ADVERTISEMENT

വളരെ നല്ല രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഫാം. പെട്ടെന്നൊരു ദിവസം, എതാനും ചില മണിക്കൂറുകൾക്കുള്ളിൽ, പകുതിയോളം മൃഗങ്ങൾ ചത്തൊടുങ്ങുന്നു. ഈയൊരവസ്ഥ നേരിട്ടിട്ടുള്ളവരാണ് നമ്മിൽ പലരും. അഭിമുഖീകരിക്കാൻ പോകുന്ന ഭീമമായ നഷ്ടങ്ങളെക്കുറിച്ച് ഓർത്ത് പകച്ച് നിൽക്കാനേ, നമുക്കന്ന് കഴിഞ്ഞിട്ടുണ്ടാകൂ. എന്നാൽ, ഇത്തരം സന്ദർഭങ്ങളിൽ, മനോധൈര്യം വീണ്ടെടുത്ത്, സന്ദർഭോചിതമായി പ്രവർത്തിച്ചാൽ, ആ നഷ്ടത്തിന്റെ ആക്കം കുറയ്ക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. ആദ്യമേ അപകടങ്ങൾ മുന്നിൽക്കണ്ട് പ്രതിരോധിക്കുക .

കേരളത്തിന്റെ താപവും ഈർപ്പവും ഇടകലർന്നൊരു കാലാവസ്ഥയായതുകൊണ്ടുതന്നെ, രോഗാണുക്കൾക്കും, മറ്റ് ആന്തരിക/ ബാഹ്യ പരാദങ്ങൾ തുടങ്ങിയവയ്ക്കും പെരുകാൻ വളരേ അനുയോജ്യമാണെന്ന് മനസിലാക്കുക. ഇതിനു പുറമേ, വേനൽക്കാലത്ത് താപസമ്മർദ്ദവും, സൂര്യാതപവും വരുത്തിവയ്ക്കുന്ന കെടുതികൾ വേറെയും. കാലാവസ്ഥയും, പ്രാദേശികമായി പിടിപെടാറുള്ള രോഗങ്ങളേയും കുറിച്ചൊരു ധാരണയുണ്ടാക്കി, വേണ്ട മുൻകരുതലുകൾ എടുക്കുന്നതാണ് നഷ്ടം സംഭവിക്കാതിരിക്കാനുള്ള എക പോംവഴി. അതിനായി ചെയ്യാവുന്ന കുറച്ച് കാര്യങ്ങൾ ആദ്യം പറയാം.

1. ജൈവസുരക്ഷ

രോഗങ്ങൾ വരാതെ തടയാനും, അഥവാ വന്നാൽ, പടരാതിരിക്കാനും എടുക്കേണ്ട മുൻകരുതലുകളെ ഒറ്റവാക്കിൽ ജൈവസുരക്ഷ (ബയോസെക്യൂരിറ്റി) സംവിധാനങ്ങൾ എന്നു വിളിക്കാം. ജോലിക്കാരുടെ വൃത്തി മുതൽ സമയാസമയങ്ങളിലുള്ള വിരയിളക്കൽ, പ്രതിരോധകുത്തിവയ്പുകൾ, പുതുതായി വാങ്ങിക്കൊണ്ടുവരുന്ന മൃഗങ്ങൾ/പക്ഷികൾ എന്നിവയുടെ ക്വാറന്റൈൻ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. 

വന്യമൃഗങ്ങൾ, എലികൾ എന്നിവ പല രോഗാണുക്കളുടെയും വാഹകരായതിനാൽ അവയിൽനിന്ന് അകലം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിലുള്ള അണുനശീകരണം, ചത്ത മൃഗങ്ങൾ, മാലിന്യങ്ങൾ മുതലായവയുടെ ശാസ്ത്രീയമായ സംസ്കരണം എന്നിവയും രോഗങ്ങൾ തടയാനുപകരിക്കും. സംശയിക്കത്തക്ക രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനേ സ്ഥലത്തെ മൃഗ ഡോക്ടറെയോ, മൃഗസംരക്ഷണ വകുപ്പിലെ ബന്ധപ്പെട്ട അധികൃതരെയോ വിവരമറിയിക്കേണ്ടതാണ്.

2. തീറ്റയും  വെള്ളവും ശുദ്ധമായിരിക്കണം

പഴകിയതും പൂപ്പൽ ബാധയുള്ളതുമായ തീറ്റ, വൃത്തിരഹിതമായ തീറ്റപ്പാത്രങ്ങൾ എന്നിവ മൃഗങ്ങളെ സാരമായി ബാധിക്കുകയും ചിലയവസരങ്ങളിൽ കൂട്ടത്തോടെ ചത്തുപോകുന്നതിനും ഇടയാക്കും. അതുകൊണ്ട് തീറ്റ വാങ്ങുമ്പോഴും സൂക്ഷിക്കുമ്പോഴും പഴകിയതല്ലെന്നും ഈർപ്പം കടക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. ധാന്യങ്ങളാണെങ്കിൽ വീണ്ടും കഴുകി, വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കാം. വെള്ളം സംഭരിക്കുന്ന ടാങ്കുകളും ജലവിതരണ പൈപ്പുകളും മാസത്തിലൊരിക്കലെങ്കിലും വൃത്തിയാക്കേണ്ടതാണ്.

3. സമ്മർദ്ദം ഒഴിവാക്കുക

മുയൽ, കോഴി തുടങ്ങിയവയ്ക്ക് ഒരു വിധത്തിലുള്ള സമ്മർദ്ദവും താങ്ങാൻ കഴിയില്ല. വേനൽക്കാലത്ത് താപസമ്മർദ്ദം മൂലം ഇവ കൂട്ടമായി ചത്തൊടുങ്ങാറുണ്ട്. സമ്മർദ്ദമകറ്റാനുള്ള മാർഗങ്ങൾ (സ്പ്രിങ്ക്ളർ, ഫോഗർ, ഫാൻ) സ്വീകരിക്കുന്നതിനൊപ്പം പൊരിവെയിലതുള്ള ദീർഘദൂര യാത്രകളും ഒഴിവാക്കുക. കൂടെക്കൂടെ തീറ്റ, കൂട് മാറ്റുന്നതും ഇവരിൽ സമ്മർദ്ദമുളവാക്കും. ഇത് രോഗപ്രതിരോധശേഷി കുറയുന്നതിനും രോഗങ്ങൾക്കും  കാരണമാകും. കൂടുകളിൽ സദാ ശുദ്ധമായ വെള്ളം ലഭിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.

4. ഇൻഷുറൻസ് പരിരക്ഷ

എല്ലാ വളർത്തുമൃഗങ്ങൾക്കുമുണ്ട് ഇൻഷുറൻസ്. കേരളത്തിൽ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്, ഒറിയന്റൽ ഇൻഷുറൻസ് തുടങ്ങിയ കമ്പനികൾക്കു പുറമേ, ക്ഷീരകർഷകർക്കായി സർക്കാരിന്റെ സ്കീമുകളായ ഗോസമൃദ്ധി, ഗോസമൃദ്ധി പ്ലസ് തുടങ്ങിയവയും ലഭ്യമാണ്. ഗോസമൃദ്ധി പ്ലസ് സ്‌കീമിൽ പശുവിനൊപ്പം കർഷകനും ഇൻഷുർ ചെയ്യപ്പെടുന്നു എന്നതാണ് പ്രത്യേകത. 

സർക്കാർ സ്‌കീമിൽ, പശുവിന് കണക്കാക്കുന്ന വിലയുടെ 3.1 ശതമാനവും നികുതിയും ചേർന്നതാണ് പ്രീമിയം തുകയായി  അടയ്‌ക്കേണ്ടത്. പട്ടികജാതിക്കാർക്ക് ഇളവുകളുണ്ട്. ഒരു വർഷത്തേക്കോ, മൂന്ന് വർഷത്തേക്കോ ചെയ്യാവുന്നതാണ്. മരണം സംഭവിച്ചാൽ ഇൻഷുർ ചെയ്ത മുഴുവൻ തുകയും ലഭിക്കുന്നതാണ് ഡെത്ത് ക്ലെയിം. വന്ധ്യത, അപകടം, പ്രസവത്തോടെയുള്ള തളർച്ച, അകിടുവീക്കം വന്ന് മൂന്നോ അതിൽ കൂടുതലോ കാമ്പുകൾ നശിച്ച് പാൽ ചുരത്താത്ത അവസ്ഥ എന്നിവയ്ക്ക് മാത്രമായി പിടിഡി (partial/ total disability) ക്ലെയിമുകളും നിലവിലുണ്ട്.

കോഴി, മുയൽ തുടങ്ങിയവയ്‌ക്ക് ഹ്രസ്വകാല ഇൻഷുറൻസ് പ്ലാനുകളും, എന്തിനേറെ വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ മരണമോ അപകടമോ  സംഭവിച്ചാൽ ലഭിക്കുന്ന ട്രാൻസിറ്റ്  ഇൻഷുറൻസുകൾ വരെയുണ്ട്. ഇൻഷുർ ചെയ്യുന്നതിന്റെ ഭാഗമായി ലഭിക്കുന്ന കമ്മൽ/മറ്റു തിരിച്ചറിയൽ രേഖകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുന്നത് പരമപ്രധാനമാണ്. അല്ലാത്തപക്ഷം, ക്ലെയിം നഷ്ടപ്പെടും. സാധാരണഗതിയിൽ അപേക്ഷ സമർപ്പിച്ച് ഒരുമാസത്തിനകം തുക ലഭിക്കുന്നതാണ്.

ആപകടങ്ങൾ സംഭവിച്ചാൽ ചെയ്യേണ്ടതെന്ത്?

എന്തൊക്കെ മുൻകരുതലുകൾ എടുത്താലും ചിലപ്പോഴൊക്കെ നമ്മൾ പ്രതീക്ഷിക്കാത്തത്ത് സംഭവിക്കാറുണ്ട്. അപ്പോൾ ചെയ്യേണ്ടതായ കാര്യങ്ങളാണ് താഴെ പറയുന്നത്.

1.  എത്രയും പെട്ടന്ന് രോഗം ബാധിച്ചവയിൽനിന്ന് മറ്റുള്ളവയെ മാറ്റിപ്പാർപ്പിക്കുക. 

2. മരണനിരക്ക് കൂടുതലാണെങ്കിൽ രോഗലക്ഷണങ്ങളും മറ്റ് വിവരങ്ങളും സ്ഥലത്തെ മൃഗഡോക്ടറെ അറിയിച്ച്,  മണിക്കൂറുകൾക്കകം പോസ്റ്റ്‌മോർട്ടം നടത്തി മരണകാരണം കണ്ടെത്തണം. സമയം വൈകുംതോറും ആന്തരികാവയങ്ങൾ അഴുകാൻ തുടങ്ങുകയും, കൃത്യമായ കാരണം കണ്ടെത്താൻ കഴിയാതെ വരികയും ചെയ്യും.

3. പോസ്റ്റുമോർട്ടത്തിൽ തീറ്റയിൽനിന്നോ വെള്ളത്തിൽനിന്നോ ആണ് അണുബാധയുണ്ടായതെന്ന് സംശയം തോന്നുന്നപക്ഷം ആന്തരികാവയങ്ങൾക്കൊപ്പം തീറ്റയുടെയും വെള്ളത്തിന്റേയും സാംപിൾ എടുത്ത് രാസപരിശോധനയ്ക്ക് അയക്കേണ്ടതാണ്. കാക്കനാടുള്ള, കേരള സർക്കാർ സ്ഥാപനമായ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറിയിൽ ഇതിനുള്ള സൗകര്യമുണ്ട്. രാസപരിശോധന റിസൾട്ട്, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ ശരിവച്ചാൽ, തീറ്റയുടെ ബാച്ച് നമ്പർ, വാങ്ങിയതിന്റെ തെളിവുകൾ (ബില്ല്) എന്നിവ സഹിതം പരാതിപ്പെടാവുന്നതാണ്.

4 . ആരെങ്കിലും മനപ്പൂർവം നിങ്ങളുടെ മൃഗങ്ങളെ ഉപദ്രവിച്ചതാണെന്ന് സംശയമുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് പോലീസിൽ രേഖാമൂലം പരാതിപ്പെടുകയാണ്. എഫ്‌ഐആർ എഴുതിയ ശേഷം മാത്രമേ വെറ്ററിനറി ഡോക്ടറെ പോസ്റ്റുമോർട്ടത്തിനായി സമീപിക്കേണ്ടതുള്ളു. പോസ്റ്റുമോർട്ടം ആരംഭിച്ച ശേഷം പരാതിപ്പെടുന്നത് പരിഗണിക്കപ്പെടാറില്ല. 

പൊലീസിന്റെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടത്തേണ്ടതും ഓരോ അവയവങ്ങളുടെ സാംപിളുകളും പ്രത്യേകം തയാറാക്കിയ ഫോർമലിൻ ലായനിയടങ്ങിയ കുപ്പികളിൽ ശേഖരിക്കേണ്ടതും. ഇത് സീൽ ചെയ്‌ത്‌, പോലീസ് മുഖാന്തരം തിരുവന്തപുരത്തുള്ള ഫോറൻസിക് ലാബിൽ അയച്ച് പരിശോധിച്ച ശേഷമേ സംശയം സ്ഥിരീകരിക്കാനാകൂ. സംശയം സത്യമായാൽ പരാതിയടിസ്ഥാനമാക്കി വേണ്ട തുടർനടപടികൾ സ്വീകരിക്കും.

5. നിങ്ങളുടെ മൃഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടെങ്കിൽ പോസ്റ്റുമോർട്ടത്തിന് ഡോക്ടറെ വിളിക്കുന്നതിനോടൊപ്പം, നിങ്ങളുടെ പഞ്ചായത്തിന്റെ ഇൻഷുറൻസ് ഇൻവിജിലേറ്ററെ വിവരമറിയിക്കണം. മൃഗഡോക്ടറോ ഇൻവിജിലേറ്ററോ ക്ലെയിം രേഖകളും, തിരിച്ചറിയൽ ഫോട്ടോയും പരിശോധിച്ച് ഉറപ്പുവരുത്തും. അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ മൃഗഡോക്ടർ പോസ്റ്റുമോർട്ടം നടത്തി, റിപ്പോർട്ട് കൈമാറണം. ഇതോടൊപ്പം സമർപ്പിക്കാൻ മൃഗങ്ങൾ ചത്തുകിടക്കുന്ന ഫോട്ടോ (തലയും, കമ്മലും വ്യക്തമായിരിക്കണം) നേരത്തേ എടുത്തുവയ്ക്കണം. കമ്മലോടുകൂടെ ചെവി മുറിച്ചെടുത്തശേഷം, ദേഹം മറവുചെയ്യാം. 

ഡോക്ടർ സാക്ഷ്യപ്പെടുത്തിയ മരണ സർട്ടിഫിക്കറ്റും സഹിതം ഇൻഷുറൻസ് കമ്പനിയിൽനിന്ന് ക്ലെയിം ഫോറം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കണം. ഇതു പൂരിപ്പിച്ചശേഷം പോസ്റ്റുമോർട്ടം റിപ്പോർട്ട്, കമ്മൽ, ഫോട്ടോ, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ പകർപ്പ് തുടങ്ങിയവ സഹിതം ക്ലെയിമിനായി സമർപ്പിക്കേണ്ടതാണ്. 

ഇനി പിടിഡിക്ക് അപേക്ഷിക്കാനാണെങ്കിൽ ചികിത്സയുടെ മുഴുവൻ രേഖകളും ആവശ്യപ്പെട്ടാൽ അപകടം പറ്റിക്കിടക്കുന്ന അവസ്ഥയിലുള്ള ഫോട്ടോയും ഹാജരാക്കണം. ഇതിനുശേഷം അപകടം പറ്റിയ മൃഗത്തെ കശാപ്പു ചെയ്ത് പൈസ കൈപ്പറ്റിയതിന്റെ രേഖയും സമർപ്പിക്കണം സാധാരണയായി ഇൻഷുർ ചെയുന്ന തുകയുടെ 60-75 ശതമാനം തുകയാണ് ഇതിൽ ലഭിക്കുക. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com