ADVERTISEMENT

മനുഷ്യനുമായി വീടും, അന്നവും, ജീവിത രീതികളും പങ്കിടുന്നവരാണ് നായ്ക്കൾ.  ഓരോ നായ്ക്കള്‍ക്കും അവരുടെ ജനുസ്, പ്രായം, ലിംഗം, ശാരീരികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തില്‍  ഉണ്ടാവേണ്ട ശരാശരി ശരീരഭാരം ഉണ്ടാകും.  ഒരു നായയുടെ ശരീരഭാരം, അവയുടെ ജനുസിനുണ്ടാകേണ്ട ശരാശരി ശരീരഭാരത്തേക്കാള്‍ 15 ശതമാനം  കൂടുതലാകുന്നതോടെ അവര്‍ക്ക് അമിതഭാരത്തിന്റെ പ്രശ്‌നമുള്ളതായി കണക്കാക്കണം. സാധാരണഗതിയില്‍  പ്രായം കൂടുന്തോറും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കൂടുകയും  ശരീരഭാരം വർധിക്കുകയും ചെയ്യുന്നു. എല്ലാ പ്രായത്തിലുമുള്ള നായ്ക്കളിലും അമിതഭാരമുണ്ടാകാമെങ്കിലും മധ്യവയസ്‌ക്കരില്‍, 5-10 വയസ് പ്രായമുള്ളവരിലാണ് ഇതു കൂടുതലായി കണ്ടു വരുന്നത്.  പെണ്‍പട്ടികളിലും, വന്ധ്യംകരണ ശസ്ത്രക്രിയ കഴിഞ്ഞവരിലും  വീടിനുള്ളില്‍ത്തന്നെ പാര്‍പ്പിക്കപ്പെടുന്ന നായ്ക്കളിലും   അമിതവണ്ണത്തിനുള്ള സാധ്യതയേറെയാണ്. 

അമിത ശരീരഭാരം, ശരീരത്തിന്റെ പലഭാഗങ്ങളിലും കൊഴുപ്പ് അടിയല്‍, വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട് അല്ലെങ്കില്‍ വിസമ്മതം, ശാരീരികാവസ്ഥ പരിശോധനയില്‍ (Body Condition Score) ഉത്തമമായ സ്ഥിതിയുടെ  അഭാവം തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ പൊതുവായ ലക്ഷണങ്ങള്‍. ശരീരഭാരം, ശാരീരികാവസ്ഥാ പരിശോധന, ശരീര പരിശോധന എന്നീ മാര്‍ഗങ്ങളിലൂടെ വെറ്ററിനറി ഡോക്ടര്‍ക്ക് അമിതഭാരത്തെ  വിലയിരുത്താനാവും. വാരിയെല്ലുകള്‍, നടുഭാഗം, വാല്‍, തല എന്നിവയുടെ അവസ്ഥ  വിലയിരുത്തിയാണ് ഇതു ചെയ്യുന്നത്. പരിശോധനയുടെ ഫലങ്ങള്‍ ജനുസിന്റെ മാനദണ്ഡങ്ങളുമായി ചേര്‍ന്ന് പോകുന്നുവോയെന്ന്  വിലയിരുത്തുന്നു. രസകരമായ ഒരു നിരീക്ഷണം തടിമാടന്മാരായ  ഉടമസ്ഥരുടെ നായ്ക്കള്‍ക്കും പൊണ്ണത്തടിയുടെ സാധ്യത കൂടുതലാണെന്നതാണ്.

കാരണങ്ങൾ

അമിതഭക്ഷണം, വ്യായാമക്കുറവ്, ശരീരഭാരം കൂടാന്‍ പ്രവണതയുള്ള ശരീരം തുടങ്ങിയവയാണ് പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങള്‍. കൂടാതെ പാരമ്പര്യം മറ്റുരോഗങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ അമിതഭാരത്തിന് കാരണമാകാം. ലാബ്രഡോര്‍, ഹൗണ്ടുകള്‍, ഡാഷ്ഹണ്ട് തുടങ്ങിയ പല ജനുസുകള്‍ക്കും പാരമ്പര്യമായി പൊണ്ണത്തടിക്കുള്ള പ്രവണതയുണ്ടാകും. കരള്‍ രോഗങ്ങള്‍, അര്‍ബുദം, പ്രമേഹം തുടങ്ങിയവയുടെ പരിണതഫലമായി ശരീരഭാരം കൂടാം. ഹൈപ്പര്‍ തൈറോഡിസം, ഇന്‍സുലിനോമ, ഹൈപ്പര്‍ ആഡ്രിനോകോര്‍ട്ടിസം, വന്ധ്യംകരണ ശസ്ത്രക്രിയ തുടങ്ങിയ ഹോര്‍മോണുകളുടെ  അളവിലുണ്ടാക്കുന്ന വ്യതിയാനം  പൊണ്ണത്തടിക്ക് വഴിവയ്ക്കാം. വീട്ടില്‍ ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ മുഴുവന്‍ നായ്ക്കള്‍ക്കു നല്‍കുന്നതും, സ്‌നേഹാധിക്യംമൂലം വീട്ടിലെ ഓരോ അംഗങ്ങളും അവരുടെ വക ഭക്ഷണം നല്‍കുന്നതും പൊണ്ണത്തടിയുടെ  കാരണമാകുന്നു. കൂടിയ കലോറിയും, കൊഴുപ്പും, മാംസ്യവും അടങ്ങിയ ഭക്ഷണ പദാർഥങ്ങള്‍, മധുര പലഹാരങ്ങള്‍, ഐസ്‌ക്രീം എന്നിവ സ്ഥിരമായി നല്‍കുന്നതും  അമിത വണ്ണത്തിനു കാരണമാകാം. 

ഭക്ഷണം ആവശ്യത്തിലധികമാകുന്നതിനു പുറമെ വ്യായാമത്തിന്റെ കറവു കൂടിയാകുമ്പോള്‍ പൊണ്ണത്തടി താനേ കടന്നു വരുന്നു.  സ്ഥല പരിമിതി മൂലമോ, സമയക്കുറവു കാരണമോ അല്ലെങ്കില്‍ മടി കാരണമോ ഉടമ നായ്ക്കള്‍ക്ക് വ്യായാമം നിഷേധിക്കുമ്പോള്‍ ഉടമയുടെ കുറ്റം കൊണ്ടുതന്നെ അരുമ പൊണ്ണത്തടിയനാകുന്നു.   നായ്ക്കള്‍ക്കുണ്ടാകുന്ന പല രോഗങ്ങളുടെയും  മൂലകാരണം  അമിതഭാരമാണ്. നായ്ക്കളുടെ ആയുസിന്റെ നീളം കുറയ്ക്കുന്നതില്‍ പൊണ്ണത്തടിയുടെ  പങ്ക് വ്യക്തമാണ്. ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും  പൊണ്ണത്തടിമൂലമുള്ള പ്രശ്‌നങ്ങള്‍ കാണപ്പെടാം. എല്ല്, സന്ധി, ദഹനേന്ദ്രീയ യുഗം, ശ്വാസകോശത്തിന്റെ ശ്വസന ശക്തി തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ പ്രമേഹം, കരള്‍ രോഗങ്ങള്‍, ഹൃദ്രോഗം,  വാതരോഗം, രക്ത സമ്മര്‍ദ്ദം, തുടങ്ങി നിരവധി ജീവിതശൈലീ രോഗങ്ങള്‍ക്ക് പൊണ്ണത്തടി വഴിവയ്ക്കുന്നു. ശരീരത്തിന്റെ സ്വാഭാവിക  രോഗപ്രതിരോധ ശേഷിയിലുണ്ടാകുന്ന  കുറവ് കനൈന്‍ ഡിസ്റ്റംപര്‍, ചര്‍മ്മ രോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി  കാണാന്‍ വഴിതെളിയിക്കുന്നു.  വന്ധ്യതയാണ്  പൊണ്ണത്തടിയുടെ  മറ്റൊരു ഫലം. മദി ലക്ഷണങ്ങളുടെ അഭാവം, ഗര്‍ഭധാരണം കുറയല്‍, ഗര്‍ഭമലസല്‍, വിഷമ പ്രസവം, കുഞ്ഞുങ്ങളുടെ എണ്ണം കുറയല്‍, പാലൂട്ടാന്‍ ശേഷി കുറയല്‍ തുടങ്ങി നിരവധി പ്രത്യുൽപാദന പ്രശ്‌നങ്ങള്‍ വരാം. അണപ്പും, കിതപ്പും കാരണം നടപ്പും ഓട്ടവും വരെ നായ്ക്കള്‍ക്ക് ബുദ്ധിമുട്ടാകുന്നു.

പരിഹാരമാർഗങ്ങൾ

പൊണ്ണത്തടിയുടെ കാരണം കണ്ടുപിടിക്കുകയെന്നതാണ് പ്രധാനം. ഭക്ഷണ ക്രമീകരണം, വ്യായാമം, മാനസിക-സ്വഭാവ ക്രമീകരണം,  മരുന്ന്, സര്‍ജറി എന്നിവയാണ് സാധാരണ  മനുഷ്യരില്‍ പൊണ്ണത്തടിയെ നേരിടാന്‍  ഉപയോഗിക്കുന്ന ചികിത്സാ മാര്‍ഗങ്ങള്‍. ഇതില്‍ മരുന്നും, സര്‍ജറിയും നായ്ക്കളില്‍ സാധാരണ ഉപയോഗിക്കാറില്ല. ഭക്ഷണ ക്രമീകരണവും, വ്യായാമവുമാണ് നായ്ക്കളില്‍ അമിതഭക്ഷണം മൂലമുള്ള പൊണ്ണത്തടി കുറയ്ക്കാന്‍ ചെയ്യാറുള്ളത്.  

ഓരോ ജനുസിനും, പ്രായത്തിനും, ശാരീരികാവസ്ഥകള്‍ക്കും ആവശ്യമായ ആഹാരത്തിന്റെ അളവ് അറിഞ്ഞുവേണം ഉടമ നായയെ പോറ്റാന്‍. വീട്ടില്‍ ബാക്കി വരുന്ന ആഹാരം മുഴുവന്‍  കൊടുക്കാനുള്ള വേസ്റ്റ് ബിന്‍ അല്ല നായ.  ഇഷ്ടംകൂടി  ഓരോരുത്തരും തീറ്റ കൊടുക്കേണ്ട ആവശ്യവുമില്ല. ദിവസം ഒന്നോ രണ്ടോ തവണ മാത്രം  തീറ്റ നല്‍കുക.  ഊർജം കുറഞ്ഞ നാരിന്റെ അംശം കൂടുതലുള്ള തീറ്റ നല്‍കണം. കൊഴുപ്പ്  കൂടുതലുള്ള  ഭക്ഷണം ഒഴിവാക്കണം.  ഭക്ഷണത്തിന്റെ സമയക്രമം പാലിക്കുക. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം. മധുരപലഹാരങ്ങള്‍ ഒഴിവാക്കുക. അരിഭക്ഷണം കുറയ്ക്കണം.  ഇറച്ചിയുടെ അളവ് പൊണ്ണത്തടിയന്മാര്‍ക്ക്  പകുതിയാക്കണം. L-കാര്‍ണിറ്റിന്‍, കോണ്‍ജുഗേറ്റഡ് ലിന്‍ ഒലിയിക് ആസിഡ്, ഉയര്‍ന്ന നാരുള്ള ഭക്ഷണം എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള തെറാപ്യൂട്ടിക് ഡയറ്റുകള്‍ പൊണ്ണത്തടിയന്‍മാര്‍ക്ക് നല്‍കാം. തടിയുള്ളവര്‍ക്ക്  മാംസാഹാരം കുറച്ചും, പച്ചക്കറി കൂടുതലും നല്‍കണം. വന്ധ്യംകരണ ശസ്ത്രക്രിയ  കഴിഞ്ഞ നായ്ക്കള്‍ക്ക് മറ്റുള്ളവയേക്കാള്‍ കുറവ് ഭക്ഷണം നല്‍കിയാല്‍ മതി. ദിവസേന അരമണിക്കൂറെങ്കിലും നടത്തിയോ, ഓടിപ്പിച്ചോ വ്യായാമം നല്‍കണം.  ഭക്ഷണക്രമീകരണത്തോടൊപ്പം മാത്രം വ്യായാമം നല്‍കിയാലേ ഫലമുണ്ടാകുകയുള്ളൂ.  

പൊണ്ണത്തടി കണ്ടെത്തിയാല്‍ വെറ്ററിനറി ഡോക്ടറുടെ സഹായത്തോടെ ശാസ്ത്രീയ തീറ്റ പരിപാലനക്രമം രൂപപ്പെടുത്തുക, ആരോഗ്യമുള്ള  നായ്ക്കള്‍ക്ക് സമീകൃത തീറ്റയും കൃത്യ വ്യായാമവും നല്‍കി പൊണ്ണത്തടി ഒഴിവാക്കുകയും വേണം.

English summary: Obesity Link Between Weight of Dogs and Owners

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com