാം.
 • ദിവസേന 5 -10 ഗ്രാം ധാതുലവണ മിശ്രിതം തീറ്റയിൽ ഉൾപ്പെടുത്തേണ്ടതാണ്. ജീവകം  എ, ഇ എന്നിവയും, സിങ്ക്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുലവണങ്ങളും താപസമ്മർദ്ധത്തെ ചെറുക്കാൻ ഉത്തമമാണ്.
 • കൂട്ടിൽ ആടുകളെ കൂട്ടം കൂട്ടമായി പാർപ്പിക്കരുത്. ഓരോന്നിനും ആവശ്യമായ സ്ഥലം ഒരുക്കുകയും വായുസഞ്ചാരം ഉറപ്പാക്കുകയും വേണം. ഫാൻ സൗകര്യം ഏർപ്പെടുത്തുന്നത് നന്ന്.
 • ‌അതിരാവിലെയോ വൈകിട്ടോ മാത്രം പുറത്തു കെട്ടുന്നതാണ് അഭികാമ്യം. കഴിവതും രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ ആടുകളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. 
 • തണൽ വൃക്ഷങ്ങളുള്ളതും കാറ്റ് ലഭിക്കുന്നതുമായ സ്ഥലത്ത് കെട്ടുക.  ആടുകൾ മേയുന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഷീറ്റോ, ഓലയോ വൈക്കോലോ മേഞ്ഞ ഷെഡുകൾ താൽക്കാലികമായി സ്ഥാപിച്ച് തണലൊരുക്കുന്നത് ഉചിതമാണ്.
 • ‌തീറ്റയെടുത്ത് 4-6 മണിക്കൂർ വരെ സമയം ശരീരത്തിൽ താപോൽപാദനം വർധിക്കുമെന്നതിനാൽ, രാവിലെയും വൈകിട്ടുമായി കാലിത്തീറ്റ നൽകുന്നതാണു നല്ലത്. 
 • ‌വേനൽക്കാലത്ത് ആടുകളെ ദൂരെ സ്ഥലങ്ങളിലേക്ക് കഴിവതും മാറ്റരുത്. ‌അഥവാ സ്ഥലം മാറ്റുന്നെങ്കിൽ അതിരാവിലെയും വൈകിട്ടുമായി മാത്രം ചെയ്യുക.
 • ഉഷ്ണകാലത്ത് വ്യായാമം ചെയ്യിക്കുന്നതും കുളമ്പു മുറിക്കുന്നതും ഒഴിവാക്കണം.
 • ആടുകളുടെ ഇണചേർക്കൽ രാവിലെയും വൈകിട്ടുമായി ക്രമീകരിക്കുന്നത് പ്രത്യുൽപാദനക്ഷമത വർധിപ്പിക്കും.

ആടുവസന്ത  തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ സമയാസമയങ്ങളിൽ നൽകേണ്ടതാണ്. വേനൽ തുടങ്ങുന്നതിനു മുമ്പു തന്നെ വിരമരുന്ന് നൽകുകയും, ബാഹ്യ പരാദങ്ങളായ പേൻ, ചെള്ള്, പട്ടുണ്ണി തുടങ്ങിയവയ്ക്കെതിരേ മരുന്നു പ്രയോഗിക്കുകയും ചെയ്താൽ പല വേനൽക്കാല പ്രശ്നങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA