ADVERTISEMENT

കോവിഡിനെ കുറിച്ച് നമ്മൾ പേടിക്കാൻ തുടങ്ങിയിട്ട് കുറച്ചു മാസങ്ങളെ ആയിട്ടുള്ളൂ. എന്നാൽ വർഷങ്ങളായി പൂച്ച സ്നേഹികളെയും പൂച്ചയെ വളർത്തുന്നവരെയും ഒരുപോലെ വിറപ്പിക്കുന്ന ഒരു കൊറോണ രോഗമുണ്ട്. ഫെലൈൻ ഇൻഫെക്ഷ്യസ് പെരിട്ടൊനൈറ്റിസ് എന്ന എഫ്ഐപി ആണ് ആ വില്ലൻ. കോവിഡ് 19 മായി ഈ അസുഖത്തിന് നേരിട്ട് ബന്ധമില്ല എന്ന് ആദ്യം തന്നെ പറയട്ടെ.  ഫെലൈൻ കൊറോണ വൈറസ് വിഭാഗത്തിൽ പെട്ട ഈ വൈറസ് ഒട്ടു മിക്ക പൂച്ചകളെയും ബാധിക്കാമെങ്കിലും എല്ലാവരിലും രോഗലക്ഷണങ്ങൾ കാണണമെന്നില്ല.

ആരൊക്കെ സൂക്ഷിക്കണം?

എല്ലാ പ്രായക്കാരായ പൂച്ചകൾക്കും രോഗബാധയേൽക്കാമെങ്കിലും ആറു മാസം മുതൽ ഒന്നര വയസ് വരെയുള്ള പ്രായക്കാരിലാണ് എഫ്ഐപി കൂടുതലായി കണ്ടു വരുന്നത്. കൂടുതൽ പൂച്ചകളെ ഒരുമിച്ചു വളർത്തുന്ന കാറ്ററികളിൽ അസുഖം പെട്ടെന്ന് പടർന്നു പിടിക്കാറുണ്ട്.

രോഗ ലക്ഷണങ്ങൾ?

പേര് സൂചിപ്പിക്കും പോലെ തന്നെ വയറിന്റെ ഭാഗം വീർത്തു വരിക എന്നുള്ളതാണ് അസുഖത്തിന്റെ പ്രധാന ലക്ഷണം. അതോടൊപ്പം തന്നെ ശ്വസന സംബന്ധിയായ ബുദ്ധിമുട്ടുകളും ഉണ്ടാകാം.  ചില പൂച്ചകളിൽ അസുഖം നാഡീവ്യൂഹത്തെ ബാധിക്കാം. പനി, ഭക്ഷണത്തോടുള്ള വിരക്തി, മഞ്ഞപ്പിത്തം എന്നിവയും രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നതാണ്.

രോഗം എങ്ങനെ തിരിച്ചറിയാം?

മറ്റു അസുഖങ്ങളെ അപേക്ഷിച്ച് രോഗനിർണയം അൽപം ബിദ്ധിമുട്ടാണ് എന്നുതന്നെ പറയാം. രക്തത്തിലെ ശ്വേതാണുക്കളുടെ എണ്ണം കൂടിയും കുറഞ്ഞും ഇരിക്കാം. അതോടൊപ്പം തന്നെ രക്തത്തിലെ എൻസൈമുകളുടെ അളവിലും മാറ്റം വരാം. രക്തത്തിലെ ടോട്ടൽ പ്രോട്ടീൻ അളവിൽ വർധനയുണ്ടാവുന്നതായി കാണപ്പെടുന്നു. വീർത്തു വരുന്ന വയർ ഭാഗത്തു നിന്നുമുള്ള നീര് കുത്തിയെടുത്തു റിവോൾട്ട ടെസ്റ്റ് എന്ന പരിശോധനക്കും വിധേയമാക്കാം. അൾട്രാ സൗണ്ട് പരിശോധനയും രോഗനിർണയത്തിന് സഹായിക്കും.

ചികിത്സ?

കോവിഡ് 19  പോലെ തന്നെ ഒറ്റ മരുന്നിലുള്ള ചികിത്സയല്ല എഫ്ഐപിക്ക് നൽകുന്നത്. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സാരീതിയാണ് അവലംബിക്കുന്നത്. ആന്റിബയോട്ടിക്, സ്റ്റിറോയ്ഡ് എന്നിവയും ചികിത്സക്കായി നൽകേണ്ടി വന്നേക്കാം. പൂച്ചയുടെ  ആരോഗ്യ സ്ഥിതി മോശമാണെങ്കിൽ ജീവൻരക്ഷോപാധിയായി ഞരമ്പ് വഴി ഡ്രിപ് നൽകേണ്ടിയും വരാം. രോഗം വരുന്നത് തടയാനായി  പ്രതിരോധ കുത്തിവയ്പ് ലഭ്യമാണെങ്കിലും നമ്മുടെ നാട്ടിൽ അത്ര പ്രചാരത്തിലില്ല.

ഈ കൊറോണ മനുഷ്യന് വരുമോ?

പേടിക്കേണ്ട; ഫെലൈൻ കൊറോണ വൈറസ് മനുഷ്യരെ ബാധിക്കുന്ന ജന്തുജന്യ രോഗമല്ല. അതുകൊണ്ടു തന്നെ ഇക്കാര്യമാലോചിച്ച് കോവിഡ് കാലത്ത് ടെൻഷൻ ആവേണ്ടതില്ല.

English summary: Feline Infectious Peritonitis Viral Disease of Cats 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com