sections
MORE

കുട്ടനാടൻ യാത്രയിൽ ആരെങ്കിലും കുട്ടനാടൻ താറാവുകളെക്കുറിച്ച് ഓർത്തിട്ടുണ്ടോ?

HIGHLIGHTS
  • താറാവൊന്നിന് 350 രൂപയാണ് വില
  • ക്രിസ്മസ് സീസണിലും മറ്റും 25 മുതൽ 50 താറാവുകൾ വരെ വിറ്റിരുന്നു
kuttanadu
SHARE

ആലപ്പുഴ-ചങ്ങനാശേരി റൂട്ടിലെ യാത്ര എന്നും അവിസ്മരണീയമാണ്. വിളഞ്ഞു നിൽക്കുന്ന നെൽപ്പാടങ്ങളും  തോടും കായലും ഹൗസ്  ബോട്ടുകളും കുട്ടനാടൻ താറാവുകളും എല്ലാം ചേർന്ന് ഒരടിപൊളി ഫീൽ ആണ്. ഇതിനോടൊപ്പം നല്ല ഒരു മഴക്കോളും ഇളം കാറ്റും  മഴ ചാറ്റലും കൂടി ആയാൽ പിന്നെ പറയുകയും വേണ്ട. ഗൃഹാതുരത്വം തുളുമ്പി മറിയും.

കുട്ടനാട് എന്ന് കേൾക്കുമ്പോൾ മനസിലേക്ക് ആദ്യം  ഓടിയെത്തുന്നത് കേരളത്തിന്റെ തനത് താറാവ് ജനുസായ കുട്ടനാടൻ താറാവുകളാണ്. ഇറച്ചിക്കും മുട്ടയ്ക്കും ഒരുപോലെ പേരു കേട്ട ഇവയുടെ വളർത്തൽ രീതികൾ കുട്ടനാട്ടിലെ കാർഷികവൃത്തിയുമായി ബന്ധപെട്ടു കിടക്കുന്നു. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ തീറ്റ തേടുന്ന ഇവ അടുത്ത കൃഷിക്കു മുൻപായി നിലമെല്ലാം വളക്കൂറുള്ളതാക്കി മാറ്റുന്നു. ഫ്രീ റേഞ്ച് രീതിയിൽ വളർത്തുന്നതിനാൽ ഇവയുടെ മുട്ടയും ഇറച്ചിയും സ്വാദിഷ്ടമാണ്. ഏതാണ്ട് നാലര മാസക്കാലമാകുമ്പോഴേക്കും താറാവുകൾ  മുട്ട ഇട്ടു തുടങ്ങും. കൊത്തു മുട്ടകൾ ഉൽപാദിപ്പിക്കാൻ 100 പിടയ്ക്ക് 5-6 വരെ പൂവൻ താറാവുകളെയാണ് ഇവിടങ്ങളിൽ നിർത്താറ്. ബാക്കിയെല്ലാം ഇറച്ചിക്കായി വിറ്റഴിക്കും. മുട്ട ഒന്നിന് ഏറ്റവും കുറഞ്ഞത് 10 രൂപയാണ്. എന്നാൽ, കഴിഞ്ഞ ആഴ്ച തൊട്ട് 12 രൂപ കിട്ടുന്നുണ്ട്.

കാഴ്ച്ചയിൽ ചാര എന്നും ചെമ്പല്ലി എന്നും വിളിപ്പേരുള്ള രണ്ടിനം താറാവുകളാണ് കുട്ടനാടൻ താറാവുകൾ. ചാരയുടെ കഴുത്തിന് കടും പച്ച നിറവും ചെമ്പല്ലിയുടെ കഴുത്തിനു തവിട്ടു കലർന്ന കറുപ്പ് നിറവുമാണ്. പിടത്താറാവുകളിൽ ചാരയ്ക്ക് കറുപ്പ് കലർന്ന തവിട്ടു നിറവും ചെമ്പല്ലിക്ക് കറുപ്പില്ലാത്ത ഇളം തവിട്ടു നിറവുമാണ്. ഏതാണ്ട് 5 മാസമാകുമ്പോഴേക്കും 1.5 കിലോഗ്രാം ശരീര ഭാരമെത്തുന്ന പൂവന്മാരെയാണ്  പ്രധാനമായും ഇറച്ചിക്കായി വിൽക്കുന്നത്. ആലപ്പുഴ -ചങ്ങനാശേരി റോഡിലെ ഏതാണ്ട് 24 കിലോമീറ്റർ ദൂരത്ത് 15 മുതൽ 20 വരെ ചെറുകിട വിപണന കേന്ദ്രങ്ങളുണ്ട്. 

താറാവൊന്നിന് 350 രൂപയാണ് വില. വൃത്തിയായി ഡ്രസ് ചെയ്ത് കിട്ടും. ചെറിയ കഷണങ്ങളായി മുറിച്ച് കിട്ടാൻ 20 രൂപ അധികം നൽകിയാൽ മതി. ഫോട്ടോയിലുള്ള ഷൈലമ്മയെയും കുഞ്ഞമ്മയെയും താറാവിനെ വാങ്ങാൻ ഇറങ്ങിയപ്പോൾ പരിചയപ്പെട്ടതാണ്. ഡോക്ടർ ആണെന്ന് പറഞ്ഞു മനസിലാക്കിയപ്പോൾ ഞങ്ങൾ ഏതാണ്ട് 45 മിനിറ്റോളം സംസാരിച്ചു. പല കാര്യങ്ങളും ഞങ്ങൾ അന്യോന്യം മനസിലാക്കി. അതിനിടെ അവർ വളരെ ക്ഷമയോടെ ഇറച്ചിവൃത്തിയാക്കിക്കൊണ്ടിരുന്നു. 

കഴുത്തിൽ പച്ച നിറമുള്ള ചാര പൂവനെ തന്നെ വേണമെന്ന് ഞാൻ പ്രത്യേകം പറഞ്ഞിരുന്നു. ഷൈലമ്മ താറാവിനെ പിടിച്ച്  കഴുത്തറുത്തു. രക്തം വാർന്ന ശേഷം തൂവലുകൾ പറിച്ചെടുക്കാൻ ചൂടുവെള്ളത്തിൽ പല തവണ മുക്കി. അതിനു ശേഷം ചെറിയ കറുത്ത തൂവലുകൾ (pin feathers) കത്തി ഉപയോഗിച്ച്  അതി സൂക്ഷ്മമായി വൃത്തിയാക്കി. തുടർന്ന്,  ഉള്ളിലെ കുടൽ മാല വലിച്ചെടുത്തു കളഞ്ഞശേഷം കരൾ, ഹൃദയം,  ഗിസാർഡ് എന്നിവ എടുത്തു വച്ച് ഇറച്ചി ചെറുതായി വെട്ടി എടുത്തു. 

താറാവിനെ ഡ്രസ് ചെയ്യുമ്പോൾ വാലിനടി ഭാഗത്തായി കാണുന്ന ഉളുമ്പ് (preen gland) പിന്നെ കരളിനടുത്തായി കാണുന്ന കട്ട് (bile duct) എന്നിവ നിർബന്ധമായും കളഞ്ഞിരിക്കണം. ഇല്ലെങ്കിൽ താറാവിറച്ചിയുടെ സ്വാദ് നഷ്ടപ്പെടും. ഈ കടകളിൽ നിന്നും ഡ്രസ്സ്‌ ചെയ്ത് മേടിക്കുകയാണെങ്കിൽ അവർ അത് വെടിപ്പായി ചെയ്തു തരും.

ക്രിസ്മസ് സീസണിലും മറ്റും  25 മുതൽ 50 താറാവുകൾ വരെ വിറ്റിരുന്ന ഇവിടങ്ങളിൽ കൊറോണ ബാധ മൂലം അത് പരമാവധി 5 വരെ ഒക്കെ ആയി ചുരുങ്ങി. നിലവിൽ തൊഴിലുറപ്പ് ആരംഭിക്കാത്തതിനാൽ  ഒരു താറാവിനെ ഡ്രസ് ചെയ്യുമ്പോൾ കിട്ടുന്ന 20 രൂപയാണ് ഇവരുടെ പ്രധാന വരുമാന മാർഗം. ഇറച്ചി മുറിച്ച് മേടിക്കുന്നവരാണെങ്കിൽ കട്ടിങ് ചാർജായി മറ്റൊരു 20 രൂപ കൂടി കിട്ടും. അതുകൊണ്ട് കുട്ടനാട്ടിലൂടെ യാത്ര പോകുന്നവരുണ്ടെങ്കിൽ നമ്മുടെ സ്വന്തം നാടൻ താറാവായ കുട്ടനാടൻ താറാവിന്റെ ഇറച്ചി ഒന്നു വാങ്ങി നോക്കു. ഓരോ വണ്ടിയും നിർത്തി ആളിറങ്ങും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവരുടെ ഈ പുഞ്ചിരിയും കാണാം.

English summary: More Details of Kuttanadan Ducks

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA