ADVERTISEMENT

പന്നിവളർത്തൽ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും ആദായകരമായ തൊഴിലായാണ് കണക്കാക്കപ്പെടുന്നത്. ദ്രുതവേഗതയിലുള്ള വളര്‍ച്ച, പലവക ആഹാരം കഴിക്കാനുള്ള കഴിവ്, ഉയര്‍ന്ന തീറ്റ പരിവര്‍ത്തന ശേഷി, ഉയര്‍ന്ന പ്രത്യുൽപാദന നിരക്ക്, വിപണിയില്‍ പന്നി മാംസത്തിനും പന്നിക്കുട്ടികള്‍ക്കുമുള്ള  ഡിമാൻഡ് എന്നിവയൊക്കെ പന്നി വളര്‍ത്തലിനെ ആകര്‍ഷകമാക്കുന്നു.  കോഴിത്തീറ്റ, കാലിത്തീറ്റ എന്നിവപോലെ വിപണിയില്‍ പന്നികള്‍ക്കായി പ്രത്യേക തീറ്റ ലഭ്യമല്ല.  പന്നി വളര്‍ത്തല്‍ ഭക്ഷണാവശിഷ്ടങ്ങളെ, പ്രത്യേകിച്ച് ഹോട്ടൽ, ചിക്കൻ കടകളിൽ നിന്നുള്ളവയെ അടിസ്ഥാനമാക്കിയാണ് സാധാരണ നടത്താറുള്ളത്.  ഇത്തരത്തിൽ  തീറ്റച്ചെലവ് കുറയ്ക്കാന്‍  കഴിയുന്നതിനാലാണ് പന്നി വളര്‍ത്തല്‍ ലാഭകരമാകുന്നത്. തീറ്റച്ചെലവ് കുറയുമ്പോള്‍ തന്നെ, ഇങ്ങനെ നല്‍കുന്ന ഭക്ഷ്യാവശിഷ്ടങ്ങള്‍ പ്രത്യേകിച്ച് ഹോട്ടല്‍ വേസ്റ്റ്, ചിക്കന്‍ വേസ്റ്റ് എന്നിവ സമീകൃതമല്ലാത്തതിനാല്‍ പോഷകന്യൂനതകള്‍ ഉണ്ടാകാനിടയുണ്ട്. അതിനാല്‍ വേസ്റ്റ് തീറ്റയായി നല്‍കുമ്പോള്‍ പ്രത്യേക ശ്രദ്ധ നല്‍കണം.  വേസ്റ്റ് മാത്രം നല്‍കി വളര്‍ത്തുന്ന ഫാമുകളില്‍ പന്നികളില്‍ പിന്‍കാല്‍ തളര്‍ച്ച, പ്രസവത്തില്‍ കുട്ടികളുടെ എണ്ണം കുറയല്‍, പന്നിക്കുട്ടികളിലെ മരണനിരക്ക് കൂടുതല്‍ എന്നിവ കണ്ടുവരുന്നു.  

സാധാരണയായി സർവകലാശാലയും, മൃഗ സംരക്ഷണ വകുപ്പുമൊക്കെ നടത്തുന്ന ഫാമുകളിൽ  പന്നിത്തീറ്റയില്‍ പലതരം ധാന്യങ്ങള്‍, ധാന്യ ഉപഉൽപന്നങ്ങള്‍, പിണ്ണാക്കുകള്‍, മറ്റു മാംസ്യ സ്രോതസുകൾ മുതലായവയാണ് ചേര്‍ക്കുന്നത്. 

പന്നിത്തീറ്റയില്‍ ഉണ്ടായിരിക്കേണ്ട പോഷകങ്ങളുടെ അളവ് പന്നിയുടെ ശാരീരികാവസ്ഥയെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് തള്ളയില്‍നിന്നും മാറ്റിയ പന്നിക്കുട്ടികള്‍ക്കുള്ള തീറ്റയില്‍ 18 ശതമാനം മാംസ്യം ഉണ്ടായിരിക്കണം. എന്നാ ല്‍മുതിര്‍ന്ന പന്നികള്‍ക്ക്  14 ശതമാനം മാത്രം മാംസ്യമുള്ള തീറ്റ മതിയാകും. അതുപോലെത്തന്നെ തീറ്റയില്‍ സൂക്ഷ്മ പോഷകങ്ങളായ വിവിധ ധാതുക്കളും, ജീവകങ്ങളും ശരിയായ അളവില്‍ ചേർത്തിട്ടുണ്ടാവും. പന്നികളുടെ ശരിയായ വളര്‍ച്ചയ്ക്കും, മെച്ചപ്പെട്ട രോഗപ്രതിരോധശേഷിക്കും, അവയുടെ പ്രത്യുല്‍പാദനത്തിനും ഇത് അത്യന്താപേക്ഷിതമാണ്. ചില സമയങ്ങളിൽ പന്നിക്കുട്ടികളുടെ  വളര്‍ച്ചയ്ക്ക് തള്ളപ്പന്നികളുടെ പാല്‍ മാത്രം മതിയാവില്ല. അപ്പോൾ  കുട്ടികള്‍ക്കു മാത്രമായി ഒരു പ്രത്യേക തീറ്റ  കൂടിന്റെ ഒരു ഭാഗത്ത് തള്ളയ്ക്കു കിട്ടാത്ത വിധത്തില്‍, എന്നാല്‍ കുട്ടികള്‍ക്ക് ആവശ്യത്തിന് ലഭ്യമാകുന്ന വിധത്തില്‍ കൊടുക്കാറുമുണ്ട്. 

മേല്‍പ്പറഞ്ഞ തരത്തിലുള്ള പന്നിത്തീറ്റകള്‍ ഉപയോഗിച്ചല്ല  നമ്മുടെ നാട്ടിലെ കര്‍ഷകര്‍ പന്നികളെ വളര്‍ത്തുന്നത്, മറിച്ച് മനുഷ്യരുടെ ആവശ്യത്തിനു ശേഷം ബാക്കി വരുന്ന ഭക്ഷ്യവസ്തുക്കള്‍ പന്നികള്‍ക്ക് തീറ്റയായി ഉപയോഗിക്കുന്നു. ഇതിൽ പാചകം ചെയ്യാന്‍ ഉപയോഗിച്ചതിന്റെ അവശിഷ്ടങ്ങളും (പച്ചക്കറി വെയ്സ്റ്റ്, കോഴിവെയ്സ്റ്റ് മുതലായവ) ഉള്‍പ്പെടും. മറ്റു ഭക്ഷ്യ ഉൽപാദന ഫാക്ടറികളില്‍ നിന്നും ഉണ്ടാകുന്ന അവശിഷ്ടങ്ങളും (റൊട്ടി വെയ്സ്റ്റ്, ഹോസ്റ്റല്‍) ഇങ്ങനെയുള്ള പന്നിഫാമുകളില്‍ തീറ്റച്ചിലവ് വളരെ കുറഞ്ഞിരിക്കുന്നതു കൊണ്ട് പന്നിയുൽപാദനം ലാഭകരമാകുന്നു.

pig

തീറ്റ സമ്പൂർണമല്ല

വെറ്ററിനറി സർവകലാശാലയുടെ നേതൃത്വത്തിൽ, പന്നികളെ പൂര്‍ണമായും ഹോട്ടല്‍ വെയ്സ്റ്റ് കൊടുത്തു വളര്‍ത്തിയിരുന്ന കര്‍ഷകരുടെ ഫാമുകളിലെ തീറ്റയുടെ സാമ്പിളുകള്‍ പരിശോധിച്ചതില്‍നിന്നും തീറ്റയില്‍ ഏകദേശം 80 ശതമാനം ജലാംശവും, ശുഷ്‌കാടിസ്ഥാനത്തില്‍ ഏകദേശം 14 ശതമാനം മാംസ്യവും ഉള്ളതായി കണ്ടെത്തിയിരുന്നു. മേൽ പറഞ്ഞ തീറ്റ സാമ്പിളുകളുടെ രാസഘടനയേക്കുറിച്ച് പഠിച്ചപ്പോൾ ചില കാര്യങ്ങൾ വ്യക്തമായി. അവയിലേ മാംസ്യത്തിന്റെ അളവ് വലിയ പന്നികള്‍ക്ക് ഏറെക്കുറെ മതിയാകുമെങ്കിലും വളരുന്ന കുട്ടികള്‍ക്ക് അത് അപര്യാപ്തമായിരുന്നു. ഹോട്ടല്‍ വെയ്സ്റ്റിലെ പ്രധാന ഘടകം ചോറായതുകൊണ്ട് അവയ്ക്കുവേണ്ട ഊര്‍ജം ഈ തീറ്റയില്‍നിന്നും ലഭ്യമായിരുന്നുവെന്ന് കരുതാം.

ഹോട്ടല്‍ വെയ്സ്റ്റിലെ ധാതുലവണങ്ങളുടെ അളവ് പരിശോധിച്ചതില്‍നിന്നും ഏകദേശം എല്ലാ ധാതുക്കളും അവയ്ക്കാവശ്യമായുള്ള തോതിനേക്കാള്‍ വളരെ കുറഞ്ഞ അളവില്‍ മാത്രമേയുള്ളൂ എന്ന് മനസിലാക്കുവാന്‍ സാധിച്ചു. കാത്സ്യത്തിന്റെ അളവ് പന്നിയുടെ ആവശ്യത്തിന്റെ  20 ശതമാനം മാത്രമാണ് ഇത്തരം തീറ്റകളിലുണ്ടായിരുന്നത്. മറ്റു ധാതുക്കളുടേയും സ്ഥിതി മറിച്ചായിരുന്നില്ല.

പരിഹാരം പ്രത്യേക ധാതു–ജീവക മിശ്രിതം

മേൽപ്പറഞ്ഞ  പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ വെയ്സ്റ്റിലെ ധാതുക്കളുടെ അഭാവം നികത്തുന്നതിനായി സർവകലാശാലയുടെ അനിമൽ  ന്യൂട്രീഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരു ധാതു-ജീവക മിശ്രിതം ഉൽപാദിപ്പിച്ചു. ഇതില്‍ പന്നിക്കാവശ്യമായ ജീവകങ്ങളും അടങ്ങിയിട്ടുണ്ട്. ഒപ്പം  ഏതൊരു തീറ്റയിലും കുറവു കാണുന്ന രണ്ട് അമിനോ അമ്ലങ്ങളും (ലൈസിന്‍, മെത്തിയോനിന്‍) ചേര്‍ത്തിട്ടുണ്ട്. 

ഹോട്ടല്‍, ചിക്കൻ, മറ്റു വെയ്സ്റ്റുകൾ തീറ്റയായി കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക

ഹോട്ടല്‍ അവശിഷ്ടങ്ങളിലും  മറ്റും വെള്ളത്തിന്റെ അളവ് കൂടുതലായതിനാല്‍ കൃത്യമായ  അളവില്‍ തീറ്റ കിട്ടുന്നുണ്ടോയെന്ന്  നോക്കണം.  ഉദാഹരണത്തിന് ഹോട്ടല്‍ വെയ്സ്റ്റില്‍  80 ശതമാനം ജലാംശമാണുള്ളതെങ്കില്‍ രണ്ടു കിലോഗ്രാം ഖരരൂപത്തിലുള്ള തീറ്റ കിട്ടാന്‍ മൊത്തത്തില്‍ പത്തു കിലോഗ്രാം തീറ്റയെങ്കിലും നല്‍കേണ്ടി വരുന്നു.  ഇത് വെയ്സ്റ്റില്‍ അടങ്ങിയിരിക്കുന്ന  ജലാംശത്തിനനുസരിച്ച് വ്യത്യാസപ്പെടും. 

പഴകിയ, കേടായ തീറ്റ വയറിളക്കം പോലുള്ള  അസുഖങ്ങള്‍ വരുത്തിവയ്ക്കുന്നു.  കോഴിക്കടയിലെ അവശിഷ്ടങ്ങളാണ് നല്‍കുന്നതെങ്കില്‍ തിളപ്പിച്ചതിനുശേഷം  കൊടുക്കുക. മൊത്തം തീറ്റയുടെ കാല്‍ ഭാഗത്തില്‍  കൂടുതല്‍ കോഴി വെയ്സ്റ്റ്  നല്‍കാതിരിക്കുന്നതാണ് നല്ലത്.  കോഴി വെയ്സ്റ്റില്‍ കൊഴുപ്പിന്റെ അംശം കൂടുതലായതിനാല്‍ വിറ്റാമിന്‍ ഇ പോഷക ന്യൂനതയുണ്ടാകാം. ഹോട്ടല്‍ വെയ്സ്റ്റും  മറ്റും തീറ്റയായി നല്‍കുമ്പോള്‍ പ്രത്യേക  ധാതുജീവക മിശ്രിതം കൂടി നല്‍കാന്‍ ശ്രദ്ധിക്കണം. 

പന്നിക്കൂട് വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. കൂടിന്റെ അടിഭാഗത്ത് കുണ്ടും കുഴിയും ഉള്ളതാണെങ്കില്‍ തീറ്റ വസ്തുക്കളും, കാഷ്ഠവും  മറ്റും അതില്‍  കിടന്ന് ജീര്‍ണിച്ച് പന്നികള്‍ക്ക് അസുഖങ്ങള്‍ വരാന്‍ ഇടയാക്കുന്നു.  തള്ളപ്പന്നികള്‍ക്കുണ്ടാകുന്ന അകിടുവീക്കം, കുട്ടികള്‍ക്കും തള്ളകള്‍ക്കും  ഉണ്ടാകുന്ന വയറിളക്കം മുതലായ അസുഖങ്ങള്‍ ശരിയായ ശുചിത്വം  പാലിക്കുന്നതുകൊണ്ടു തന്നെ  ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍  സാധിക്കും. ഇതിനായി ചില കര്‍ഷകര്‍ കൂടിന്റെ നിലം മാര്‍ബിളും,  ഗ്രാനൈറ്റും വരെ ഉപയോഗിച്ച് നിർമിക്കാറുണ്ട്.

പന്നികള്‍ക്ക് കുടിക്കുന്നതിനായി കുടിവെള്ളം ഇഷ്ടാനുസരണം കൂടിനുള്ളില്‍  ഉണ്ടാകേണ്ടതാണ്. കാലാകാലങ്ങളില്‍ അവയ്ക്ക് വേണ്ടതായ രോഗപ്രതിരോധ കുത്തിവയ്പുകളും,  ചികിത്സകളും ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

English summary: Food Safety - Pig Farmers Most Important Responsibility

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com