ADVERTISEMENT

മൂത്രമൊഴിക്കാൻ പ്രയാസപ്പെട്ട് ദൂരെ മാറി നിൽക്കുന്ന അരുമ മൃഗങ്ങളെ കണ്ടിട്ടുണ്ടോ?  അങ്ങേയറ്റം ദൈന്യതയേറിയ ഒരു കാഴ്ചയാണത്. ടോയ്‌ലറ്റിൽ  പോകുമ്പോൾ ചെറിയ പുകച്ചിലനുഭവപ്പെട്ടാൽ പോലും ഓടിപോയി യൂറോളജിസ്റ്റിനെ കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ, മൃഗങ്ങളുടെ ലോകത്തിൽ കാര്യങ്ങൾ അൽപം കഠിനമാണ്.  മൂത്രാശയക്കല്ലുകൾ രൂപപ്പെട്ട് പതിയെ വലുതായി മൂത്രം തീരെ ഒഴിക്കാൻ പറ്റാതെ തടസപ്പെട്ടാലോ മൂത്രത്തിലൂടെ ചോര പോകുന്നത് കണ്ടാലോ അല്ലാതെ അരുമ മൃഗങ്ങളുടെ ഈ ദുരവസ്ഥ ഉടമകളുടെ ശ്രദ്ധയിൽ പെട്ടേക്കില്ല. പൂച്ചയും വളർത്തുനായയുമൊക്കെ വേദന കൊണ്ട് പലപ്പോഴും നട്ടെല്ല് 'റ' ആകൃതിയിൽ പിടിച്ചു മൂത്രം ഒഴിക്കാൻ പാടുപെടുമ്പോൾ ചില ഉടമകളൊക്കെ അതിനെ മലബന്ധമാണെന്ന് തെറ്റിദ്ധരിക്കുന്നു. ഇതൊക്കെ കൊണ്ട്  മൃഗാശുപത്രിയിൽ എത്തുമ്പോഴേക്കും തകരാറിലായ വൃക്കയും വെള്ളം നിറഞ്ഞ ഒരു ബലൂൺ പൊട്ടുന്ന മാതൃകയിൽ തകർന്ന മൂത്രസഞ്ചിയുമായിരിക്കും ബാക്കിപത്രം. 

മൂത്രാശയക്കല്ലുകൾ എങ്ങനെയുണ്ടാകുന്നു? 

കിഡ്നി നിരന്തരം ഇടവേളകളില്ലാതെ ഉൽപാദിപ്പിച്ചുകൊണ്ടിരിക്കുന്ന ദ്രാവകമാണ് മൂത്രം. ശരീരത്തിന്റെ സ്വാഭാവിക രാസപ്രവർത്തനത്തിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നതോ അല്ലെങ്കിൽ ഭക്ഷണത്തിലൂടെ കടന്നു കൂടി ദഹനത്തിന് ശേഷം രക്തത്തിലലിയുന്നതോ ആയ ഒരുപാട് മാലിന്യങ്ങൾ മൂത്രം വഴി കിഡ്നി പുറംതള്ളുന്നു. അതിനാൽ തന്നെ ഓരോ ജീവികളുടെയും മൂത്രത്തിൽ വ്യത്യസ്തമായ അനവധി ലവണങ്ങൾ അടങ്ങിയിട്ടുണ്ട്.  ഇതിൽ എളുപ്പത്തിൽ അലിയുന്നവയും അലിയാൻ പ്രയാസമുള്ളവയും കണ്ടേക്കാം. വെള്ളം കുടിക്കുന്ന അളവ് കുറവാണെങ്കിലോ അല്ലെങ്കിൽ നിർജലീകരണമുണ്ടെങ്കിലോ കിഡ്നി അത് കണ്ടറിഞ്ഞ് മൂത്രം കൂടുതൽ സാന്ദ്രമാക്കുന്നു.  അത്തരം മൂത്രത്തിന് കൂടുതൽ മഞ്ഞ നിറം കാണപ്പെടുന്നു.  സ്ഥിരമായി മൂത്രത്തിന് സാന്ദ്രത കൂടി നിന്നാൽ മൂത്രത്തിൽ ചില ലവണങ്ങൾ അടിഞ്ഞു കൂടാൻ (precipitate) സാധ്യതയുണ്ട്. ഓരോ മൃഗങ്ങളിൽ ഇങ്ങനെ അടിഞ്ഞുകൂടുന്ന padarthangal വ്യത്യസ്തമാണ്.  ഇങ്ങനെ അടിഞ്ഞു കൂടിയ ലവണങ്ങളും നിർജീവ കോശങ്ങളുമെല്ലാം ചേർന്നാണ് കല്ലുകൾ രൂപപ്പെടുന്നത്.  

എന്നാൽ, എല്ലാ തരം കല്ലുകളും വെള്ളം കുടിയുടെ അഭാവത്തിലാണ് ഉണ്ടാകുന്നത് എന്ന് കരുതാൻ വരട്ടെ ! മൂത്രത്തിൽ കല്ലുകൾ രൂപപ്പെടുന്ന പല അസുഖങ്ങളും മൃഗങ്ങളിലുണ്ട്.  അത്തരത്തിലൊന്നാണ് പി. എസ്.എസ്. (Portosystemic shunt). കൂടാതെ ഡാൽമേഷൻ പോലെയുള്ള ബ്രീഡുകളിൽ ജനിതകമായി തന്നെ യൂറേറ്റ്  എന്ന കല്ലുണ്ടാകാൻ സാധ്യത കൂടുതലാണ്.  

കല്ലുകൾ കാണുന്നത് എവിടെ? 

കിഡ്നിയുടെ അറകളിലാണ് ഭൂരിഭാഗം കല്ലുകളും രൂപപ്പെടുന്നതെങ്കിലും മൂത്രത്തിന്റെ ഒഴുക്കിനെ പലപ്പോഴും ഇത് തടസപ്പെടുത്താത്തതിനാൽ അവ ആ സ്ഥിതിയിൽ ലക്ഷണങ്ങൾ അധികമൊന്നും പുറത്തു കാണിക്കാറില്ല. എന്നാൽ കിഡ്നിയിൽ നിന്നും മൂത്രം യൂറിറ്റർ എന്ന കുഴലിലൂടെ ഒഴുകിയിറങ്ങുമ്പോൾ അപൂർവമായി അവിടെ തങ്ങി നിന്ന് അതികഠിനമായ വേദന പ്രകടിപ്പിക്കാറുണ്ട്.  യൂറിറ്ററിലൂടെ മൂത്രം ഒഴുകിയെത്തുന്നത് മൂത്രസഞ്ചിയിലേക്കാണ് (Urinary Bladder). കിഡ്നിയിൽ നിന്നെത്തുന്ന കല്ലുകൾ കൂടാതെ മൂത്രസഞ്ചിയിലും ചിലപ്പോൾ കല്ലുകൾ രൂപപ്പെടാറുണ്ട്. 

മൂത്രസഞ്ചിയിലെ കല്ലുകൾ വയറു വേദന,  മൂത്രത്തിൽ ചോരയോ പഴുപ്പോ കാണുക,  നിർത്തി നിർത്തി മൂത്രമൊഴിക്കുക,  ആൺ പട്ടി സാധാരണ മൂത്രമൊഴിക്കുന്ന രീതിയിൽ നിന്നും മാറി പെൺ പട്ടിയെപ്പോലെ മൂത്രമൊഴിക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. ബ്ലാഡറിൽ നിന്നും  യൂറിത്ര  എന്ന ചെറിയ ട്യൂബിലൂടെയാണ് മൂത്രം പുറത്തേക്കൊഴിക്കുന്നത്.  യൂറിത്രയിൽ തടസമായി നിൽക്കുന്ന കല്ലുകൾ അതി കഠിനമായ വേദനയും പലപ്പോഴും പൂർണമായ മൂത്രതടസവും ഉണ്ടാക്കുന്നു.  തന്മൂലം മൂത്രസഞ്ചി ബാക്ക്പ്രഷർ കൊണ്ട് വികസിക്കുകയും ചികിത്സ നേടിയില്ലെങ്കിൽ നിറഞ്ഞു പൊട്ടുകയും (Bladder rupture/Uroabdomen) ചെയ്യുന്നു.  

cat

മൂത്രാശയ കല്ലുകൾ ഏതൊക്കെ?

ലോകമെമ്പാടും നടന്ന പഠനങ്ങളിൽ നായകളിലും പൂച്ചകളിലും ഏറ്റവും കൂടുതൽ കണ്ടു വരുന്ന കല്ലുകൾ സ്ട്രൂവൈറ്റ് (Struvite) ഇനത്തിൽ പെട്ടതാണ്, രണ്ടാം സ്ഥാനം കാൽസ്യം ഓക്സലേറ്റ് കല്ലുകൾക്കാണ്. അമോണിയം യൂറേറ്റ്,  സിസ്റ്റീൻ, ക്സാൻന്തേൻ തുടങ്ങിയവയാണ് ഓമന മൃഗങ്ങളിലെ മറ്റിനം കല്ലുകൾ.

കല്ലുകൾ ഉണ്ടാകാനുള്ള കാരണങ്ങൾ 

  1. വളരെ ഉന്മേഷവാന്മാരായി ഓടി നടക്കുന്ന ബ്രീഡുകൾക്ക് വെള്ളത്തിന്റെ ആവശ്യകത വളരെ കൂടുതലാണ്. കൂടാതെ  അന്തരീക്ഷത്തിന്റെ താപനിലയ്ക്ക്  അനുസരിച്ച് വെള്ളം കുടിക്കേണ്ട അളവിൽ കുടിക്കാതിരിക്കുമ്പോൾ. 
  2. മൂത്രത്തിൽ അണുബാധയുണ്ടാകുമ്പോൾ (സ്ട്രൂവൈറ്റ് കല്ലുകളാണ് കൂടുതലും ഇത്തരത്തിൽ രൂപപ്പെടുന്നത്). മൂത്രനാളിയുടെ പ്രത്യേക ഘടന കൊണ്ട്  പെൺനായ്ക്കളിൽ ഈ സാധ്യത കൂടുതലാണ്.  
  3. ആവശ്യത്തിലധികം പ്രൊട്ടീൻ (ഇറച്ചി ഉൽപന്നങ്ങൾ) ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ. 
  4. ഡ്രൈ ഫുഡ്‌ കൊടുക്കുന്നതിനൊപ്പം  കൃത്യമായ അനുപാതത്തിൽ വെള്ളം കൊടുക്കാത്തപ്പോൾ. 
  5. അമിതവണ്ണം,  ഹോർമോൺ തകരാറുകൾ.  
  6. കാത്സ്യം,  ഫോസ്ഫറസ്,  മഗ്നീഷ്യം എന്നിവ അടങ്ങിയ ടോണിക്കുകൾ ക്ര്യത്യമായ അളവിലല്ലാതെ കൊടുക്കുമ്പോൾ. 
  7. ജനിതകമായ അവസ്ഥകൾ,  രോഗങ്ങൾ എന്നിവ മൂലം.  
  8. കാത്സ്യത്തിന്റെ അളവിനെ വർധിപ്പിക്കുന്ന ലിംഫോമ, അഡിനോ-സാർക്കോമ തുടങ്ങിയ കാൻസറുകൾ മൂലം. 

രോഗനിർണയവും ചികിത്സയും 

ഈ രോഗം സംശയിക്കുന്നുണ്ടെങ്കിൽ മൂത്രപരിശോധനയാണ് പ്രാഥമികമായി ചെയ്യേണ്ടത്.  മൂത്രത്തിന്റെ അമ്ലത്വവും ക്ഷാരത്വവും നിർണയിച്ചതിനു ശേഷം മൈക്രോസ്കോപ്പിയിലൂടെ കല്ലിന്റെ ഘടന പരിശോധിക്കാം. ഇതേ പരിശോധനയിലൂടെ  അണുബാധയുണ്ടെങ്കിൽ അതും വ്യക്തമാകും. ഇത്രയും വിവരം ലഭ്യമായാലും  

കല്ലിന്റെ സ്ഥാനം കൃത്യമായി നിർണയിക്കേണ്ടത് ചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്. ലക്ഷണങ്ങൾക്കനുസരിച്ചു സ്ഥാനം ഊഹിക്കാമെങ്കിലും കൃത്യമായ ലൊക്കേഷൻ അറിയാൻ എക്സ്റേ, അൾട്രാസൗണ്ട് എന്നിവ വേണ്ടി വരും. സിടി സ്കാൻ,  എംആർഐ  തുടങ്ങിയ സൗകര്യങ്ങളുള്ള വെറ്ററിനറി ക്ലിനിക്കുകൾ കേരളത്തിൽ ഇപ്പോൾ നിലവിലില്ലെങ്കിലും ബെംഗളൂരു, ചെന്നൈ, മുംബൈ നഗരങ്ങളിൽ ഈ സ്കാനുകൾ ഓമന മൃഗങ്ങളിൽ  വ്യാപകമായി ഉപകാരപ്പെടുന്നുണ്ട്. 

സാധാരണ എക്സ്റേയിൽ  കാണാതെ കല്ലുകളാണ് സിസ്റ്റീൻ, യൂറേറ്റ് എന്നിവ.  ഇവ അൾട്രാസൗണ്ട് സ്കാനിലും സിടി,  എംആർഐ സ്കാനുകളിലും വ്യക്തമായേക്കും.

വേണ്ടത്ര അളവിൽ വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തലാണ് ചികിത്സയിൽ ഏറ്റവും പ്രധാനം. ഇൻഫെക്ഷൻ നിയന്ത്രിക്കാൻ ഡോക്ടർ ആന്റിബയോട്ടിക് നൽകിയേക്കും. ഇൻഫെക്ഷൻ പൂർണമായും മാറ്റിയാൽ പിന്നെ കല്ലുകൾ അലിയിപ്പിക്കുന്നതിനെപ്പറ്റി ആലോചിക്കാം. കല്ലിന്റെ രാസഘടനയനുസരിച്ച് പല തരം മരുന്നുകളിലൂടെ മൂത്രത്തിന്റെ പിഎച്ച് (pH) ശരീരത്തിന് അനുകൂലമാംവിധം  ക്രമീകരിക്കാൻ കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസം കൊണ്ട് ചെറിയ വലിപ്പമുള്ള സ്ട്രൂവൈറ്റ് പോലെയുള്ള  കല്ലുകൾ അലിയിപ്പിച്ചു കളയാം. ഇത് കൂടാതെ കല്ലുകൾ അലിയിപ്പിക്കാനുള്ള പല പ്രിസ്ക്രിപ്ഷൻ  ഡയറ്റുകളും (Dissolution diet) വിപണിയിൽ ലഭ്യമാണ്. കാത്സ്യം ഓക്സലേറ്റ് പോലെ കഠിനമായ, അലിയിപ്പിക്കാൻ സാധിക്കാത്ത കല്ലുകളാണെങ്കിൽ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുക്കുന്നത്.  

മനുഷ്യരുടേത് പോലെ ലേസർ ഉപയോഗിച്ചും  സൗണ്ട് വേവ് ഉപയോഗിച്ചും കല്ലുകൾ പൊടിക്കുന്ന Extracorporeal shock wave lithotripsy (ESWL), PCNL,  Ureteroscopic removal തുടങ്ങിയ ചികിത്സാ രീതികൾ വെറ്ററിനറി മേഖലയിൽ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. അതുകൊണ്ട് പകുതിയിലധികം കേസുകൾക്കും ശസ്ത്രക്രിയ തന്നെ വേണ്ടിവരാറുണ്ട്.

മുകളിൽ പ്രതിപാദിച്ചിരിക്കുന്നത് പോലെ കൃത്യമായ സമയത്ത് അസുഖത്തിന് കാരണമായ ആഹാരശീലങ്ങലും ദിനചര്യയും മാറ്റി  ചികിത്സ നൽകുകയാണെങ്കിൽ യാതൊരു വിധ സങ്കീർണ ശസ്ത്രക്രിയകളുമില്ലാതെ  സുഖപ്പെടുത്താൻ കഴിയുന്ന രോഗമാണ് മൂത്രാശയക്കല്ലുകൾ.

English summary: Kidney Stones in Pets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com