ADVERTISEMENT

വലുപ്പം കുറഞ്ഞതും അപകടങ്ങളിൽപ്പെട്ടാൽ പറക്കുന്നതിനു പകരം പതുങ്ങുകയോ ഓടിയൊളിക്കുകയോ ചെയ്യുന്നതുമായ ചെറുകിളികൾ. കാടയെന്ന വാക്കിന്റെ അർഥം തന്നെ 'പേടികൊണ്ട് വിറകൊള്ളുന്ന' എന്നാണ്. ലോകത്തെമ്പാടുമായി എകദേശം  നാല്പത്തഞ്ചോളം ഇനങ്ങളുണ്ടെങ്കിലും അമേരിക്കൻ ഇനമായ ബോബ് വൈറ്റ്, വൈറ്റ് ബ്രെസ്റ്റെഡ്, ജാപ്പനീസ്‌ അഥവാ ഫറവോ കാട, മഞ്ചൂരിയൻ ഗോൾഡൻ, ബ്രിട്ടീഷ് റേഞ്ച് എന്നിവയ്ക്കാണ് കൂടുതൽ പ്രചാരം.

ചരിത്രം 

ഉത്ഭവം ഉത്തര അമേരിക്കയാണെങ്കിലും പൂർവ ഏഷ്യൻ രാജ്യങ്ങളായ ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലും പിന്നെ യൂറോപ്പിലും കാടകൾ ധാരാളമായി കാണപ്പെട്ടിരുന്നു. കുറ്റിക്കാടുകളും, വിളനിലങ്ങളുമൊക്കെയാണ് ഇവയുടെ ആവാസകേന്ദ്രം. ബൈബിളിലെ പഴയനിയമത്തിൽ ഈജിപ്തിലെ കർഷകർ അവരുടെ കൃഷിയിടങ്ങളിൽനിന്ന് കാടകളെ കൂട്ടത്തോടെ പിടിച്ച് ഇറച്ചി ഭക്ഷിച്ചിരുന്നതായി പ്രതിപാദിക്കുന്നുണ്ട്. 

ഏകദേശം പതിനൊന്നാം നൂറ്റാണ്ടോടു കൂടെ ചൈനയിൽനിന്ന് ജപ്പാനിലേക്ക് കാടകൾ കയറ്റി അയയ്ക്കപ്പെട്ടു. കുറ്റിക്കാടുകളും വിളനിലങ്ങളുമൊക്കെ ആവാസകേന്ദ്രമാക്കിയിരുന്ന ഇവയെ ജപ്പാൻകാരാണ് ആദ്യമായി ഇണക്കിവളർത്തിയത്. അരുമകളായും പാടാൻ കഴിവുള്ള പക്ഷികളെന്ന നിലയിലും കാടകൾ അവരുടെ ഹൃദയം കീഴടക്കി. ഇരുപതാം നൂറ്റാണ്ടിൻറെ പകുതിയോടെ അവ വംശവർദ്ധന സംഭവിച്ച് ഒരു വലിയ കൂട്ടമായി മാറി. ഇതിനിടെ ജപ്പാനിലെ ചക്രവർത്തിയുടെ ക്ഷയം കാടയിറച്ചി കഴിച്ചതുമൂലം മാറിയെന്ന വാർത്തകൂടെ പരന്നതോടെ കാടകൾക്ക് അമൂല്യമായൊരു ഔഷധത്തിന്റെ പരിവേഷം കൈവന്നു. ‘ആയിരം കോഴിക്ക് അര കാട’ എന്നല്ലേ ചൊല്ലുതന്നെ. അതോടെ ജപ്പാനിൽ ഇവയ്ക്ക് പ്രചാരമേറിയെന്നു മാത്രമല്ല ജാപ്പനീസ് കാടകൾ എന്ന പേരും കിട്ടി. 1983ൽ ജാപ്പനീസ് കാടകൾ ഒരു പ്രത്യേക ഇനമായി അംഗീകരിക്കപ്പെട്ടു. 

1974ൽ കലിഫോർണിയയിൽ നിന്നാണ് നമ്മുടെ നാട്ടിലേക്ക് കാടകൾ എത്തിയത്. വീട്ടാവശ്യത്തിനായും  വരുമാന മാർഗമായും കണ്ട്  വിപുലമായ രീതിയിലും കാടകളെ വളർത്തി ആദായം നേടുന്നവർ ഇന്ന് കേരളത്തിലും കുറവല്ല. ഹോട്ടലുകളിലും വിവാഹ സൽക്കാരങ്ങളിലും കാട വിഭവങ്ങൾ  ഒഴിച്ചുകൂടാത്തവയായി  മാറിക്കഴിഞ്ഞു.‌

quail-farming-4

കാട വളർത്തലിന്റെ മുഖ്യ ആകർഷണങ്ങൾ 

  • കോഴി വളർത്തലിനെ അപേക്ഷിച്ച് കുറഞ്ഞ മുടക്കുമുതൽ. 
  • 5-7 ആഴ്ച്ചയിൽ മുട്ട, ഇറച്ചി എന്നിവയിലൂടെ വരുമാനം.
  • കമ്പിക്കൂടുകളിലും ഉപയോഗിക്കാതെ ഒഴിഞ്ഞുകിടക്കുന്ന മുറികളിൽപ്പോലും വളർത്താം. ഒരു കോഴിയെ വളർത്തുന്ന സ്ഥലം മതി 5 കാടയ്ക്ക്. 
  • കാടമുട്ടയ്ക്കും ഇറച്ചിയുടെ വേറിട്ട രുചിയ്ക്കും ആരാധകർ ഏറെ.
  • കാടയിറച്ചിക്ക് കൊളസ്ട്രോളും കൊഴുപ്പും കുറവായതിനാൽ ഹൃദ്രോഗികൾക്കും കുട്ടികൾക്കുമെല്ലാം പേടികൂടാതെ കഴിക്കാം.
  • വലുപ്പം കുറവായതിനാൽത്തന്നെ തീറ്റയും കുറവ് മതി.
  • കോഴികളെ അപേക്ഷിച്ച് ഉയർന്ന രോഗപ്രതിരോധശേഷി. വിരയിളക്കലും കുത്തിവയ്പ്പുകളും ആവശ്യമില്ല.

ആൺ- പെൺ വ്യത്യാസങ്ങൾ അറിയാം 

quail-farming-3

കാടകളിലെ പൂവനെയും പേടയെയും തിരിച്ചറിയാൻ എളുപ്പമാണ്.

  • പൂവന് (180-200 ഗ്രാം) പിടയെ (200-250 ഗ്രാം) അപേക്ഷിച്ച് വലുപ്പവും ഭാരവും കുറവായിരിക്കും. 
  • പൂവന്റെ നെഞ്ചുഭാഗത്ത് ഇളം ചുവപ്പ്/ ബ്രൗൺ നിറമുള്ള തൂവലുകൾ ഉണ്ടായിരിക്കും. ഇരുണ്ട നെഞ്ചിൽ ചാരത്തൂവലുകളാണ് പിടയ്ക്ക്.

കാടകൾക്ക് കൂടൊരുക്കാം 

  • കമ്പിക്കൂടുകളിലോ ഡീപ്പ് ലിറ്റർ സമ്പ്രദായത്തിൽ കോൺക്രീറ്റ് തറയിൽ 5-10 സെന്റീമീറ്റർ കനത്തിൽ തവിട്, അറക്കപ്പൊടി, വൈക്കോൽ, മണൽ തുടങ്ങിയവ വിരിച്ചോ വളർത്താം. ആദ്യ രണ്ടാഴ്ച ഡീപ്പ് ലിറ്ററിൽ വളർത്തുന്നതാണ് നല്ലത്. ഒരടി സ്ഥലത്ത് 5-6 എണ്ണം വളർത്താം.
  • ആദ്യ ആഴ്ച്ചകളിൽ കുഞ്ഞുങ്ങളെ വളർത്താനുദ്ദേശിക്കുന്ന കൂടാണ് ബ്രൂഡർ. കുഞ്ഞുങ്ങളെ ഇറക്കുന്നതിനു മുൻപ്, കൂടുകൾ അണുവിമുക്തമാക്കിയിരിക്കണം.
  • കൃത്രിമമായി ചൂടുപകരാനുള്ള സംവിധാനങ്ങളും നേരത്തെ ബ്രൂഡറിൽ ഒരുക്കിയിരിക്കണം. അതിനായി വൈദ്യുതി ബൾബുകളോ, ഗ്യാസോ ഉപയോഗിക്കാം. ആദ്യ ആഴ്ച രാത്രിയും പകലും കൃത്രിമമായി ചൂട് പകരണം. തറയിൽനിന്ന് നാലിഞ്ച് ഉയരത്തിൽ, ഒരു കുഞ്ഞിന് ഒരു വാട്ട് (watt) എന്ന കണക്കിൽ ചൂട് കിട്ടത്തക്കവണ്ണം കുഞ്ഞുങ്ങളുടെ എണ്ണത്തിനനുസരിച്ച് വേണം ബൾബുകൾ തൂക്കാൻ. 
  • തുടക്കത്തിൽ കാടകൾക്ക് 36-37 ഡിഗ്രി ചൂടുവേണം. പിന്നീട്, ദിവസവും മൂന്ന് ഡിഗ്രി എന്ന തോതിൽ താപനില കുറച്ചുകൊണ്ടുവരാം.
  • ചൂട് കിട്ടുന്നു എന്ന് ഉറപ്പാക്കാൻ ഒന്നരയടി ഉയരമുള്ള കാർഡ്ബോർഡ് പേപ്പറോ മെറ്റൽ ഷീറ്റോ വട്ടത്തിൽ വളച്ചുകെട്ടി ബ്രൂഡർ ഗാർഡുകൾ ഉണ്ടാക്കിയെടുത്ത് അതിനു നടുവിലായി ബൾബുകൾ ഇട്ടുകൊടുക്കാം. 90 സെന്റീമീറ്റർ ചുറ്റളവിൽ എകദേശം 150 കുഞ്ഞുങ്ങളെ വീതം ഇടാവുന്നതാണ്.
  • കാടക്കുഞ്ഞുങ്ങളെ നിരന്തരം നിരീക്ഷിക്കുന്നത് കൃത്യമായ ചൂട് ലഭിക്കുന്നു എന്ന് ഉറപ്പാക്കാൻ സഹായിക്കും. ചൂട് കുറവാണെങ്കിൽ എല്ലാരും കൂടെ ബൾബിനു കീഴിലായി കൂട്ടംകൂടി കിടക്കുന്നതു കാണാം. കൂടുതലാണെങ്കിൽ ബൾബിൽനിന്ന് ദൂരെമാറി ബ്രൂഡർ ഗാർഡിനോട് ചേർന്ന് ഒറ്റയ്‌ക്കൊറ്റയ്ക്ക് കിടക്കും.
  • രണ്ടാമത്തെ ആഴ്ച അവസാനത്തോടെ ശരീര താപനില നിലനിർത്താൻ കുഞ്ഞുങ്ങൾ പ്രാപ്തരാവുന്നതോടെ ചൂടുപകരൽ നിർത്താം. വേനൽക്കാലമാണെങ്കിൽ ഇത് പത്തു ദിവസമാക്കി കുറയ്ക്കാം.
  • ബ്രൂഡറുകൾക്കുള്ളിൽ തീറ്റയ്ക്കും വെള്ളത്തിനുമുള്ള ക്രമീകരണങ്ങളും ഉറപ്പാക്കണം. 150 കുഞ്ഞുങ്ങൾക്ക് വെള്ളത്തിനായി 10 സെന്റീമീറ്റർ ചുറ്റളവും 1.5 സെന്റീമീറ്റർ ഉയരവുമുള്ള 500 മില്ലിലീറ്റർ ശേഷിയുള്ള രണ്ട് ഹോപ്പറുകൾ വേണം. ഉയരം കുറഞ്ഞാൽ കുഞ്ഞുങ്ങൾ അതിലേക്ക് വീഴാൻ സാധ്യത കൂടുതലാണ്. തീറ്റപ്പാത്രത്തിനാണെങ്കിൽ എകദേശം 22 സെന്റീമീറ്റർ ചുറ്റളവും 2 സെന്റീമീറ്റർ ഉയരവുമാകാം.
  • കൂട്ടിൽ വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കാൻ ശ്രദ്ധിക്കണം.
  • മൂന്നാമത്തെ ആഴ്ച മുതൽ ഇവരെ കമ്പിക്കൂടുകളിലേക്കു മാറ്റാം. സ്ഥലം പരിമിതമായതുകൊണ്ടുതന്നെ, വെറുതെ കൂട്ടിൽ കറങ്ങിനടന്ന് എനർജി പോവുകയില്ലെന്ന് മാത്രമല്ല പെട്ടന്ന് തൂക്കം വയ്ക്കുകയും ചെയ്യും.

കമ്പികൊണ്ടുള്ള കൂടാണെങ്കിൽ

  • കൊണ്ടുവരുന്നത് മുതൽ കമ്പിക്കൂടുകളിലാണ് ഇടുന്നതെങ്കിൽ 1-14 ദിവസം വരെ ഇടാനുള്ള ബ്രൂഡർ കൂടുകളും 15 മുതൽ വിൽപ്പന വരെ വളർത്താൻ ഗ്രോവർ കൂടുകളും സജ്ജമാക്കണം. സ്ഥലപരിമിതിയുള്ളവർക്ക് ഒരു കൂടുതന്നെ രണ്ടാക്കിത്തിരിച്ചും വളർത്താം.
  • കൂടുകൾ 10 സെന്റീമീറ്റർ ഇടവിട്ടുള്ള 4-6 നിലകളായി ക്രമീകരിച്ചാൽ സ്ഥലം ലാഭിക്കാം. ഓരോ നിലയുടെ കീഴിലും കാഷ്ഠം ശേഖരിക്കാനുള്ള ട്രേകൾ സ്ഥാപിക്കാൻ മറക്കരുത്. 3x2.5x1.5 അടിയുള്ള ഉള്ള ഓരോ കൂട്ടിലും 1-2 ആഴ്‌ച പ്രായമുള്ള 100 കുഞ്ഞുങ്ങളെ വീതം വളർത്താം. 4x2.5x1.5 അടിയുള്ള ഗ്രോവർ കൂടുകളിൽ പൂർണ വളർച്ചയെത്തിയ 50 എണ്ണം വരെ ആവാം. 
  • ഇത്തരം കൂട്ടിൽ വളരുന്നവയിലാണ് കൊത്തുകൂടുന്ന സ്വഭാവം കൂടുതലായി കണ്ടുവരുന്നത്. അത് തടയാനായി 2 ആഴ്‌ച പ്രായമുള്ളപ്പോൾ കൊക്കുകളുടെ മൂന്നിൽ ഒരു ഭാഗം, ബീക്ക് ട്രിമ്മർ (beak trimmer) ഉപയോഗിച്ച് ശാസ്ത്രീയമായ രീതിയിൽ മുറിച്ചുകളയാം.
  • കൂട്ടിലെ വെളിച്ചം കുറയ്ക്കുകയോ ആൺകിളികളുടെ എണ്ണം കുറയ്ക്കുകയോ ചെയ്താലും കൊത്തുകൂടുന്നത് കുറയും.
  • സമയാസമയങ്ങളിൽ കാഷ്ഠവും തീറ്റയുടെ അവശിഷ്ടങ്ങളും നീക്കി കൂടും പരിസരവും സദാ വൃത്തിയായി സൂക്ഷിക്കണം. അണുബാധകൾ തടയാനും അമോണിയ ശ്വസിക്കുന്നത് മൂലമുള്ള സമ്മർദ്ദമകറ്റാനും ഇത് അത്യാവശ്യമാണ്.

തീറ്റ ക്രമീകരണങ്ങൾ 

  • ആദ്യ രണ്ടാഴ്ച ധാരാളം പ്രോട്ടീൻ (25 - 28%) അടങ്ങിയ സ്റ്റാർട്ടർ തീറ്റ. അതിനുശേഷം ഗ്രോവർ തീറ്റ.  4 ആഴ്ചയ്ക്കു ശേഷം ഇറച്ചിക്ക് ഉപയോഗിക്കുന്നവയ്ക്ക് ഫിനിഷർ തീറ്റ കൊടുക്കണം. അല്ലാത്തവർക്ക് ബ്രീഡർ തീറ്റ. മുട്ടയിട്ട്‌ തുടങ്ങിയാൽ ലേയർ തീറ്റ. ഇതാണ് ക്രമം.
  • കുഞ്ഞുങ്ങൾക്ക് തുടക്കത്തിൽ ലിറ്ററിന് മുകളിലായി പേപ്പർ വിരിച്ച് അതിന് മുകളിൽ തീറ്റ വിതറിയിട്ടു കൊടുക്കണം. തീറ്റയെടുക്കാൻ പഠിച്ചശേഷം ഫീഡറിലേക്ക് മാറ്റാം.
  • മുട്ടയിടാറായവർക്ക് കാത്സ്യം അത്യാവശ്യമാണെന്ന് ഓർക്കുക. അതിനായി മുട്ടത്തോടോ, ചുണ്ണാമ്പ് കല്ലോ പൊടിച്ച് തീറ്റയിൽ ചേർക്കാം. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മിശ്രിതങ്ങൾ  ഉൾപ്പെടുത്തുന്നത് നന്നായിരിക്കും.
  • വളർച്ചയെത്തിയ കാടകൾ ദിവസത്തിൽ 18 മുതൽ 30 ഗ്രാം തീറ്റ വരെ കഴിക്കും.
  • നിപ്പിൾ ഡ്രിങ്കറുകളിലോ പാത്രങ്ങളിലോ വെള്ളം ലഭ്യമാക്കണം. പാത്രങ്ങളിലാണെങ്കിൽ തട്ടിമറിഞ്ഞു പോകാതിരിക്കാൻ വഴി കാണണം.

കാടകളുടെ ബ്രീഡിങ്ങ്

  • 5-6 ആഴ്‌ച പ്രായമായ കാടകളെ 3 പിടകൾക്ക് ഒരു പൂവൻ എന്ന കണക്കിൽ ഗ്രൂപ്പുകളാക്കിയിടാം.
  • മുട്ടയിടാൻ പ്രായമായ കാടകൾക്ക് ദിവസത്തിൽ 16 മണിക്കൂറെങ്കിലും ലൈറ്റ് ആവശ്യമാണ്.
  • അടുത്ത ബന്ധുക്കൾ തമ്മിൽ ഇണചേരുന്നത് ഒഴിവാക്കിയാൽ വൈകല്യങ്ങൾ തടയാം. കാര്യമിത്തിരി ശ്രമകരമാണെങ്കിലും മുട്ടകളിൽ നമ്പർ ഇട്ടും കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുമ്പോൾത്തന്നെ പെയിന്റ് ഉപയോഗിച്ചും പിന്നീട് ചിറകിൽ ബാൻഡിങ്ങ് ചെയ്തും ഇവരെ തിരിച്ചറിയാനാകും. 
  • വൈകുന്നേരങ്ങളിലാണ് കൂടുതലായും കാടകൾ മുട്ടയിടുക. ഇത് ശേഖരിച്ച്, അഴുക്കെല്ലാം പതിയേ ഒരക്കടലാസുകൊണ്ട് നീക്കി ഒരാഴ്ചയ്ക്കുള്ളിൽ വിരിയിക്കാൻ വയ്ക്കുന്നതാണ് നല്ലത്. കാടകൾ ഒരു വർഷത്തിൽ ശരാശരി 280 മുട്ടകൾ വരെയിടും.
  • കാടകൾക്ക് മുട്ടയ്ക്ക് അടയിരിക്കുന്ന സ്വഭാവം ഇല്ലെന്ന് ഓർക്കുക. അതുകൊണ്ട് ഇൻക്യൂബേറ്ററുകളിലോ, കോഴിക്ക് അടവെച്ചോ മുട്ടകൾ വിരിയിച്ചെടുക്കാം. 17-18 ദിവസത്തിനുള്ളിൽ മുട്ട വിരിയും.
  • കോഴിക്കുഞ്ഞുങ്ങളെ വിൽക്കുന്ന ഒട്ടുമിക്ക സ്വകാര്യ/സർക്കാർ ഹാച്ചറികളിലും കാടകൾ വിലക്കപ്പെടുന്നുണ്ട്.   ഒരു ദിവസം പ്രായമായ കുഞ്ഞുങ്ങൾക്ക് ശരാശരി 7-8 രൂപയാണ് വില. 3-5 ആഴ്ച പ്രായമുള്ളവർക്ക് 20 രൂപയും 5 ആഴ്ചയ്ക്ക് മുകളിൽ 30 രൂപയും വില വരും.  
  • ആലപ്പുഴ സെൻട്രൽ ഹാച്ചറി, ഇടുക്കി ജില്ലാ പൗൾട്രി ഫാം, ചാത്തമംഗലം റീജിയണൽ പൗൾട്രി ഫാം, മണ്ണുത്തി വെറ്റിനറി സർവകലാശാലയുടെ കീഴിലുള്ള ഹാച്ചറി എന്നിവിടങ്ങളിലും  ഗുണമേന്മയുള്ള കാടക്കുഞ്ഞുങ്ങളും മുട്ടയും ലഭ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com