കന്നുകുട്ടികളിൽ മരണത്തിനു വരെ കാരണമാകുന്ന കോക്സീഡിയ രോഗത്തെ കരുതാം

HIGHLIGHTS
  • രോഗം ഗുരുതരമായാല്‍ കിടാക്കളില്‍ പേശി വിറയൽ ഉണ്ടാകാം
cow-calf-3
SHARE

കന്നുകാലികളെ,  പ്രത്യേകിച്ച് ഒരു മാസം മുതൽ ഒരു വർഷം വരെ പ്രായമുള്ള കന്നുകുട്ടികളെ ബാധിക്കുന്ന മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് കോക്സിഡിയോസിസ് അഥവാ രക്താതിസാരരോഗം. പേര് സൂചിപ്പിക്കുന്നത് പോലെ രക്തവും ശ്ലേഷമവും (Mucus) കലര്‍ന്ന അതിസാരമാണ് പ്രധാന രോഗലക്ഷണം. കോക്സീഡിയല്‍ രോഗാണു കുടുംബത്തിലെ ഐമീറിയ എന്നയിനം പ്രോട്ടോസോവല്‍ അണുക്കളാണ് രോഗമുണ്ടാക്കുന്നത്. കന്നുകാലികളുടെ ദഹനവ്യൂഹത്തെ ബാധിക്കുകയും പെരുകുകയും ചെയ്യുന്ന കോക്‌സീഡിയ രോഗാണുക്കൾ കുടൽ ഭിത്തിയിൽ ക്ഷതമേൽപ്പിക്കുകയും രക്തസ്രാവത്തിന് വഴിയൊരുക്കുകയും ചെയ്യും. പശുക്കളെയും എരുമകളെയും മാത്രമല്ല ആട്, മുയൽ, കോഴി തുടങ്ങിയ വളർത്തുജീവികളെയെല്ലാം അവയുടെ ചെറു പ്രായത്തിൽ  ബാധിക്കാൻ ഇടയുള്ള ഒരു സാംക്രമിക രോഗം കൂടിയാണ് കോക്‌സീഡിയ. രക്താംശത്തോട് കൂടിയ വയറിളക്കം തന്നെയാണ് പ്രധാന ലക്ഷണം. ജിയാര്‍ഡിയ വിഭാഗത്തില്‍പ്പെട്ട പ്രോട്ടോസോവല്‍ രോഗാണുക്കളും (ജിയാര്‍ഡിയാസിസ്) ആറു മാസത്തില്‍ ചുവടെ പ്രായമുള്ള കിടാക്കളില്‍  രക്തം കലര്‍ന്ന വയറിളക്കത്തിന് കാരണമാവാറുണ്ട്.

വൃത്തിഹീനമായ തൊഴുത്തും ഉയര്‍ന്ന ഈര്‍പ്പമുളള കാലാവസ്ഥയും ശരീര സമ്മർദ്ദവും കിടാക്കളെ പശുക്കൾക്കൊപ്പം തിങ്ങി പാർപ്പിക്കുന്നതും  രോഗസാധ്യത കൂട്ടും. വൃത്തിഹീനമായ ചുറ്റുപാടിലും ചാണകത്തിലും മലിനമായ വെള്ളത്തിലും  ചളിയിലും കാണുന്ന കോക്സീഡിയല്‍ രോഗാണുക്കള്‍ തീറ്റയിലും പാലിലും കുടിവെള്ളത്തിലും കലര്‍ന്ന് ശരീരത്തിനകത്തെത്തിയാണ് കിടാങ്ങള്‍ക്ക് രോഗമുണ്ടാവുന്നത്. നനഞ്ഞ അന്തരീക്ഷത്തില്‍ ദീര്‍ഘനാള്‍ ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കാനുള്ള കഴിവ് കോക്സീഡിയല്‍ രോഗാണുവിനുണ്ട്.   

കോക്സീഡിയ രോഗം ഗുരുതരമായാല്‍ കിടാക്കളില്‍ പേശി വിറയൽ അടക്കമുള്ള നാഡീതളര്‍ച്ചയുടെ ബാഹ്യമായ ലക്ഷണങ്ങളും പ്രകടമാവും. കൃത്യമായ ചികിത്സ ലഭ്യമാക്കാത്ത പക്ഷം വയറിളക്കം മൂര്‍ച്ഛിച്ച് കുടലിലെ സ്തരങ്ങള്‍ ഇളകി പുറത്തു വരുന്നതിനും തുടര്‍ന്ന് മരണത്തിന് തന്നെയും കാരണമാവും. കിടാക്കളിൽ രക്തത്തോട് കൂടിയ വയറിളക്കം ശ്രദ്ധയിൽ പെട്ടാൽ ചാണക  പരിശോധന നടത്തി രോഗം നിർണയിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം. രോഗം ബാധിച്ചവയെ മറ്റുമുള്ളവയിൽനിന്ന് മാറ്റി പാർപ്പിക്കണം. സൾഫഡിമിഡീൻ, സള്‍ഫണമൈഡ്, മെട്രാനിഡസോള്‍, സിപ്രോഫ്ലോക്സസീൻ  തുടങ്ങിയ ഘടകങ്ങള്‍ മരുന്നുകള്‍ കോക്സീഡിയല്‍ രോഗാണുക്കള്‍ക്കെതിരെ ഏറെ ഫലപ്രദമാണ്.

കോക്‌സീഡിയയെ അകറ്റി നിർത്താൻ 

പ്രോട്ടോസോവ ഉൾപ്പെടെയുള്ള രോഗാണുക്കള്‍ക്കെതിരെ മതിയായ പ്രതിരോധശേഷിയാര്‍ജിക്കുന്നതിനായി ജനിച്ച് ആദ്യ ഒന്ന് - രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്‍റെ 10 % എന്ന അളവിൽ കന്നിപ്പാല്‍ (Colustrum) കിടാവിന് ഉറപ്പാക്കാന്‍ ശ്രമിക്കണം.  ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്ന് ലീറ്റർ കന്നിപ്പാൽ ആദ്യ ഒന്ന് - രണ്ട്  മണിക്കൂറിനുള്ളിൽ നൽകണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യ ഗഡു (ശരീര തൂക്കത്തിന്റെ 5 %) പ്രസവിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. അമ്മപശുവിൽ നിന്ന് കന്നിപ്പാൽ കുടിക്കാൻ കിടാക്കളെ പരമാവധി പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലെങ്കിൽ ആവശ്യമായ കന്നിപ്പാൽ കറന്നെടുത്ത് ഒരു മിൽക്ക് ഫീഡിംഗ് ബോട്ടിലിൽ നിറച്ച് കിടാക്കൾക്ക് നൽകാം. 

കിടാവ് കന്നിപ്പാൽ നുണയുന്നതിന് മുൻപായി പശുവിന്റെ അകിടുകൾ പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും ഓരോ കാമ്പിലും കെട്ടിനിൽക്കുന്ന പാലിൽനിന്ന് അൽപം കറന്ന് ഒഴിവാക്കുകയും ചെയ്യണം. തുടർന്ന് 10-12 മണിക്കൂറുകൾക്ക് ശേഷം  ശരീരഭാരത്തിന്റെ 8-10 ശതമാനം എന്ന അളവിൽ ഒരു തവണ കൂടി കന്നിപ്പാൽ കിടാക്കൾക്ക് നൽകണം. ഇത്രയും അധികം അളവിൽ കന്നിപ്പാൽ കിടാക്കൾക്ക് നൽകിയാൽ ദഹനക്കേടും വയറിളക്കവും ഉണ്ടാവുമെന്ന് ചില കർഷകർക്ക് ആശങ്കയുണ്ട്. എന്നാൽ കന്നിപ്പാൽ കിടാവിന്റെ ആമാശയത്തിൽ യാതൊരു രാസപ്രവർത്തനങ്ങൾക്കും വിധേയമാവാതെ  ജനിച്ചശേഷമുള്ള ആദ്യ 24 മണിക്കൂർ കാലയളവിൽ നേരിട്ട് ആഗിരണം ചെയ്യപെടുന്നതിനാൽ  ഈ ആശങ്ക അസ്ഥാനത്താണ്. തുടര്‍ന്നുള്ള 4-5 ദിവസങ്ങളിലും ശരീരഭാരത്തിന്റെ 10 % എന്ന നിരക്കില്‍ പാല്‍ കിടാക്കള്‍ക്ക് വിവിധ തവണകളായി നല്‍കണം. മൂന്നു നാലു ദിവസം പ്രായമെത്തുമ്പോൾ തന്നെ കിടാക്കൂടുകളിൽ ശുദ്ധമായ കുടിവെള്ളം ആവശ്യാനുസരണം കിടാക്കൾക്ക് ലഭ്യമാക്കണം . 

കന്നുകുട്ടികളുടെ തീറ്റയും കുടിവെള്ളവും ചാണകം കലർന്ന് മലിനമാവാതിരിക്കാൻ പ്രത്യേകം ജാഗ്രത വേണം. കിടാക്കൾക്കുള്ള വെള്ളപ്പാത്രങ്ങളും തീറ്റപത്രങ്ങളും ചാണകം നേരിട്ട് കലരുന്നത് ഒഴിവാക്കുന്ന വിധം ഉയരത്തിൽ ക്രമീകരിക്കണം. കിടാക്കളെ തിങ്ങി പാർപ്പിക്കാതെ  തൊഴുത്തില്‍ മതിയായ സ്ഥലലഭ്യതയും വായുസഞ്ചാരവും ഉറപ്പുവരുത്തണം. കൂടുതൽ കിടാക്കൾ ഉണ്ടെങ്കിൽ അവയെ പ്രായത്തിനനുസരിച്ച് ഗ്രൂപ്പുകളാക്കി പ്രത്യേകം  പാർപ്പിക്കുകയും കിടാക്കൂടുകൾ  വൈക്കോൽ വിരിച്ച് ഉണക്കമുള്ളതാക്കി സൂക്ഷിക്കുകയും ചെയ്താൽ ഏറെ നന്ന്. മഴക്കാലത്ത്  കിടാക്കൂടുകളിൽ ഒരു 250 വോൾട്ടിന്റെ ഇൻഫ്രാറെഡ്  ബൾബ് സജ്ജമാക്കിയാൽ കിടാവിന്‌ മതിയായ ചൂട് ഉറപ്പാക്കാം എന്ന് മാത്രമല്ല തറ എപ്പോഴും ഉണക്കമുള്ളതാക്കി സൂക്ഷിക്കുകയും ചെയ്യാം.  കിടാവ് പാല്‍ നുണയുന്നതിന്  മുമ്പായി അകിടുകള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് നേര്‍പ്പിച്ച ലായനി കൊണ്ട് കഴുകി വൃത്തിയാക്കണം. പാൽ കറന്നെടുത്ത് കിടാവിനെ കുടിപ്പിക്കുകയാണെങ്കില്‍ ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ കഴുകി വൃത്തിയാക്കാൻ മറക്കരുത്.

English summary: Coccidiosis Affecting Young Calves

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA