ADVERTISEMENT

കൊറോണ വൈറസ് ഭീതിയിൽ ലോകം വിറങ്ങലിച്ചുനിൽക്കുമ്പോൾ മുൻകരുതലെന്നോണം പുതിയ നടപടി സ്വീകരിച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് വിദേശ ഇനം പക്ഷിമൃഗാദികളെ വളർത്തുന്നവർ തങ്ങളുടെ അരുമകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. അരുമകളുടെ ആരോഗ്യ വിവരങ്ങളും കൈമാറണം. ഇതാനായി ഉടമകൾക്ക് ആറു മാസത്തെ സാവകാശവും നൽകിയിട്ടുണ്ട്. 

വിദേശ പക്ഷി, മൃഗ, ഉരഗ, മത്സ്യ ഇനങ്ങളിൽപ്പെട്ടവ രാജ്യത്തേക്കു വ്യാപകമായി എത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്ക് വ്യാപിക്കുന്ന ജന്തുജന്യ രോഗങ്ങൾ (zoonotic) ഇത്തരം ജീവജാലങ്ങളിലൂടെയും വ്യാപിക്കാമെന്ന സാധ്യതയാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് കേന്ദ്രത്തെ നയിച്ചത്. 

ഇതാദ്യമായാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടി. കേന്ദ്ര പരിസ്ഥിത മന്ത്രായലത്തിന്റെ അഭിപ്രായത്തിൽ കൊറോണ വൈറസ് പോലെയുള്ള ഏതാരു മഹാമാരിയെയും പ്രതിരോധിക്കാനുള്ള പ്രതിരോധത്തിനു മുമ്പ് മുൻകരുതൽ സ്വീകരിക്കണം. വിദേശ പക്ഷിമൃഗാദികൾ നിയമാനുസൃതമായി കൈവശം വയ്ക്കാവുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാർമൊസെറ്റ് മങ്കി (പോക്കറ്റ് മങ്കി), മഡഗാസ്കർ ഹിസ്സിങ് കോക്റോച്ച്, ഇഗ്വാന, ഓസ്ട്രേലിയൻ ഷുഗർഗ്ലൈഡർ, മക്കാവുകൾ തുടങ്ങി ഓട്ടേറെ പക്ഷിമൃഗാദികളാണ് ഇന്ത്യൻ പെറ്റ് മാർക്കറ്റ് അടക്കിവാഴുന്നത്.

ഇവയെല്ലാം ഇന്ത്യയിൽ എത്തിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഇവയുടെ എണ്ണത്തിൽ കൃത്യതയില്ല. മാത്രമല്ല നിയമാനുസൃതമല്ലാതെയുള്ള കള്ളക്കടത്തും വേട്ടയാടലുകളും നടക്കുന്നു. പുതിയ തീരുമാനത്തിലൂടെ കള്ളക്കടത്തും വേട്ടയാടലുമെല്ലാം കുറയുമെന്നും പ്രതീക്ഷിക്കുന്നതായി അധികൃതർ പറയുന്നു.

പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ എല്ലാ വിദേശ ജീവി ഉടമകളും ബ്രീഡർമാരും തങ്ങളുടെ ഇറക്കുമതി ചെയ്ത ജീവജാലങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കണം. പരിസ്ഥിതിമന്ത്രാലയത്തിന്റെ പരിവേഷ് പോർട്ടലിൽ ഇതിനുള്ള സൗകര്യം ഒരുക്കും. 

വിദേശ ജീവികൾ കൺവെൻഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേൻജേർഡ് സ്പീഷിസിൽ പെട്ടതായിരിക്കരുത്. മാത്രമല്ല രാജ്യത്തെ വന്യജീവി സംരക്ഷണനിയമത്തിന്റെ ഏതൊരു ഷെഡ്യൂളിലും ഉൾപ്പെട്ടതുമായിരിക്കരുതെന്നും ഉത്തരവിൽ പറയുന്നു.

ആറു മാസത്തിനുള്ളിൽ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിർദേശം. ആറു മാസം കഴിഞ്ഞാണ് ഉടമ വെളിപ്പെടുത്തുന്നതെങ്കിൽ നടപടികൾ ദുഷ്കരമാകും. അതായത് സംസ്ഥാന വൈൽഡ്‌ലൈഫ് മേധാവി നേരിട്ടു കണ്ടു ബോധ്യപ്പെട്ടു നൽകുന്ന സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടിവരും. 

വെളിപ്പെടുത്തലിനുശേഷം വാങ്ങൽ, വിൽപന, മരണം, ഉടമസ്ഥതാ കൈമാറ്റം എന്നിവ 30 ദിവസത്തിനുള്ളിൽ വൈൽഡ്‌ലൈഫ് മേധാവിയെ അറിയിച്ചിരിക്കണം. നിബന്ധനകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ ശിക്ഷാനടപടികളുണ്ടാകുമെന്നും ഉത്തരതവിൽ പറയുന്നു. 

English summary: Declare stock within six months: Govt to exotic species owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com