ADVERTISEMENT

ഒൻപതുമാസത്തിലധികം വരുന്ന ഗർഭകാലത്തിനു ശേഷം പശുവിന് 300 ദിവസമെങ്കിലും പാൽ ചുരത്താനുള്ള സമയവും പിന്നീട് 60 ദിവസം വറ്റുകാലം അഥവാ വിശ്രമസമയമായി അടുത്ത പ്രസവത്തിന് ഒരുങ്ങാനുള്ള നേരവുമായി നൽകാനുമാണ് കർഷകർക്ക് ലഭിക്കുന്ന ഉപദേശം. നല്ല രീതിയിൽ പാൽ ചുരത്തിവരുന്ന പശുവിനെ പ്രസവശേഷം 2-3 മാസത്തിനുള്ളിൽ വീണ്ടും ഗർഭവതിയാക്കുക എന്ന ദുഷ്കരവും എന്നാൽ ഫാമിന്റെ ലാഭക്കണക്കിൽ നിർണായകവുമായ എന്ന ദൗത്യമാണ് ക്ഷീര കർഷകനു മുന്നിലുള്ളത്. മാത്രമല്ല പ്രസവിച്ചു വീണ  25-30 കിലോഗ്രാം ശരീരഭാരമുള്ള കിടാവിനെ ശാസ്ത്രീയമായി പരിപാലിച്ച് പരമാവധി വേഗത്തിൽ പ്രായപൂർത്തിയെത്താൻ സഹായിച്ച് ഗർഭിണിയാക്കി ആദ്യ പ്രസവം പരമാവധി നേരത്തെയാക്കേണ്ടതും ഫാമിങ്ങിന്റെ ലക്ഷ്യം തന്നെ. പ്രസവങ്ങൾ തമ്മിലുള്ള ഇടവേളയും ആദ്യ പ്രസവത്തിന്റെ സമയവും പരിപാലനത്തെ മാത്രമല്ല, നാം പരിപാലിക്കുന്ന ജനുസിന്റെ പാരമ്പര്യഗുണത്തേക്കൂടി ആശ്രയിച്ചാണെന്നോർക്കുക.

കിടാവിൽനിന്നു തുടക്കം

പിറന്നു വീഴുന്ന കിടാവിന് കന്നിപ്പാൽ ഉചിതമായ സമയത്തും ആവശ്യമായ അളവിലും നൽകുന്നതിലൂടെയാണ് പരിപാലനത്തിന്റെ തുടക്കം. പിന്നീട് ശരീരഭാരത്തിനും പ്രായത്തിനുമനുസരിച്ച് തള്ളയുടെ പാൽ നിശ്ചിത പ്രായം വരെ നൽകുന്നു. പ്രത്യേക കന്നുകുട്ടിത്തീറ്റ(കാഫ് സ്റ്റാർട്ടർ)യോടൊപ്പം ചെറിയ അളവിൽ തീറ്റപ്പുല്ലും വൈക്കോലും നൽകിത്തുടങ്ങുന്നതോടെ പശുക്കിടാവ്  വളർച്ചയുടെ ഘട്ടത്തിലേക്ക് കടക്കുന്നു. കൃത്യ സമയങ്ങളിലെ വിരയിളക്കലും പ്രതിരോധ കുത്തിവയ്പും അവരുടെ ആരോഗ്യം സംരക്ഷിക്കുന്നു. കിടാവുകൾ കൗമാരത്തിലേക്കു കടക്കുമ്പോൾ അവരെ നമ്മൾ കിടാരികളെന്നു വിളിക്കുന്നു. ആദ്യത്തെ മദി കാണിക്കുന്ന, പ്രായപൂർത്തിയെത്തി ആദ്യമായി ഗർഭവതിയാകേണ്ട സമയമാണിത്. സ്വന്തം ജനുസിലെ മുതിർന്നവയുടെ ശരീരഭാരത്തിന്റെ പകുതിയെങ്കിലും എത്തുന്ന സമയത്താണ് കിടാരികൾ ആദ്യമായി മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുന്നത്. ഈ സമയത്ത് സങ്കരയിനം സുനന്ദിനി പശുവിന് ശരാശരി 150 കിലോഗ്രാം ശരീരഭാരമുണ്ടാവാം. 

ആദ്യത്തെ ഒന്നോ രണ്ടോ മദികളിൽ കിടാരികൾ കാര്യമായ ലക്ഷണങ്ങൾ പുറത്തു കാണിക്കാത്തതിനാൽ അതിനെ നിശബ്ദമദി എന്നു വിളിക്കുന്നു. ആദ്യ മദി കാണിച്ചതിനു ശേഷം ലൈംഗികമായി പൂർണ വളർച്ചയും, ശരീര വികാസവും എത്തുമ്പോഴാണ് കിടാരികൾ പ്രായപൂർത്തിയെത്തിയവരായി കണക്കാക്കപ്പെടുകയുള്ളൂ. പ്രായപൂർത്തിയെത്തിയ കിടാരികൾ കൃത്യമായ ഇടവേളകളിൽ വ്യക്തമായ ലക്ഷണങ്ങളോടെ  മദി കാണിച്ചു തുടങ്ങുന്നു. ആദ്യ മദിയിൽ കുത്തിവയ്പ് നടത്താതെ, പൂർണമായി പ്രായപൂർത്തി അഥവാ വലിയ പശുക്കളുടെ ശരാശരി  ശരീരതൂക്കത്തിന്റെ  അറുപതു ശതമാനമെങ്കിലും തൂക്കമെത്തുമ്പോഴാണ് ബീജാദാനം നടത്തേണ്ടത്. പ്രായമല്ല, ശരീരവളർച്ചയാണ് പരിഗണിക്കേണ്ട ഘടകമെന്നർഥം. നന്നായി നോക്കിയാൽ  15-18 മാസം പ്രായമാകുമ്പോള്‍ ആദ്യത്തെ മദിയുടെ ലക്ഷണങ്ങള്‍ കാണിക്കാറുള്ള കിടാരികൾക്ക്  180-200 കിലോഗ്രാം ഭാരമെത്തുന്ന സമയമാണ് കുത്തിവയ്പിന് ഉചിതം.

പശുക്കളിലെ മദിചക്രത്തെ അറിയുക

പശുക്കളിൽ 18 മുതല്‍ 24 ദിവസംവരെയാണ് മദിചക്രത്തിന്റെ ദൈർഘ്യം. അതായത് ഓരോ മൂന്നാഴ്ചയിലും മദിചക്രം ആവർത്തിക്കപ്പെടുന്നു. ഓരോ മദിക്കു ശേഷവും  പതിനാറാം  ദിവസം  മുതല്‍ അടുത്ത മദിയുടെ ലക്ഷണങ്ങളുണ്ടോയെന്ന് നോക്കിയിരിക്കണം. പശുക്കളിലെ ശരാശരി 21 ദിവസം വരുന്ന മദിചക്രത്തെ നാലു ഘട്ടങ്ങളായി തിരിക്കാം. 

ഇതിൽ ഒന്നാം ഭാഗം ‘പ്രോഈസ്ട്രസ്’ അഥവാ മദിക്ക് തൊട്ടുമുമ്പുള്ള സമയമാണ്. പിന്നീട് വരുന്നതാണ് ‘ഈസ്ട്രസ്’ അഥവാ മദികാലം. ഈ സമയമാണ് ഹീറ്റ് പീരിയഡ്.  പിന്നീടുള്ള രണ്ടു ഘട്ടങ്ങളാണ് ‘മെറ്റീസ്ട്രസ്, ഡൈയീസ്ട്രസ്’ എന്നിവ.  ആദ്യ ഭാഗമായ ‘പ്രോഈസ്ട്രസ്’, 2-3 ദിവസം  നീണ്ടു നില്‍ക്കുന്നു. ചില പശുക്കള്‍ ഈ സമയം മുതൽ  മദിലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. രണ്ടാം ഘട്ടമായ മദികാലം അഥവാ ഹീറ്റ് സമയത്താണ് പ്രധാനപ്പെട്ട മദിലക്ഷണങ്ങൾ പശു കാണിക്കുന്നത്. മദി ലക്ഷണങ്ങൾ കാണുന്ന കർഷകൻ പശുവിനെ കുത്തിവയ്ക്കാനുള്ള സമയമായി എന്ന് മനസിലാക്കണം.

മദിലക്ഷണങ്ങൾ

പ്രത്യേക തരത്തിലുള്ള കരച്ചിൽ അഥവാ അമറൽ വഴിയാണ് പശു പലപ്പോഴും മദി വിളംബരം ചെയ്യാറുള്ളത്. അസ്വസ്ഥത, പശുക്കളുടെയോ മനുഷ്യരുടെയോ പുറത്തു ചാടിക്കയറാന്‍ ശ്രമിക്കുക, മറ്റു പശുക്കളെ പുറത്തു കയറാന്‍ അനുവദിക്കുക, അടുത്തുള്ള പശുക്കളെ നക്കുക,  പാലളവ് കുറയുക, ഇടവിട്ടിടവിട്ട്  മൂത്രമൊഴിക്കുക, വീർത്തു ചുവന്ന ഈറ്റം, തീറ്റയെടുക്കാനുള്ള മടി,  ഈറ്റത്തില്‍ നിന്നു മുട്ടയുടെ വെള്ളപോലെ കൊഴുത്തു  സുതാര്യമായ  ദ്രാവകം ഒലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍  പശുക്കളില്‍ കാണാം. ഈ ലക്ഷണങ്ങളെല്ലാം എല്ലാ പശുക്കളിലും എല്ലാ മദിയിലും കാണണമെന്നില്ല. മേൽപറഞ്ഞവയിൽ ചില ലക്ഷണങ്ങൾ മാത്രമാവും പല പശുക്കളും കാണിക്കുക.

ഇങ്ങനെ പ്രത്യേക ലക്ഷണങ്ങൾ കാണിക്കുന്ന ഹീറ്റ് അഥവാ പുള ഏകദേശം 18 മുതല്‍ 25 മണിക്കുര്‍ നീണ്ടുനില്ക്കുന്നു. ഇത്തരം ലക്ഷണങ്ങളിലൂടെ പശുക്കൾ തങ്ങളുടെ ആണുങ്ങളെ വേഴ്ചക്കായി ക്ഷണിക്കുന്ന സ്വാഭാവികസമയമാണിത്. ഈ സമയത്തു മാത്രമേ പശുക്കൾ ആണുങ്ങളെ സ്വീകരിക്കുകയുമുള്ളൂ.

കൃത്രിമ ബീജാദാനം എപ്പോൾ

മദി ലക്ഷണങ്ങൾ തുടങ്ങി ഏകദേശം 12 മണിക്കൂറിനുശേഷമാണ് ബീജസങ്കലനം നടത്താന്‍ ഉചിതമായ സമയമെന്നാണ് കണക്ക്. എങ്കിലും മദി കാലത്തിന്റെ ഏറ്റവും കൃത്യമായ  ലക്ഷണമായ  മറ്റു പശുക്കളെ പുറത്തു കയറാന്‍ അനുവദിക്കുകയും അപ്പോള്‍ അനങ്ങാതെ നിന്നുകൊടുക്കുകയുമാണെന്നോർക്കുക. കത്തിവയ്ക്കാൻ ഉത്തമ സമയമാണിത്. എന്നാൽ, ഒന്നോ രണ്ടോ പശുക്കള്‍ മാത്രം ഉള്ളിടത്ത്  ഇത് കാണിക്കണമെന്നില്ല. സാധാരണയായി മദിലക്ഷണങ്ങള്‍ രാവിലെ കാണുന്ന പശുക്കളെ ഉച്ചതിരിഞ്ഞും, വൈകുന്നേരം കാണിക്കുന്നവയെ പിറ്റേ ദിവസം രാവിലെയുമാണ് കുത്തിവയ്‌ക്കേണ്ടത്. മദി എപ്പോഴാണ് തുടങ്ങിയതെന്ന് സംശയമുണ്ടെങ്കില്‍ മദിലക്ഷണം കാണുമ്പോള്‍  തന്നെ കുത്തിവയ്ക്കുകയും പിന്നീട്  മദി ലക്ഷണങ്ങൾ നീണ്ടു പോകുന്നുവെങ്കില്‍ പിറ്റേന്നു കുത്തിവയ്ക്കുന്നതുമാണ് ഉചിതം. 

ഏതാനും മണിക്കൂറുകള്‍ മാത്രം  മദിലക്ഷണങ്ങളും, ഈസ്ട്രസും നീണ്ടു നില്‍ക്കുന്ന ഹ്രസ്വമദിയുള്ളവയും ഉണ്ടാകാം. മിക്ക മദിചക്രങ്ങളിലും പശുക്കള്‍ ഒരേ ലക്ഷണങ്ങളാകും  പ്രകടമാക്കുക.  ഈറ്റത്തില്‍നിന്ന് ഒലിക്കുന്ന സ്രവം അഥവാ മാച്ചിന്റെ സ്വഭാവം നോക്കിയും കൃത്യമായി മദി കണക്കാക്കാം.  മദിയുടെ ആരംഭത്തിലെ കട്ടി കൂടിയ മാച്ച് മദിയുടെ മധ്യത്തോടു കൂടി നേര്‍ത്തതും സുതാര്യമവുമായി മാറുന്നു.  മദിയുടെ അവസാന ഘട്ടത്തില്‍  മീണ്ടും മാച്ചിന് കട്ടി കൂടും. ഈറ്റത്തില്‍നിന്ന് കണ്ണാടി പോലുള്ള  കൊഴുത്ത ദ്രാവകം വരുന്ന  ഈ സമയത്താണ് പശുവിന് ബീജാധാനം നടത്തേണ്ടത്. 

മറ്റു ചില  പശുക്കളില്‍ മദി രണ്ടോ, മൂന്നോ ദിവസം (ദീര്‍ഘ മദി) നീണ്ടു നില്‍ക്കാറുണ്ട്.  അങ്ങനെയുള്ളവയെ 24 മണിക്കൂര്‍ ഇടവിട്ട്  രണ്ടു തവണ കുത്തിവയ്ക്കണം.  എന്നാല്‍ അമിതമായി നീണ്ട മദികാലം ഗര്‍ഭാശയ അണുബാധയുടെ  ലക്ഷണവുമാകാമെന്നതിനാൽ  അവ രണ്ടോ മൂന്നോ കുത്തിവയ്പിനു ശേഷം  ഗര്‍ഭം ധരിച്ചില്ലെങ്കില്‍ പരിശോാധിപ്പിച്ച് ചികിത്സ തേടേണ്ടതാണ്. മദിചക്രങ്ങള്‍ക്കിടയില്‍ ഇടക്കാല മദി കാണാറുള്ള പശുക്കളുമുണ്ട്. അണ്ഡാശയത്തിലെ അണ്ഡ വികാസവുമായി  ബന്ധപ്പെട്ടതാണിത്. ഇങ്ങനെയുള്ളവയില്‍ ബീജധാനത്തിനു ശേഷം ഏതാണ്ട് പത്തു ദിവസം കഴിഞ്ഞ് അടുത്ത മദി കാണിക്കും.  ഇതൊരു രോഗാവസ്ഥയല്ലെങ്കിലും യഥാര്‍ഥ മദി ഏതെന്നു മനസിലാക്കാന്‍ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. ഇടക്കാല മദിയില്‍ കുത്തിവച്ചാല്‍ പശുക്കള്‍ ഗര്‍ഭം ധരിക്കില്ല.  

മദികാലം കഴിയുമ്പോൾ

മദികാലം കഴിഞ്ഞ്   പശുക്കളിൽ രക്തം കലര്‍ന്ന മാച്ച് ഒഴുകുന്നതിനു സാധ്യതയുണ്ട്.  ഇത് സാധാരണമാണെങ്കിലും അമിത രക്തസ്രാവമുണ്ടെങ്കില്‍  ഡോക്ടറേക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. 

എന്തുകൊണ്ടാണ് ഗർഭധാരണം നടക്കാതെ വരുന്നത്?

സങ്കരഇനം പശുക്കളെ വളർത്തുന്ന കേരളത്തിൽ ഗർഭധാരണം നടക്കാതെ വരുന്നതും  വന്ധ്യതയും വളരെ സാധാരണമാണ്. പശുവളർത്തൽ ആദായകരമല്ലാതാകാൻ ഇത് കാരണമാകുന്നു. പ്രായപൂർത്തിയെത്തിയ കിടാരികളും, പ്രസവശേഷം പശുക്കളും കൃത്യസമയത്ത് വ്യക്തമായ  മദി ലക്ഷണങ്ങൾ കാണിക്കാതിരിക്കുന്നത് വലിയ പ്രശ്നമായി അനുഭവപ്പെടുന്നു. ഹോർമോൺ കുറവുകൾ, പോഷകാഹാരക്കുറവ്, പ്രത്യുൽപാദനവയവങ്ങളുടെ ഘടനാവൈകല്യം ഇവയൊക്കെ മദിയുടെ അഭാവത്തിനു കാരണമാകാം.

കൃത്രിമ ബീജാദാനം അഥവാ കുത്തിവ‌യ്പിന്റെ പരാജയമാണ് വന്ധ്യതയുടെ മറ്റൊരു കാരണം. കുത്തിവയ്പ് സമയത്തിന്റെ കൃത്യതയില്ലായ്മയും ഗർഭധാരണത്തെ അകറ്റി നിർത്തുന്നു. അനവസരത്തില്‍ വിശേഷിച്ച് മദികാലം കഴിഞ്ഞുള്ള സമയത്ത്  കുത്തിവച്ചാല്‍ ഗര്‍ഭാശയ അണുബാധയുണ്ടാകും.  അതുപോലെ വൈദഗ്ദ്യമില്ലാത്തവരെക്കൊണ്ട്  കൃത്രിമ ബീജാധാനം നടത്തുമ്പോഴും ഗര്‍ഭാശയത്തില്‍ അണുബാധയ്ക്കു സാധ്യതയേറും. ബീജാധാനത്തിനു മുമ്പും പിമ്പും മതിയായ വിശ്രമം നല്‍കണം. ബീജാധാനത്തിനു ശേഷം രണ്ടുമാസമാകുമ്പോള്‍ ഗര്‍ഭ നിര്‍ണയം നടത്താം.  മൂന്നോ അതില്‍ കൂടുതലോ തവണ ബീജാധാനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത പശുക്കള്‍ക്ക് വിദഗ്ധ പരിശോധന ആവശ്യമുണ്ട്. മദി ലക്ഷണങ്ങൾ കൃത്യമായി കണ്ടെത്താതിനാൽ കുത്തിവയ്പിന്റെ സമയം തെറ്റുക, പ്രതികൂല കാലാവസ്ഥ, ബീജ ഗുണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയും ബീജാധാനത്തെ പരാജയപ്പെടുത്താം.

കർഷകർ ശ്രദ്ധിക്കേണ്ടത്

തന്റെ പശുവിന്റെ മദിയുടെ സ്വഭാവം നിരീക്ഷിച്ചു മനസിലാക്കി വിദഗ്ധനായ വ്യക്തിയുടെ സഹായത്തോടെ ബീജാധാനം നടത്തുക. അന്തരീക്ഷത്തിൽ ഉയർന്ന ചൂടുള്ള സമയത്ത് കുത്തിവയ്പ് പരമാവധി ഒഴിവാക്കുക. വെയിലിൽ ദീർഘദൂരം നടത്തി കുത്തിവയ്ക്കാൻ കൊണ്ടു പോകുന്ന രീതി വേണ്ട. പശുവിന് ആ സമയത്ത് ക്ലേശവും വേദനയും ഒഴിവാക്കണം. കുത്തിവയ്പിനു ശേഷം വീണ്ടും മദി ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. മദി ലക്ഷണങ്ങൾ ഒരു ദിവസത്തിനുള്ളിൽ കണ്ടാൽ വീണ്ടും കുത്തിവയ്ക്കേണ്ടി വരും. പിന്നീട് രണ്ടു മദികാലം പ്രകടമായില്ലെങ്കിൽ ഗർഭ പരിശോധന നടത്താം. പ്രസവശേഷം രണ്ടു മാസങ്ങൾക്കുള്ളിൽ പ്രസവാനന്തര മദി പ്രകടമാക്കുന്നുവെന്നും മൂന്നു മാസത്തിനുള്ളിൽ വീണ്ടുമൊരു ഗർഭധാരണവും ഉറപ്പാകുകയാണ് നമ്മുടെ ലക്ഷ്യം.

സംതുലിത തീറ്റയും, ശാസ്ത്രീയ തീറ്റക്രമവും പ്രധാനം

തീറ്റയിലെ  ഊര്‍ജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നീ ഘടകങ്ങളുടെ അളവും അനുപാതവും നിലനിർത്തേണ്ടതും കൃത്യമായ ഇടവേളകളില്‍ കറവപ്പശുക്കള്‍ പ്രസവിക്കുന്നതിനാവശ്യമാണ്. 

പ്രത്യുൽപാദനത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് ഊർജം. അന്നജം കൂടുതല്‍ അടങ്ങിയിട്ടുള്ള ആഹാര പദാർഥങ്ങളാണ് ഊർജം പ്രദാനം ചെയ്യുന്നത്. കൃത്യമായ തോതില്‍ ഊർജം ലഭിക്കാത്ത പശുക്കൾ വൈകി മാത്രമേ പ്രായപൂര്‍ത്തിയെത്തുകയും ഗര്‍ഭവതിയാവുകയുമുള്ളൂ. കൂടിയ അളവില്‍ ആഹാരത്തില്‍ ഊർജം ഉള്‍പ്പെടുത്തുന്നത് മറ്റു ഘടകങ്ങളായ മാംസ്യത്തിന്റെയും, ധാതുലവണങ്ങളുടെയും ആഗിരണം മെച്ചപ്പെടുത്തും. അതുകൊണ്ട് പ്രായപൂര്‍ത്തിയാവുമ്പോഴും ബീജാധാന സയമത്തും, പ്രസവ സമയത്തും പശുക്കള്‍ക്കുള്ള ഭക്ഷണം ഉയർന്ന ഊര്‍ജാനുപാതത്തിലായിരിക്കണം.  

കിടാരികള്‍ പ്രായപൂര്‍ത്തിയായി മദിലക്ഷണം കാണിച്ചു തുടങ്ങുന്നതിന് ആധാരം അവയുടെ പ്രായമല്ല മറിച്ച് ശരീരതൂക്കമാണെന്ന് മുകളിൽ സുചിപ്പിച്ചിരുന്നല്ലോ.  പ്രായപൂര്‍ത്തിയാവേണ്ട സമയത്ത്, അതായത് ഒരു വയസു കഴിഞ്ഞാല്‍ കിടാരികള്‍ക്ക് നന്നായി ആഹാരം കൊടുക്കണം. അവയ്ക്ക് ഈ സമയത്ത് രണ്ട് കിലോ കാലിത്തീറ്റയും, 15 മുതല്‍ 20 വരെ കിലോ പച്ചപ്പുല്ലും കൊടുക്കണം.  കേരളത്തില്‍ മിക്ക കര്‍ഷകരും നേരിടുന്ന ഒരു പ്രശ്‌നം കിടാരികള്‍ പ്രായപൂര്‍ത്തിയാകല്‍ വൈകുന്നതാണ്. ഇതിനു പ്രധാന കാരണം തീറ്റയിലെ അപര്യാപ്തത തന്നെ.  മദി കാണിക്കാന്‍ വിഷമം നേരിടുന്ന കിടാരികള്‍ക്ക്  ഈ അളവില്‍ തീറ്റയും പുല്ലും കൂടെ ധാതുലവണ മിശ്രിതവും നല്‍കണം. എന്നിട്ടും മദി കാണിക്കുന്നില്ലെങ്കില്‍ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ചു  ചികിത്സിക്കേണ്ടതാണ്. ബീജാധാന സമയത്തും കൃത്യമായ അളവില്‍ തീറ്റ നല്‍കുന്നതോടൊപ്പം ഊർജം കൂടുതലടങ്ങിയ ചോളം, പച്ചരി, മറ്റു ധാന്യങ്ങള്‍ എന്നിവയോ, ധാന്യത്തവിടോ അരക്കിലോ മുതല്‍ ഒരു കിലോവരെ നല്‍കുന്നത് നന്ന്.  ഇത് ഗര്‍ഭധാരണത്തെ സഹായിക്കുന്നു. ധാന്യാഹാരങ്ങള്‍ ഊരർജം പ്രദാനം ചെയ്യുമെങ്കിലും വളരെ ശ്രദ്ധയോടെ  വേണം നല്‍കാന്‍. തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ദഹനക്കേടിന്  ഇടയാക്കും. കറവപ്പശുക്കള്‍ക്ക് ഇത്തരം ആഹാരം നല്‍കുന്നതു വഴി പാലുൽപാദനം കൂട്ടാം.  

ഗര്‍ഭിണിയായ ഒരു കറവപ്പശുവിന്  നിര്‍ബന്ധമായും പ്രവസത്തിന് മുമ്പ് അറുപതു ദിവസം വറ്റുകാലം നല്‍കണം. പ്രസവശേഷം പാലുൽപാദനം തുടങ്ങുന്ന പശുവിന് ധാരാളം ഊർജം വേണ്ടിവരുന്നു. എന്നാൽ ആ സമയത്ത് പശുവിന് വിശപ്പു കുറവായിരിക്കുമെന്നതിനാൽ ഊർജ നില നെഗറ്റീവാകുകയും തൽഫലമായി പാലുൽപാദനത്തില്‍ കുറവ്, ആദ്യ മദി കാണിക്കുന്നതില്‍ വൈകല്‍, ഗര്‍ഭധാരണത്തിനു വിഷമം എന്നിവയുണ്ടാകും. പ്രസവശേഷം നിലനില്‍പ്പിനുള്ള ഒന്നര കിലോ തീറ്റയില്‍ കൂടാതെ, ഓരോ രണ്ടര കിലോ പാലിനും ഒരു കിലോ എന്ന കണക്കില്‍ തീറ്റയും, 25 മുതല്‍ 35 കിലോവരെ പച്ചപ്പുല്ലും നല്‍കണം. പ്രസവശേഷം അദ്യ രണ്ടു മാസക്കാലം തീറ്റയുടെ ഊർജ സാന്ദ്രത ബൈപാസ് തീറ്റകൾ നൽകാം. ഗർഭിണിയായ പശുവിന് ആറാം മാസം മുതല്‍ ഗര്‍ഭരക്ഷയ്ക്കായി  ഒന്നു മുതല്‍ രണ്ട് കിലോ വരെ  കൂടുതല്‍ തീറ്റ നല്‍കിത്തുടങ്ങണം. പ്രസവശേഷം രണ്ടു മാസം കഴിഞ്ഞ് അന്‍പതാം ദിവസം മുതല്‍ മദിക്ക് കുത്തിവയ്ക്കുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. മദി കാണിക്കാന്‍ വിഷമം നേരിടുന്ന പശുക്കള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം. ഇങ്ങനെയുള്ളവയ്ക്ക് ഗുണമേന്മയുള്ള ധാതുലവണ മിശ്രിതം നല്‍കുന്നത് നന്ന്.  പ്രസവശേഷം ഒരാഴ്ചയ്ക്കുള്ളില്‍  വിരയിളക്കുന്നത് ഉത്പാദനശേഷിയും പ്രത്യുൽപാദനശേഷിയും വര്‍ധിപ്പിക്കുന്നു.  

പശുക്കള്‍ പ്രായപൂര്‍ത്തിയെത്തുന്നതിലും ഗര്‍ഭം ധരിക്കുന്നതിലും വിറ്റമിനുകളും, ധാതുലവണങ്ങളും വഹിക്കുന്ന പങ്ക് വലുതാണ്. പ്രത്യുൽപാദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന വിറ്റമിനായ വിറ്റാമിന്‍-എ പച്ചപ്പുല്ലിലാണ് കൂടുതല്‍. വിറ്റാമിന്‍-എ യുടെ അഭാവം നിശബ്ദമദി, അണ്ഡോൽപാദന തകരാറുകള്‍, ഗര്‍ഭം അലസല്‍, ജന്മവൈകല്യങ്ങള്‍ എന്നിവയുണ്ടാക്കുന്നു. അതിനാല്‍  പശുക്കളുടെ വളര്‍ച്ചാ ഘട്ടത്തിലും  ഗര്‍ഭകാലത്തും ധാരാളം  പച്ചപ്പുല്ലു നല്‍കണം.  വിറ്റാമിന്‍-ഇ, വിറ്റാമിന്‍-ഡി എന്നീ വിറ്റമിനുകളും  സെലിനിയം, അയഡിന്‍, കോപ്പര്‍, മാംഗനീസ്, ഇരുമ്പ് എന്നീ മൂലകങ്ങളും പ്രത്യുൽപാദനത്തിന് ഏറെ ആവശ്യമാണ്. നാം നല്‍കുന്ന തീറ്റയില്‍ ഇവ കൃത്യമായ  അളവില്‍ അടങ്ങിയിരിക്കണമെന്നില്ല.   അതിനാല്‍ ധാതുലവണ മിശ്രിതം ആവശ്യഘട്ടങ്ങളില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാവും ഉചിതം. 

പശുക്കളുടെ ക്ഷേമം പ്രധാനം

സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ് പ്രത്യുൽപാദനത്തിന്റെ ശത്രുവാണ്. ഉയര്‍ന്ന അന്തരീക്ഷോഷ്മാവും ഈർപ്പവും, സ്ഥലസൗകര്യമില്ലാത്ത വൃത്തിഹീനമായ തൊഴുത്തും ചുറ്റുപാടുകളും, ദീര്‍ഘദൂര കാൽനടയാത്രകൾ, ചൂടുകാല യാത്രകൾ, അസുഖങ്ങള്‍, വിരബാധ, ആഹാരക്രമത്തിലെ  പെട്ടെന്നുള്ള മാറ്റം എന്നിവ പശുക്കളെ  സമ്മര്‍ദ്ദത്തിലാഴ്ത്തുകയും, അത്  രോഗപ്രതിരോധശേഷി കുറയ്ക്കുകയും, പ്രത്യുൽപാദനത്തെ ബാധിക്കുകയും ചെയ്യും. കന്നുകാലികള്‍ക്ക് യോജ്യമായ അന്തരീക്ഷ താപനില 21-26 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഉയര്‍ന്ന അന്തരീക്ഷോഷ്മാവ് അണ്ഡം, ബീജം, ഭ്രൂണം എന്നിവയെ ബാധിക്കുമെന്നതിനാല്‍  മദികാലയളവിലും  അനുബന്ധ ദിവസങ്ങളിലും  അവയ്ക്ക് ചൂടില്‍ നിന്ന്  സംരക്ഷണമേകണം. വേനല്‍ക്കാലത്ത് പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നത്  കുറയുമെന്നതിനാല്‍ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം.

English summary: Know about Dairy Farm Management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com